രാഷ്‌ട്രീയത്തിലേക്കില്ല, ആരോടും വിവേചനമില്ല; വോട്ട് രേഖപ്പെടുത്തി ആസിഫ് അലി
തൊടുപുഴ അതിവേഗം വികസിക്കുന്നതിൽ സന്തോഷമെന്ന് ആസിഫ് അലി.

By ETV Bharat Entertainment Team
Published : April 9, 2026 at 1:34 PM IST
ഇടുക്കി: കേരള നിമയസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി നടന്‍ ആസിഫ് അലി. നടനും സഹോദരനുമായ അസ്‌കര്‍ അലിക്കൊപ്പമാണ് ആസിഫ് അലി സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ തൊടുപുഴയില്‍ എത്തിയത്.
തൊടുപുഴ കുമ്പംകല്ല് ബി ടി എം എല്‍ പി സ്‌കൂളിലാണ് ഇരുതാരങ്ങളും വോട്ട് രേഖപ്പെടുത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് കൊച്ചിയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് ആസിഫ് അലി വോട്ട് രേഖപ്പെടുത്താൻ എത്തിയത്.
പോളിങ് ബൂത്തില്‍ രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തിയതിന് ശേഷം എല്ലാവരും നിര്‍ബന്ധമായും വോട്ട് ചെയ്യണമെന്നും വോട്ട് ചെയ്യണമെന്നും താരം അഭിപ്രായപ്പെട്ടു.
സുഹൃത്തുക്കൾക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് ആസിഫ് അലി പറഞ്ഞു. എന്നാല്‍ എല്ലാ രാഷ്ട്രീയ പാർട്ടികളിലും തനിക്ക് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും ഉള്ളതിനാൽ ആരോടും വിവേചനം കാണിക്കാതിരിക്കാനാണ് പ്രചാരണങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് നടൻ വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് മത്സരിക്കുന്ന രമേശ് പിഷാരടി ഉൾപ്പെടെ നിലവിലെ മന്ത്രിമാരിലും എംഎൽഎമാരിലും തനിക്ക് സുഹൃത്തുക്കളുണ്ട്. അവര്‍ക്കെല്ലാം തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്‌തുവരുന്നവരുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

തൊടുപുഴയിൽ ഇത്തവണ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പിൽനിന്ന് മാറിനിൽക്കുന്നത് ഒരു മാതൃകാപരമായ നിലപാടാണെന്നും പുതിയ തലമുറയ്ക്ക് വഴിയൊരുക്കുന്ന മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ പക്വതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും ആസിഫ് അലി അഭിപ്രായപ്പെട്ടു.
പി ജെ ജോസഫും ആയി ചെറുപ്പം മുതൽ വ്യക്തിപരമായ അടുപ്പമുണ്ട്, തൊടുപുഴ അതിവേഗം വികസിക്കുന്നതിൽ സന്തോഷമെന്നും ആസിഫലി പറഞ്ഞു.
പുതിയ തലമുറയ്ക്ക് കൃത്യമായ മാർഗനിർദേശം നൽകി മുതിർന്നവർ മാറിനിൽക്കുന്നത് എല്ലാ രാഷ്ട്രീയക്കാരും പിന്തുടരേണ്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സര്‍ക്കാര്‍ ആയിരിക്കണം നമുക്ക് വേണ്ടതെന്നും നമുക്ക് അകര്‍ഷിക്കാന്‍ കഴിയുന്ന നമുക്ക് ചെന്നെത്താന്‍ കഴിയുന്ന, നമ്മുടെ കയ്യെത്തും ദൂരത്തുള്ള ഒരു ഭരണ സംവിധാനമാണ് വേണ്ടതെന്നും ആസിഫ് അലി വ്യക്തമാക്കി.
താൻ ഇടതുപക്ഷ സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നുവെന്നും ഈ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്നും സിനിമയിൽ തുടരാനാണ് താത്പര്യമെന്നും ആസിഫലി പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോയെന്ന് പി ജെ ജോസഫ് വീട്ടുകാരെ വിളിച്ചു അന്വേഷിച്ചിരുന്നുവെന്ന് ആസിഫ് അലി പറഞ്ഞു.
നമ്മുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താതെ ഇനിയുള്ള കാലം അഭിപ്രായം പറയുന്നതിനോട് സോഷ്യല്‍ മീഡിയയിലൂടെ ദേഷ്യം കാണിക്കുന്നതുകൊണ്ടൊന്നും കാര്യമില്ല. നമ്മുടെ കര്‍ത്തവ്യം നമ്മള്‍ രേഖപ്പെടുത്തണമെന്നും ആസിഫ് അലി വ്യക്തമാക്കി. വോട്ട് ചെയ്യാം വോട്ട് ചെയ്‌തതിന് ശേഷം അഭിപ്രായം പറയാമെന്നും താരം പറഞ്ഞു.
നേരത്തെ പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായ രമേഷ് പിഷാരടി വിളിച്ചാൽ താൻ പ്രചാരണത്തിന് ഇറങ്ങുമെന്ന് ആസിഫ് അലി പറഞ്ഞത് വലിയ ചർച്ചയായിരുന്നു.
അതേസമയം താരങ്ങളായ മോഹന്‍ലാല്‍,മമ്മൂട്ടി, പൃഥ്വിരാജ്, സുപ്രിയ മേനോന്‍ തുടങ്ങിയ താരങ്ങളും അവരവരുടെ സമ്മതിനാവകാശം രേഖപ്പെടുത്തി.

