ETV Bharat / education-and-career

നീറ്റ് ചോദ്യ പേപ്പർ ചോർച്ച; കർശന സുരക്ഷയൊരുക്കാന്‍ എൻടിഎ, 7.5 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചു

ഓഗസ്റ്റ് 17 വരെ ബിഡുകൾ സമർപ്പിക്കാൻ സാധിക്കും. അതേസമയം പ്രിൻ്റിങ്-സർവീസസ് ടെൻഡർ ഓഗസ്റ്റ് 20 ന് അവസാനിക്കും.

NEET UG controversy  NEET 2026 paper leak  National Testing Agency  QCBS model
Representational image (ETV Bharat)
author img

By ETV Bharat Kerala Team

Published : August 3, 2026 at 2:15 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് പിന്നാലെ കർശന സുരക്ഷ ഒരുക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). മിന്‍റോ റോഡിലെ ആസ്ഥാനം, ഓഖ്‌ലയിലെ റീജിയണൽ ഓഫീസുകൾ, സംഭരണ കേന്ദ്രങ്ങൾ തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്നതിനായി 7.5 കോടി രൂപയുടെ ടെൻഡറാണ് എൻടിഎ ക്ഷണിച്ചിരിക്കുന്നത്.

ജൂലൈ 25-ന് പുറപ്പെടുവിച്ച റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ രേഖ പ്രകാരം ജിഎസ്‌ടി കൂടാതെ രണ്ട് വർഷത്തെ കരാറിന് ഏകദേശം 7.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എൻടിഎയുടെ ഉദ്യോഗസ്ഥർ, സന്ദർശകർ, സ്വത്തുക്കൾ, കെട്ടിടങ്ങൾ, പരീക്ഷാ രേഖകൾ, രഹസ്യ പരീക്ഷാ സാമഗ്രികൾ, സെർവർ റൂമുകൾ, സ്ട്രോങ് റൂമുകൾ തുടങ്ങിയ നിർണായക അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. തുടക്കത്തിൽ രണ്ട് വർഷത്തേക്കുള്ള ഈ കരാർ, തൃപ്തികരമായ പ്രകടനത്തിന്‍റെയും ഇരുവിഭാഗത്തിന്‍റെയും സമ്മതത്തിന്‍റെയും അടിസ്ഥാനത്തിൽ തുടർന്നുള്ള രണ്ട് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാൻ വ്യവസ്ഥയുണ്ട്.

താൽപ്പര്യമുള്ള ഏജൻസികൾക്ക് ഓഗസ്റ്റ് 17 ഉച്ചയ്ക്ക് 3 മണി വരെ ബിഡുകൾ സമർപ്പിക്കാവുന്നതാണ്. ഇതോടൊപ്പം പരീക്ഷാ പ്രിന്റിംഗ് സേവനങ്ങൾക്കായുള്ള ടെൻഡർ ബിഡ് ഓഗസ്റ്റ് 20-ന് അവസാനിക്കും. ഏറ്റവും കുറഞ്ഞ തുക തരുന്ന ഏജൻസിയെ തിരഞ്ഞെടുക്കുന്ന പരമ്പരാഗത രീതിക്ക് പകരം, സുരക്ഷയും ഗുണനിലവാരവും മുൻനിർത്തി ക്വാളിറ്റി ആൻഡ് കോസ്റ്റ് ബേസ്ഡ് സെലക്ഷൻ മാതൃകയിലാണ് കരാർ നൽകുന്നത്. ഇതിൽ സാങ്കേതിക മികവിന് 70 ശതമാനവും സാമ്പത്തിക കാര്യങ്ങൾക്ക് 30 ശതമാനവുമാണ് മുൻഗണന. സാങ്കേതിക മൂല്യനിർണ്ണയത്തിൽ 100-ൽ കുറഞ്ഞത് 70 മാർക്ക് നേടുന്ന ഏജൻസികളെ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കുകയുള്ളൂ.

ടെൻഡറിൽ പങ്കെടുക്കാൻ 15 ലക്ഷം രൂപ നിരതദ്രവ്യം കെട്ടിവെക്കണം. ബിഡ് സമർപ്പിക്കുന്ന ഏജൻസികൾക്ക് കുറഞ്ഞത് 5 വർഷത്തെ പ്രൊഫഷണൽ സുരക്ഷാ സേവന പരിചയവും കഴിഞ്ഞ 3 സാമ്പത്തിക വർഷങ്ങളിൽ ശരാശരി 10 കോടി രൂപയുടെ വാർഷിക വിറ്റുവരവും ഉണ്ടായിരിക്കണം. കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, വിമാനത്താവളങ്ങൾ, ഐടി പാർക്കുകൾ, മെട്രോ സംവിധാനങ്ങൾ തുടങ്ങി അതീവ സുരക്ഷ ആവശ്യമുള്ള ഇടങ്ങളിൽ സേവനം അനുഷ്ഠിച്ച പരിചയം നിർബന്ധമാണ്.

തിരഞ്ഞെടുക്കപ്പെടുന്ന ഏജൻസി ശാരീരികക്ഷമതയുള്ളതും പൊലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കിയതുമായ സുരക്ഷാ ജീവനക്കാരെയായിരിക്കും വിന്യസിക്കേണ്ടത്. പ്രവേശന നിയന്ത്രണം, പെട്രോളിംഗ്, സിസിടിവി നിരീക്ഷണം, വിസിറ്റർ മാനേജ്‌മെന്റ്, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയായിരിക്കും ഇവരുടെ ചുമതലകൾ. പരീക്ഷാ സമയങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും രഹസ്യ സാമഗ്രികളുടെ സുരക്ഷിതമായ നീക്കത്തിനും അധിക ജീവനക്കാരെ പെട്ടെന്ന് ലഭ്യമാക്കാൻ ഏജൻസിക്ക് സാധിക്കണം.

ഡൽഹി-എൻസിആർ മേഖലയിലേക്ക് പ്രാരംഭ ഘട്ടത്തിൽ 40 ആൺ ഗാർഡുമാർ, 10 പെൺ ഗാർഡുമാർ, 2 സെക്യൂരിറ്റി സൂപ്പർവൈസർമാർ എന്നിവരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യാനുസരണം ഇവരുടെ എണ്ണത്തിൽ 50 ശതമാനം വരെ മാറ്റം വരുത്താൻ എൻടിഎയ്ക്ക് അധികാരമുണ്ട്. സുരക്ഷാ ജീവനക്കാർ ഒരു കാരണവശാലും രഹസ്യ വിവരങ്ങൾ ചോർത്തുകയോ പകർപ്പെടുക്കുകയോ ചിത്രീകരിക്കുകയോ ചെയ്യരുത് എന്ന് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തെ പരീക്ഷാ സംവിധാനത്തിന്‍റെ വിശ്വസനീയതയും സുതാര്യതയും വീണ്ടെടുക്കാനുള്ള സമഗ്രമായ സുരക്ഷാ പരിഷ്കാരങ്ങളുടെ ഭാഗമായാണ് എൻടിഎയുടെ ഈ പുതിയ നീക്കം.

Also Read: നീറ്റ് യുജി 2026 എഴുതിയ വിദ്യാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്, കൗണ്‍സലിങ് തീയതികള്‍ വിശദമായി അറിയാം