എയ്ഡ്‌സ് ആണോ എന്ന ചോദ്യം വരെ അഭിമുഖീകരിച്ചു; ജീവനോടെ നിലനിർത്തിയത് ട്രോളന്‍മാര്‍; വിശേഷങ്ങളുമായി മലയാളികളുടെ 'നൂലുണ്ട'
തൻ്റെ സിനിമാ ജീവിതത്തെക്കുറിച്ചും പ്രവാസത്തെക്കുറിച്ചും വ്യക്തിപരമായ നഷ്ടങ്ങളെക്കുറിച്ചും വിജീഷ് ഇ ടിവി ഭാരതിനോട് സംസാരിക്കുന്നു

By ETV Bharat Entertainment Team
Published : January 7, 2026 at 6:52 PM IST
അക്കി വിനായക്
മലയാള സിനിമയിലെ സൗഹൃദക്കൂട്ടായ്മകളുടെ കഥ പറഞ്ഞ നമ്മൾ, സ്വപ്നക്കൂട്, ക്ലാസ്‌മേറ്റ്‌സ് എന്നീ ചിത്രങ്ങൾ ഓർക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖങ്ങളിലൊന്നാണ് വിജീഷിൻ്റേത്. 'നൂലുണ്ട' എന്ന് സ്നേഹത്തോടെ ആരാധകർ വിളിക്കുന്ന വിജീഷ്, പരുക്കൻ വേഷങ്ങളും കോമഡിയും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച നടനാണ്. 'വേലായുധേട്ടാ, ഒരു അടിക്ക് കോളുണ്ട്!' എന്ന 'നരനി'ലെ ഡയലോഗ് ഇന്നും സോഷ്യൽ മീഡിയയിൽ തരംഗമാണ്. എന്നാൽ കരിയറിൻ്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ താരം വെള്ളിത്തിരയിൽ നിന്ന് ഒരു നീണ്ട ഇടവേള എടുത്തു. ഇപ്പോൾ 'സർവ്വം മായ' എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് വിജീഷ്. തൻ്റെ സിനിമാ ജീവിതത്തെക്കുറിച്ചും പ്രവാസത്തെക്കുറിച്ചും വ്യക്തിപരമായ നഷ്ടങ്ങളെക്കുറിച്ചും വിജീഷ് ഇ ടിവി ഭാരതിനോട് സംസാരിക്കുന്നു.
കരിയറിൽ ഇത്രയും നീണ്ട ഒരു ഇടവേള വരാൻ എന്തായിരുന്നു കാരണം?
എൻ്റെ ഇരുപതാം വയസ്സിലാണ് ഞാൻ 'നമ്മൾ' എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വരുന്നത്. ആ തുടക്കം മലയാളികൾ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. 2012 വരെ ഞാൻ സിനിമയിൽ സജീവമായിരുന്നു. 101 വെഡിങ്, താപ്പാന, ചാപ്റ്റേഴ്സ്, ലാസ്റ്റ് ബെഞ്ച് എന്നിങ്ങനെ പത്തോളം സിനിമകൾ ആ സമയത്ത് ചെയ്തു. അന്ന് എനിക്ക് 30 വയസ്സാണ്. ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞെങ്കിലും സാമ്പത്തികമായി ഒരു സുരക്ഷിതത്വം ഉണ്ടാക്കാൻ സിനിമ എന്നെ അന്ന് സഹായിച്ചില്ല. സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹത്തോടെയാണ് ഞാൻ പ്രവാസ ജീവിതം തിരഞ്ഞെടുത്തത്. സാമ്പത്തിക ഭദ്രത ഇല്ല എന്ന് പറയുമ്പോൾ എൻ്റെ കാര്യമാണ് ഞാൻ സൂചിപ്പിച്ചത്. കുടുംബത്തിന് അത്തരം പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. പക്ഷേ സ്വന്തം കാലിൽ നിൽക്കണം എന്നുള്ളത് ഏതൊരു ചെറുപ്പക്കാരൻ്റെയും ആഗ്രഹമാണല്ലോ.
ഒരു മൂന്ന്-നാല് വർഷം കൊണ്ട് സാമ്പത്തികമായി മെച്ചപ്പെട്ട് തിരികെ വരാം എന്നായിരുന്നു കരുതിയത്. പക്ഷേ, ജീവിതം നമ്മൾ പ്ലാൻ ചെയ്യുന്നത് പോലെയല്ലല്ലോ നീങ്ങുക. ആ ഗ്യാപ്പ് പത്ത് വർഷമായി നീണ്ടുപോയി. ഇതിനിടയിൽ മലയാള സിനിമയുടെ സ്വഭാവം തന്നെ പാടെ മാറിപ്പോയിരുന്നു.
ഖത്തറിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച സാഹചര്യം എന്തായിരുന്നു?
2022 ലാണ് ഖത്തറിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തുന്നത്. സിനിമയോടുള്ള ഇഷ്ടം മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു. എങ്കിലും നാട്ടിലേക്ക് പെട്ടെന്ന് മടങ്ങാൻ പ്രധാന കാരണം എൻ്റെ പിതാവിൻ്റെ ആരോഗ്യസ്ഥിതിയായിരുന്നു. അച്ഛൻ അസുഖബാധിതനായപ്പോൾ അദ്ദേഹത്തിന് മികച്ച ചികിത്സ നൽകാനും പരിചരിക്കാനും വേണ്ടിയാണ് ഖത്തറിലെ ജോലി വേണ്ടെന്നു വെച്ച് നാട്ടിലെത്തുന്നത്. നിർഭാഗ്യവശാൽ, ഈ കഴിഞ്ഞ 2025 ജനുവരിയിൽ അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞു.

തിരികെ ഖത്തറിലേക്ക് പോകാൻ ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ടായിരുന്നു. ആ സമയത്താണ് എന്തുകൊണ്ട് വീണ്ടും സിനിമയിൽ ഒരു ശ്രമം നടത്തിക്കൂടാ എന്ന ചിന്ത വരുന്നത്. ആ തീരുമാനത്തിൻ്റെ ബാക്കി പത്രമാണ് സർവ്വം മായ.
അപ്പോള്‍ സർവ്വം മായ എന്ന ചിത്രത്തിലൂടെയാണോ താങ്കളുടെ തിരിച്ചുവരവ്?
എല്ലാവരും കരുതുന്നതുപോലെ ഇടവേളക്ക് ശേഷം ഞാൻ അഭിനയിക്കുന്നത് സർവ്വം മായ എന്ന സിനിമയിൽ അല്ല. സൈമൺ ഡാനിയേൽ, നല്ല സമയം എന്നീ സിനിമകളിൽ ഞാൻ വേഷമിട്ടിരുന്നു. പക്ഷേ ആ സിനിമകൾ തിയേറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കാത്തതുകൊണ്ട് എൻ്റെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ സർവ്വം മായ മികച്ച വിജയം നേടി. അതിൽ ചെറിയ വേഷമാണെങ്കിൽ കൂടി ആളുകൾ അത് തിരിച്ചറിയുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്.
സർവ്വം മായ എന്ന വലിയ കാൻവാസുള്ള സിനിമയിലേക്ക് എങ്ങനെയാണ് എത്തിയത്?
നിവിൻ പോളി, അജു വർഗീസ്, പ്രീതി മുകുന്ദൻ, ജനാർദ്ദനൻ ചേട്ടൻ, രഘുനാഥ് പലേരി സർ തുടങ്ങി വലിയൊരു നിര തന്നെ ഈ ചിത്രത്തിലുണ്ട്. പ്രിയ വാര്യർ, മണികണ്ഠൻ പട്ടാമ്പി, നിയാസ് ഇക്ക എന്നിവർക്കൊപ്പം ഞാനും ഒരു ചെറിയ വേഷത്തിൽ എത്തുന്നു.
സംവിധായകൻ അഖിൽ സത്യനുമായി ഉണ്ടായ ഒരു യാദൃച്ഛിക കൂടിക്കാഴ്ചയാണ് ഇതിന് വഴിയൊരുക്കിയത്. ഒരു റസ്റ്ററൻ്റിൽ ഭക്ഷണം കഴിക്കാൻ ഇരിക്കവെയാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അന്ന് വെറുതെ ഒന്ന് പരിചയപ്പെട്ടു, അത്രമാത്രം. പക്ഷേ രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോൾ എനിക്ക് അദ്ദേഹത്തിൻ്റെ വിളി വന്നു.
മലയാളത്തിൽ ഇത്രയധികം അഭിനേതാക്കൾ ഉള്ളപ്പോൾ, മാസങ്ങൾക്ക് മുമ്പ് നടന്ന ആ ചെറിയ കൂടിക്കാഴ്ചയിലെ എൻ്റെ മുഖം അദ്ദേഹം ഓർത്തു വെച്ചു എന്നത് വലിയ കാര്യമാണ്. റസ്റ്ററൻ്റിൽ കണ്ട ആ ഓർമയിലാണ് എന്നെ വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി.
12 വർഷത്തോളം താങ്കൾ സിനിമയിൽ ഇല്ലായിരുന്നു. പക്ഷേ പ്രേക്ഷകർക്ക് ഒരിക്കലും താങ്കളുടെ അഭാവം ഫീൽ ചെയ്തതായി തോന്നുന്നില്ലല്ലോ?
എന്നെ ഇവിടെ 'ലൈവ്' ആയി നിലനിർത്തിയത് സത്യത്തിൽ ട്രോളുണ്ടാക്കുന്നവരാണ്. കേരളത്തിൽ എന്ത് പ്രശ്നം നടന്നാലും അതിനെ കളിയാക്കാൻ ഞാൻ അഭിനയിച്ച ഏതെങ്കിലും ഒരു സിനിമയിലെ രംഗം അവർ കണ്ടെത്തും. ക്ലാസ്‌മേറ്റ്‌സ്, നരൻ, സ്വപ്നക്കൂട് തുടങ്ങിയ സിനിമകൾ ഇന്നും ചാനലുകളിൽ ആഴ്ചയിലൊരിക്കലെങ്കിലും വരും. എല്ലാ കോളജിലും ഒരു 'വാലു വാസു'വോ 'നൂലുണ്ട'യോ ഉണ്ടാകും. ആ സിനിമകളും കഥാപാത്രങ്ങളും അത്രത്തോളം കരുത്തുള്ളതായിരുന്നു. സോഷ്യൽ മീഡിയയിലെ ആ സ്നേഹമാണ് എന്നെ ഇന്നും പ്രേക്ഷകരുടെ ഉള്ളിൽ നിലനിർത്തുന്നത്. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും ആണ് എന്നെ ഇവിടെ നിലനിർത്തിയത്.
'നമ്മൾ' റിലീസായ ശേഷം എനിക്ക് ലഭിച്ചതെല്ലാം എൻ്റെ രൂപം വെച്ചുള്ള കോമഡി വേഷങ്ങളായിരുന്നു. എന്നാൽ കുറച്ചുകൂടി ഗൗരവമുള്ള ക്യാരക്ടർ റോളുകൾ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ആരോഗ്യസംരക്ഷണത്തിനൊപ്പം രൂപത്തിൽ മാറ്റം വരുത്തിയാൽ അത്തരം വേഷങ്ങൾ വരുമെന്ന് ഞാൻ കരുതി.
പക്ഷേ തടി കുറച്ചപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. എനിക്ക് എന്തോ അസുഖമാണെന്ന് വരെ ആളുകൾ പറഞ്ഞുപരത്തി. എയ്ഡ്സ് ആണോ എന്ന് പോലും ചിലർ തമാശയ്ക്ക് ചോദിച്ചു. ചിലപ്പോഴൊക്കെ യൂട്യൂബിൽ തടി കുറച്ച്ശേഷം ഫീൽഡ് ഔട്ട് ആയ നടന്മാരുടെ ലിസ്റ്റ് കാണാറുണ്ട്. അതിൽ ഞാനുമുണ്ട്. കാണുമ്പോൾ ചിരിയാണ് വരുന്നത്. സത്യത്തിൽ തടി കുറച്ച ശേഷം ഞാൻ ഒരുപാട് സിനിമകൾ ചെയ്തിരുന്നു. ക്ലാസ്മേറ്റ്സ്, നരൻ, താപ്പാന അങ്ങനെ എത്രയോ സിനിമകളിൽ തടി കുറച്ച ശേഷം ഞാൻ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ക്ലാസ്മേറ്റ്സ് എന്ന സിനിമയിൽ ഞാൻ എന്നെ കണ്ടപ്പോൾ വല്ലാതെ മെലിഞ്ഞു പോയതായി എനിക്ക് തോന്നി. അങ്ങനെയാണ് ബോഡി ബിൽഡിങ് ചെയ്യാം എന്ന് തീരുമാനിച്ചത്. അത്യാവശ്യം വർക്കൗട്ട് ഒക്കെ ചെയ്തു ബോഡി ഫിറ്റാക്കിയ സമയത്ത് ചെയ്ത സിനിമയായിരുന്നു അർജുനൻ സാക്ഷി. ആ സിനിമയിൽ ഞാനൊരു ജിം ഓണർ ആയിട്ടാണ് അഭിനയിക്കുന്നത്. മുടിയൊക്കെ സ്ട്രൈറ്റ് ചെയ്ത് കാലഘട്ടത്തിനനുസരിച്ചിട്ടുള്ള ഒരു സ്റ്റൈലിഷ് കഥാപാത്രമായിരുന്നു അത്.
വിജീഷിൻ്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നാണല്ലോ ചക്രം. ലോഹിതദാസ് എന്ന മാസ്റ്റർ ക്രാഫ്റ്റ്‌സ്മാനൊപ്പം പ്രവർത്തിച്ച അനുഭവം എങ്ങനെയായിരുന്നു?
ഇരുപതാമത്തെ വയസ്സിലാണ് ഞാൻ സിനിമയിൽ വരുന്നത്. ഒന്ന് രണ്ട് സിനിമകൾക്ക് ശേഷമാണ് ചക്രം സംഭവിക്കുന്നത്. സത്യത്തിൽ അഭിനയകലയിലെ എൻ്റെ 'മാസ്റ്റർ ക്ലാസ്' ആയിരുന്നു ആ സിനിമ. ഒരു നടൻ കഥാപാത്രത്തിന് വേണ്ടി എങ്ങനെ മാറണം, എന്തൊക്കെ നിരീക്ഷിക്കണം, ഒരു ഷോട്ടിൽ എങ്ങനെ ബിഹേവ് ചെയ്യണം എന്നൊക്കെയുള്ള കൃത്യമായ പാഠങ്ങൾ എനിക്ക് പറഞ്ഞുതന്നത് ലോഹി സാറാണ്. അദ്ദേഹം അന്ന് പകർന്നുതന്ന ആ അറിവുകളാണ് ഒരു അഭിനേതാവ് എന്ന നിലയിൽ ഇന്നും ഞാൻ പിന്തുടരുന്നത്.
ആദ്യം മോഹൻലാൽ-ദിലീപ് കൂട്ടുകെട്ടിൽ തുടങ്ങാനിരുന്ന സിനിമയായിരുന്നു ചക്രം. അത് നിന്നുപോയ ശേഷമാണ് പൃഥ്വിരാജിനെയും എന്നെയും വെച്ച് ലോഹി സാർ ആ സിനിമ വീണ്ടും ആരംഭിച്ചത്.
പൃഥ്വിരാജിനൊപ്പമുള്ള അഭിനയാനുഭവം എങ്ങനെയായിരുന്നു? ആ പ്രായത്തിൽ അദ്ദേഹം അത്രയും ഗൗരവമുള്ള വേഷം ചെയ്തതിനെ എങ്ങനെ നോക്കിക്കാണുന്നു?
രാജുവിൻ്റെ (പൃഥ്വിരാജ്) പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു. ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് അദ്ദേഹം ചന്ദ്രൻ എന്ന അത്രയും മെച്ചൂരിറ്റിയുള്ള, ഗൗരവമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എനിക്കും അന്ന് അതേ പ്രായമാണ്. പക്ഷേ എൻ്റെ വേഷത്തിൽ അല്പം ഹാസ്യമുണ്ടായിരുന്നു. രാജു ചെയ്തത് അത്രയും ഹെവി ആയ വേഷമായിരുന്നു. ആ പ്രായത്തിൽ അത്രയും വിശ്വസനീയമായി ആ വേഷം ചെയ്യാൻ രാജുവിന് കഴിഞ്ഞു എന്നത് അദ്ദേഹത്തിൻ്റെ ടാലൻ്റ് തന്നെയാണ്. അതുകൊണ്ടാണല്ലോ ഇരുപത്തിനാലാം വയസ്സിൽ 'വാസ്തവ'ത്തിലൂടെ അദ്ദേഹം സംസ്ഥാന പുരസ്കാരം നേടിയത്.
ചക്രം സിനിമയുടെ ഷൂട്ടിങ് വളരെ കഠിനമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്തായിരുന്നു അവിടുത്തെ പ്രധാന വെല്ലുവിളി?
എൻ്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ലൊക്കേഷനായിരുന്നു അത്. 60-70 ദിവസം നീണ്ട ഷൂട്ടിങ്ങിൽ 40 ദിവസത്തിലധികം ഡേ ആൻഡ് നൈറ്റ് ആയിരുന്നു. രാവിലെ 6 മണിക്ക് തുടങ്ങിയാൽ പിറ്റേന്ന് രാവിലെ 6 മണിക്ക് തീരും. ഇന്നത്തെ പോലെ ക്യാമറ ലോറിയിൽ ഫിക്സ് ചെയ്യാനുള്ള ടെക്നോളജി അന്നില്ല. ഫിലിം ക്യാമറയായതുകൊണ്ട് ഒരുപാട് ഷോട്ടുകൾ പാഴാക്കാനും കഴിയില്ല. ലോറിയുടെ ഉള്ളിലും പ്രൊഡക്ഷൻ വാഹനങ്ങളിലും ഒക്കെ കിടന്നുറങ്ങിയാണ് ഞാനും രാജുവും ആ സിനിമ പൂർത്തിയാക്കിയത്. പക്ഷേ ലോഹി സാറിൻ്റെ സാന്നിധ്യവും രാജീവ് രവിയുടെ ക്യാമറയും രാജുവിൻ്റെ സൗഹൃദവുമൊക്കെ ആ ബുദ്ധിമുട്ടുകളെ മറികടക്കാൻ ഞങ്ങളെ സഹായിച്ചു. എപ്പോഴും ഒരു പോസിറ്റീവ് എനർജി ആ ലൊക്കേഷനിൽ ഉണ്ടായിരുന്നു.
നരൻ എന്ന സിനിമയിലെ വിജീഷിൻ്റെ കഥാപാത്രം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ജോഷി എന്ന ലെജൻഡറി സംവിധായകനോടൊപ്പം പ്രവർത്തിച്ച അനുഭവം എങ്ങനെയായിരുന്നു?
നരനിലെ എൻ്റെ കഥാപാത്രത്തിനായി ആദ്യം ജയസൂര്യയെ ആയിരുന്നു പരിഗണിച്ചിരുന്നത് എന്ന് തോന്നുന്നു. കഥ ആദ്യം പ്ലാൻ ചെയ്തപ്പോൾ കുറച്ചുകൂടി വലിപ്പമുള്ള വേഷമായിരുന്നു അത്. പിന്നീട് കാസ്റ്റിങ് ഒക്കെ മാറി എഴുതി വന്നപ്പോൾ ചെറുതാക്കിയതാണ്. നരൻ്റെ ഷൂട്ടിങ്ങിന് തൊട്ടുമുമ്പ് ഗുരുവായൂരിൽ വെച്ച് ഞാൻ ജോഷി സാറിനെ കണ്ടിരുന്നു. ഷൂട്ടിങ്ങിന് എത്തിയപ്പോൾ ജോഷി സാർ അക്കാര്യം ഓർത്തെടുത്ത് സംസാരിച്ചത് എന്നെ അത്ഭുതപ്പെടുത്തി.
അദ്ദേഹത്തെപ്പോലൊരു ലെജൻഡ് എന്നെപ്പോലൊരു ചെറിയ ആർട്ടിസ്റ്റിനോട് കാണിച്ച ആ പരിഗണന വലുതാണ്. മഴ രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ പോലും അദ്ദേഹം നേരിട്ട് അടുത്തുവന്നാണ് നിർദേശങ്ങൾ തന്നിരുന്നത്. സഹായികൾ വഴി നിർദേശം നൽകാമായിരുന്നിട്ടും അദ്ദേഹം ഓരോ അഭിനേതാവിനും നൽകുന്ന പ്രാധാന്യം മാതൃകാപരമാണ്.
മോഹൻലാലിനൊപ്പം ഹൊഗനക്കലിലെ ആ അപകടകരമായ രംഗങ്ങളിൽ അഭിനയിച്ചപ്പോൾ എന്താണ് തോന്നിയത്?
നരൻ എന്ന സിനിമയിൽ എടുത്തുപറയേണ്ടത് ലാലേട്ടന്റെ പ്രകടനവും ധൈര്യവും തന്നെയാണ്. ഹൊഗനക്കലിലെ ആ മരം പിടിക്കുന്ന രംഗം ഒരിക്കലും മറക്കാനാവില്ല. കനത്ത ഒഴുക്കായിരുന്നു അന്ന്. മോഹൻലാലിൻ്റെ ഡ്യൂപ്പ് പോലും വെള്ളത്തിൽ ഇറങ്ങാൻ പേടിച്ചുനിൽക്കുന്ന സമയം. അപ്പോഴാണ് ലാലേട്ടൻ മുന്നോട്ട് വന്ന് "ഞാൻ തന്നെ ചെയ്തോളാം" എന്ന് പറയുന്നത്. ആ സിനിമയിൽ ഒരു ഷോട്ടിൽ പോലും ലാലേട്ടൻ ബോഡി ഡബിൾ ഉപയോഗിച്ചിട്ടില്ല. ഒന്നോ രണ്ടോ മരങ്ങൾ മാത്രമാണ് കൃത്രിമമായി നിർമിച്ചിട്ടുള്ളത്. അദ്ദേഹത്തിൻ്റെ ആ ധൈര്യം നേരിട്ട് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി.
സിനിമയിൽ നിന്ന് ഞാൻ ഇടവേള എടുത്തു 12 വർഷം കഴിഞ്ഞു. എങ്കിലും, ഇപ്പോഴും ലാലേട്ടനെ "വേലായുധേട്ടാ" എന്ന് ധൈര്യത്തോടെ വിളിക്കാൻ അനുവാദമുള്ള ഒരേയൊരു വ്യക്തി ഒരുപക്ഷേ ഞാനായിരിക്കും.
ലാലേട്ടനൊപ്പം അഭിനയിച്ച ശേഷം മമ്മൂക്കയ്ക്കൊപ്പം ഒരു സ്ക്രീൻ സ്പേസ് പങ്കിടാൻ ഏറെ കാത്തിരുന്നിരുന്നോ?
നരൻ കഴിഞ്ഞപ്പോൾ മുതൽ മനസ്സിലുള്ള വലിയ ആഗ്രഹമായിരുന്നു മമ്മൂട്ടി സാറിനോടൊപ്പം ഒരു സിനിമ ചെയ്യണമെന്നത്. അതിനായി അഞ്ചാറ് വർഷം കാത്തിരിക്കേണ്ടി വന്നു. സംവിധായകൻ ജോണി ആൻ്റണി ചേട്ടനെ നമ്മൾ സിനിമയുടെ കാലം മുതലേ അറിയാം. എനിക്കൊരു വേഷം നൽകണമെന്ന് അദ്ദേഹം നേരത്തെ ഉറപ്പിച്ചിരുന്നു. അങ്ങനെയാണ് താപ്പാനയിലെ ചേട്ടത്തി സാബു എന്ന കഥാപാത്രം എനിക്ക് ലഭിക്കുന്നത്. ആ സിനിമയിൽ എൻ്റെ കഥാപാത്രം പറയുന്ന "ആവൂ..." എന്നൊക്കെയുള്ള സിഗ്നേച്ചർ ഡയലോഗുകൾ പലതും സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നതല്ല.
മമ്മൂക്കയെക്കുറിച്ച് പലർക്കും ഒരു പേടിയുണ്ട്. വിജീഷിൻ്റെ അനുഭവം എങ്ങനെയായിരുന്നു?
ആദ്യമൊക്കെ എനിക്കും വല്ലാത്തൊരു പേടിയായിരുന്നു. പേടിയേക്കാൾ ഉപരി അദ്ദേഹത്തോടുള്ള വലിയ ബഹുമാനം കാരണം നമുക്കൊരു അകൽച്ച തോന്നുമല്ലോ. പക്ഷേ അടുത്തപ്പോഴാണ് മനസ്സിലായത്, അദ്ദേഹത്തെപ്പോലെ ഇത്രയും ജെൻ്റിൽ ആയ, സ്വീറ്റ് ആയ മറ്റൊരു അഭിനേതാവിനെ മലയാള സിനിമയിൽ കാണാൻ കഴിയില്ല എന്ന്.
സിനിമയിൽ എനിക്ക് ഇത്രയും വലിയൊരു സഹായം ചെയ്ത മറ്റൊരു വ്യക്തിയില്ല. സ്വപ്നക്കൂട് സിനിമയുടെ സമയത്ത് അമ്മ അസോസിയേഷൻ്റെ ഒരു പരിപാടിയിൽ വെച്ച് ഞാൻ അദ്ദേഹത്തെ കണ്ടു. എന്നെ കണ്ടപാടെ അദ്ദേഹം പറഞ്ഞത്, "ഇവന് അസോസിയേഷനിൽ ഒരു മെമ്പർഷിപ്പ് കൊടുക്കണം" എന്നാണ്. എനിക്ക് വേണ്ടി അമ്മയിൽ ആദ്യം ശുപാർശ ചെയ്തത് മമ്മൂക്കയാണ്.

മമ്മൂക്കയെപ്പോലെ അപ്‌ഡേറ്റഡ് ആയ ഒരാളെ വേറെ കണ്ടിട്ടില്ല. താപ്പാനയുടെ ഷൂട്ടിങ് ഇടവേളയിൽ അദ്ദേഹത്തിൻ്റെ ക്യാരവനിൽ ചെല്ലുമ്പോൾ അദ്ദേഹം ലോകസിനിമകളെക്കുറിച്ച് സംസാരിക്കും. അന്ന് അദ്ദേഹം കണ്ടുകൊണ്ടിരുന്നത് പ്രശസ്ത ഇറാനിയൻ ചിത്രം എ സെപ്പറേഷൻ ആയിരുന്നു. എനിക്കും വിദേശ സിനിമകൾ കാണാൻ വലിയ ഇഷ്ടമാണ്. ആ സിനിമയെക്കുറിച്ച് സുദീർഘമായ ഒരു ചർച്ച ഞങ്ങൾക്കിടയിൽ സംഭവിച്ചിരുന്നു.
മലയാള സിനിമയിലെ അഭിനയ വിസ്മയം ജഗതി ശ്രീകുമാറിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ സാധിച്ചിട്ടുണ്ടല്ലോ?
ജഗതിച്ചേട്ടൻ ഒരു അസാധ്യ കലാപ്രതിഭയാണ്. അദ്ദേഹത്തെ ആദ്യമായി നേരിട്ട് കാണുന്നത് അമ്മ അസോസിയേഷൻ്റെ ഒരു പരിപാടിക്കിടെയാണ്. ഞങ്ങൾ ഒരു മുറിയിൽ ഡാൻസ് പ്രാക്ടീസ് ചെയ്യുന്നു, തൊട്ടടുത്ത മുറിയിൽ ജഗതിച്ചേട്ടനുമുണ്ട്. അദ്ദേഹം തൻ്റെ മുറിയിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് എന്തോ കണ്ടതുപോലെ ഞങ്ങളുടെ റൂമിലേക്ക് തിരിച്ചുവന്നു. എല്ലാവരോടും കുശലാന്വേഷണം നടത്തി. അന്ന് ഞാൻ എന്നെത്തന്നെ പരിചയപ്പെടുത്തി. നമ്മൾ എന്ന സിനിമയിലെ പ്രകടനം നന്നായിരുന്നു എന്ന് അദ്ദേഹം എന്നോട് പറഞ്ഞപ്പോൾ ഉണ്ടായ സന്തോഷം വാക്കുകൾക്ക് അപ്പുറമായിരുന്നു. അദ്ദേഹത്തെപ്പോലൊരു വലിയ കലാകാരനിൽ നിന്ന് ലഭിച്ച ആ പ്രശംസ എനിക്ക് വലിയൊരു അംഗീകാരമായിരുന്നു.
ക്ലാസ്മേറ്റ്സ് എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. ആ സിനിമ തുടങ്ങുമ്പോൾ എല്ലാവരും പ്രായമായ രൂപത്തിലാണ്. കോളജ് റീയൂണിയൻ കാണിച്ചുകൊണ്ടാണല്ലോ ആ സിനിമ ആരംഭിക്കുന്നത്.
അതിൽ എൻറെ ഒരു പ്രസംഗത്തോടുകൂടിയാണ് ആ ഫംഗ്ഷൻ്റെ തുടക്കം. പ്രായമായ ഒരാൾ എങ്ങനെ സംസാരിക്കണം, ശബ്ദത്തിൽ എന്ത് മാറ്റം വരുത്തണം എന്നതിനെക്കുറിച്ച് എനിക്ക് വലിയ കൺഫ്യൂഷൻ ഉണ്ടായിരുന്നു.
ഞാൻ ഡയലോഗ് പേപ്പറുമായി ഒരു വശത്ത് മാറിനിന്ന് പ്രാക്ടീസ് ചെയ്യുന്നത് ജഗതിച്ചേട്ടൻ യാദൃച്ഛികമായി കണ്ടു. "എന്താ അനിയാ പ്രശ്നം?" എന്ന് അദ്ദേഹം എന്റെ അടുത്ത് വന്ന് ചോദിച്ചു. എൻ്റെ സംശയം ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഒരല്പം പ്രായവും പക്വതയും തോന്നുന്ന രീതിയിൽ ആ രംഗം എങ്ങനെ ചെയ്യാമെന്ന് അദ്ദേഹം എനിക്ക് കൃത്യമായി കാണിച്ചുതന്നു. അദ്ദേഹം നൽകിയ ആ ചെറിയ ടിപ്പുകൾ ഉപയോഗിച്ചാണ് ഞാൻ ആ രംഗം അഭിനയിച്ചു തീർത്തത്.
ഇനി എന്തൊക്കെയാണ് ഭാവി പരിപാടികൾ?
തൽക്കാലം മലയാള സിനിമയിൽ തുടരാൻ തന്നെയാണ് തീരുമാനം. ഒരു ചെറിയ പ്രൊഡക്ഷൻ കമ്പനി ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ആ കമ്പനിയുടെ ബാനറിൽ ഒരു ചെറിയ സിനിമയും ചെയ്തു.
Also Read: കട്ട കലിപ്പില്‍ സാമന്ത; മാ ഇന്‍ടി ബംഗാര പുത്തന്‍ പോസ്റ്റര്‍, ട്രെയിലര്‍ ഉടന്‍

