ETV Bharat / education-and-career
യുജിസി നെറ്റ്: മൂന്ന് വിഷയങ്ങൾക്ക് സെപ്റ്റംബറിൽ പുനഃപരീക്ഷ
ആകെ 87 വിഷയങ്ങളിലായിരുന്നു പരീക്ഷ. എന്നാൽ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ ചോദ്യപേപ്പറിൽ വ്യാപകമായ തെറ്റുകൾ കടന്നുകൂടിയതായി കാണിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു

By ANI
Published : August 29, 2026 at 7:25 AM IST
ന്യൂഡൽഹി: ജൂണിൽ നടന്ന യുജിസി നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളുടെ പുനഃപരീക്ഷ സെപ്റ്റംബർ ഒൻപത്, 10 തീയതികളിൽ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങൾക്കാണ് വീണ്ടും പരീക്ഷ നടത്തുന്നത്. ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഏജൻസി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ മൂന്ന് വിഷയങ്ങളുടെയും ഫലം പുനഃപരീക്ഷയ്ക്ക് ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന് എൻടിഎ വ്യക്തമാക്കി. നിലവിൽ ഈ വിഷയങ്ങൾ എഴുതിയ വിദ്യാർഥികൾ സ്കോർകാർഡ് പരിശോധിക്കാൻ ശ്രമിച്ചാൽ അസാധുവായ ആപ്ലിക്കേഷൻ നമ്പർ അല്ലെങ്കിൽ പാസ്‌വേഡ് എന്ന സന്ദേശമായിരിക്കും ലഭിക്കുക.
അതിനാൽ വിദ്യാർഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പുതിയ പരീക്ഷയ്ക്ക് ശേഷം ഫലം ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. അതേസമയം മറ്റ് 84 വിഷയങ്ങളുടെ ഫലം വെള്ളിയാഴ്ച എൻടിഎ പ്രഖ്യാപിച്ചിരുന്നു. പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾക്ക് യുജിസി നെറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ലോഗിൻ ചെയ്തശേഷം ഫലം പരിശോധിക്കാനും സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാനും പ്രിൻ്റ് എടുക്കാനും സാധിക്കും.
പരീക്ഷ റദ്ദാക്കാനുള്ള കാരണം
ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്), അസിസ്റ്റൻ്റ് പ്രൊഫസർ യോഗ്യത, പിഎച്ച്ഡി പ്രവേശന നടപടികൾ എന്നിവയ്ക്കായി ജൂൺ 22 മുതൽ 30 വരെയാണ് രാജ്യവ്യാപകമായി യുജിസി നെറ്റ് പരീക്ഷ നടത്തിയത്. ആകെ 87 വിഷയങ്ങളിലായിരുന്നു പരീക്ഷ. എന്നാൽ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ ചോദ്യപേപ്പറിൽ വ്യാപകമായ തെറ്റുകൾ കടന്നുകൂടിയതായി കാണിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് വിഷയം അന്വേഷിക്കാൻ എൻടിഎ പ്രത്യേക സമിതിയെ നിയോഗിച്ചു. ഈ സമിതി നടത്തിയ വിശദമായ പരിശോധനയിലാണ് ചോദ്യപേപ്പറിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയത്.
ചോദ്യപേപ്പറുകളിൽ വസ്തുതാപരമായ തെറ്റുകൾ, അക്ഷരത്തെറ്റുകൾ, വിവർത്തനത്തിലെ പിഴവുകൾ എന്നിവ സമിതി കണ്ടെത്തി. പ്രമുഖരായ പണ്ഡിതന്മാരുടെ പേരുകൾ തെറ്റായി രേഖപ്പെടുത്തിയതും പുസ്തകങ്ങളുടെ പേരുകൾ അവ്യക്തമായി നൽകിയതും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ചോദ്യങ്ങളുടെ ഘടനയിലുള്ള അപാകതകൾ, വ്യാകരണ തെറ്റുകൾ, ലിംഗ-വചന പ്രയോഗങ്ങളിലെ പൊരുത്തക്കേടുകൾ എന്നിവയും സമിതിയുടെ അന്വേഷണത്തിൽ വ്യക്തമായി. മുൻവർഷങ്ങളിൽ ചോദിച്ച നിരവധി ചോദ്യങ്ങൾ അതേപടി ആവർത്തിച്ചതും പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്ന് സമിതി വിലയിരുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മൂന്ന് വിഷയങ്ങളുടെ പരീക്ഷ റദ്ദാക്കാനും വീണ്ടും നടത്താനും എൻടിഎ തീരുമാനിച്ചത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപക നിയമനത്തിനും ഗവേഷണത്തിനും അടിസ്ഥാനമായ പരീക്ഷയായതിനാൽ യാതൊരുവിധ വിട്ടുവീഴ്ചകൾക്കും തയ്യാറല്ലെന്ന നിലപാടിലാണ് അധികൃതർ.
പുതിയ സമയക്രമം
പുതുക്കിയ സമയക്രമം അനുസരിച്ച് ഇംഗ്ലീഷ് പരീക്ഷ സെപ്റ്റംബർ ഒൻപതിന് രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12വരെ ഒന്നാം ഷിഫ്റ്റിൽ നടക്കും. അന്നുതന്നെ വൈകിട്ട് മൂന്നുമുതൽ ആറുവരെ നടക്കുന്ന രണ്ടാം ഷിഫ്റ്റിലാണ് കൊമേഴ്സ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10ന് രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12വരെ ഒന്നാം ഷിഫ്റ്റിൽ നടക്കുമെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. പരീക്ഷാകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ വെബ്സൈറ്റിലൂടെ അറിയിക്കും.
Also Read: യുജിസി നെറ്റ്, സിഎസ്ഐആർ നെറ്റ് ഫലങ്ങളും അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ടത് ഇങ്ങനെ

