ETV Bharat / education-and-career

34 കാറ്റഗറികളില്‍ പിഎസ്‌സി വിജ്ഞാപനം, അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് അഞ്ച്, അറിയാം തസ്‌തികകളെയും യോഗ്യതയെയും കുറിച്ച്

സര്‍വകലാശാലകളിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ്, ഫയര്‍ ഫോഴ്‌സില്‍ സ്റ്റേഷന്‍ ഓഫീസര്‍, ഓയില്‍ പാം ഇന്ത്യയില്‍ സ്റ്റോര്‍ കീപ്പര്‍, ബോട്ട് സ്രാങ്ക്, കേരള ലൈവ് സ്റ്റോക് ബോര്‍ഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് തുടങ്ങിയ വിവിധ ഒഴിവികള്‍.

KERALA PSC  CAREER  VACCANCIES
psc (Etv Bharat)
author img

By ETV Bharat Kerala Team

Published : July 8, 2026 at 11:10 AM IST

|

Updated : July 8, 2026 at 12:17 PM IST

3 Min Read
Choose ETV Bharat

തിരുവനന്തപുരം: കേരള പിഎസ്‌സി 34 തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപനമായി ജൂണ്‍ മുപ്പതിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

സര്‍വകലാശാലകളിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ്, ഫയര്‍ ഫോഴ്‌സില്‍ സ്റ്റേഷന്‍ ഓഫീസര്‍, ഓയില്‍ പാം ഇന്ത്യയില്‍ സ്റ്റോര്‍ കീപ്പര്‍, ബോട്ട് സ്രാങ്ക്, കേരള ലൈവ് സ്റ്റോക് ബോര്‍ഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് തുടങ്ങിയ തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പൊലീസ് കോണ്‍സ്റ്റബിള്‍9എന്‍സിഎ), വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍(എന്‍സിഎ) പൊലീസ് ഡ്രൈവര്‍(എന്‍സിഎ), ആയൂര്‍വേദ ഫാര്‍മസിസ്റ്റ്, തുടങ്ങി നിരവധി തസ്‌തികകളിലേക്ക് പ്രത്യേക വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പുറമെ തസ്‌തിക മാറ്റം മുഖേനയുള്ള വിവിധ തസ്‌തികകളിലേക്കും പിഎസ്‌സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

പ്രധാന തസ്‌തികകൾ വിശദമായി പരിശോധിക്കാം

തദ്ദേശ സ്വയംഭരണ വകുപ്പ് – സെക്രട്ടറി, ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂഷൻസ്. തസ്‌തിക മാറ്റം വഴിയുള്ള നിയമനമാണ്. നിലവില്‍ നഗരകാര്യവകുപ്പില്‍ ജോലി ചെയ്യുന്ന ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം മൂന്ന് വര്‍ഷം സര്‍വീസ് പൂര്‍ത്തിയായിരിക്കണം. യുഡി ക്ലര്‍ക്ക് തസ്‌തികയില്‍ വേതനം വാങ്ങുന്ന ആളുമായിരിക്കണം. പതിനൊന്ന് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. 51,400-1,10,300/ എന്നതാണ് ശമ്പള സ്‌കെയില്‍. അപേക്ഷകന് പ്രായപരിധിയില്ല.

സർവകലാശാലകൾ: കമ്പ്യൂട്ടർ അസിസ്റ്റന്‍റ് ഗ്രേഡ് II- പതിനെട്ടിനും നാല്‍പ്പതിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. പത്താം ക്ലാസും ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങില്‍ ഹയര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. മലയാളം ടൈപ്പ് റൈറ്റിങില്‍ കെജിടിഇയോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. 27,900 – 63,700 / രൂപയാണ് ശമ്പള സ്‌കെയില്‍. ഒഴിവുകള്‍ കണക്കാക്കിയിട്ടില്ല.

ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്: സ്റ്റേഷൻ ഓഫീസർ (ട്രെയിനി)- ഇരുപതിനും മുപ്പത്തഞ്ചിനുമിടയിലാകണം അപേക്ഷകന്‍റെ പ്രായം. ഏതെങ്കിലും സര്‍കലാശാലയില്‍ നിന്നുള്ള ശാസ്‌ത്ര ബിരുദമാണ് യോഗ്യത. രസതന്ത്രത്തിലുള്ള ബിരുദം അഭികാമ്യം. കായികമേഖലയിലുള്ള മികവും അധിക യോഗ്യതയാണ്.

ഇതിന് പുറമെ അപേക്ഷകന് 165 സെന്‍റിമീറ്റര്‍ ഉയരമുണ്ടാകണം. പിന്നാക്ക വിഭാഗക്കാര്‍ക്ക് 160 സെന്‍റിമീറ്റര്‍ മതിയാകും. അന്‍പത് കിലോ ഭാരവും. പിന്നാക്കക്കാര്‍ക്ക് ഇത് 48 കിലോയാണ്. 81സെന്‍റിമീറ്റര്‍ നെഞ്ചളവും അഞ്ച് സെന്‍റിമീറ്റര്‍ വികാസവും ഉണ്ടാകണം. പിന്നാക്കകാര്‍ക്ക് 76 സെന്‍റിമീറ്റര്‍ നെഞ്ചളവ് മതിയാകും. കായിക ക്ഷമതാ പരിശോധനാ വേളയില്‍ പരിക്കുണ്ടായാല്‍ പിന്നീട് അവസരം നല്‍കുന്നതല്ല. ഇതിന് പുറമെ കണ്ണിന് മികച്ച കാഴ്‌ചയുണ്ടാകണം. 43,400 - 91,200/ ശമ്പള സ്‌കെയിലുള്ള തസ്‌തികയാണിത്.

ഹൗസിങ്‌ ബോർഡ്: അസിസ്റ്റന്‍റ് എൻജിനിയർ (ഇലക്ട്രിക്കൽ); പതിനെട്ടിനും നാല്‍പ്പതിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ടാകും. ഇലക്‌ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങിലുള്ള ബിരുദമാണ് യോഗ്യത. 51,400-1,10,300/ആണ് ശമ്പള സ്‌കെയില്‍

ഫിഷറീസ് വകുപ്പ്: ഫിഷറീസ് എക്‌സ്റ്റൻഷൻ ഓഫീസർ. -പതിനെട്ടിനും നാല്‍പ്പതിനുമിടയില്‍ പ്രായമുള്ളവരാകണം അപേക്ഷകര്‍. ഫിയറീസ് സയന്‍സില്‍ ബിരുദമാണ് യോഗ്യത. ശമ്പള സ്‌കെയില്‍ 50,200-1,05,300/

ഹോമിയോപ്പതി വകുപ്പ്: മെഡിക്കൽ ഓഫീസർ (ഹോമിയോ) (തസ്‌തികമാറ്റം)

തസ്‌തികമാറ്റം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്: വർക്ക്‌ഷോപ്പ് ഇൻസ്ട്രക്‌ടർ/ ഡെമോൺസ്ട്രേറ്റർ/ഇൻസ്ട്രക്ടർ ഗ്രേഡ് II/ ഡ്രാഫ്റ്റ്‌സ്‌മാൻ ഗ്രേഡ് II (ഇലക്ട്രിക്കൽ എൻജിനിയറിങ്‌).

മറ്റ് തസ്തികകൾ: ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ, ലാൻഡ് യൂസ് വകുപ്പിൽ ജിയോളജിക്കൽ അസിസ്റ്റന്റ്, വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിൽ ബോട്ട് സ്രാങ്ക്, അപ്ഹോൾസ്റ്ററർ, കേരള വാട്ടർ അതോറിറ്റിയിൽ ഫിറ്റർ (ബൈ ട്രാൻസ്‌ഫർ), എൽഡിസിഎൽ ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ്, കൂടാതെ ജനറൽ എഡ്യൂക്കേഷനിൽ പ്രീ-പ്രൈമറി ടീച്ചർ (കന്നഡ).

സ്പെഷ്യൽ റിക്രൂട്ട്മെന്‍റുകളും എൻസിഎ വിജ്ഞാപനങ്ങളും: പട്ടികവർഗ വിഭാഗക്കാർക്കായി സെക്രട്ടറിയറ്റ് പൊതുഭരണ വകുപ്പിൽ അസിസ്റ്റന്‍റ് തസ്‌തികയിലേക്കും ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് II, മോർച്ചറി ടെക്‌നീഷ്യൻ ഗ്രേഡ് II തസ്‌തികകളിലേക്കും പ്രത്യേക റിക്രൂട്ട്മെന്‍റ് നടക്കുന്നു.

വിവിധ വകുപ്പുകളിലെ ക്ലർക്ക് -ടൈപ്പിസ്റ്റ് തസ്‌തികയും ഇതിലുണ്ട്. പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി -ആംഡ് പൊലീസ് ബറ്റാലിയൻ), പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ തുടങ്ങി മുൻഗണനാ വിഭാഗങ്ങൾക്കായുള്ള എൻസിഎ വിജ്ഞാപനങ്ങളും ഈ ഗസറ്റിന്‍റെ ഭാഗമാണ്.

www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ' പൂർത്തിയാക്കിയവർക്ക് പ്രൊഫൈൽ ലോഗിൻ ചെയ്‌ത് അതത് തസ്‌തികകളിലേക്ക് അപേക്ഷിക്കാം. വിശദമായ യോഗ്യതകൾക്ക് വിജ്ഞാപനം കാണുക.

പിഎസ്‌സിയില്‍ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലുകള്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. യോഗ്യതയും മറ്റും സംബന്ധിച്ച വിവരങ്ങള്‍ക്ക് അവരവരുടെ പ്രൊഫൈലില്‍ പ്രവേശിച്ച ശേഷം അപേക്ഷ സമര്‍പ്പിക്കാം. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷം അപേക്ഷ നല്‍കുക.

Last Updated : July 8, 2026 at 12:17 PM IST