ആയിരം പൂർണചന്ദ്രന്‍മാരെ കണ്ട് കേരളത്തിൻ്റെ സ്വന്തം 'വാഗീശ്വരി'; 15-കാരൻ മലയാളി തീർത്ത വിസ്മയ ക്യാമറ
ഇന്ത്യയിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഒരുപോലെ തരംഗം സൃഷ്ടിച്ച വാഗീശ്വരി ക്യാമറയുടെ പിന്നിൽ ഒരു മലയാളിയുടെ വിസ്മയകരമായ അതിജീവനത്തിൻ്റെ ചരിത്രമുണ്ട്

By ETV Bharat Entertainment Team
Published : July 4, 2026 at 8:00 PM IST
അക്കി വിനായക്
"ഒച്ച ക്യാമറയിൽ പതിയില്ല മിസ്റ്റർ..." മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഈ ഒരൊറ്റ ഡയലോഗ് മതി 'വാഗീശ്വരി' എന്ന ക്യാമറയുടെ ജനപ്രീതി ഓർത്തെടുക്കാൻ. 'വടക്കുനോക്കിയന്ത്രം' എന്ന ചിത്രത്തിൽ തളത്തിൽ ദിനേശൻ്റെയും ശോഭയുടെയും കപ്പിൾ ഫോട്ടോയെടുക്കാൻ ഉപയോഗിച്ച, അക്കാലത്ത് ഇന്ത്യയിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഒരുപോലെ തരംഗം സൃഷ്ടിച്ച വാഗീശ്വരി ക്യാമറയുടെ പിന്നിൽ ഒരു മലയാളിയുടെ വിസ്മയകരമായ അതിജീവനത്തിൻ്റെ ചരിത്രമുണ്ട്. ഒരു പതിനഞ്ചുകാരൻ മലയാളി സ്വന്തം ബുദ്ധിശക്തിയാൽ രൂപകൽപ്പന ചെയ്ത് ലോകം കീഴടക്കിയ 'മെയ്ഡ് ഇൻ ഇന്ത്യ' ക്യാമറയുടെ നിർമാണം ആരംഭിച്ചിട്ട് 85 വർഷങ്ങൾ പിന്നിടുകയാണ്. സാങ്കേതികവിദ്യയുടെ അതിപ്രസരത്തിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ ആ പഴയ രാജവാഴ്ചയുടെ ചരിത്രത്തിലേക്ക്...
ഹാർമോണിയം റിപ്പയറിങ്ങിൽ നിന്ന് ക്യാമറയുടെ ബിജോത്പത്തി
ആലപ്പുഴ മുല്ലക്കൽ സ്വദേശിയായ കുഞ്ഞുകുഞ്ഞു ഭാഗവതർക്ക് സംഗീതോപകരണങ്ങൾ നന്നാക്കുന്ന 'വീണ വാഗീശ്വര' എന്നൊരു സ്ഥാപനമുണ്ടായിരുന്നു. അക്കാലത്ത് ആലപ്പുഴയിലെ പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്ന പത്മനാഭൻ നായരുടെ ക്യാമറയുടെ ഫോക്കസിങ് സംവിധാനം (ബെല്ലോസ്) ഒരിക്കൽ തകരാറിലായി. പഴയ ക്യാമറകളിൽ ഹാർമോണിയത്തിൻ്റെ ലെതറിന് സമാനമായ വസ്തു കൊണ്ടാണ് ഫോക്കസിങ് ബെല്ലോസ് നിർമ്മിക്കാറുള്ളത്. ഇതിൽ കീറൽ വീണതോടെ പുറത്തുനിന്നുള്ള വെളിച്ചം ഫിലിമിലേക്ക് കടന്ന് ചിത്രങ്ങൾ അവ്യക്തമായി തുടങ്ങി.
പത്മനാഭൻ നായർ ഈ പ്രശ്നവുമായി കുഞ്ഞുകുഞ്ഞു ഭാഗവതരെ സമീപിച്ചു. ഭാഗവതർ ഈ ദൗത്യം തൻ്റെ 15 വയസ്സുകാരനായ മകൻ കരുണാകരനെ (തങ്കപ്പൻ) ഏൽപ്പിച്ചു. പരീക്ഷണാത്മക ബുദ്ധിയോടെ കരുണാകരൻ ആ ക്യാമറ വിജയകരമായി റിപ്പയർ ചെയ്തു നൽകി. റിപ്പയർ ചെയ്ത ക്യാമറയ്ക്ക് പഴയതിനേക്കാൾ കൂടുതൽ ദൃശ്യമികവുണ്ടെന്ന് പത്മനാഭൻ നായര്‍ തിരിച്ചറിഞ്ഞു. എന്തുകൊണ്ട് ഈ ക്യാമറയുടെ ഒരു സാങ്കേതികവിദ്യ മനസ്സിലാക്കി സ്വന്തമായി ഒരു ക്യാമറ നിർമ്മിച്ചു കൂടാ എന്ന പത്മനാഭൻ നായരുടെ ചോദ്യമാണ് വാഗീശ്വരി ക്യാമറയുടെ ബിജോൽപത്തിയായി മാറിയത്.
ബോംബെയിലേക്കുള്ള യാത്രയും 'വാഗീശ്വരി'യുടെ ജനനവും
കരുണാകരന് പ്രായം 15 വയസ്സാണ്. വർഷം 1940- 41 കാലഘട്ടം. സ്വന്തമായി ഒരു ക്യാമറ നിർമിക്കണമെന്ന മോഹം കരുണാകരൻ്റെ മനസ്സിൽ ഒരു സ്വപ്നം പോലെ വളർന്നു. ഇന്നത്തെപ്പോലെ യാതൊരുവിധ സാങ്കേതികവിദ്യയും ഇല്ലാത്ത ഒരു കാലമാണ് അത്. സ്വാതന്ത്ര്യം പോലും ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല. ക്യാമറകളെക്കുറിച്ച് പഠിക്കാൻ അദ്ദേഹം നേരെ മദ്രാസിലേക്കും പിന്നീട് ബോംബെയിലേക്കും വണ്ടി കയറി. ഹിന്ദി സിനിമാ പ്രൊഡക്ഷനുകൾ സജീവമായിരുന്ന ബോംബെയിൽ നിന്നാണ് ഫോട്ടോഗ്രാഫിയുടെ കൂടുതൽ സാങ്കേതിക വശങ്ങൾ മനസ്സിലാക്കാൻ സാധിക്കും എന്നായിരുന്നു അദ്ദേഹത്തിൻ്റെ ധാരണ. ഇന്ത്യയുടെ പല സ്ഥലങ്ങളിൽ നിന്നായി ഫോട്ടോഗ്രാഫിയെ കുറിച്ചും ക്യാമറകളെ കുറിച്ചും മനസ്സിലാക്കിയ കരുണാകരൻ അധികം വൈകാതെ തിരികെ ആലപ്പുഴയിലെത്തി. ഒരു ക്യാമറ നിർമിക്കാൻ വേണ്ടി വർഷങ്ങളുടെ റിസർച്ചും അന്വേഷണവും ഒന്നും കരുണാകരൻ നടത്തിയിരുന്നില്ല. മനസ്സിൽ മോഹം ഉദിച്ച് കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം സ്വന്തമായി ഒരു ക്യാമറ നിർമിക്കാൻ ആരംഭിച്ചു.
മദ്രാസിൽ നിന്ന് വാങ്ങിയ ഒരു പഴയ ക്യാമറയുടെ ഭാഗങ്ങൾ പഠിച്ച്, അതിൻ്റെ സ്പെയർപാർട്സുകൾ ഉപയോഗിച്ചാണ് അദ്ദേഹം പുതിയ ക്യാമറ വികസിപ്പിച്ചത്. ആ ക്യാമറയ്ക്ക് 'വാഗീശ്വരി' എന്ന് നാമകരണം ചെയ്തു. കേരളത്തിൻ്റെ ഫോട്ടോഗ്രാഫി ചരിത്രത്തിലെ വലിയൊരു കുതിച്ചുചാട്ടമായിരുന്നു അത്.

250 രൂപയിൽ നിന്ന് ആഗോള ബ്രാൻഡിലേക്ക്
ചരിത്രത്തിൽ കൃത്യമായ രേഖകളില്ലെങ്കിലും വാഗീശ്വരിയുടെ ആദ്യ ക്യാമറ വിറ്റുപോയത് അന്നത്തെ 250 രൂപയ്ക്കാണ്. ഇന്നത്തെ വിപണി മൂല്യം കണക്കാക്കിയാൽ ഏകദേശം 2.5 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ വരുമിത്. അത്രയും വലിയ തുക നൽകി പ്രമുഖർ ക്യാമറ വാങ്ങാൻ തുടങ്ങിയതോടെ വാഗീശ്വരി എന്ന ബ്രാൻഡിനായുള്ള അന്വേഷണം രാജ്യത്തിൻ്റെ നാനാഭാഗത്തുനിന്നും ഉണ്ടായി. ക്യാമറയ്ക്ക് ആവശ്യക്കാർ ഏറെയായതോടെ വാഗീശ്വരി എന്നൊരു ബ്രാൻഡ് അവിടെ ജനിക്കുകയായിരുന്നു.
1942 മുതൽ കരുണാകരൻ ആലപ്പുഴ മുല്ലക്കലുള്ള തൻ്റെ വീടിനോട് ചേർന്ന് ചെറിയ രീതിയിൽ ആളുകളെ ട്രെയിൻ ചെയ്ത് ക്യാമറ പ്രൊഡക്ഷൻ ആരംഭിച്ചു. 1950-60 കാലഘട്ടത്തിൽ ഒരു മാസത്തിൽ നൂറിലധികം ക്യാമറകൾ ഇവിടെനിന്നും നിർമിച്ച് വിറ്റിരുന്നു. യൂറോപ്പിലും അമേരിക്കയിലും ഈ ക്യാമറയ്ക്ക് വൻ ഡിമാൻഡായിരുന്നു. എന്നാൽ കൊമേഴ്സ്യലായി ഈ ക്യാമറയെ ബ്രാൻഡ് ചെയ്യാനോ എക്സ്പോർട്ട് ചെയ്യാനോ കരുണാകരൻ ശ്രമിച്ചില്ല. പകരം, ഇതിൻ്റെ ദൃശ്യമികവിനെക്കുറിച്ച് അറിഞ്ഞ് വിദേശത്തുനിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ആലപ്പുഴയിൽ നേരിട്ടെത്തി ക്യാമറ വാങ്ങുകയായിരുന്നു. അന്നത്തെ കാലത്ത് നിലവിൽ ഉണ്ടായിരുന്ന പല ക്യാമറകളെക്കാളും മിഴിവ് കൂടുതൽ ഉണ്ടായിരുന്നു എന്നുള്ളതാണ് വാഗീശ്വരിയെ ലോകത്തിൻ്റെ പ്രിയപ്പെട്ട ക്യാമറ ആക്കി മാറ്റിയത്.

വ്യാജന്മാരുടെ കടന്നുകയറ്റവും അസ്തമയവും
വാഗീശ്വരി ക്യാമറ വൻ വിജയമായതോടെ ഇതിൻ്റെ ഡ്യൂപ്ലിക്കേറ്റ് കോപ്പികൾ വിപണിയിൽ സജീവമായി. യഥാർഥ ക്യാമറയേക്കാൾ വില കുറവായിരുന്നതിനാലും കാഴ്‌ചയിൽ സാമ്യമുള്ളതിനാലും തിരിച്ചറിവില്ലാതെ പലരും ഈ വ്യാജ പതിപ്പുകൾ വാങ്ങി. 'മെയ്ഡ് ഇൻ ഇന്ത്യ, ആലപ്പുഴ മുല്ലക്കൽ' എന്ന എംബ്ലം ഇല്ലാത്തതൊന്നും യഥാർഥ വാഗീശ്വരിയായിരുന്നില്ല. ടെക്നോളജിയുടെ അതിപ്രസരം കടന്നു വന്നതോടെ 1980കളുടെ തുടക്കത്തിൽ കരുണാകരൻ ക്യാമറയുടെ പ്രൊഡക്ഷൻ പൂർണമായി അവസാനിപ്പിച്ചു. ഉയർന്ന ഉത്പാദനച്ചെലവ് ഒരു ബിസിനസ് എന്ന നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്തതും തിരിച്ചടിയായി. ലോകമെമ്പാടും ആയിരക്കണക്കിന് ക്യാമറകൾ വിറ്റഴിച്ചിട്ടും വലിയൊരു സാമ്പത്തിക അടിത്തറയുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.

ചരിത്രം മറന്ന മലയാളി കരസ്പർശം
കേരളത്തിൻ്റെ വ്യവസായ-ഫോട്ടോഗ്രാഫി ചരിത്രത്തിൽ കരുണാകരൻ്റെ പ്രയത്നവും വാഗീശ്വരിയുടെ മൂല്യവും അർഹിക്കുന്ന പ്രാധാന്യത്തോടെ രേഖപ്പെടുത്താതെ പോയി എന്നത് വലിയൊരു നിരാശയാണ്. 2016-ൽ കരുണാകരൻ അന്തരിച്ചപ്പോൾ പല മാധ്യമങ്ങളിലും ആ വാർത്ത ഒന്നോ രണ്ടോ കോളങ്ങളിൽ ഒതുങ്ങിപ്പോയി.

ഇന്നും കേരളത്തിന് സ്വന്തമായി ലോകം കീഴടക്കിയ ഒരു ക്യാമറ ബ്രാൻഡ് ഉണ്ടായിരുന്നു എന്ന് ഭൂരിഭാഗം മലയാളികൾക്കും അറിയില്ല. ലോക ഫോട്ടോഗ്രാഫിയെ തന്നെ സ്വാധീനിച്ച, ഒരേസമയം മലയാളിയുടെ അഭിമാനവും എന്നാൽ ഒടുവിൽ നിരാശയും സമ്മാനിക്കുന്ന അപൂർവ ചരിത്രമാണ് വാഗീശ്വരി ക്യാമറയുടേത്.

ഓർമപ്പെടുത്താൻ ആളുണ്ട്
ആർക്കും അറിയാത്ത കഥയാണ് വാഗീശ്വരി ക്യാമറയ്ക്കുള്ളത്. എന്നാൽ ആ ചരിത്രം ജനങ്ങൾക്ക് മുന്നിൽ എത്തിക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന ഒരു മനുഷ്യനുണ്ട്, സതീഷ് നായർ. ഫോട്ടോഗ്രാഫറും കലാകാരനും ഫോട്ടോഗ്രാഫി ചരിത്രാന്വേഷകനുമായ വ്യക്തിത്വം. ദീർഘകാലം മണ്ണുത്തി കാർഷിക സർവകലാശാലയിൽ ഫോട്ടോഗ്രാഫറായിരുന്ന കോട്ടയം പാലാ സ്വദേശിയായ സതീഷ് നായർ (ഇപ്പോൾ തൃശൂരിൽ സ്ഥിരതാമസം) ആകാശവാണിയിലും ദൂരദർശനിലും തൻ്റെ കലാവൈദഗ്ധ്യം തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. താൻ ആദ്യമായി ഫോട്ടോഗ്രാഫി പഠിച്ചത് വാഗീശ്വരി ക്യാമറയിലൂടെ ആയിരുന്നുവെന്ന് സതീഷ് നായർ ഇ ടി വി ഭാരതിനോട് പറഞ്ഞു. തൻ്റെ പ്രിയപ്പെട്ട വാഗീശ്വരി ക്യാമറകളുടെ അപൂർവ ശേഖരം ഇന്ന് സതീഷിൻ്റെ പക്കലുണ്ട്.

ഒരു മരണവാർത്തയിൽ തുടങ്ങിയ പ്രണയം
തൊട്ടടുത്ത ആലപ്പുഴ ജില്ലയിലാണ് തൻ്റെ പ്രിയപ്പെട്ട ക്യാമറയുടെ ചരിത്രം ഉറങ്ങുന്നതെന്ന് സതീഷ് ആദ്യകാലത്ത് അറിഞ്ഞിരുന്നില്ല. പിൽക്കാലത്ത് പത്രത്തിൽ കണ്ട നിർമാതാവ് കരുണാകരൻ്റെ മരണവാർത്തയാണ് വാഗീശ്വരിയെ തിരഞ്ഞുപിടിക്കാനും ചേർത്തുനിർത്താനും സതീഷ് നായരെ പ്രേരിപ്പിച്ചത്.
ഒരു വാണിജ്യ വെബ്‌സൈറ്റിലെ പരസ്യത്തിൽ നിന്നാണ് തൻ്റെ കളക്ഷനിലെ ആദ്യ വാഗീശ്വരി ക്യാമറ അദ്ദേഹം കണ്ടെത്തുന്നത്. ചോദിച്ചതിനെക്കാൾ ആയിരം രൂപ കൂടുതൽ നൽകി അത് സ്വന്തമാക്കി. പിന്നീട് ഇന്ത്യയുടെ പല ഭാഗങ്ങളിലേക്ക് യാത്ര ചെയ്ത് കൂടുതൽ ക്യാമറകൾ ശേഖരത്തിൽ കൂട്ടിച്ചേർത്തു. കാലപ്പഴക്കം കൊണ്ട് കേടുപാടുകൾ സംഭവിച്ച ക്യാമറകളെ സ്വന്തമായി റിപ്പയർ ചെയ്യാൻ പഠിച്ച സതീഷ് നായർ, ഇപ്പോൾ പഴയ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയൊരു വാഗീശ്വരിക്ക് ജന്മം നൽകാനുള്ള തയാറെടുപ്പിലാണ്. അദ്ദേഹത്തിൻ്റെ പക്കലുള്ള എല്ലാ വാഗീശ്വരി ക്യാമറകളും ഇന്നും പൂർണമായും പ്രവർത്തനസജ്ജമാണ്.

മനകൾ പൊളിച്ച തേക്കിൻ തടിയും വിദേശ മെഷിനറികളും
ആവശ്യക്കാർ ഏറിയപ്പോൾ മുല്ലക്കലിലെ തന്റെ ഫാക്ടറിയിൽ മുപ്പതോളം തൊഴിലാളികളെ വെച്ചാണ് കരുണാകരൻ ലാർജ് സ്കെയിൽ ക്യാമറ നിർമ്മാണം ആരംഭിച്ചത്. ക്യാമറയുടെ ബോഡി നിർമിക്കാൻ പഴയ തേക്കിൻ തടിയാണ് ഉപയോഗിച്ചിരുന്നത്. ഇതിനായി നാട്ടിലെ പഴയ മനകൾ പൊളിക്കുന്ന സമയത്ത് അവിടെനിന്നും തേക്കിൻ തടികൾ ലേലത്തിൽ പിടിക്കും. ഈ തടികൾക്ക് കേടുപാടുകൾ വരാതിരിക്കാനുള്ള പ്രക്രിയകൾക്ക് ശേഷം 8 മുതൽ 12 മില്ലിമീറ്റർ വരെ കനം കുറച്ചാണ് മുറിച്ചെടുക്കുക.
ഇത്രയും കനം കുറഞ്ഞ തടി മുറിക്കാനും പ്ലെയിൻ ചെയ്യാനുമുള്ള പ്രത്യേക ഉപകരണങ്ങൾ കരുണാകരൻ വിദേശത്തുനിന്നാണ് ഇറക്കുമതി ചെയ്തത്. ഇന്നും മുല്ലക്കലുള്ള അദ്ദേഹത്തിൻ്റെ വീട്ടിൽ ഈ മെഷിനറികളുടെ അവശിഷ്ടങ്ങൾ ചരിത്രസാക്ഷിയായി നിലകൊള്ളുന്നു.

ലേസർ കട്ടിങ്ങിനെ വെല്ലുന്ന 'ഹാൻഡ് മേഡ്' മാജിക്
ലേസർ കട്ടിങ് സംവിധാനങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് ക്യാമറയിലെ ബ്രാസ് (പിത്തള) ക്ലിപ്പുകളും അലങ്കാരപ്പണികളും പൂർണമായും കൈകൊണ്ടാണ് നിർമിച്ചിരുന്നത്. പക്ഷേ ലേസർ കട്ടിങ്ങിൻ്റെ കാര്യക്ഷമതയെ വെല്ലുന്ന തരത്തിലായിരുന്നു അന്നത്തെ സൃഷ്ടികൾ. പല വലിപ്പത്തിലുള്ള ആറ് മോഡൽ ക്യാമറകളാണ് വാഗീശ്വരി പുറത്തിറക്കിയത്. 1970-കൾക്ക് ശേഷം നിർമിച്ച മോഡലുകളിൽ ബ്രാസിന് പകരം അലൂമിനിയം നോബുകൾ ഉപയോഗിച്ചു തുടങ്ങി. എങ്കിലും തുടക്കം മുതൽ ഒടുക്കം വരെ ഒരേ സാങ്കേതികവിദ്യയിലാണ് ഇവ പ്രവർത്തിച്ചിരുന്നത്.
ക്യാമറയുടെ ഫോക്കസിങ് യൂണിറ്റ് ചലിപ്പിക്കാനുള്ള പല്ലുകൾ ഒരു യന്ത്രസഹായവുമില്ലാതെ കൈകൊണ്ട് നിർമിച്ചെടുത്ത രാജൻ എന്ന തൊഴിലാളി ഇന്നും ജീവനോടെയുണ്ട്.

വാഗീശ്വരിയുടെ സാങ്കേതിക വശങ്ങളും ഫോക്കസിങ്ങും
ക്യാമറ ലളിതമായി മടക്കി കൊണ്ടുപോകുന്ന തരത്തിലാണ് നിർമാണം. പല ആംഗിളിൽ ഫോട്ടോയെടുക്കാനായി ലെൻസിൻ്റെ ഭാഗങ്ങൾ ഉയർത്താനും താഴ്ത്താനും സാധിച്ചിരുന്നു. മാനുവൽ ഷട്ടർ സ്പീഡ് ഫോട്ടോഗ്രാഫറുടെ കൈത്തഴക്കമാണ്. ലെൻസിന് മുകളിലെ ക്യാപ് തുറന്നു പ്രകാശം കടത്തിവിടുന്നതാണ് ഫോട്ടോ ക്ലിക്ക് ചെയ്യുന്ന രീതി. ക്യാപ്പ് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ഫോട്ടോഗ്രാഫറുടെ സ്പീഡാണ് ഷട്ടറിൻ്റെ സ്വാധീനം. അപ്രചർ സംവിധാനം ലെൻസിൽ തന്നെ ഉണ്ടാകും. ഒബ്ജക്ട് കൃത്യമായി ഫോക്കസ് ചെയ്ത ശേഷമാണ് ഫിലിം ലോഡ് ചെയ്യുന്നത്. ഒരേസമയം രണ്ടു ഫിലിമുകൾ ഒരു ഫിലിം ഹോൾഡറിൽ ലോഡ് ചെയ്യാം.

പരമാവധി 30 മുതൽ 60 വരെ ഷട്ടർ സ്പീഡിൽ 1.8 മുതൽ 32 വരെയുള്ള അപ്പ്രേച്ചർ അളവിൽ വാഗീശ്വരിയിൽ ചിത്രങ്ങൾ എടുക്കാം. അന്നൊക്കെ 400 ഐഎസ്ഒ വരെയുള്ള ഫിലിമുകൾ ആണ് ലഭ്യമായിരുന്നത്. നട്ടുച്ചയ്ക്ക് ഈ ക്യാമറയിൽ ചിത്രങ്ങൾ എടുക്കുക ബുദ്ധിമുട്ടായിരുന്നു. ഫോട്ടോയിലുള്ള കൃത്യമായ ഷെയ്ഡുകൾ ലഭ്യമാകില്ല. തണലുകളിൽ ആണ് മിഴിവുള്ള ചിത്രങ്ങൾ ലഭ്യമാവുക.
4.25x6.5 ഇഞ്ച് വലിപ്പ ഉള്ള ഫിലിം മുതൽ 15x12,25x6 ഇഞ്ച് വരെയുള്ള നിരവധി വലിപ്പത്തിലുള്ള ഫിലിമുകൾ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് വാഗീശ്വരി ക്യാമറയുടെ മോഡലുകൾ കരുണാകരൻ പുറത്തിറക്കിയത്. ഏകദേശം ആറ് മോഡലുകൾ.ക ൽസിയസ് അടക്കമുള്ള വിദേശ ലെൻസുകളാണ് ക്യാമറയിൽ ഉപയോഗിച്ചിരുന്നത്.
ക്യാമറയിൽ ഉപയോഗിക്കുന്ന ഫിലിം സൈസിന് അനുസരിച്ചിട്ടാണ് ലെൻസുകൾ തെരഞ്ഞെടുക്കുക. 12x10 വലിപ്പത്തിലുള്ള ഫിലിമാണ് ഉപയോഗിക്കുന്നതെങ്കിൽ അതിൻ്റെ ഡയഗണലിന് സമാനമായ വലിപ്പത്തിലുള്ള ലെൻസ് വേണം ഉപയോഗിക്കാൻ. സാധാരണ ഒരു 35 എം എം ക്യാമറയിൽ ഫിഫ്റ്റി എം എം ലെൻസ് ഉപയോഗിക്കുന്ന കണക്കു പോലെ. അതായത് 50 എം എം ലെൻസിലൂടെ കടന്നുവരുന്ന പ്രകാശം 35 എം എം നീളത്തിലും 24 എം എം ഉയരത്തിലും ആണ് ഡയഗണലിലേക്ക് വീഴുക. അതേ കണക്ക് തന്നെയാണ് ഫിലിമിൻ്റെ വലിപ്പത്തിനനുസരിച്ച് ലെൻസുകൾ തിരഞ്ഞെടുക്കുന്ന രീതി വാഗീശ്വരിയിലും അവലംബിച്ചിരുന്നത്.

എക്സ്-റേ ഫിലിം ഉപയോഗിച്ചും ചിത്രങ്ങൾ
വാഗീശ്വരി ക്യാമറകളിൽ സാധാരണയായി ഷീറ്റ് ഫിലിമുകളാണ് ഉപയോഗിക്കുന്നത്. നിലവിൽ വിപണിയിൽ ഫിലിം ലഭ്യമാണെങ്കിലും ചെലവ് കൂടുതലാണ്. പണ്ട് 35 mm ഫിലിം റോളിന് 100 രൂപയായിരുന്നെങ്കിൽ ഇന്നതിന് 1500 രൂപയ്ക്ക് മുകളിലാണ് വില. ഈ സാഹചര്യത്തിൽ ഷീറ്റ് ഫിലിമുകളുടെ ചെലവ് അതിലും ഭീമമാണ്.
എക്സ്-റേ ഫിലിം ഉപയോഗിച്ചും വാഗീശ്വരിയിൽ ചിത്രങ്ങളെടുക്കാം. എന്നാൽ എക്സ്-റേ ഫിലിമുകൾ എല്ലാ നിറങ്ങളോടും പൂർണമായി പ്രതികരിക്കാത്തതിനാൽ ചിത്രങ്ങൾക്ക് ഡീറ്റെയ്‌ലിങ് കുറവായിരിക്കും. മാത്രമല്ല, ഇതിൽ കെമിക്കൽ വളരെ നേർത്തതായതിനാൽ വളരെ പെട്ടെന്ന് സ്ക്രാച്ചുകൾ വീഴാനും സാധ്യതയുണ്ട്.

ഓരോ ക്യാമറയും വളരെ സസൂക്ഷ്മമായാണ് കരുണാകരൻ നിർമ്മിച്ചിരുന്നത്. വളരെ ചെറിയ ഒരു സാങ്കേതിക പിശക് കണ്ടെത്തിയാൽ പോലും ആ ക്യാമറ അദ്ദേഹം വലിച്ചെറിയുമായിരുന്നു. കൂടെ നിലവാരത്തിന് അദ്ദേഹം വളരെ പ്രാധാന്യം നൽകി.
വാഗീശ്വരി കിതച്ചു തുടങ്ങി
ലോകം മുഴുവൻ പ്രശസ്തിയാർജിച്ച ഒരു ക്യാമറ ബ്രാൻഡായി മാറിയിട്ടും 'വാഗീശ്വരി'യെ വിപണിയിൽ കൃത്യമായി മാർക്കറ്റ് ചെയ്യാൻ കരുണാകരൻ ശ്രമിക്കാതിരുന്നതാണ് പിൽക്കാലത്ത് ആ പ്രസ്ഥാനത്തിന് വലിയ വെല്ലുവിളിയായത്. വാഗീശ്വരിയുടെ ജനപ്രീതി ഉയരങ്ങളിലെത്തിയ കാലഘട്ടത്തിൽ, അതിൻ്റെ നിർമാണ യൂണിറ്റുകളിൽ നിന്ന് പിരിഞ്ഞുപോയ ചില തൊഴിലാളികൾ സമാന രൂപത്തിലും സാങ്കേതികവിദ്യയിലുമുള്ള ക്യാമറകൾ സ്വന്തമായി നിർമിച്ച് വിൽക്കാൻ ആരംഭിച്ചു. ഇന്ത്യ ഒട്ടാകെ ഡ്യൂപ്ലിക്കേറ്റ് പ്രൊഡക്ഷനും ആരംഭിച്ചു. അന്നൊക്കെ ഒറിജിനൽ ഏത് ഡ്യൂപ്ലിക്കേറ്റ് എന്ന് പലപ്പോഴും ജനങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുമായിരുന്നില്ല. വിലകുറഞ്ഞ ഒരു വാഗീശ്വരി സ്വന്തമാക്കുക എന്ന ആഗ്രഹത്താൽ പലരും അത്തരം ഡ്യൂപ്ലിക്കേറ്റ് ക്യാമറകൾ വാങ്ങിക്കൂട്ടി.
ആനച്ചന്തം പോലെ വാഗീശ്വരി പ്രൗഢി
അക്കാലത്ത് ഒരു ഫോട്ടോഗ്രാഫറുടെ കൈവശം ഒരു വാഗീശ്വരി ക്യാമറയുണ്ടെങ്കിൽ അത് സ്വന്തമായി ഒരു ആനയുള്ളതിന് സമാനമായ പ്രൗഢിയായാണ് സമൂഹം കണ്ടിരുന്നത്. ജനങ്ങൾ ആ ഗർവും പ്രശസ്തിയും ആഗ്രഹിച്ചിരുന്നു. എന്നാൽ സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടവും പുതിയ തലമുറ ക്യാമറകളുടെ കടന്നുവരവും ഒരേസമയം രണ്ട് ചിത്രങ്ങൾ മാത്രം എടുക്കാവുന്ന വാഗീശ്വരിയെ പതുക്കെ മരണശയ്യയിലേക്ക് നയിച്ചു.
വലിപ്പവും ഭാരവുമായിരുന്നു ഈ ക്ലാസിക് ക്യാമറ നേരിട്ട ഏറ്റവും വലിയ പ്രായോഗിക ബുദ്ധിമുട്ട്. വാഗീശ്വരിയുടെ ഏറ്റവും ചെറിയ ക്യാമറയ്ക്ക് പോലും രണ്ട് കിലോയിലധികം ഭാരമുണ്ടായിരുന്നു. വലിയ മോഡലുകളാകട്ടെ ട്രൈപോഡ് അടക്കം 15 കിലോയോളം ഭാരം തൂങ്ങുന്നവയായിരുന്നു. ഒരു കൈപ്പിടിയിൽ ഒതുങ്ങാവുന്നക്യാമറകൾ വിപണി കീഴടക്കിയതോടെ, വാഗീശ്വരി ഒരു ഭാരമായി.
മറവിയുടെ സ്മശാനത്തിൽ ചിതകൊളുത്താതെ സതീഷ് നായർ
സാങ്കേതിക മാറ്റങ്ങൾ വാഗീശ്വരിയെ വിപണിയിൽ നിന്ന് പുറത്താക്കിയെങ്കിലും, ഈ ചരിത്ര വിസ്മയത്തെ അനാഥമായി മരണശയ്യയിലേക്ക് തള്ളിവിടാൻ സതീഷ് നായരെപ്പോലെയുള്ള ഫോട്ടോഗ്രാഫി സഹൃദയർക്ക് സാധിക്കുമായിരുന്നില്ല. വാഗീശ്വരി ക്യാമറയെ പുതിയ കാലത്തിൻ്റെ കാഴ്ചകളിലേക്ക് തിരികെ കൊണ്ടുവരാനുള്ള വലിയൊരു ദൗത്യത്തിലാണ് സതീഷ് ഇപ്പോൾ.

വാഗീശ്വരി ക്യാമറകൾ മാത്രം ഉപയോഗിച്ച് പുതിയ കാലത്തെ വിവിധ നാടുകളുടെയും അവിടുത്തെ തനത് സംസ്കാരങ്ങളുടെയും ചിത്രങ്ങൾ പകർത്തി ഒരു എക്സിബിഷൻ സംഘടിപ്പിക്കണമെന്നതാണ് സതീഷ് നായരുടെ ആഗ്രഹം. അതോടൊപ്പം തന്നെ സ്വന്തമായി ഒരു വാഗീശ്വരി ക്യാമറ നിർമിക്കാനുള്ള പണിപ്പുരയിലാണ് അദ്ദേഹം.
ആയിരം പൂർണചന്ദ്രന്മാരെ കണ്ട മലയാളി പെരുമ
ആദ്യ ക്യാമറയുടെ നിർമാണം കഴിഞ്ഞ് 85 വർഷങ്ങൾ പിന്നിടുമ്പോഴും വാഗീശ്വരി എന്നത് ആയിരം പൂർണചന്ദ്രന്മാരെ കണ്ട ഒരു കാലഘട്ടത്തിൻ്റെ സാങ്കേതിക വിസ്മയമാണ്. ഇന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിൻ്റെയും ഫോട്ടോഗ്രാഫി പൈതൃകത്തിൻ്റെ ഏറ്റവും വലിയ അഭിമാന സ്തംഭം.
ഡിജിറ്റൽ യുഗത്തിന്റെ അതിപ്രസരത്തിലും, മറവിയുടെ ശ്മശാനങ്ങളിൽ വാഗീശ്വരിക്ക് ചിതയൊരുങ്ങാൻ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് സതീഷ് നായരെപ്പോലെയുള്ള ചരിത്രാന്വേഷികൾ. വരുംതലമുറയ്ക്കായി ഈ മലയാളി പെരുമ കാത്തുസൂക്ഷിക്കേണ്ടത് കലയെയും ചരിത്രത്തെയും സ്നേഹിക്കുന്ന ഏവരുടെയും കടമയാണ്.

