ETV Bharat / entertainment

"സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ"; മലയാളിയുടെ പ്രിയ പനച്ചൂരാൻ വിടപറഞ്ഞിട്ട് ഇന്ന് അഞ്ച് ആണ്ട്

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്‍റെ ഓർമകൾക്കിന്ന് അഞ്ച് വർഷം തികയുകയാണ്. പനച്ചൂരാൻ്റെ സിനിമാ കാവ്യ ജീവിതത്തിലൂടെ ഒരു പര്യടനം...

ANIL PANACHOORN DEATH ANNIVERSARY  ANIL PANACHOORAN SONG WRITER  അനിൽ പനച്ചൂരാൻ  LATEST NEWS INN MALAYALAM
Anil Panachooran (ETV Bharat)
author img

By ETV Bharat Entertainment Team

Published : January 3, 2026 at 12:32 PM IST

3 Min Read
Choose ETV Bharat

"അയാൾ ഘന ഗംഭീരമായ ശബ്‌ദത്തിൽ ചൊല്ലിയതൊന്നും കവിതയായിരുന്നില്ല, സാധാരണ മനുഷ്യൻ്റെ അടിസ്ഥാന വികാരങ്ങളുടെയും വിഹ്വലതകളുടെയും പ്രതിഷേധത്തിൻ്റെയും പ്രതിരൂപങ്ങളായിരുന്നു",

മലയാളികളുടെ ഉള്ളകങ്ങളിൽ ഇന്നും മായാതെ നിൽക്കുന്ന ഒരാളെക്കുറിച്ചാണ് പറയുന്നത്! വിപ്ലവവും പ്രണയവും വിരഹവും കാത്തിരിപ്പും ജീവിതാസ്ഥിരതകളുടെ ഊടും പാവിലുമിട്ട് കവിതയും പാട്ടും നെയ്‌ത അനിൽ പനച്ചൂരാനെ കുറിച്ച്. അനിൽ പനച്ചൂരാൻ്റെ നിത്യോർമ്മകൾക്ക് ഇന്ന് അഞ്ച് വർഷം പൂർത്തിയാകുകയാണ്.

വരണ്ടുണങ്ങിയ ജീവിത പശ്ചാത്തലങ്ങളായിരുന്നു പനച്ചൂരാൻ കൃതികളുടെ വിളനിലം. അവിടെ ആസ്വാദനത്തിൻ്റെയും സ്വീകാര്യതയുടെയും വിത്തുകളായാണ് മലയാളികൾ പനച്ചൂരാൻ്റെ കവിതാ ലോകത്തേക്ക് പറിച്ചു നടപ്പെട്ടത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പനച്ചൂരാൻ കവിതകളുടെ രാഷ്‌ട്രീയം അടിസ്ഥാന വർഗത്തിൻ്റെ ചോതനകളെ കുറിച്ചായിരുന്നു. സാമൂഹിക പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടാനും കവിതകളെ പനച്ചൂരാൻ ആയുധമാക്കിയിരുന്നു. 'അനാഥൻ' എന്ന കവിത ഉദാഹരണമാണ്. സ്ത്രീകളെയും കുട്ടികളേയും വേട്ടയാടുന്ന പുരുഷാധിപത്യ സമൂഹത്തിൻ്റെ നേർചിത്രമായിരുന്നു അനാഥനിലൂടെ പനച്ചൂരാൻ കോറിയിട്ടത്.

പ്രണയമെന്ന് തോന്നുമാറാം വിധം മുതലാളിത്തത്തിൻ്റെയും ജന്മിത്തത്തിൻ്റെയും പൊള്ളയായ കാലത്തെ ചിത്രീകരിച്ച കവിതയാണ് 'വലയിൽ വീണ കിളികൾ.' വ്യവസ്ഥാപിത സാമൂഹിക ശ്രേണികളോട് നിരന്തരം കലഹിച്ച മനുഷ്യൻ പ്രണയത്തിലും സമൂഹം കെട്ടുന്ന ചട്ടങ്ങളോടും ആ കലഹം തീർക്കുന്നുണ്ട്. പക്ഷേ, ഉള്ള് ഞെരുങ്ങുന്ന വേദനയിലാണ് കവി അത് പാടുന്നതെന്ന് മാത്രം. ഒരുമാത്ര കൂടി നീ ഇവിടെ നിന്നാൽ, ഞാൻ ജനിമൃതികളറിയാതെ പോകുമെന്നും കവി വിരഹത്തിൻ്റെ പ്രതീകമായ പാടുന്നുണ്ട്.

"വാണിഭ ചരക്ക് നമ്മളീ ,തെരുവിൽ നമ്മൾ വഴിപിരിയുവോർ, വേടൻ എന്നെ വിറ്റിടുമ്പോൾ നീ, വേദനിച്ചു ചിറകൊടിക്കലാ" എന്ന് പാടിയതും ഇതേ കവി തന്നെ. പ്രണയകാലം, ഒരു മഴ പെയ്‌തെങ്കിൽ, കണ്ണീർ കനലുകൾ, അക്ഷൈത്രിയുടെ ആത്മഗീതം എന്നിവയാണ് പനച്ചൂരാൻ്റെ ജീവനിറ്റുന്ന മറ്റ് കവിതാ സമാഹാരങ്ങൾ.

വ്യത്യസ്‌തനാമൊരു ബാർബറാം ബാലൻ

അനിൽ പനച്ചൂരാൻ്റെ മലയാള സിനിമയിലേക്കുള്ള പ്രവേശനം നിരൂപകർക്കിടയിൽ ഏറെ ചർച്ച ചെയ്‌തിരുന്നു. ലാളിത്യം തുളുമ്പുന്നതും വിപ്ലവം ജ്വലിക്കുന്നതുമായ പാട്ടുകളാണ് പനച്ചൂരീൻ ഓരോ സിനിമകൾക്കും നൽകിയതെന്നതാണ് അതിൻ്റെ കാരണമായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

"സ്വ.ലേ" എന്ന ചിത്രത്തിന് വേണ്ടി അനിൽ പനച്ചൂരാൻ രചിച്ച ഗാനമായ ചെറു തിങ്കൾ തോണി ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ടുകളിലൊന്നാണ്. 'നോവാതെ നോവും നാവിൻ രാഗം, അനുരാഗം' എന്നാണ് പനച്ചൂരാൻ പ്രണയത്തെ കുറിച്ച് പറഞ്ഞത്.

അറബിക്കഥ സിനിമയിലെ 'ചോര വീണ മണ്ണിൽ നിന്നും' എന്ന ഗാനമാണ് സിനിമാ ലോകത്ത് പനച്ചൂരാനെ പ്രശസ്‌തമാക്കിയത്. വിപ്ലവ വീര്യങ്ങളെ ചാലിച്ചു ചേർത്താണ് ഓരോ വരിയും രചിച്ചിരിക്കുന്നതെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും മൂർഛയുള്ള ആയുധങ്ങളല്ല പോരിന് ആശ്രയമെന്നും അയാൾ ജനങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു.

മുഖ്യധാരാ മലയാള ചലചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ടാണ് കഥപറയുമ്പോൾ ചിത്രത്തിലെ 'വ്യത്യസ്‌തനാം ഒരു ബാർബറാം ബാലനെ' എന്ന ഗാനം. ആ ബാല വൃദ്ധം ജനങ്ങൾക്കും പാടി നടക്കാനായ ആ പാട്ടും രചിച്ചത് അതേ വിപ്ലവഗാനം എഴുതിയ പനച്ചൂരാൻ തന്നെ! വളരെ അനായാസം പാടി നടക്കാനാവുന്ന ഗ്രാമീണ തനിമയും ലാളിത്യവും തുളുമ്പിയ പാട്ടിനാണ് ഏറെ ജനപ്രീതി ലഭിച്ചതും.

ഭ്രമരത്തിലെ കുഴലൂതും പൂന്തെന്നലേ, അണ്ണാറക്കണ്ണാ വാ, മാണിക്യക്കല്ലില്ലേ ചെമ്പരത്തി കമ്മലിട്ട്, തുടങ്ങിയ ഗാനങ്ങൾക്കും സൈക്കിൾ, നസ്രാണി , സീനിയേഴ്‌സ്, പാസഞ്ചർ, എന്നീ സിനിമയിലെ ഗാനങ്ങൾക്കും പാട്ട് രചിച്ചു. മകൻ്റെ അച്‌ഛനിലെ 'ഒത്തൊരുമിച്ചൊരു ഗാനം' എന്ന പാട്ട് കോളജ് വിദ്യാർഥികൾ ഉൾപ്പെടെ ഏറ്റെടുത്ത ഹിറ്റ് ഗാനമായിരുന്നു.

ബോഡിഗാർഡ്, ലൗഡ്‌സ്‌പീക്കർ, അർജുനൻ സാക്ഷി, ചൈനാ ടൗൺ തുടങ്ങിയ നിരവധി ജനപ്രിയ ചിത്രങ്ങൾക്ക് അനിൽ പനച്ചൂരാൻ ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

ട്രെൻഡിലും പനച്ചൂരാൻ ടച്ച്

2025 ൽ സമൂഹ മാധ്യമങ്ങൾ ഏറ്റവും അധികം ആഘോഷിച്ച പൃഥ്വീരാജ് കഥാപാത്രം സോജപ്പനെ ഹിറ്റാക്കിയ പാട്ട് രചിച്ചതും അനിൽ പനച്ചൂരാനായിരുന്നു. "പച്ച വെള്ളം തച്ചിന് സോജപ്പൻ, പത പതഞ്ഞ വീഞ്ഞാക്കും" എന്ന തനി നാടൻ ശൈലിയിലുള്ള പാട്ടുകളും പനച്ചൂരാൻ്റെ പാട്ടിടത്തിൽ ഭദ്രമായിരുന്നു.

സഫലീകരിക്കാതെ പോയ സ്വപ്‌നം ബാക്കിവച്ചാണ് അനിൽ പനച്ചൂരാൻ യാത്രയായത്. പൂർത്തിയാക്കിയ തിരക്കഥയും മേശമേൽ വച്ചായിരുന്നു ആശുപത്രി വരാന്തകളിലേക്ക് നടന്നു കയറിയത്.

മലയാളികൾ എന്നും ഓർമയിലും ഹൃദയത്തിലും സൂക്ഷിക്കുന്ന പാട്ടുകളും കവിതകളും ഇനിയും ചൊല്ലി നടക്കുമ്പോൾ അയാൾ അരികിൽ വന്നു പാടും "സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ , നമുക്കു സ്വപ്‌നമൊന്നു തന്നെ, അന്നുമിന്നും എന്നുമേ!"

ALSO READ: ന്യൂ ഇയറും തൂക്കി, ഇത് നിവിന്‍ മായ! കളങ്കാവലിനെയും മറികടന്ന് സര്‍വം മായ; രണ്ടാം വാരത്തിലും ഞെട്ടിക്കുന്ന കലക്ഷന്‍