'ആ വാർത്ത ഞങ്ങളെ പൂർണമായും തകർത്തു, ഒന്നര മാസത്തിനുള്ളിലാണ് എല്ലാം സംഭവിച്ചത്'; പ്രദീപ് റാവത്തിന്‍റെ അവസാന നിമിഷങ്ങളെ കുറിച്ച് മകന്‍
കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സിനിമാരംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ മുംബൈയിലെ ഓഷിവാര ശ്‌മശാനത്തിൽ ബുധനാഴ്ച പ്രദീപ് റാവത്തിന് അന്ത്യവിശ്രമം നൽകി.

By ETV Bharat Entertainment Team
Published : August 6, 2026 at 9:58 AM IST
തമിഴ് സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ 'ഗജിനി'യിലെ ക്രൂരവില്ലൻ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടൻ പ്രദീപ് റാവത്തിന്‍റെ വിയോഗം ഇന്ത്യൻ സിനിമാലോകത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സിനിമാരംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ മുംബൈയിലെ ഓഷിവാര ശ്‌മശാനത്തിൽ ബുധനാഴ്ച അദ്ദേഹത്തിന് അന്ത്യവിശ്രമം നൽകി.
അന്ത്യാഞ്ജലി അർപ്പിക്കാൻ നടൻ ആമിർ ഖാൻ, സംവിധായകൻ അശുതോഷ് ഗൊവാരിക്കർ, ചലച്ചിത്ര പ്രവർത്തകരായ അശോക് പണ്ഡിറ്റ്, അഖിലേന്ദ്ര മിശ്ര, രാജ് അർജുൻ, കരൺ വി ഗ്രോവർ, സുരേന്ദ്ര പാൽ, റുഹാനിക ധവാൻ തുടങ്ങിയവർ ഉൾപ്പെടെ നിരവധി പ്രമുഖർ എത്തി. 'ലഗാൻ' സിനിമയുടെ അണിയറപ്രവർത്തകരും അദ്ദേഹത്തെ അവസാന യാത്ര ഒരുനോക്ക് കാണാൻ എത്തിയിരുന്നു.
ഇതിനിടെ, പിതാവിന്‍റെ രോഗാവസ്ഥയും അവസാന നിമിഷങ്ങളും ഓർത്ത് മകൻ വിക്രം ആദിത്യ നടത്തിയ വെളിപ്പെടുത്തലുകൾ ഏറെ വേദനാജനകമാണ്. തുടക്കത്തിൽ പ്രദീപ് റാവത്തിന് സാധാരണ വയറിലെ അണുബാധയാണെന്നാണ് ഡോക്ടർമാർ കരുതിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മരുന്നുകൾ നൽകിയെങ്കിലും ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. പിന്നീട് നടത്തിയ പരിശോധനകളിലാണ് രക്തത്തിലെ വെളുത്ത രക്താണുക്കളുടെ (WBC) എണ്ണം അസാധാരണമായി ഉയർന്നതായി കണ്ടെത്തിയത്.
ഉടൻ തന്നെ അദ്ദേഹത്തെ മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനകളിൽ രക്താർബുദമാകാൻ 99 ശതമാനം സാധ്യതയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായും തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ അപൂർവവും അതിവേഗം വ്യാപിക്കുന്നതുമായ രക്താർബുദമാണെന്ന് സ്ഥിരീകരിച്ചതായും വിക്രം ആദിത്യ പറഞ്ഞു.
"ആ വാർത്ത ഞങ്ങളെ പൂർണമായും തകർത്തു. രണ്ട് മാസം മുമ്പ് നടത്തിയ ആരോഗ്യപരിശോധനകളിൽ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഒന്നര മാസത്തിനുള്ളിലാണ് എല്ലാം സംഭവിച്ചത്. രോഗം അതിവേഗത്തിലാണ് ശരീരത്തെ ബാധിച്ചത്," അദ്ദേഹം പറഞ്ഞു.

പിതാവിന്‍റെ അവസാന നിമിഷങ്ങൾ ഓർത്തെടുത്തപ്പോൾ വിക്രം ആദിത്യ വികാരാധീനനായി. "ഞങ്ങൾ ഐ.സി.യുവിന് പുറത്തായിരുന്നു. പെട്ടെന്ന് ഡോക്ടർമാർ എല്ലാവരും അകത്തേക്ക് ഓടി. വാതിൽ തുറന്ന് നോക്കിയപ്പോൾ അച്ഛന് സി.പി.ആർ. നൽകുന്നത് കണ്ടു. ആ നിമിഷം തന്നെ കാര്യത്തിന്‍റെ ഗൗരവം മനസിലായി. അമ്മ കരയാൻ തുടങ്ങി," വിക്രം ആദിത്യ കണ്ണീരോടെ പറഞ്ഞു.
രക്താർബുദത്തിന് ചികിത്സയിലായിരുന്ന പ്രദീപ് റാവത്ത് ചൊവ്വാഴ്ച വൈകുന്നേരമാണ് ആശുപത്രിയിൽ വെച്ച് അന്തരിച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ ഹിന്ദി, തമിഴ്, തെലുഗു, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലായി ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച അദ്ദേഹം ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ നടന്മാരിൽ ഒരാളായിരുന്നു.
'ഗജിനി', 'ലഗാൻ', 'സർഫറോഷ്' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾക്കും ബി.ആർ. ചോപ്രയുടെ 'മഹാഭാരത്' ടെലിവിഷൻ പരമ്പരയിലെ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തിനുമാണ് അദ്ദേഹം ഏറ്റവും കൂടുതൽ പ്രശസ്തി നേടിയത്. 1952 ജനുവരി 21-ന് മധ്യപ്രദേശിലെ ജബൽപൂരിൽ ജനിച്ച പ്രദീപ് റാവത്ത്, ശക്തമായ വില്ലൻ വേഷങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് വിടവാങ്ങിയത്. മലയാളത്തിലും അദ്ദേഹത്തിന്‍റെ സാന്നധ്യമുണ്ടായിരുന്നു.
Read More: |

