ETV Bharat / entertainment

കാല്‍ നൂറ്റാണ്ട് പിന്നിട്ട് 'വഴിമാറടാ മുണ്ടക്കൽ ശേഖരാ'; മലയാളം കീഴടക്കിയ രാവണപ്രഭു

പത്തു കോടി രൂപയ്ക്ക് വലിയ സാമ്പത്തിക മൂല്യമുണ്ടായിരുന്ന കാലത്ത് 12 കോടിയിലധികം കളക്ഷൻ നേടിയാണ് ചിത്രം ബോക്സ് ഓഫീസ് കീഴടക്കിയത്

25 Years Of Ravanaprabhu Movie
രാവണപ്രഭുവില്‍ മോഹന്‍ലാല്‍ (Special Arrangement)
author img

By ETV Bharat Entertainment Team

Published : August 31, 2026 at 5:43 PM IST

3 Min Read
Choose ETV Bharat

​മലയാള സിനിമാചരിത്രത്തിൽ മായാത്ത പ്രതിഷ്ഠ നേടിയ മോഹൻലാൽ- രഞ്ജിത്ത് കൂട്ടുകെട്ടിൻ്റെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റ് ചിത്രമായ 'രാവണപ്രഭു' തിയേറ്ററുകളിൽ എത്തിയിട്ട് 25 വർഷം പൂർത്തിയാകുന്നു. 2001 ഓഗസ്റ്റ് 31-ന് ഓണം റിലീസായി എത്തിയ ഈ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നായാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഐ വി ശശി സംവിധാനം ചെയ്ത വിഖ്യാത ചിത്രം 'ദേവാസുര'ത്തിൻ്റെ തുടർച്ചയായി എത്തിയ രാവണപ്രഭു, മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഒരു ദൃശ്യവിരുന്നാണ്.

​അന്ന് പത്തു കോടി രൂപയ്ക്ക് വലിയ സാമ്പത്തിക മൂല്യമുണ്ടായിരുന്ന കാലത്ത് 12 കോടിയിലധികം കളക്ഷൻ നേടിയാണ് ചിത്രം ബോക്സ് ഓഫീസ് കീഴടക്കിയത്. മോഹൻലാലിൻ്റെ കോട്ടയായ തിരുവനന്തപുരത്തുനിന്ന് മാത്രം 83 ലക്ഷം രൂപ വാരിക്കൂട്ടി. മംഗലശ്ശേരി നീലകണ്ഠനും മകൻ കാർത്തികേയനുമായി മോഹൻലാൽ ഇരട്ടവേഷത്തിൽ എത്തിയപ്പോൾ തിയേറ്ററുകൾ പൂരപ്പറമ്പായി മാറി. മോഹൻലാലിൻ്റെ അസാമാന്യ സ്വാഗും പൊടിപാറുന്ന ആക്ഷൻ രംഗങ്ങളും ചിത്രത്തിൻ്റെ മാറ്റ് കൂട്ടി.


അരങ്ങേറ്റ ചിത്രത്തിലൂടെ ചരിത്രമെഴുതിയ രഞ്ജിത്ത്


രഞ്ജിത്ത് എന്ന തിരക്കഥാകൃത്തിൻ്റെ തൂലികയുടെ പവർ വെളിവായ ചിത്രം. കന്നി സംവിധാന സംരംഭം തന്നെ ഇൻഡസ്ട്രിയൽ ഹിറ്റ്. മംഗലശ്ശേരി നീലകണ്ഠൻ്റെ പ്രതാപവും മകൻ കാർത്തികേയൻ്റെ ചെറുപ്പത്തിൻ്റെ ചുറുചുറുക്കും ഒരുപോലെ കോർത്തിണക്കിയ തിരക്കഥ മലയാള സിനിമയുടെ സുവർണാവസരങ്ങളിലൊന്നാണ്. പതിവ് നായിക സങ്കല്പങ്ങളിൽ നിന്ന് വിട്ടു മാറി ഗായികയും അഭിനേത്രിയുമായ വസുന്ധര ദാസ് അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രത്തിന് ആരാധകരേറി. ചിത്രത്തിലെ "വഴിമാറടാ മുണ്ടക്കൽ ശേഖരാ" എന്ന ഡയലോഗ് ഇന്നും മലയാളികളുടെ നിത്യജീവിതത്തിലെ ഭാഷയുടെ ഭാഗമാണ്. ഒന്നാം ഭാഗത്തിൻ്റെ നീതിപുലർത്തൽ ആയിരുന്നു മുണ്ടക്കൽ ശേഖരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നെപ്പോളിയൻ്റെ കാസ്റ്റിംഗും. "നടേശാ കൊല്ലണ്ട..." എന്ന വിജയരാഘവൻ കഥാപാത്രത്തിൻ്റെ ഡയലോഗ് ആഘോഷിക്കപ്പെട്ടു. ബാബുരാജുമായുള്ള സംഘട്ടന രംഗങ്ങൾ പിന്നീട് പല സിനിമകളിലും റഫറൻസായി ഉപയോഗിക്കപ്പെട്ടു. എല്ലാത്തിനുമുപരി, മോഹൻലാലിൻ്റെ നാവിൽ പിറന്ന "സവാരിഗിരിഗിരി" എന്ന പദം ഇന്നും സിനിമാപ്രേമികളുടെ ചുണ്ടുകളിലുണ്ട്.

25 Years Of Ravanaprabhu Movie
രാവണപ്രഭു പൂജാ ചടങ്ങ് (Special Arrangement)

​തലമുറകൾ കടന്ന് ആവർത്തിക്കപ്പെടുന്ന സംഗീതവിസ്മയം

​ചിത്രത്തിൻ്റെ വിജയത്തിൽ സുരേഷ് പീറ്റേഴ്സ് ഒരുക്കിയ ഗാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. 90കളിലും രണ്ടായിരത്തിലുമൊക്കെ മലയാള സിനിമയുടെ സംഗീത സംവിധാന നിർവഹണത്തിന് വളരെ കുറച്ച് സമയം മാത്രമാണ് ലഭിക്കുക. ഇരുപതും മുപ്പതും ദിവസം കൊണ്ട് ആകും ഒരു സിനിമ ഷൂട്ട് ചെയ്യുന്നത്. അപ്പോൾ പിന്നെ സംഗീതസംവിധാനത്തിന് ഒരു മാസം ഒന്നും സമയം ചോദിക്കാൻ സാധിക്കില്ലല്ലോ. പക്ഷേ അതിന് വിപരീതമായി സംഗീതസംവിധാനത്തിന് ധാരാളം അനുവദിച്ചു കിട്ടിയ ചലച്ചിത്രമായിരുന്നു രാവണപ്രഭു എന്ന് സുരേഷ് പീറ്റേഴ്സ് മുമ്പ് ഇ ടിവി ഭാരതിനോട് പറഞ്ഞിരുന്നു. രാവണപ്രഭു എന്ന സിനിമയും അതിൻ്റെ സംഗീതവും ജനങ്ങളിലേക്ക് ആഴത്തിൽ പതിഞ്ഞിട്ടുണ്ടെങ്കിൽ അതിനൊറ്റ കാരണം മോഹൻലാൽ മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. സ്വയം മറന്ന് പരിസരം മറന്ന് വർക്ക് ചെയ്യുക എന്നൊക്കെ പറയാറുണ്ടല്ലോ അക്ഷരാർഥത്തിൽ രാവണപ്രഭു എന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചത് അപ്രകാരമാണ്- സുരേഷ് പീറ്റേഴ്സ് വെളിപ്പെടുത്തി.

ഫ്യൂഷൻ മാതൃകയിലൊരുക്കിയ 'അറിയാതെ', റെട്രോ സ്റ്റൈലിൽ തീർത്ത 'ആകാശദീപങ്ങളെ', ഒപ്പം 'പൊട്ടുകുത്തടി', 'തകില് പുകില്' തുടങ്ങിയ പരീക്ഷണാത്മക ഗാനങ്ങളും ഇന്നും പുതിയ തലമുറയുടെയും ഹിറ്റ് ലിസ്റ്റുകളിൽ മുൻപന്തിയിലുണ്ട്. തെന്നിന്ത്യയിലെ മികച്ച സംഗീതജ്ഞരുടെ പങ്കാളിത്തവും ഈ പാട്ടുകളുടെ ആയുസ്സ് നീട്ടി നൽകി.

​80-കളുടെ മധ്യത്തിലും 90-കളിലും ജനിച്ച പ്രായഭേദമന്യേയുള്ള സിനിമപ്രേമികൾക്ക് ഓണം എന്നാൽ രാവണപ്രഭുവാണ്. ഡിജിറ്റൽ സാറ്റലൈറ്റ് റിലീസിനു ശേഷം ഏറ്റവും കൂടുതൽ റിപ്പീറ്റ് വ്യൂവർ ഷിപ്പ് കിട്ടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു രാവണപ്രഭു. കഴിഞ്ഞ വർഷം ഈ ചിത്രം വീണ്ടും തിയേറ്ററുകളിൽ റീ-റിലീസ് ചെയ്തപ്പോൾ മുഖ്യധാര സിനിമകളുടെ റിലീസ് തീയതികൾ പോലും മാറ്റിവെക്കേണ്ടി വന്നത് ചിത്രത്തിൻ്റെ കാലാതിവർത്തിയായ ജനപ്രീതിയുടെ തെളിവാണ്. "എന്തോ എന്നെ ഇഷ്ടമാണ് എല്ലാവർക്കും..." എന്ന ചിത്രത്തിലെ ഡയലോഗ് പോലെ, കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും രാവണപ്രഭുവും മംഗലശ്ശേരി കുടുംബവും മലയാളി മനസ്സുകളിൽ അതേ സ്നേഹത്തോടെയും ആവേശത്തോടെയും ഇന്നും ജീവിക്കുന്നു.

എങ്കിൽപോലും 24 വർഷങ്ങൾക്കു ശേഷം റീ റീലീസിന് എത്തിയ ചിത്രത്തിന് ലഭിച്ചത് അസാമാന്യ വരവേൽപ്പ്. കഴിഞ്ഞവർഷം രാവണപ്രഭു വീണ്ടും തിയേറ്ററുകളിൽ എത്തിയപ്പോൾ മുഖ്യധാര സിനിമകളുടെ റിലീസ് പോലും മാറ്റിവച്ച ചരിത്രമുണ്ടായി. അക്ഷരാർത്ഥത്തിൽ തീയേറ്ററുകൾ പൂരപ്പറമ്പായി. 25 വർഷങ്ങൾക്കിപ്പുറവും ഒരു സിനിമയുടെ പുതുമ നഷ്ടപ്പെടാതെ നിലനിൽക്കുക എന്നത് അപൂർവമായ കാര്യമാണ്.

Also Read: ബെത്ലഹേം കുടുംബയൂണിറ്റ് 'തൂക്കി'യ ഹരി; ക്ലൈമാക്സിലെ ബാധ കൂടിയ പ്രകടനത്തിന് പിന്നിലെ കഥ പറഞ്ഞ് ശ്യാം മോഹൻ