ETV Bharat / education-and-career
'പരീക്ഷാ തട്ടിപ്പ് നടത്തിയാൽ 10 വർഷം തടവും 10 കോടി പിഴയും'... എന്താണ് പൊതു പരീക്ഷ നിയമ ഭേദഗതി? അറിയാം വിശദമായി
പരീക്ഷാ തട്ടിപ്പുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ നിയമപരമായ ചട്ടക്കൂട് കൂടുതൽ കർശനമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് 'പബ്ലിക് എക്‌സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026'.

Published : July 29, 2026 at 5:43 PM IST
ഡൽഹിയിലെ തെരുവുകളിൽ ദിവസങ്ങളോളം മുഴങ്ങിയ വിദ്യാർഥികളുടെ ശബ്‌ദത്തിന് കേന്ദ്രസർക്കാർ ഒടുവിൽ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതും പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്‌കാരങ്ങൾ വേണമെന്ന ആവശ്യം ശക്തമായതുമാണ് പുതിയ നിയമഭേദഗതിക്ക് വഴിയൊരുക്കിയത്.
2024-ൽ ആയിരുന്നു ഇന്ത്യയിലെ ആദ്യ സമഗ്ര ചോദ്യപേപ്പർ ചോർച്ച തടയൽ നിയമം പാസാക്കിയത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദേശിയ തലത്തിലെ വിവിധ പരീക്ഷകളിൽ വീണ്ടും ചോദ്യപേപ്പർ ചോർച്ചയും സംഘടിത തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. തട്ടിപ്പുകളിൽ പലതും നടന്നത് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചായിരുന്നു. പരീക്ഷാ മാഫിയ കൂടുതൽ സംഘടിതമായി പ്രവർത്തിച്ചു. ഇതോടെ ഭാവി അനിശ്ചിതത്വത്തിലായ വിദ്യാർഥികള്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥയിലേക്ക് മാറി. ഇതോടെ പ്രതിഷേധം ശക്തിമായി. ഇത്തരം കുറ്റകൃത്യങ്ങളെ തടയാൻ നിലവിലെ ശിക്ഷകൾ മാത്രം മതിയാകുന്നില്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിർ പുതിയ ഭേദഗതി കൊണ്ടുവരാൻ കേന്ദ്രം നിർബന്ധിതരായി.
2024-ൽ കൊണ്ടുവന്ന പൊതു പരീക്ഷാ ക്രമക്കേട് തടയൽ നിയമം (Public Examinations Prevention of Unfair Means Act) പരീക്ഷാ തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും, സംഘടിത പരീക്ഷാ മാഫിയയെ പൂർണമായി നിയന്ത്രിക്കാൻ അത് മതിയായില്ലെന്ന വിലയിരുത്തലാണ് പുതിയ പരീക്ഷാ ഭേദഗതി ബില്ലിലേക്ക് വഴിവച്ചിരിക്കുന്നത്. നിലവിലെ നിയമം എന്താണ്...? പുതിയ ഭേദഗതിയിലൂടെ എന്തെല്ലാം മാറ്റങ്ങളാണ് വരുന്നത്...? പരീക്ഷാ പൊതു ഭേദഗതി ബില്ല് വിശദമായി അറിയാം.
എന്താണ് പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല്
പരീക്ഷാ തട്ടിപ്പുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ നിയമപരമായ ചട്ടക്കൂട് കൂടുതൽ കർശനമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് 'പബ്ലിക് എക്‌സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026'. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ബില്ലിന് അംഗീകാരം നൽകിയത്. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം.
പുതിയ ഭേദഗതി പ്രകാരം പരീക്ഷാ ക്രമക്കേടുകളിൽ കുറ്റക്കാരായവർക്ക് ശിക്ഷാ കാലാവധി ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള 2024-ലെ നിയമപ്രകാരം കുറഞ്ഞ ശിക്ഷ മൂന്ന് വർഷമായിരുന്നത് അഞ്ച് വർഷമായും, പരമാവധി ശിക്ഷ അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമായും ഉയർത്തി. ശിക്ഷയോടൊപ്പം ഈടാക്കാവുന്ന പരമാവധി പിഴത്തുക പത്ത് ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായും വർധിപ്പിച്ചിട്ടുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കുറഞ്ഞത് ഏഴ് വർഷം തടവും പത്ത് കോടി രൂപ പിഴയും ചുമത്തും. പരീക്ഷാ നടത്തിപ്പിൽ വീഴ്‌ച വരുത്തുന്ന സർവീസ് പ്രൊവൈഡർമാർക്ക് അഞ്ച് കോടി രൂപ വരെ പിഴ ചുമത്താനും അവരെ എട്ട് വർഷത്തേക്ക് പരീക്ഷാ നടത്തിപ്പിൽ നിന്ന് വിലക്കാനും ഭേദഗതി ശുപാർശ ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങളിലെ ഡയറക്‌ടർമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് കുറഞ്ഞത് അഞ്ച് വർഷം തടവും അഞ്ച് കോടി രൂപ പിഴയും ലഭിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുറ്റകൃത്യങ്ങളിൽ അതിവേഗ അന്വേഷണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ പുതിയ നിയമം അധികാരം നൽകുന്നുണ്ട്. കൂടാതെ, കേന്ദ്ര അന്വേഷണ ഏജൻസികൾക്കും കേസുകൾ കൈമാറാൻ സാധിക്കും. ഏത് കേസിലെയും അന്വേഷണ നടപടികൾ ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കണമെന്ന് നിയമം അനുശാസിക്കുന്നു. അന്വേഷണ പ്രക്രിയയിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കി കുറ്റവാളികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുകയാണ് ഈ സമയപരിധിയിലൂടെ ലക്ഷ്യമിടുന്നത്.
കേസുകളുടെ വിചാരണയ്ക്കായി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. ഈ കോടതികൾ എല്ലാ ദിവസവും നടപടികൾ തുടരുകയും കുറ്റപത്രം സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുകയും വേണം. നിലവിൽ തീർപ്പുകൽപ്പിക്കാത്ത കേസുകളും ഈ കോടതികളിലേക്ക് മാറ്റും. ഫാസ്റ്റ് ട്രാക്ക് കോടതികളുടെ വിധിന്യായത്തിന്മേലുള്ള അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കണമെന്നും ബില്ലിൽ വ്യക്തമാക്കുന്നു.
ഏത് പരീക്ഷകൾക്കാണ് നിയമം ബാധകം
- യുപിഎസ്‌സി (UPSC)
- എസ്‌എസ്‌സി (SSC)
- റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് (Railway Recruitment Board)
- എൻടിഎ നടത്തുന്ന NEET, JEE, CUET, UGC-NET
- ഐബിപിഎസ് പരീക്ഷകൾ (IBPS)
- കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന മറ്റ് പൊതുപരീക്ഷകൾ
2026-ലെ ഭേദഗതി ബില്ലിലെ പ്രധാന മാറ്റങ്ങൾ എന്തൊക്കെ?
പഴയ നിയമത്തെ അപേക്ഷിച്ച് ശിക്ഷ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. നിലവിലെ തടവുശിക്ഷ വർധിപ്പിക്കുന്നതാണ് പുതിയ ബില്ല്. ഗുരുതര കുറ്റങ്ങളിൽ കൂടുതൽ വർഷത്തെ തടവ് ലഭിക്കുന്ന തരത്തിലാണ് നിയമം ഭേദഗതി ചെയ്‌തിട്ടുള്ളത്. ഒപ്പം പിഴ തുകയും ഗണ്യമായി ഉയരും. പരീക്ഷാ തട്ടിപ്പിലൂടെ സാമ്പത്തിക നേട്ടം കൊയ്യുന്ന സംഘങ്ങളെ ലക്ഷ്യമിട്ടാണ് പിഴത്തുക വൻതോതിൽ ഉയർത്തിയിട്ടുള്ളത്. പരീക്ഷാ മാഫിയ, ഇടനിലക്കാർ, സ്വകാര്യ ഏജൻസികൾ, പരീക്ഷാ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരടക്കം കുറ്റകൃത്യത്തിൽ പങ്കാളിയായാൽ കടുത്ത ശിക്ഷ ലഭിക്കും.
ഇതിനായി ഫാസ്റ്റ്-ട്രാക്ക് കോടതികൾ രൂപീകരിച്ചിട്ടുമുണ്ട്. ചോദ്യപേപ്പർ ചോർച്ച കേസുകൾ വർഷങ്ങളോളം നീളാതിരിക്കാൻ പ്രത്യേക കോടതികളിലൂടെ വേഗത്തിൽ വിചാരണ പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം. സംഘടിത കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംവിധാനത്തിനും കൂടുതൽ നിയമപരമായ പിന്തുണ നൽകും.
പുതിയ നിയമം ഏതൊക്കെ കുറ്റങ്ങളാണ് ലക്ഷ്യമിടുന്നത്?
- ചോദ്യപേപ്പറുമായി ബന്ധപ്പെട്ട കുറ്റങ്ങൾ
- ചോദ്യപേപ്പർ ചോർത്തൽ
- ഉത്തരസൂചിക ചോർച്ച
- പരീക്ഷയ്ക്ക് മുൻപ് ചോദ്യപേപ്പർ വിതരണം
- പരീക്ഷയ്ക്കിടയിലെ തട്ടിപ്പുകൾ
- ആൾമാറാട്ടം നടത്തി പരീക്ഷ എഴുതൽ
- ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടി
- പുറത്തുനിന്ന് ഉത്തരങ്ങൾ കൈമാറൽ
- ഡിജിറ്റൽ കുറ്റകൃത്യങ്ങൾ
- പരീക്ഷാ സർവർ ഹാക്ക് ചെയ്യൽ
- ഡേറ്റ അട്ടിമറി
- ഓൺലൈൻ പരീക്ഷാ സംവിധാനത്തിൽ ഇടപെടൽ
- സംഘടിത കുറ്റകൃത്യങ്ങൾ
- വ്യാജ പരീക്ഷാ കേന്ദ്രങ്ങൾ
- വ്യാജ അഡ്‌മിറ്റ് കാർഡുകൾ
- മാർക്ക്, റാങ്ക്, മെറിറ്റ് ലിസ്റ്റ് എന്നിവയിൽ കൃത്രിമം
- പരീക്ഷാ മാഫിയയുടെ സംഘടിത പ്രവർത്തനം
2024ൽ നിലവിലുണ്ടായിരുന്ന നിയമം എന്താണ്?
പൊതുപരീക്ഷാ ക്രമക്കേട് തടയൽ നിയമം- 2024 പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന പ്രത്യേക നിയമമാണ്. ചോദ്യപേപ്പർ ചോർച്ച തടയുക, പരീക്ഷാ മാഫിയയെ ഇല്ലാതാക്കുക, ദേശിയ മത്സരപരീക്ഷകളുടെ വിശ്വാസ്യത സംരക്ഷിക്കുക, എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരം ഉറപ്പാക്കുക എന്നിവയാണ് നിയമത്തിൻ്റെ പ്രധാന ലക്ഷ്യം.
മുൻ നിയമപ്രകാരം ലഭിക്കുന്ന ശിക്ഷ
വ്യക്തികൾക്ക്: മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ്, 10 ലക്ഷം രൂപ വരെ പിഴ
സംഘടിത പരീക്ഷാ മാഫിയയ്ക്ക്: അഞ്ച് മുതൽ 10 വർഷം വരെ തടവും കുറഞ്ഞത് ഒരു കോടി രൂപ പിഴയും
പരീക്ഷാ നടത്തിപ്പിൽ പങ്കാളികളായ സ്ഥാപനങ്ങൾക്ക്: ഒരു കോടി രൂപ വരെ പിഴ. കൂടാതെ പരീക്ഷ നടത്താനുള്ള അനുമതി റദ്ദാക്കാം. പരീക്ഷ വീണ്ടും നടത്തേണ്ടിവന്നാൽ മുഴുവൻ ചെലവും ഈടാക്കാം. ഇതിലെ എല്ലാ കുറ്റങ്ങള്‍ക്കും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം. ജാമ്യം എളുപ്പമല്ല. ഒത്തുതീർപ്പിലൂടെ കേസ് അവസാനിപ്പിക്കാനുമാകില്ല.
ഈ ഭേദഗതിയുടെ പ്രധാന ലക്ഷ്യം കുറ്റവാളികളെ ശിക്ഷിക്കുക മാത്രമല്ല. അതോടൊപ്പം, പരീക്ഷാ സംവിധാനത്തിൽ വിശ്വാസം വീണ്ടെടുക്കുക, സത്യസന്ധമായി പഠിക്കുന്ന വിദ്യാർഥികളുടെ അവസരം സംരക്ഷിക്കുക, പരീക്ഷാ മാഫിയയുടെ സാമ്പത്തിക ശൃംഖല തകർക്കുക, ദേശീയ മത്സരപരീക്ഷകളുടെ വിശ്വാസ്യത ഉയർത്തുക എന്നിവയാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
Also Read: പരീക്ഷാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കി, ക്രമക്കേടുകളിൽ ഇനി കടുത്ത ശിക്ഷ

