ETV Bharat / education-and-career
ജുഡീഷ്യറിയെ പരിഹസിച്ച അധ്യായം വെട്ടിമാറ്റി; തിരുത്തിയ ക്ലാസ് 8 സോഷ്യൽ സയൻസ് പാഠപുസ്‌തകം ഉടൻ വിപണിയിലേക്ക്!
പാഠപുസ്‌തകത്തിലെ അപകീർത്തികരമായ ഭാഗങ്ങൾ നീക്കം ചെയ്‌തതായും ഒരാഴ്‌ചയ്ക്കകം പുസ്‌തകം വിപണിയിലെത്തുമെന്നും വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ

By ANI
Published : May 6, 2026 at 9:45 AM IST
ന്യൂഡൽഹി: ജുഡീഷ്യറിയെ കുറിച്ചുള്ള വിവാദ പരാമർശങ്ങളെത്തുടർന്ന് സുപ്രീം കോടതി വിലക്കേർപ്പെടുത്തിയ എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്‌തകം തിരുത്തലുകളോടെ വീണ്ടും പുറത്തിറങ്ങുന്നു. പാഠപുസ്‌തകത്തിലെ അപകീർത്തികരമായ ഭാഗങ്ങൾ നീക്കം ചെയ്‌തതായും ഒരാഴ്‌ചയ്ക്കകം പുസ്‌തകം വിപണിയിലെത്തുമെന്നും വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. എൻ.സി.ഇ.ആർ.ടി പുറത്തിറക്കിയ 'എക്സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്' (ഭാഗം 2) എന്ന പുസ്‌തകത്തിലെ ‘നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന അധ്യായമാണ് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
രാജ്യത്തെ കോടതികളിലെ അഴിമതിയെ പരാമർശിക്കുന്ന ചില ഭാഗങ്ങൾ സ്ഥാപനത്തിൻ്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, മാർച്ച് മാസത്തിൽ പുസ്‌തകത്തിൻ്റെ പ്രസിദ്ധീകരണവും വിതരണവും പൂർണമായി നിരോധിച്ചിരുന്നു. ഇതേത്തുടർന്ന് എൻ.സി.ഇ.ആർ.ടി. കോടതിയിൽ നിരുപാധികം മാപ്പപേക്ഷിക്കുകയും പുസ്‌തകം പിൻവലിക്കുകയും ചെയ്‌തിരുന്നു. കേന്ദ്രസർക്കാരിൻ്റെ നിർദേശപ്രകാരം നിയോഗിക്കപ്പെട്ട വിദഗ്‌ധ സമിതിയാണ് വിവാദ അധ്യായം തിരുത്തി എഴുതിയത്. ഭാവിയിൽ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ പാഠ്യപദ്ധതി രൂപീകരണത്തിനായി 20 അംഗങ്ങളുള്ള പുതിയ സമിതിയെ (NSTC) സർക്കാർ നിയോഗിച്ചു.
ഐ.ഐ.ടി. മദ്രാസ് ഡയറക്ടർ വി. കാമകോടി, ഐ.സി.എച്ച്.ആർ. ചെയർമാൻ രാഘുവേന്ദ്ര തൻവർ തുടങ്ങിയ പ്രമുഖർ ഈ സമിതിയിൽ ഉൾപ്പെടുന്നു. വിവാദത്തെത്തുടർന്ന് പഴയ സമിതിയിലെ മൂന്ന് അംഗങ്ങളെ നീക്കം ചെയ്തു. ഏപ്രിൽ 1-ന് അധ്യയന വർഷം ആരംഭിച്ചിട്ടും പുസ്തകം ലഭ്യമാകാത്തത് വിദ്യാർത്ഥികളെയും അധ്യാപകരെയും ഏറെ വലച്ചിരുന്നു. സിലബസ് കമ്മിറ്റിയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഈ വാരത്തിൽ തന്നെ പുസ്തകത്തിൻ്റെ അച്ചടി ആരംഭിക്കും.
എന്തായിരുന്നു വിവാദം?
വിദ്യാഭ്യാസ മേഖലയെയും നീതിന്യായ വ്യവസ്ഥയെയും ഒരുപോലെ പിടിച്ചുലച്ച ഒന്നായിരുന്നു എൻ.സി.ഇ.ആർ.ടി. എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലെ പുതിയ മാറ്റങ്ങളും അതിനെത്തുടർന്നുള്ള സുപ്രീം കോടതി ഇടപെടലും. 'എക്സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്' (ഭാഗം 2) എന്ന പുസ്തകത്തിലെ ഒരു അധ്യായമാണ് രാജ്യത്തെ പരമോന്നത കോടതിയുടെ രൂക്ഷവിമർശനത്തിന് ഇരയായത്. വിവാദത്തിന്റെ തുടക്കംപുസ്തകത്തിലെ 'നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്' എന്ന അധ്യായത്തിലെ ചില ഭാഗങ്ങളാണ് വിവാദങ്ങൾക്ക് ആധാരമായത്.
ഇന്ത്യൻ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചും കോടതികളുടെ പ്രവർത്തനശൈലിയെക്കുറിച്ചും പ്രതിപാദിക്കുന്ന ഭാഗങ്ങൾ വസ്തുതാവിരുദ്ധവും സ്ഥാപനത്തെ അവഹേളിക്കുന്നതുമാണെന്ന് ആക്ഷേപം ഉയർന്നു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ വന്നപ്പോൾ, ജസ്റ്റിസുമാർ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
കോടതിയെയും ജഡ്ജിമാരെയും മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കം വരും തലമുറയുടെ മനസ്സിൽ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് തെറ്റായ ധാരണകൾ ഉണ്ടാക്കാൻ കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. ഈ ഉള്ളടക്കം നീതിന്യായ വ്യവസ്ഥയ്ക്ക് വലിയ തോതിലുള്ള ആഘാതം സൃഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, പുസ്തകത്തിന് മേൽ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി. പുസ്തകം അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും ഡിജിറ്റൽ രൂപത്തിൽ പ്രചരിപ്പിക്കുന്നതും കോടതി തടഞ്ഞു. ഇതേത്തുടർന്ന് എൻ.സി.ഇ.ആർ.ടി. കോടതിയിൽ നിരുപാധികം മാപ്പപേക്ഷിക്കുകയും വിവാദമായ പുസ്തകം വിപണിയിൽ നിന്നും സ്കൂളുകളിൽ നിന്നും പൂർണ്ണമായി പിൻവലിക്കുകയും ചെയ്തു.

