'ആ ചുവരില്‍ എഴുതി വച്ചിരിക്കുന്നത് എല്‍ എസ് ഡി എന്നല്ലേ! സോറി രണ്ടാമത്തേത് മറന്നുപോയി'; ബോളിവുഡിനെ പോലും പൊട്ടിച്ചിരിപ്പിച്ച് ബേസില്‍ ജോസഫ്
അവാര്‍ഡ് വാങ്ങിയതിന് ശേഷം ബേസില്‍ ജോസഫ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

By ETV Bharat Entertainment Team
Published : February 26, 2026 at 11:44 AM IST
മലയാളികളുടെ പ്രിയതാരമാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം എന്ന ഒറ്റ സിനിമ കൊണ്ടു തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച സംവിധായകന്‍. ചെറിയ വേഷങ്ങളിലൂടെ അഭിനയ രംഗത്തേക്കും ചുവടു വച്ച ബേസില്‍ ഇന്ന് മലയാള സിനിമയുടെ നായകന്മാരിലൊരാളാണ്.
ബേസിലിന്‍റെ ജീവിതത്തിലെ രസകരമായ കാര്യങ്ങളൊക്കെ ആരാധകരുമായി പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബേസില്‍ ജോസഫിന്‍റെ ഒരു പ്രസംഗമാണ് സോഷ്യല്‍ മീഡിയിയല്‍ തരംഗമായികൊണ്ടിരിക്കുന്നത്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയുടെ പുരസ്‌കരം ഏറ്റുവാങ്ങിയ ശേഷം നടത്തിയ ഒരു പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. പൊന്മാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ത്യാസ് സ്പോട്ട്ലൈറ്റ് വിഭാഗത്തിലാണ് ബേസിലിന് പുരസ്‌കാരം ലഭിച്ചത്. താരത്തിന്‍റെ ഈ പ്രസംഗം സദസിനെ ചിരിപ്പിക്കുകയും കയ്യടി നേടുകയും ചെയ്‌തു. സംവിധായകരായ രാജ് കുമാർ ഹിറാനിയും വിധു വിനോദ് ചോപ്രയുമാണ് ബേസിലിന് പുരസ്കാരം സമ്മാനിച്ചത്.
വലിയ ആ വേദിയില്‍ അംഗീകാരം ലഭിച്ചതിലുള്ള സന്തോഷവും ആവേശവുമെല്ലാം കലര്‍ന്ന സ്വരത്തിലാണ് താരം സംസാരിച്ചു തുടങ്ങിയത്. ബേസിലിന്‍റെ എന്നത്തെ പോലെയും നര്‍മം കലര്‍ത്തി സ്വതസിദ്ധമായ ശൈലിയില്‍ തന്നെയാണ് ബേസില്‍ സംസാരിച്ചത്.
"ഈ അംഗീകാരം സ്വീകരിക്കുമ്പോൾ എന്താണ് പറയേണ്ടതെന്ന് എനിക്ക് വാക്കുകൾ കിട്ടുന്നില്ല. സത്യത്തിൽ ഞാൻ വളരെ വികാരാധീനനാണ്. ഒരു പ്രസംഗത്തിനായി തയാറെടുത്തു വന്നെങ്കിലും ഈ വേദിയിൽ നിൽക്കുമ്പോൾ എനിക്ക് പരിഭ്രമം തോന്നുന്നുണ്ട്. പ്രത്യേകിച്ച്, എനിക്ക് ഈ അവാർഡ് നൽകിയ ആ രണ്ട് വ്യക്തികൾ, അവരുടെ വലിയ ആരാധകനാണ് ഞാന്‍.", ബേസില്‍ പറഞ്ഞു.
"ഒരു സംവിധായകനായാണ് ഞാന്‍ എന്‍റെ സിനിമാ ജീവിതം തുടങ്ങിയത്. പിന്നീട് നടനായി മാറുകയായിരുന്നു. ഇത്രയധികം പ്രതിഭകൾക്ക് മുന്നിൽ ഈ വേദിയിൽ നിൽക്കാൻ സാധിക്കുന്നത് അത്ഭുതമാണ്. ഒരു നടനെന്ന നിലയിൽ ഈ അവാർഡ് ലഭിക്കുക എന്നതും ഞാൻ ചിന്തിച്ചിട്ടുപോലുമില്ലാത്ത കാര്യമാണ്. ജീവിതം ഇത്രത്തോളം മാറിമറിഞ്ഞതിൽ ലോകത്തോടും ദൈവത്തോടും ഞാൻ നന്ദി പറയുന്നു. എന്‍റെ സംവിധായകൻ ജിതിൻ, ടൊവിനോ തോമസ്, കൂടെ അഭിനയിച്ചവരോടും, സാങ്കേതിക പ്രവർത്തകരോടും ഈ സിനിമയുടെ ഭാഗമായ എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.
സത്യം പറഞ്ഞാൽ, ഇത്തരം വസ്ത്രങ്ങൾ ധരിച്ചും വലിയ പാർട്ടികളിൽ പങ്കെടുത്തും എനിക്ക് അത്ര ശീലമില്ല. ഇവിടെ എത്തിയപ്പോൾ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു, പക്ഷേ എല്ലാവരും ഞാൻ സുന്ദരനായിട്ടുണ്ടെന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. ഞാനും ആളുകളോട് അത് തിരിച്ചു അങ്ങനെ തന്നെ പറഞ്ഞു. പെട്ടെന്ന് ഒരു നടി എന്‍റെ അടുത്തു വന്ന് പറഞ്ഞു, "ബേസിൽ, ഐ ലവ് യൂ". എന്ന് ഉടനെ തന്നെ ഞാൻ തിരിച്ചു പറഞ്ഞു, "ഐ ലവ് യൂ ടൂ! എന്ന് പറഞ്ഞു. ഞാൻ എല്ലാവരോടും പറയാൻ മറന്നു, ഈ റൂമിലിരിക്കുന്ന എല്ലാവരും കാണാൻ നന്നായിരിക്കുന്നു." ബേസില്‍ പ്രസംഗത്തില്‍ പറഞ്ഞു.
സംവിധായകന്‍ രാജ്‌കുമാര്‍ ഹിറാനിയോട് ബേസില്‍ പറഞ്ഞ കാര്യങ്ങളും സദസില്‍ ചിരിപടര്‍ത്തി. ഒരു ചലച്ചിത്ര നിര്‍മാതാവെന്ന നിലയില്‍ ഞാന്‍ പ്രധാനമായും തമാശയ്ക്കും നര്‍മത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ചെയ്യുന്നത്. താങ്കളുടെ അഭിമുഖം ഞാന്‍ കണ്ടിരുന്നു. താങ്കളുടെ ഓഫിസിന്‍റെ ഭിത്തിയില്‍ ഫ്രെയിം ചെയ്‌തു വച്ചിരിക്കുന്ന ചില കീ വേര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഓരോ സീനിലും ഉണ്ടായിരിക്കേണ്ട ഘടകങ്ങളെ കുറിച്ചായിരുന്നു അത്. എല്‍ എസ് ഡി എന്നല്ലേ അത്. സോറി എല്‍ സി ഡി എന്നാണ്. അതില്‍ ആദ്യത്തേത് ലാഫും അവസാനത്തേത് ഡ്രാമയുമാണ്. രണ്ടാമത്തേത് മറന്നു പോയി സാര്‍, ഞാന്‍ തിരിച്ചു പോയിട്ട് വീണ്ടും നോക്കാം., നര്‍മം കലര്‍ത്തി ബേസില്‍ ജോസഫ് പറഞ്ഞു.
വിക്കി കൗശല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും മറ്റും ചിരിയോടെയും കയ്യടിയോടെയുമാണ് ബേസിലിന്‍റെ പ്രസംഗത്തെ സ്വീകരിച്ചത്. ഒരുപാട് പ്രസംഗങ്ങള്‍ കേട്ടിട്ടുണ്ട്. ഇത്രയധികം വേദിയെ ചിരിപ്പിച്ച പ്രസംഗം കേട്ടിട്ടില്ലെന്നായിരുന്നു അവതാരകയുടെ മറുപടി.
Also Read:സോഷ്യല്‍ മീഡിയ കത്തിച്ച് 'ആയാ ഷേര്‍'; നാനി ചിത്രം ദ പാരഡൈസിലെ ആദ്യ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍

