ETV Bharat / education-and-career
കണക്ക് കുഴപ്പിക്കില്ല, പത്താംക്ലാസ് കണക്ക് പരീക്ഷയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
എല്ലാ പാഠഭാഗങ്ങളും ആവര്‍ത്തിച്ചുറപ്പിച്ച് പരീക്ഷാഹാളിലേക്ക് പോകുകയെന്നാണ് അധ്യാപകര്‍ നല്‍കുന്ന നിര്‍ദ്ദേശം.

Published : March 6, 2026 at 2:13 PM IST
|Updated : March 6, 2026 at 3:02 PM IST
സാധാരണ കുട്ടികളുടെ പേടി സ്വപ്‌നമാണ് കണക്ക്. എന്നാല്‍ കണക്കിനെ അത്രയൊന്നും ഭയക്കേണ്ടതില്ലെന്നാണ് അധ്യാപകരുടെ അഭിപ്രായം. കണക്കിനെ അറിഞ്ഞ് പഠിച്ചാല്‍ ഈ വിഷയം ബാലികേറാമലയല്ല.
പത്താം ക്ലാസിലെ ഗണിതപാഠങ്ങളെ അടിസ്ഥാനമാക്കി പൊതുപരീക്ഷ എഴുതുന്ന കുട്ടികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്. മറ്റു ക്ലാസുകളിലെ ഗണിത പരീക്ഷകൾക്കും ഇക്കാര്യങ്ങൾ പ്രസക്തമാണ്.
ആത്മവിശ്വാസത്തോടെ ഏറ്റെടുത്തു ചെയ്യാൻ പറ്റുന്ന ചോദ്യങ്ങൾ തന്നെയായിരിക്കും വരും കാലങ്ങളിൽ പരീക്ഷകളിൽ ചോദിക്കുന്നത്. പരീക്ഷ നന്നായി എഴുതി ഉയർന്ന ഗ്രേഡ് നേടുന്നതിന് ഏറ്റവും പ്രധാനപ്പെട്ടത് ആശയരൂപീകരണമാണ്. ക്ലാസ് മുറികളിൽ നടക്കുന്ന ചർച്ചകളുടെയും ചിന്തകളുടെയും ഫലമായി നേടിയെടുക്കുന്ന ആശയങ്ങൾ വളരെ ലളിതമായ സാഹചര്യങ്ങളിൽ പ്രയോഗിക്കുന്നതായിരിക്കും പരീക്ഷ. സൂത്രവാക്യങ്ങൾ കാണാതെ പഠിക്കുകയും അതുപയോഗിച്ച് കണക്കുകൾ ചെയ്യുകയും ചെയ്യുന്ന കാലമല്ല ഇത്. ഇത്തരം ചോദ്യങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. ഗണിതാശയങ്ങൾ നേരിട്ട് ഉപയോഗിക്കുന്നതിനും യുക്തിഭദ്രമായി പ്രയോഗിക്കുന്നതിനും പറ്റിയ ചോദ്യങ്ങൾ ഉണ്ടായിരിക്കും. ചോദ്യങ്ങളിൽ പൊതുവായ വിവരങ്ങളും അതിനെ അടിസ്ഥാനമാക്കി ചെയ്യേണ്ട ഉപചോദ്യങ്ങളും ഉണ്ടാകും.
നോക്കാം കണക്ക് പരീക്ഷയെ എങ്ങനെ സമീപിക്കണമെന്ന്. എല്ലാ അധ്യായങ്ങളും ആവര്‍ത്തിച്ച് പഠിക്കുക. ആശയങ്ങള്‍ നന്നായി മനസിലാക്കുക. ഫോര്‍മുലകളും തിയറികളും നോട്ട് ചെയ്‌ത് വയ്ക്കണമെന്നും കൊല്ലം തേവലക്കര ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപിക ശ്രീരേഖ നിര്‍ദ്ദേശിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുന്‍കാല ചോദ്യപേപ്പറുകള്‍ ചെയ്‌ത് പഠിക്കുന്നത് പരീക്ഷയ്ക്ക് ഏറെ സഹായകമാകുമെന്നാണ് ശ്രീരേഖ ടീച്ചറിന്‍റെ അഭിപ്രായം. കഴിയുന്നത്ര ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തണം. ഇത് പരീക്ഷയുടെ ശൈലി മനസിലാക്കാന്‍ സഹായിക്കും. ഒപ്പം സമയബദ്ധിതമായി കണക്കുകള്‍ ചെയ്‌ത് ശീലിക്കണം. വൃത്തങ്ങള്‍, തൊടുവരകള്‍ എന്നീ അധ്യായങ്ങളിലെ നിര്‍മ്മിതികള്‍ നന്നായി വരച്ച് പഠിക്കണം.
ആത്മവിശ്വാസത്തോടെ കുട്ടികള്‍ പരീക്ഷയെ സമീപിക്കുക എന്നതാണ് പരമപ്രധാനം. കൂള്‍ ഓഫ് ടൈമില്‍ ഓരോ ചോദ്യങ്ങളും കൃത്യമായി വായിച്ച് മനസിലാക്കണം. കൂള്‍ ഓഫ് ടൈം അവസാനിച്ച ശേഷം ബെല്‍ അടിക്കുമ്പോള്‍ കൃത്യമായി നമ്പര്‍ ഇട്ട് തന്നെ ഉത്തരങ്ങള്‍ എഴുതണം. ഒരു ചോദ്യത്തിനും അനാവശ്യമായി സമയം ചെലവിടാതെ ഇരിക്കുക. നന്നായി അറിയാവുന്ന ചോദ്യത്തിന് ആദ്യം ഉത്തരമെഴുതണമെന്നും ശ്രീരേഖ പറയുന്നു.
അല്‍പ്പം മനസിരുത്തിയാല്‍ വരുതിയിലാക്കാന്‍ പറ്റുന്ന വിഷയം തന്നെയാണ് കണക്കെന്നും ശ്രീരേഖ പറയുന്നു. അത്രയൊന്നും സമ്മര്‍ദ്ദം കണക്കിന് കൊടുക്കേണ്ടതില്ല.
പാഠഭാഗങ്ങള്‍ പഠിച്ചുറപ്പിക്കുന്നത് പോലെ തന്നെ പരമപ്രധാനമാണ് ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതുക എന്നതും. അത് കൊണ്ട് തന്നെ കൂള്‍ ഓഫ് ടൈമിന് ഏറെ പ്രാധാന്യമുണ്ട്. സംഘര്‍ഷങ്ങളെല്ലാം അകറ്റി പരീക്ഷയെ സഹായിക്കാന്‍ ഈ സമയം ഫലപ്രദമായി ഉപയോഗിക്കുക. കൂള്‍ ഓഫ് ടൈമില്‍ ഉത്തരമെഴുതാന്‍ ശ്രമിക്കരുത്.

