ETV Bharat / education-and-career
മലയാളം സിമ്പിളാണ്.... SSLC ആദ്യ പരീക്ഷയില്‍ തന്നെ A+ നേടാം, അധ്യാപികയുടെ ടിപ്‌സുകള്‍ ഇതാ...
പത്താംക്ലാസ് പരീക്ഷയുടെ ആദ്യ ദിവസം ഒന്നാം ഭാഷയാണ്. മലയാളം, സംസ്‌കൃതം, അറബിക്, ഉര്‍ദു, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളാണ് കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രധാനമായും മാതൃഭാഷകളായി പഠിപ്പിക്കുന്നത്.

Published : February 27, 2026 at 10:47 AM IST
|Updated : March 4, 2026 at 8:56 PM IST
പത്താംക്ലാസ് പരീക്ഷയുടെ ആദ്യ ദിവസം മാതൃഭാഷയാണ്. മലയാളം, സംസ്‌കൃതം, അറബിക്, ഉര്‍ദു, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പ്രധാനമായും ഒന്നാം ഭാഷകളായി പഠിപ്പിക്കുന്നത്.
കുട്ടികള്‍ നേരത്തെ തന്നെ പരീക്ഷാഹാളിലേക്ക് എത്തുകയും കൂള്‍ ഓഫ് ടൈം വേണ്ട വിധം ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് കൊല്ലം തേവലക്കര ഹൈസ്‌കൂള്‍ സംസ്‌കൃതം അധ്യാപിക രാജലക്ഷ്‌മിക്ക് പറയാനുള്ളത്. ഇക്കുറി പാഠപുസ്‌തകങ്ങള്‍ മാറിയതിന്‍റെ ഒരു ആശങ്കയും ഈ അധ്യാപിക പങ്കിടുന്നുണ്ട്. പുതിയ പുസ്‌തകവും പരീക്ഷാ ശൈലിയും ഒക്കെ നല്ലത് തന്നെയാണെന്ന് അഭിപ്രായപ്പെടുന്ന രാജലക്ഷ്‌മി പക്ഷേ ഇത് കതിരില്‍ വളം വച്ചത് പോലെയാണെന്നും ചൂണ്ടിക്കാട്ടുന്നു. താഴെ ക്ലാസ് മുതല്‍ തന്നെ ഇത്തരത്തിലുള്ള പാഠ്യപദ്ധതി സ്വീകരിച്ച് വരേണ്ടതുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.
എങ്കിലും കുട്ടികള്‍ ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കണമെന്ന് രാജലക്ഷ്‌മി നിര്‍ദ്ദേശിക്കുന്നു. കൂള്‍ ഓഫ് ടൈമില്‍ യാതൊരു കാരണവശാലും ഉത്തരമെഴുതാന്‍ ശ്രമിക്കരുത്. കൂള്‍ ഓഫ് ടൈം അവസാനിച്ച ശേഷം ബെല്‍ അടിക്കുമ്പോള്‍ ചോദ്യപേപ്പര്‍ മനസിരുത്തി വായിച്ച് ഉത്തരം എഴുതാന്‍ ആരംഭിക്കുക എന്നതാണ് രാജലക്ഷ്‌മി ടീച്ചര്‍ നല്‍കുന്ന നിര്‍ദ്ദേശം.
ഉത്തരത്തിന് ചോദ്യനമ്പറിടാതെ എഴുതുന്ന പ്രവണത കുട്ടികളില്‍ ധാരാളമായി കണ്ടു വരുന്നുണ്ട്. ഇത് തികച്ചും ഉപേക്ഷിക്കേണ്ടതുണ്ട്. കൃത്യമായി നമ്പര്‍ ഇട്ട് തന്നെ ഉത്തരം എഴുതണമെന്നും രാജലക്ഷ്‌മി പറയുന്നു.
പുസ്‌തകം നന്നായി വായിച്ച് മനസിലാക്കി കൊണ്ടുപോയാല്‍ മാത്രമേ പുതിയ രീതിയിലുള്ള പരീക്ഷയ്ക്ക് ഉത്തരമെഴുതാന്‍ സാധിക്കൂ എന്നാണ് രാജലക്ഷ്‌മി ടീച്ചറിന്‍റെ അഭിപ്രായം അത് കൊണ്ട് തന്നെ പുസ്‌തകം നന്നായി വായിക്കുക.
മലയാളം അടിസ്ഥാന പാഠാവലയില്‍ മൂന്ന് യൂണിറ്റുകളിലായി ഒന്‍പത് പാഠങ്ങളാണുള്ളത്. മാതൃഭാഷയില്‍ കുട്ടികള്‍ക്കുള്ള മിടുക്കാണ് മലയാളം പരീക്ഷയില്‍ ഉത്തരക്കടലാസില്‍ മാര്‍ക്കിടുന്നവര്‍ പരിശോധിക്കുക. വ്യാഖ്യാനിക്കുക, വിശകലനം ചെയ്യുക, താരതമ്യം ചെയ്യുക സമര്‍ത്ഥിക്കുക തുടങ്ങി ഓരോ ചോദ്യവും ആവശ്യപ്പെടുന്ന ഉത്തരം തന്നെ എഴുതണം. ഒറ്റവാക്കിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ പാഠഭാഗം നന്നായി വായിച്ച് പഠിക്കുക തന്നെ വേണം. ഓരോ ചോദ്യവും വായിച്ച്, ഉള്‍ക്കൊണ്ട്, യുക്തിയോടെ ചിന്തിച്ച് ഉത്തരമെഴുതിയാല്‍ മലയാളത്തിന് മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കാം.
പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങള്‍
വ്യാകരണത്തില്‍ നിന്ന് നല്ലൊരു വിഭാഗം ചോദ്യങ്ങളുണ്ടാകാം. ആനുകാലിക വിഷയങ്ങളെ അധികരിച്ച് ഒരു ഉപന്യാസം തയാറാക്കാനുള്ള ചോദ്യവും വരാം. മൂന്നിലൊന്നായി സംഗ്രഹിക്കാനും ആസ്വാദനം തയാറാക്കാനുമുള്ള ചോദ്യങ്ങളും ഉണ്ടാകും.
സംസ്‌കൃതം പരീക്ഷയെ സംബന്ധിച്ച് മൂന്ന് അധ്യായങ്ങളുള്‍പ്പെടുന്ന ആദ്യ യൂണിറ്റില്‍ നിന്ന് കേവലം ഇരുപത് ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ മാത്രമാണ് മാതൃകാ പരീക്ഷയ്ക്ക് വന്നിരുന്നത്. അത് പോലെ തന്നെയാണ് അവസാന യൂണിറ്റിന്‍റെയും സ്ഥിതി. ബാക്കിയുള്ള അറുപത് ശതമാനം മാര്‍ക്കിന്‍റെ ചോദ്യങ്ങളും മധ്യഭാഗത്ത് നിന്നാണ്. ഇതേ രീതി തന്നെയാകും പൊതുപരീക്ഷയ്ക്കും. അത് കൊണ്ട് തന്നെ കുട്ടികള്‍ തയാറെടുക്കുമ്പോള്‍ ഈ രീതി പിന്തുടരുന്നത് സഹായകമാകും എന്നാണ് രാജലക്ഷ്‌മിയുടെ അഭിപ്രായം.
അറബിയില്‍ വ്യാകരണത്തിന് ഇപ്പോഴത്തെ പാഠ്യപദ്ധതിയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് തേവലക്കര ഗേള്‍സ് ഹൈസ്‌കൂള്‍ അറബിക് അധ്യാപിക ഷിഹാന ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ വ്യാകരണ ഭാഗങ്ങള്‍ കുട്ടികള്‍ നന്നായി പഠിച്ച് ഉറപ്പിക്കണമെന്നും ഷിഹാന പറയുന്നു. ഇതിന് പുറമെ കല്‍പ്പന ചൗളയെക്കുറിച്ചുള്ള പാഠഭാഗത്ത് നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകാം. അഴിമതി വിരുദ്ധതയെക്കുറിച്ചുള്ള കഥയെ ആസ്‌പദമാക്കി അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങള്‍ തയാറാക്കാന്‍ ആവശ്യപ്പെട്ടേക്കാം. മൊഴിമാറ്റ ചോദ്യങ്ങളും പ്രതീക്ഷിക്കാം. ചില കളിക്കാരെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ പഠിക്കാനുണ്ടായതിനാല്‍ അതിനെ അടിസ്ഥാനമാക്കി അവരുടെ ജീവചരിത്രം തയാറാക്കാനും അവരെ അഭിമുഖം ചെയ്യാനുള്ള ചോദ്യങ്ങള്‍ തയാറാക്കാനുമുള്ള പ്രവര്‍ത്തനവും ഉണ്ടാകാം.
തമിഴ്, ഉര്‍ദു, കന്നഡ തുടങ്ങിയ ഭാഷകളിലും സമാനമായ ചോദ്യങ്ങളാകും വരിക. എല്ലാ കുഞ്ഞുങ്ങള്‍ക്കും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. വരും ദിവസങ്ങളില്‍ മറ്റ് വിഷയങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളുണ്ടാകും.

