ETV Bharat / education-and-career
നീറ്റ് യുജി 2026; ഈ പ്രാവശ്യം അപേക്ഷകര്‍ കുറവ്, MBBS സീറ്റിന് മത്സരം കുറയും, വിദഗ്‌ധര്‍ പറയുന്നത്...
ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തീയതി അടുത്തിട്ടും അപേക്ഷകരുടെ എണ്ണത്തിൽ കുറവ്. ഈ പ്രവണത തുടരുകയാണെങ്കിൽ രാജ്യത്ത് എംബിബിഎസ് സീറ്റിലേക്കുള്ള മത്സരം കുറയുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ...

Published : March 6, 2026 at 2:23 PM IST
കോട്ട: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി രജിസ്‌റ്റര്‍ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഈ വര്‍ഷം കുറവെന്ന് കണക്കുകള്‍. ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തീയതി അടുത്തിട്ടും എണ്ണത്തിൽ കാര്യമായ വർധവവുണ്ടായില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കുറവ് അപേക്ഷകളാണ് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാർച്ച് എട്ട് രാത്രി ഒമ്പത് മണിവരെയാണ് വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ. ഇതുവരെ ലഭിച്ചത് 19.20 ലക്ഷം അപേക്ഷകൾ മാത്രമാണ്. ഫെബ്രുവരി എട്ടിനാണ് അപേക്ഷ ആരംഭിച്ചത്. ആദ്യ ദിവസം 80,000 അപേക്ഷകൾ ലഭിച്ചിരുന്നു. എന്നാൽ പിന്നീട് അത് കുറഞ്ഞു. അതേസമയം ശേഷിക്കുന്ന രണ്ട് ദിവസങ്ങളിൽ ഏകദേശം രണ്ട് ലക്ഷം അപേക്ഷകൾ കൂടി ലഭിച്ചേക്കാമെന്നാണ് കരിയർ കൗൺസിലിങ് വിദഗ്‌ധൻ പാരിജാത് മിശ്ര പറയുന്നത്.
എംബിബിഎസ് ട്രെൻഡ് മാറുമോ
അതേസമയം ഈ പ്രവണത തുടരുകയാണെങ്കിൽ രാജ്യത്ത് എംബിബിഎസ് സീറ്റിലേക്കുള്ള മത്സരം കുറയുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. സമയ പരിധി നീട്ടുമെന്ന് കരുതിയാണ് മിക്ക വിദ്യാർഥികളും അപേക്ഷ നൽകാൻ വൈകുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി നാഷണൽ ടെസ്‌റ്റിങ് ഏജൻസി നീറ്റ് യുജി അപേക്ഷ നൽകാനുള്ള സമയ പരിധി നീട്ടിയിട്ടില്ലെന്ന് വിദ്യാഭ്യാസ വിദഗ്‌ധൻ ദേവ് ശർമ്മ വ്യക്തമാക്കി. 2024ൽ 2.4 ദശലക്ഷം അപേക്ഷ ലഭിച്ചിരുന്നു. അതിൽ 2.3 ദശലക്ഷം വിദ്യാർഥികൾ മാത്രമാണ് പരീക്ഷ എഴുതിയതെന്നും ശർമ്മ പറഞ്ഞു. 2025ൽ ആകട്ടെ 2.2 ദശലക്ഷം അപേക്ഷകളാണ് ലഭിച്ചത്.
നിലവിലെ സാഹചര്യം കണക്കിലെടുത്താൽ ഏകദേശം 21.50 ലക്ഷം അപേക്ഷകൾ വരെ ലഭിക്കുകയുള്ളൂ എന്ന് പാരിജത് മിശ്ര പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ അപേക്ഷക നൽകുന്നതിൽ കുറവുണ്ട്. രണ്ട് ദിവസം മാത്രമാണ് ഇനി ബാക്കി. എന്നാൽ സാധാരണ അവസാന ദിവസം അധികം അപേക്ഷകൾ വരുന്നത് കാണാറില്ലെന്നും ചിലസമയങ്ങളിൽ വൈബ്‌സൈറ്റ് പ്രവർത്തനരഹിതമാകുന്നുണ്ടെന്നും രാജീവ് ഗാന്ധി നഗറിൽ ഇൻ്റര്‍നെറ്റ് കഫേ നടത്തുന്ന പങ്കജ് ഖണ്ഡേൽവാൾ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
2026 മെയ് മൂന്നിനാണ് (ഞായർ) പരീക്ഷ. നീറ്റ് യുജി പരീക്ഷ ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ നടക്കും. കഴിഞ്ഞ വർഷത്തെ പോലെ പരീക്ഷയുടെ ദൈർഘ്യം 180 മിനിറ്റ് (3 മണിക്കൂർ) ആയിരിക്കും. ഓൺലൈൻ അപേക്ഷാ ഫീസ് മാർച്ച് 8 ന് രാത്രി 11.50 വരെ അടയ്ക്കാം. അപേക്ഷയിൽ തിരുത്തലുകൾക്കുള്ള അവസരം 2026 മാർച്ച് 10 മുതൽ 12 വരെയായിരിക്കും.
നീറ്റ് യുജി 2026 വെബ്സൈറ്റ് വഴി അപേക്ഷകർക്ക് ഓൺലൈനായി അപേക്ഷിക്കാം. ജനറൽ വിഭാഗത്തിലെ വിദ്യാർഥികൾക്ക് പരീക്ഷാ ഫീസ് 1,700 രൂപയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം (ഇഡബ്ല്യുഎസ്), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) വിഭാഗങ്ങൾക്ക് 1,600 രൂപയുമാണ്. പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി) വിഭാഗക്കാർക്ക് 1,000 രൂപയാണ് ഫീസ്. ഓൺലൈൻ അപേക്ഷാ പ്രക്രിയയിൽ ജിഎസ്‌ടിയും ഈടാക്കും.
ഇന്ത്യയ്ക്ക് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുന്നവർക്ക് 9,500 രൂപയാണ് ഫീസ്. എല്ലാ ഉദ്യോഗാർഥികൾക്കും ഇൻ്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, യുപിഐ എന്നിവ വഴി ഓൺലൈനായി രജിസ്ട്രേഷൻ ഫീസ് അടയ്ക്കാം. പരീക്ഷാ കേന്ദ്രങ്ങൾ അഡ്‌മിറ്റ് കാർഡിനൊപ്പം പ്രഖ്യാപിക്കും. ഈ വർഷം ഹിന്ദി, ഇംഗ്ലീഷ്, അസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 13 ഭാഷകളിൽ പരീക്ഷ നടത്തുമെന്ന് ദേവ് ശർമ്മ പറഞ്ഞു.

