ETV Bharat / entertainment

നടന്‍ അജിത് കുമാറിന്‍റെ അമ്മ മോഹിനി മണി അന്തരിച്ചു; വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് കുടുംബം

അജിത് കുമാര്‍ ദുബായില്‍ നിന്ന് തിരിച്ചു, അനുശോചനം രേഖപ്പടുത്തി തമിഴ് സിനിമാ ലോകം.

AJITH KUMAR MOTHER  AJITH KUMAR  AJITH KUMAR MOTHER PASSES AWAY  MOHINI MANI
AJITH KUMAR MOTHER PASSES AWAY (Photo: Eenadu)
author img

By ETV Bharat Entertainment Team

Published : May 30, 2026 at 2:02 PM IST

3 Min Read
Choose ETV Bharat

മിഴ് സൂപ്പര്‍താരം അജിത് കുമാറിന്‍റെ അമ്മ മോഹിനി മണി (89) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്‌ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

ചെന്നൈയിലെ പാലവാക്കത്തുള്ള അജിത് കുമാറിന്‍റെ വസതിയിലായിരിക്കും അന്ത്യ കര്‍മങ്ങള്‍ നടക്കുക.നിലവില്‍ ദുബായിലുള്ള അജിത് അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് ചെന്നൈയിലേക്ക് മടങ്ങിയിട്ടുണ്ട്.

മൂന്ന് വര്‍ഷം മുമ്പായിരുന്നു അജിത്തിന്‍റെ പിതാവ് പി. എസ്. മണി എന്നറിയപ്പെടുന്ന പി. സുബ്രഹ്മണ്യം മരണപ്പെടുന്നത്. 2023 മാർച്ചിൽ 85ാം വയസിലായിരുന്നു അന്ത്യം. ഈ വേദനയില്‍ നിന്നും കരകയറുന്നതിനിടയിലാണ് അമ്മയുടെ വിയോഗവും സംഭവിക്കുന്നത്. അനില്‍ കുമാര്‍, അനൂപ് കുമാര്‍ എന്നിവരാണ് അജിത്തിന്‍റെ സഹോദരങ്ങള്‍.

അമ്മയെ ഓര്‍ക്കുകയും വിഷമഘട്ടത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയറിയിച്ചുകൊണ്ട് അമ്മയുടെ വിയോഗത്തിന് ശേഷം അജിത്തിന്‍റെ മൂത്ത സഹോദരന്‍ എസ്. അനില്‍ കുമാര്‍ എക്‌സില്‍ പോസ്റ്റ് പങ്കുവച്ചു. മോഹനി മണിയുടെ ആരോഗ്യം കുറച്ചു നാളായി വഷളായിരുന്നുവെന്നും ഉറക്കത്തിനിടയിലാണ് മരണം സംഭവിച്ചതെന്നും കുടുംബം പങ്കുവച്ച പ്രസ്‌താവനയില്‍ പറഞ്ഞു.

അജിത് കുമാറിന്‍റെ കുടുംബത്തിന്‍റെ പ്രസ്‌താവന

"മോഹിനി മണി, 1937–2026

ഞങ്ങളുടെ അമ്മ മോഹിനി മണിയുടെ ആരോഗ്യനില കുറച്ചുകാലമായി മോശമായിരുന്നു, ഇന്ന് പുലർച്ചെ, ഉറക്കത്തിനിടെ അന്തരിച്ചു. അവർക്ക് 89 വയസ്സായിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമ്മയ്ക്കും ഞങ്ങളുടെ കുടുംബത്തിനും പരിചരണവും പിന്തുണയും നൽകിയ നിരവധി ആരോഗ്യപ്രവർത്തകരോടും മെഡിക്കൽ വിദഗ്ധരോടും ഞങ്ങൾ അതിയായ നന്ദി രേഖപ്പെടുത്തുന്നു.

ഈ ദുഃഖസമയത്തിലും, അവർ ദീർഘവും സമ്പന്നവുമായ ഒരു ജീവിതം നയിച്ചതിലും, പ്രിയപ്പെട്ടവരുടെ അക്ഷയമായ സ്നേഹവും കരുതലും അനുഭവിക്കാനായതിലും, അവരുടെ ദയയുള്ള സ്വഭാവത്തെയും നിസ്വാർത്ഥ മനോഭാവത്തെയും ശാന്തമായ ഔന്നത്യത്തെയും പരിചയപ്പെട്ട എല്ലാവരുടെയും യഥാർത്ഥ ബഹുമാനം നേടാനായതിലും ഞങ്ങൾക്ക് ആശ്വാസമുണ്ട്.

വിഭജനകാലത്ത് സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലേക്ക് കുടിയേറിയ സിന്ധി സമൂഹത്തിന്‍റെ ഒരു ഭാഗമായി, കുട്ടിക്കാലത്ത് എല്ലാം ഉപേക്ഷിച്ച് പുതിയൊരു ജീവിതം ആരംഭിക്കേണ്ടിവന്ന അനുഭവം അവർക്ക് ഉണ്ടായിരുന്നു. പിന്നീട് സ്വന്തം മക്കളും കുടുംബവും ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കുന്നത് കാണുന്നതിൽ അവർ അതിയായ അഭിമാനവും സംതൃപ്തിയുമുണ്ടായിരുന്നു.

യഥാര്‍ത്ഥത്തില്‍, ഞങ്ങളുടെ ജീവിതങ്ങളിൽ ഞങ്ങൾ കൈവരിച്ചിട്ടുള്ള എല്ലാ നേട്ടങ്ങൾക്കും വലിയൊരു പങ്ക് അവരുടെ സ്നേഹനിർഭരമായ ചേർത്തുപിടിക്കലും, അചഞ്ചലമായ സമർപ്പണത്തിനും, വിവേകപൂർണമായ ഉപദേശങ്ങൾക്കും ആണ്. അവയായിരുന്നു ഞങ്ങളുടെ വീടിന്റെ ഹൃദയവും ആത്മാവും.

അവർക്ക് ഞങ്ങളുടെ പരേതനായ പിതാവിനൊപ്പം ഏകദേശം ആറു പതിറ്റാണ്ട് നീണ്ട വിജയകരമായ ദാമ്പത്യജീവിതം അനുഭവിക്കാൻ സാധിച്ചു. അവരുടെ ഒരുമിച്ചുള്ള സ്നേഹസ്മരണകൾ ഞങ്ങൾക്ക് ഇനിയും ശക്തിയും ആശ്വാസവും പകരുന്നതായിരിക്കും.

ഞങ്ങളിലേക്ക് ഒഴുകിയെത്തുന്ന സ്നേഹപൂർവമായ സന്ദേശങ്ങൾക്കും അനുശോചനങ്ങൾക്കും ഓർമ്മക്കുറിപ്പുകൾക്കും ഞങ്ങൾ ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. ഈ സാഹചര്യത്തിൽ ഫോൺ കോളുകൾ സ്വീകരിക്കാനോ സന്ദേശങ്ങൾക്ക് വേഗത്തിൽ മറുപടി നൽകാനോ കഴിയാതിരുന്നാൽ ദയവായി അത് മനസ്സിലാക്കണമെന്നു അഭ്യർഥിക്കുന്നു.

അവരുടെ അന്ത്യകർമങ്ങൾ കുടുംബാംഗങ്ങൾ മാത്രമുള്ള സ്വകാര്യ ചടങ്ങായിരിക്കും. മാതാപിതാക്കളെയോ പ്രിയപ്പെട്ട മുതിർന്നവരെയോ നഷ്ടപ്പെട്ടതിന്‍റെ വേദന അറിയാവുന്ന എല്ലാവരും ഞങ്ങളുടെ ഈ ആഗ്രഹത്തെ മാനിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അവർ ജീവിതമൊട്ടാകെ ഞങ്ങൾക്ക് കാണിച്ച അതേ സമചിത്തതയോടും അന്തസ്സോടും സൗമ്യമായ ശക്തിയോടും കൂടെ, നിശ്ശബ്ദമായി അവരുടെ സ്മരണയെ ആദരിച്ച് ഞങ്ങൾ ഈ ദുഃഖം അനുഭവിക്കാൻ ആഗ്രഹിക്കുന്നു", പ്രസ്‌താവനയില്‍ പറഞ്ഞു.

സിനിമാ മേഖലയിലുള്ള നിരവധി പേരാണ് അജിത്തിന്‍റെ അമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. നടന്‍ കമല്‍ ഹാസന്‍, മുന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയിയലൂടെ അനുശോചനം അറിയിച്ചു. "തനിക്ക് ജീവന്‍ നല്‍കുകയും താന്‍ വലിയ ഉയരങ്ങള്‍ കൈവരിക്കുന്നത് കാണുന്നതില്‍ സന്തോഷിക്കുകയും ചെയ്‌ത അമ്മയുടെ വിയോഗത്തില്‍ വേദനിക്കുന്നു, അജിത് കുമാറിനെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല", എന്നാണ് സ്റ്റാലിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

"അമ്മയോടൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ അദ്ദേഹത്തിന് ഈ ദുഃഖത്തിൽ നിന്ന് കരകയറാൻ പിന്തുണയാകട്ടെ. ശ്രീ അജിത്കുമാറിനും കുടുംബത്തിനും എന്റെ അഗാധമായ അനുശോചനവും ആശ്വാസവും", സ്റ്റാലിൻ തുടർന്നു.

നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ എക്‌സിൽ ഹൃദയംഗമമായ അനുശോചന സന്ദേശം രേഖപ്പെടുത്തി. "ശ്രീ അജിത്കുമാറിന്‍റെ അമ്മ ശ്രീമതി മോഹിനി മണിയുടെ വിയോഗവാർത്ത അറിഞ്ഞപ്പോൾ അതിയായ ദുഃഖം തോന്നി. പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തിൽ അജിത്കുമാറിനും കുടുംബത്തിനും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.",കമല്‍ഹാസല്‍ കുറിച്ചു.

ബിജെപി നേതാവ് കെ അണ്ണാമലൈയും മോഹിനി മണിയുടെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും നടനും കുടുംബത്തിനും അനുശോചനം അറിയിക്കുകയും ചെയ്തു. "അവരുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും ഈ ദുഷ്‌കരമായ സമയത്ത് ദുഃഖിതരായ കുടുംബത്തിന് ശക്തി പകരാൻ പ്രാർത്ഥിക്കുന്നു", അണ്ണാമലൈ കുറിച്ചു.

2025 ൽ പുറത്തിറങ്ങിയ വിദാമുയാർച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങളിലാണ് അജിത് ഒടുവില്‍ അഭിനയിച്ചത്.

Read More:

1. 'എന്‍റെ ജീവിത യാത്രയില്‍ എപ്പോഴും കൂടെയുണ്ടായിരുന്നവന്‍';വേദനയോടെ സുരേഷ് ഗോപി

2. സോഷ്യൽ മീഡിയയിലെ വൈറൽ 'ഗുണ്ട': പ്രശസ്ത കോമഡി താരം ശരത് ഉണ്ണിത്താൻ അമേരിക്കയിൽ അന്തരിച്ചു

3. സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു