ETV Bharat / entertainment

മോഹന്‍ലാലിനോടൊപ്പം ഒരേ കോളജില്‍! ജാക്കിയുടെ ഒറ്റ സുഹൃത്തായ ലോറന്‍സ്; സന്തോഷ് ബാക്കി വച്ചു പോയ കഥാപാത്രങ്ങള്‍

വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ച നടന്‍.

ACTOR SANTHOSH K NAIR LIFE  CELEBRITY DEATH  MALAYALAM MOVIE  SANTHOSH K NAIR VILLAIN ROLES
മോഹന്‍ലാലിനോടൊപ്പം സന്തോഷ് നായര്‍ (Photo: Movie Poster)
author img

By ETV Bharat Entertainment Team

Published : May 5, 2026 at 11:26 AM IST

3 Min Read
Choose ETV Bharat

ടന്‍ സന്തോഷ് നായരുടെ വിയോഗവാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാ ലോകം. ഇന്ന് (മെയ് 5) പുലര്‍ച്ചെ പത്തനംതിട്ടയിലായിരുന്നു അപകടം. വില്ലന്‍ വേഷത്തിലൂടെയാണ് മലയാളികളുടെ ഉള്ളില്‍ സന്തോഷ് കെ നായര്‍ ഇടം പിടിച്ചത്.

1982 ല്‍ ‘ഇത് ഞങ്ങളുടെ കഥ’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഒട്ടേറെ സിനിമകളില്‍ സഹനടനായും പ്രതിനായകനായും വേഷമിട്ടു. ഏകദേശം നൂറോളം സിനിമകളില്‍ സന്തോഷ് കെ നായര്‍ വേഷമിട്ടിട്ടുണ്ട്.

1960 നവംബർ 12 ന് സി എൻ കേശവൻ നായരുടെയും, പി രാജലക്ഷ്‌മി അമ്മയുടെയും മകനായി തിരുവനന്തപുരം പേട്ടയിലാണ് ജനിച്ചത്. തിരുവനന്തപുരം ഹോളി എയ്ഞ്ചൽസ് കോൺവെന്‍റ്, സെന്‍റ് ജോസഫ് ഹയർ സെക്കന്‍ഡറി സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു സന്തോഷ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് മഹാത്മാ ഗാന്ധി കോളജില്‍ നിന്നും പ്രീഡിഗ്രിയും ഡിഗ്രിയും പൂര്‍ത്തിയാക്കി. വിദ്യാഭ്യാസ കാലത്ത് സജീവ രാഷ്‌ട്രീയ പ്രവര്‍ത്തകനായിരുന്നു സന്തോഷ്.

മോഹന്‍ലാലിന്‍റെ ബാല്യകാല സുഹൃത്ത്

എംജി കോളജില്‍ പഠിക്കുന്ന സമയത്ത് നടന്‍ മോഹന്‍ലാല്‍ സന്തോഷ് കെ നായരുടെ സീനിയറായിരുന്നു. കോളജ് കാലഘട്ടത്ത് മോഹന്‍ലാലുമായുള്ള സൗഹൃദത്തെ കുറിച്ച് പല അഭിമുഖങ്ങളിലും സന്തോഷ് തുറന്നു പറഞ്ഞിരുന്നു. താനും ലാലും ഒരേ കാലഘട്ടത്തിലാണ് എംജി കോളജില്‍ പഠിച്ചതെന്നും താന്‍ മാത്തമാറ്റിക്‌സും ലാല്‍ കൊമേഴ്‌സും ആയിരുന്നുവെന്നും ഒരിക്കല്‍ സന്തോഷ് പറയുകയുണ്ടായി. പ്രീഡിഗ്രിയും തങ്ങള്‍ ഒരുമിച്ചാരുന്നു. പിന്നീട് എഞ്ചിനീയര്‍ ആകണമെന്ന ആഗ്രവുമായി സന്തോഷ് ചിന്മയയില്‍ ചേര്‍ന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ബി എസ് സിക്ക് ചേര്‍ന്നത്. അപ്പോഴാണ് മോഹന്‍ലാല്‍ സീനിയറായി മാറിയതെന്നും സന്തോഷ് വെളിപ്പെടുത്തിയിരുന്നു.

ACTOR SANTHOSH K NAIR LIFE  CELEBRITY DEATH  MALAYALAM MOVIE  SANTHOSH K NAIR VILLAIN ROLES
Santhosh K Nair (Photo: Special Arrangement)

മോഹന്‍ലാലും സന്തോഷും ഒരേ പ്രായക്കാരാണ് നാലഞ്ച് മാസത്തിന്‍റെ വ്യത്യാസമേയുള്ളുവെന്നും താരം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കോളജ് കാലഘട്ടത്തില്‍ മാഗസിന്‍ എഡിറ്ററൊക്കെയായിരുന്നുവെന്നും നടന്‍ പറഞ്ഞിരുന്നു.

വില്ലന്‍ വേഷങ്ങളിലൂടെ ജനപ്രീതി

1982 ൽ പി.ജി വിശ്വംഭരൻ സംവിധാനം ചെയ്‌ത ‘ഇതു ഞങ്ങളുടെ കഥ’ എന്ന സിനിമയിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് 1980കളുടെ പകുതിയോടെ അദ്ദേഹം മലയാള സിനിമയിൽ സജീവമായി. പിന്നീട് ഏപ്രില്‍ 18, ഇവിടെ തുടങ്ങുന്നു എന്നീ ചിത്രങ്ങളില്‍ വില്ലന്‍ കുപ്പായം അണിഞ്ഞതോടെ പിന്നീട് തിരക്കുള്ള നടനായി മാറി. 1985 ല്‍ പതനെട്ടോളം ചിത്രങ്ങളില്‍ വേഷമിട്ടു. ഇതില്‍ കൂടുതലും വില്ലന്‍ വേഷങ്ങള്‍ തന്നെയായിരുന്നു. കൊതി തീരും വരെ, ഇത് നല്ല തമാശ എന്നീ ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചു. പിന്നീട് 1986 ല്‍ യുവജനോത്സവം എന്ന ചിത്രത്തില്‍ നിസാര്‍ എന്ന പോസറ്റീവ് വേഷം ചെയ്‌ത് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി. മോഹന്‍ലാല്‍ നായകനായി എത്തിയ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ ജാക്കിയുടെ(മോഹന്‍ലാല്‍) സുഹൃത്തായ ലോറന്‍സ് എന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടി.

പിന്നീടങ്ങോട്ടും ഒട്ടേറെ സിനിമകളില്‍ സന്തോഷ് തകര്‍ത്തഭിനയിച്ചു. മുളമൂട്ടിൽ അടിമ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, കടത്തനാടൻ അമ്പാടി, വിഷ്‌ണു ലോകം,ഒരു അഭിഭാഷകന്‍റെ കേസ് ഡയറി തുടങ്ങിയ ചിത്രങ്ങളിലും മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചു.

പിന്നീട് ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ ചിത്രമായ ചന്ദ്രോത്സവത്തിലൂടെ തിരിച്ചെത്തി. നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം പ്രൊപ്രൈറ്റർസ് : കമ്മത്ത് ആൻഡ് കമ്മത്ത്, എന്നീ സിനിമകളിൽ കോമഡി കഥാപാത്രങ്ങളും സന്തോഷ് അവതരിപ്പിച്ചിട്ടുണ്ട്. ദിലീപ് നായകനായ 'റൺവേ' എന്ന സിനിമയിലെ വില്ലൻ വേഷം ഏറെ പ്രശംസ നേടി.

ഇടവേളയ്ക്ക് ശേഷം വീണ്ടും

2014ന് ശേഷം മലയാള സിനിമയിൽ നിന്ന് അദ്ദേഹം വലിയൊരു ഇടവേളയെടുത്തു. പിന്നീട് ഏഴ് വർഷങ്ങൾക്ക് ശേഷം 2021ലാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ്ഗോപി, രതീഷ്, ശങ്കർ, ജയറാം, റഹ്മാൻ, ബാലചന്ദ്രമേനോൻ എന്നിവരുടെയൊക്കെ വില്ലൻ ജോഡിയായും നടന്‍ തകര്‍ത്താടി. ഒടുവില്‍ കൃഷ്‌ണദാസ് മുരളി സംവിധാനം ചെയ്‌ത മോഹനിയാട്ടം എന്ന ചിത്രത്തിലാണ് വേഷമിട്ടത്. കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണിതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ACTOR SANTHOSH K NAIR LIFE  CELEBRITY DEATH  MALAYALAM MOVIE  SANTHOSH K NAIR VILLAIN ROLES
Santhosh K Nair (Photo: Special Arrangement)

40 വർഷത്തോളം സിനിമയിൽ നിന്നിട്ടും പ്രതിഭയ്ക്കൊത്ത വേഷം ലഭിക്കാത്തതിൽ സന്തോഷിന് നിരാശയുണ്ടായിരുന്നു. 'മോഹിനിയാട്ടം' എന്ന ചിത്രത്തിൻ്റെ പത്രസമ്മേളനത്തിൽ അദ്ദേഹം ഇത് തുറന്ന് പറഞ്ഞിരുന്നു. മലയാള സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം. ജനപ്രിയ ടെലിവിഷൻ പരമ്പരകളിലും മുൻപ് അദ്ദേഹം വേഷങ്ങൾ ചെയ്‌തിട്ടുണ്ട്.

Read More:നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്