ETV Bharat / education-and-career
എസ്എസ്എല്‍സിയുടെ ആദ്യദിനം എങ്ങനെ? ഒന്നാം ഭാഷാ പരീക്ഷയില്‍ പ്രതികരിച്ച് വിദ്യാര്‍ഥികള്‍
മാറിയ സിലബസും പാഠപുസ്‌തകങ്ങളും കുട്ടികളെ കുഴപ്പിച്ചില്ലെന്ന് അധ്യാപകര്‍. നന്നായി പരീക്ഷ എഴുതാനായെന്ന് ആത്മവിശ്വാസത്തോടെ കുട്ടികളും...

Published : March 5, 2026 at 2:25 PM IST
തിരുവനന്തപുരം: എസ്‌എസ്എസ്എല്‍സിയുടെ ആദ്യദിനം പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികളുടെ മുഖം നിറയെ സന്തോഷമായിരുന്നു. സിലബസും പാഠപുസ്‌തകങ്ങളും മാറിയതിന്‍റെ ആശങ്ക രാവിലെ പരീക്ഷ ഹാളിലേക്ക് കടക്കും മുമ്പ് പങ്ക് വച്ച പലരും പക്ഷേ പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഒന്നാം ഭാഷയായ മലയാളവും സംസ്‌കൃതവും അറബിയും എഴുതിയ കുട്ടികളാണ് പ്രധാനമായും അവരുടെ സന്തോഷം ഇടിവിഭാരതുമായി പങ്കുവച്ചത്. എല്ലാകുട്ടികളും പൊതുവെ സമയം തികഞ്ഞില്ലെന്ന് പരാതിപ്പെടുമ്പോള്‍ പത്ത് മിനിറ്റ് മുമ്പേ തന്നെ പരീക്ഷയെഴുതി അവസാനിപ്പിക്കാനായെന്ന ആത്മവിശ്വാസത്തോടെയാണ് കൊല്ലം തേവലക്കര ഗേള്‍സ് ഹൈസ്‌കൂളിലെ ആര്‍ദ്ര പരീക്ഷ ഹാള്‍ വിട്ട് പുറത്തെത്തിയത്. ആകെ പന്ത്രണ്ട് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. അതില്‍ പന്ത്രണ്ടാമത്തെ ചോദ്യം വിശദമായി എഴുതാനുണ്ടായിരുന്നത്. ഒരു ചോദ്യവും കഠിനമായിരുന്നില്ലെന്നും ആര്‍ദ്ര പറയുന്നു. ഇനി വരുന്ന പരീക്ഷകളും ഇതുപോലെ തന്നെ ആകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും ആര്‍ദ്ര പറഞ്ഞു.
നരബലി, ആലപ്പുഴയിലെ വെള്ളം തുടങ്ങിയ അധ്യായങ്ങളില്‍ നിന്ന് ചോദ്യങ്ങളുണ്ടായില്ലെന്ന് ഇതേ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിനി പാര്‍വതി ചൂണ്ടിക്കാട്ടുന്നു. സമയം കിട്ടിയില്ലെന്ന പരാതിയും പാര്‍വതിക്കുണ്ട്. കുറച്ച് കൂടി സമയം കിട്ടിയിരുന്നെങ്കില്‍ കുറച്ച് കൂടി എഴുതാമായിരുന്നുവെന്നും പാര്‍വതി പറയുന്നു. എങ്കിലും നല്ല പരീക്ഷ ആയിരുന്നുവെന്ന് തന്നെയാണ് പാര്‍വതിയുടെ അഭിപ്രായം.
പ്രതീക്ഷിച്ച ചോദ്യങ്ങളൊക്കെ തന്നെയാണ് പരീക്ഷയ്ക്ക് ചോദിച്ചതെന്നും മാതൃകാ പരീക്ഷയുടെയും ക്രിസ്‌തുമസ് പരീക്ഷയുടെയും പാത പിന്തുടര്‍ന്നതിനാല്‍ തന്നെ കുട്ടികള്‍ക്ക് പരീക്ഷ എളുപ്പമായിരുന്നുവെന്നും കൊല്ലം തേവലക്കര ഗേള്‍സ് ഹൈസ്‌കൂള്‍ മലയാളം അധ്യാപിക ബീന പറഞ്ഞു. കുട്ടികളും സന്തോഷത്തോടെ തന്നെയാണ് പരീക്ഷ ഹാളില്‍ നിന്നിറങ്ങിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിര്‍ദ്ദേശിച്ച പാഠഭാഗങ്ങളില്‍ നിന്ന് തന്നെയാണ് ചോദ്യങ്ങളിലേറെയും ചോദിച്ചത്. സിലബസ് മാറിയതിന്‍റെ ഒരു ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും പരീക്ഷ പൊതുവെ നിലവാരം പുലര്‍ത്തി. കുട്ടികള്‍ക്ക് നല്‍കിയ മാതൃകാ ചോദ്യങ്ങള്‍ക്ക് അനുസരിച്ചാണ് പൊതുപരീക്ഷയിലും ചോദ്യങ്ങള്‍ വന്നത്. അതിനാല്‍ തന്നെ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല. സമയബദ്ധിതമായി തന്നെ പരീക്ഷ എഴുതാന്‍ സാധിച്ചതായും കുട്ടികള്‍ പറഞ്ഞതായി ബീന പറയുന്നു.
എല്ലാ നിലവാരത്തിലുള്ള വിദ്യാർത്ഥികളെയും പരിഗണിച്ചുകൊണ്ടുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ചോദ്യപേപ്പർ ആയിരുന്നു മലയാളം ഒന്നാം ഭാഷയുടേത്. പാഠപുസ്‌തകത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ കൂടുതതായി ചോദിച്ചിട്ടുണ്ട്.
മുൻവർഷ ചോദ്യപേപ്പറുകൾ ഉപയോഗിച്ച് പഠിച്ച വിദ്യാർത്ഥികൾക്ക് എളുപ്പമായി എഴുതാൻ കഴിയുന്ന രീതിയിലായിരുന്നു ചോദ്യപേപ്പർ. മോഡൽ പരീക്ഷക്ക് ചോദിച്ച, മാറിയ പറ്റേൺ അനുസരിച്ചുള്ള (ആശയം സംഗ്രഹിക്കുക, പാരഗ്രാഫ് തന്നിട്ട് അതിൽ നിന്ന് ചോദ്യങ്ങൾ..) ചോദ്യങ്ങൾ ചോദിച്ചു കണ്ടില്ലെന്ന് ബീനടീച്ചര്‍ പറയുന്നു.
മൂന്ന് മാർക്കിന്‍റെ ചോദ്യങ്ങൾ കൂടുതലും പാഠഭാഗങ്ങളിൽ നിന്നുള്ള ആശയഗ്രഹണ ചോദ്യങ്ങൾ ആയിരുന്നു. വിവരണാത്മക ചോദ്യങ്ങൾ (5 മാർക്ക് ) എല്ലാം പാഠഭാഗത്തെ ആശ്രയിച്ചായിരുന്നു.
ഏഴ് മാർക്കിന്‍റെ ചോദ്യങ്ങളും എല്ലാ നിലവാരത്തിൽപ്പെട്ട കുട്ടികൾക്കും എഴുതാൻ കഴിയുന്നതായിരുന്നു. (A. മാതൃഭാഷ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ഉപന്യാസം, B. കവിതയുടെ ആസ്വാദനക്കുറിപ്പ്)
പാഠഭാഗങ്ങൾ നന്നായി പഠിച്ച് ആശയം മനസ്സിലാക്കിയ വിദ്യാർത്ഥികൾക്ക് A+ നേടാൻ സാധ്യതയുള്ള ചോദ്യപേപ്പർ തന്നെയായിരുന്നു എന്നും ബീന വിലയിരുത്തുന്നു.
അധ്യാപകര്‍ പറഞ്ഞ് കൊടുത്ത പാഠഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പഠിച്ചതിനാല്‍ പരീക്ഷ എളുപ്പമായിരുന്നുവെന്ന് സംസ്‌കൃതം പരീക്ഷ എഴുതിയ കൊല്ലം തേവലക്കര ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി കൃഷ്‌ണവേണി പറഞ്ഞു. പദ്യ-ഗദ്യഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളും വ്യാകരണവും എല്ലാം എളുപ്പമുള്ളത് തന്നെ ആയിരുന്നു എന്ന് സംസ്‌കൃതം പരീക്ഷയെഴുതിയ ഇതേ വിദ്യാലയത്തിലെ മറ്റൊരു കുട്ടി ആലിയ കൊച്ചുമംഗലവും ഇടിവി ഭാരതിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തനിക്കും ചോദ്യപേപ്പര്‍ കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്ന് സംസ്‌കൃത അധ്യാപിക രാജലക്ഷ്‌മി പറഞ്ഞു. നല്ല നിലവാരം പുലര്‍ത്തിയ ചോദ്യങ്ങളാണ് വന്നത്. ഒപ്പം കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാന്‍ കഴിയുന്നവയും ആയിരുന്നു എന്നും രാജലക്ഷ്‌മി ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
അറബിക് പരീക്ഷയും നിലവാരം പുലര്‍ത്തിയെന്ന് ഇതേ സ്‌കൂളിലെ അറബിക് അധ്യാപിക ഷിഹാന പറഞ്ഞു. കുട്ടികളും എല്ലാം നന്നായി എഴുതിയെന്ന് തന്നോട് പറഞ്ഞതായി ഷിഹാന വ്യക്തമാക്കി. ഒരു കുട്ടി മാത്രമാണ് സമയക്കുറവിനെക്കുറിച്ച് പരാതിപ്പെട്ടതെന്നും ഷിഹാന പറഞ്ഞു. വരും ദിവസങ്ങളിലും കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കാന്‍ ആദ്യ ദിവസത്തിലെ പരീക്ഷ സഹായകമാകുമെന്നാണ് അധ്യാപകരുടെ വിലയിരുത്തല്‍.

