പ്രേം നസീര്‍ മുതല്‍ ധ്യാന്‍ വരെ; മമ്മൂട്ടിക്ക് പോലും ആരാധന, അവസാന ശ്വാസം വരെ സിനിമയെ സ്‌നേഹിച്ച പുന്നപ്ര അപ്പച്ചന്‍
മലയാളവും തമിഴും ബോളിവുഡ് സിനിമയുള്‍പ്പെടെ പുന്നപ്ര അപ്പച്ചന്‍ വേഷമിട്ടിട്ടുണ്ട്. അതും അരനൂറ്റാണ്ടിലേറെ നിരവധി സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം.

By ETV Bharat Entertainment Team
Published : January 6, 2026 at 11:45 AM IST
അവസാന ശ്വാസം വരെ സിനിമയെ സ്നേഹിച്ച വ്യക്തിയായിരുന്നു പുന്നപ്ര അപ്പച്ചന്‍. 77 ാം വയസില്‍ ഈ ലോകത്തോട് വിട പറയുമ്പോഴും അദ്ദേഹത്തിന്‍റെയുള്ളില്‍ സിനിമ തന്നെ നിറഞ്ഞു നിന്നിരുന്നു. ജെ അല്‍ഫോന്‍സ് എന്നാണ് യഥാര്‍ഥ പേര്. ആലപ്പുഴ പുന്നപ്രയിലാണ് അപ്പച്ചന്‍റെ സ്വദേശം.
തലയില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിരിക്കെ ഇന്നലെ (ജനുവരി 5) ഉച്ചകഴിഞ്ഞായിരുന്നു മരണം.
55 വര്‍ഷം മുന്‍പാണ് പുന്നപ്ര അപ്പച്ചന്‍ അഭിനയ മോഹവുമായി കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോയില്‍ എത്തുന്നത്. അന്ന് സിനിമാ ചിത്രീകരണം കാണാന്‍ പോയതായിരുന്നു അപ്പച്ചന്‍. അന്ന് പ്രായം 23 വയസ്. സിനിമയില്‍ പ്രൊഡക്ഷന്‍ മാനേജരായിരുന്നു സുഹൃത്ത് വഴി ഒരു ചെറിയ വേഷം ലഭിച്ചു.
1965 ല്‍ ഒതേനന്‍റെ മകന്‍ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് അപ്പച്ചന്‍ അരങ്ങേറ്റം കുറിച്ചത്. ഭടന്‍റെ വേഷമായിരുന്ന ആ സിനിമയില്‍ അന്ന് ചെയ്‌തത്. പിന്നീട് ഉദയയുടെ മിക്ക സിനിമകളിലും അപ്പച്ചന് ചെറിയ വേഷങ്ങള്‍ ലഭിച്ചു. അതില്‍ കൂടുതലും ഭടന്‍റെ വേഷം തന്നെയായിരുന്നു. അങ്ങനെ മലയാളവും തമിഴും ബോളിവുഡും വരെ പുന്നപ്ര അപ്പച്ചന്‍ വേഷമിട്ടു. അതും അരനൂറ്റാണ്ടിലേറെ നിരവധി സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം.
മമ്മൂട്ടിക്ക് പോലും ആരാധന തോന്നിയ നടന്‍
ആയിരത്തിലേറെ സിനിമകളില്‍ വേഷമിട്ട അപ്പച്ചനോട് മമ്മൂട്ടിക്ക് പോലും ആരാധന തോന്നിയിട്ടുണ്ട്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ അഭിനയിക്കാന്‍ അവസരം ചോദിക്കാനായി സംവിധായകന്‍ കെ എസ് സേതുമാധവനെ കാണാന്‍ മമ്മൂട്ടി എത്തിയിരുന്നു. ആ സമയം സത്യനൊപ്പം അഭിനയിക്കുകയാണ് അപ്പച്ചന്‍. അപ്പച്ചനെ പോലെ ആകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് മമ്മൂട്ടി ആഗ്രഹിച്ചിരുന്നു. ഇതേകുറിച്ച് മമ്മൂട്ടി തന്നെ പിന്നീട് പല വേദികളിലും പറഞ്ഞിട്ടുണ്ട്.
അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യമായി വേഷമിട്ടത്. ഈ ചിത്രത്തില്‍ സത്യനൊപ്പം തൊഴിലാളി നേതാവിന്‍റെ വേഷത്തിലായിരുന്നു അപ്പച്ചന്‍ എത്തിയത്.
പ്രശസ്‌ത സംവിധായകരോടൊപ്പം
പ്രശസ്‌ത സംവിധായകന്‍ പദ്മരാജന്‍റെ സിനിമയിലും അപ്പച്ചന്‍ വേഷം ചോദിച്ചു വാങ്ങിയിരുന്നു. ഞാന്‍ ഗന്ധര്‍വന്‍ എന്ന ചിത്രത്തില്‍ ഹോട്ടല്‍ വെയ്റ്ററുടെ റോളായിരുന്നു. പിന്നീടും അടൂര്‍ ഗോപാലകൃഷ്‌ണന്‍റെ അനന്തരം എന്ന സിനിമയിലും വേഷമിട്ടു. അന്ന് മുതല്‍ അടൂരിന്‍റെ എല്ലാ സിനിമകളിലും അപ്പച്ചന്‍ അഭിനയിച്ചിട്ടുണ്ട്.
പ്രേം നസീർ മുതൽ ധ്യാൻ ശ്രീനിവാസൻ വരെ
പ്രേംനസീർ മുതൽ പുതുതലമുറയിലെ ധ്യാൻ ശ്രീനിവാസൻ വരെയുള്ളവർക്കൊപ്പം അപ്പച്ചന്‍ അഭിനയിച്ചു. മലയാളത്തില്‍ മാത്രമല്ല തമിഴിലും അങ്ങ് ബോളിവുഡിലും വരെ അപ്പച്ചന്‍ എത്തിയിരുന്നു. ദുനിയ എന്ന ബോളിവുഡ് ചിത്രത്തില്‍ ദിലീപ് കുമാറിനെ അറസ്റ്റ് ചെയ്യുന്ന പൊലീസ് ഓഫിസറായും വേഷമിട്ടു. തമിഴില്‍ വിജയ്‌യുടെ സുറ എന്ന ചിത്രത്തിലും അഭിനയിച്ചു.
വില്ലൻ വേഷങ്ങളായിരുന്നു ഏറെയെങ്കിലും ദ കിങ്ങിലെ മുഖ്യമന്ത്രിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. വില്ലന്‍ വേഷങ്ങളും ക്യാരക്‌ടര്‍ വേഷങ്ങളിലുമാണ് അപ്പച്ചന്‍ കൂടുതലായും അഭിനയിച്ചത്. സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തിയ ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിലാണ് അപ്പച്ചന്‍ ഒടുവില്‍ വേഷമിട്ടത്.
കന്യാകുമാരി, പിച്ചിപ്പൂ, നക്ഷത്രങ്ങളെ കാവല്‍, അങ്കക്കുറി, ഇവര്‍, വിഷം, ഓപ്പോള്‍, കോളിളക്കം, ഇത്തിരിനേരം ഒത്തിരി കാര്യം, ആട്ടക്കലാശം അനുഭവങ്ങൾ പാളിച്ചകൾ, ഞാൻ ഗന്ധർവൻ, മതിലുകൾ, സംഘം, അധികാരം, ദ കിങ്, ജലോത്സവം, കടുവ, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങി ഒട്ടേറെ സിനിമകളിൽ വേഷമിട്ടു.
Also Read:മേജർ രവിയുടെ സഹോദരനും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

