ETV Bharat / education-and-career
കേന്ദ്ര സര്‍ക്കാര്‍ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയാണോ? വൻ മാറ്റം വരുന്നു, തിരിച്ചറിയാൻ ഇനി എഐ കണ്ണുകള്‍
എഐ ഫേഷ്യൽ ഒതൻ്റിക്കേഷൻ സാങ്കേതികവിദ്യയുടെ പരീക്ഷണം വിജയകരമായതിനെ തുടർന്നാണ് പുതിയ നടപടി.

Published : January 10, 2026 at 8:47 PM IST
ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) പരീക്ഷകൾക്ക് എത്തുന്ന ഉദ്യോഗാർഥികൾക്ക് സുപ്രധാന അറിയിപ്പ്. ഉദ്യോഗാര്‍ഥിയെ തിരിച്ചറിയാനായി കാലത്തിനൊത്ത മാറ്റം നടപ്പിലാക്കുകയാണ് അധികൃതര്‍.
പരീക്ഷാ ഹാളില്‍ എത്തുന്നവരുടെ മുഖം തിരിച്ചറിയുന്നതിന് ഇനി മുതൽ തത്സമയ പരിശോധന നടപ്പിലാക്കും. കമ്മിഷൻ നടത്തിയ പരീക്ഷയിൽ എഐ ഫേഷ്യൽ ഒതൻ്റിക്കേഷൻ സാങ്കേതികവിദ്യ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണ് പുതിയ നടപടി.
2025 ലെ നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി (എൻഡിഎ & എൻഎ) II പരീക്ഷയിലും കമ്പൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്) II പരീക്ഷയിലും ഇതിൻ്റെ പരീക്ഷണം നടത്തിയിരുന്നു. എട്ട് മുതൽ പത്ത് സെക്കൻഡുകൾക്കുള്ളിൽ ഉദ്യോഗാർഥികളുടെ മുഖം കൃത്യമായി പരിശോധിക്കാൻ സാധിക്കും. പരീക്ഷകളിലെ വർധിച്ചുവരുന്ന ആൾമാറാട്ടത്തിന് പിന്നാലെയാണ് യുപിഎസ്‌സി കര്‍ശന നടപടി സ്വീകരിച്ചത്.
പരീക്ഷയുടെ ഉയർന്ന നിലവാരത്തിനായി അത്യാധുനിക സാങ്കേതികവിദ്യ സ്വീകരിക്കാൻ കമ്മിഷൻ പ്രതിജ്ഞാബദ്ധരാണെന്നും എഐ അധിഷ്‌ഠിത മുഖം തിരിച്ചറിയാൻ സാധിക്കുന്ന ഈ പരീക്ഷണം മികച്ചതും സുരക്ഷിതവുമായ ഒരു പരീക്ഷാ നടത്തിപ്പിലേക്കുള്ള തങ്ങളുടെ ഒരു സുപ്രധാന ചുവടുവെപ്പാണെന്നും യുപിഎസ്‌സി ചെയർമാൻ ഡോ.അജയ് കുമാർ പറഞ്ഞു.
UPSC successfully conducted trial face-authentication at select centres in Gurgaon.
— Ajay Kumar (@drajaykumar_ias) September 14, 2025
The process was smooth and seamless — a step towards smarter, secure, and efficient exams.
👏 Kudos to Team UPSC and NeGD for making it happen!#UPSC #DigitalIndia #Innovation #GovTech pic.twitter.com/FiubhSLC7A
"ഗുഡ്‌ഗാവിലെ ചില പരീക്ഷാ കേന്ദ്രങ്ങളിൽ ഫെയ്‌സ് ഓതൻ്റിക്കേഷൻ വിജയകരമായി നടത്തി. ആ പ്രക്രിയ സുഗമമായും തടസമില്ലാതെയും നടത്താൻ കഴിഞ്ഞു", എന്ന് അജയ് കുമാർ തൻ്റെ എക്‌സിൽ കുറിച്ചു. കൂടാതെ പദ്ധതി നടപ്പിലാക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന യുപിഎസ്‌സി അധികൃതരുടെ പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാജ്യത്തുടനീളമുള്ള പല പരീക്ഷാ കേന്ദ്രങ്ങളിലും ആൾമാറാട്ടം, നടപടി ക്രമങ്ങളിലെ പിഴവുകൾ എന്നിവയുമായി ബന്ധപ്പെട്ട് പല പരാതികളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഫേസ് ഓതൻ്റിക്കേഷൻ നിർബന്ധമാക്കാനുള്ള ഈ തീരുമാനം യുപിഎസ്‌സി കൊണ്ടുവരുന്നത്.
യുപിഎസ്‌സി എല്ലാ വർഷവും നിരവധി പരീക്ഷകളും അഭിമുഖങ്ങളും നടത്തുന്നുണ്ട്. രാജ്യവ്യാപകമായി 180 കേന്ദ്രങ്ങളിലായി 3,000 ഘട്ടങ്ങളായാണ് പരീക്ഷ നടത്തുന്നത്. ഇതിൽ ഏകദേശം 12 ലക്ഷത്തോളം ഉദ്യോഗാർഥികൾ പരീക്ഷ എഴുതുന്നുണ്ട്.
2025 ജൂലൈയിൽ തന്നെ ബയോമെട്രിക് സാങ്കേതികവിദ്യ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും യുപിഎസ്‌സി സഹായം തേടിയിട്ടുണ്ട്. എല്ലാ യുപിഎസ്‌സി പരീക്ഷകളിലും ആധാർ അടിസ്ഥാനമാക്കിയുള്ള ഫിംഗർപ്രിൻ്റ് ഓതൻ്റിക്കേഷനും മുഖം തിരിച്ചറിയൽ പ്രക്രിയയും നടക്കും.
അതേസമയം നാഷണൽ ടെസ്‌റ്റിങ് ഏജൻസിയും ഇനി മുതൽ ദേശീയതലത്തിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് എഎ അധിഷ്‌ഠിത മുഖം തിരിച്ചറിയുന്ന പരിശോധന നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്നു.
ജോയിൻ്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ മെയിൻ), നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്‌റ്റ് അണ്ടർഗ്രോജ്വേറ്റ് (നീറ്റ് യുജി) എന്നിവയിൽ പുതിയ സംവിധാനം നടപ്പിലാക്കും. 2026 ജനുവരിയിൽ നടക്കുന്ന ജെഇഇ മെയിൻസ് പരീക്ഷ മുതൽ ഇത് ആരംഭിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: പരീക്ഷാ സമ്മര്‍ദ്ദമകറ്റാന്‍ സൗജന്യ ടെലി കൗണ്‍സിലിങ് സേവനവുമായി സിബിഎസ്‌ഇ

