ETV Bharat / education-and-career
പ്രത്യാഘാതങ്ങള്‍ ഗുരുതരം; 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു; പ്രഖ്യാപനവുമായി കര്‍ണാടക
കര്‍ണാടകയില്‍ 16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം.

Published : March 6, 2026 at 11:41 AM IST
ബെംഗളൂരു: കര്‍ണാടകയില്‍ 16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍. വര്‍ധിച്ച് വരുന്ന മൊബൈൽ ഫോണുകളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് തടയിടാനാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടി കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ബജറ്റ് സമ്മേളനത്തിനിടെയാണ് പ്രഖ്യാപനം.
കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ കേൾക്കാൻ മൊബൈൽ ഫോൺ നൽകിയാൽ അവർ സോഷ്യൽ മീഡിയ ഉപയോഗിക്കും. കുട്ടികൾ സ്വന്തമായി സോഷ്യൽ മീഡിയയിൽ ലോഗിൻ ചെയ്യാറുണ്ടായിരുന്നു. എന്നിരുന്നാല്‍ ഇപ്പോൾ 16 വയസിന് താഴെയുള്ള കുട്ടികൾ ലോഗിൻ ചെയ്യുന്നതിന് മുമ്പ് അവരുടെ പ്രായം പരിശോധിക്കേണ്ടത് നിർബന്ധമാക്കിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവാക്കളില്‍ സോഷ്യല്‍ മീഡിയയുടെ ഉപഭോഗം ദിനം പ്രതി വര്‍ധിച്ച് വരികയാണെന്നും അതുകൊണ്ട് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെ ശരിയായ ഉപയോഗം ഉറപ്പാക്കേണ്ടതുണ്ടെന്നും നേരത്തെ കർണാടക ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ബയോടെക്നോളജി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞിരുന്നു. സോഷ്യയില്‍ മീഡിയയ്‌ക്ക് തടയിടാനായി ചില നടപടികൾ കൊണ്ടുവരുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണിപ്പോള്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനം ഉണ്ടായത്. 'ഇത് ഗുരുതരമായ ഒരു പ്രശ്‌നമാണ്. ഫിൻലാൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സമാന നടപടി സ്വീകരിച്ചിട്ടുണ്ട്. യുകെയിലും സമാനമായ നടപടിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു'.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിന് പ്രായപരിധി നിശ്ചയിക്കുന്നതിനെക്കുറിച്ച് ഇന്ത്യ ചർച്ച ചെയ്യുമെന്ന് നേരത്തെ ഐടി മന്ത്രി അശ്വിനി വൈഷ്‌ണവും പറഞ്ഞിരുന്നു. ഓസ്‌ട്രേലിയ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ വിദ്യാര്‍ഥികളെ വിലക്കിയതിന് പിന്നാലെയാണ് ഇന്ത്യയിലും ഇത്തരം നടപടികളുണ്ടാകുമെന്ന് അശ്വിനി വൈഷ്‌ണവ് പറഞ്ഞത്. ഡീപ്ഫേക്ക് വീഡിയോകളും ഫോട്ടോകളും ചിത്രീകരിക്കുന്നതിനെതിരെ ശക്തമായ നിയമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ എഐ ഇംപാക്‌റ്റ് ഉച്ചകോടിയില്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സോഷ്യല്‍ മീഡിയയില്‍ പ്രായാധിഷ്‌ഠിത നിയന്ത്രണം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ സംബന്ധിച്ചുള്ള ഈ വിഷയം പല രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ളതാണ്. ഇത്തരമൊരു നിരോധനത്തിലേക്ക് പോകാനുള്ള ശരിയായ രീതി ഏതാണെന്നും അദ്ദേഹം ചോദിച്ചു. ഡീപ്‌ഫേക്കുകളില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമാണ്.
ഇത് ദിനംപ്രതി വളർന്നുവരുന്ന ഒരു പ്രശ്‌നമാണ്. തീർച്ചയായും നമ്മുടെ കുട്ടികളെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയുണ്ട്. നമ്മുടെ സമൂഹത്തെ ഈ ദോഷങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദേശത്തുണ്ടായ നടപടികള്‍: കഴിഞ്ഞ ഡിസംബര്‍ മുതലാണ് ഓസ്‌ട്രേലിയയില്‍ 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യയില്‍ മീഡിയയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ടിക്ക്-ടോക്ക്, യൂട്യൂബ്, സ്‌നാപ്‌ച്ചാറ്റ് തുടങ്ങിയ മുന്‍നിര സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്കാണ് ഓസ്‌ട്രേലിയയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. 16 വയസിന് താഴെയുള്ള വിദ്യാര്‍ഥികളുടെ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനും ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ വലിയ തുക പിഴ അടക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
ഓസ്‌ട്രേലിയയില്‍ മാത്രമല്ല കഴിഞ്ഞ മാസം ഫ്രാന്‍സിലും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ നിരോധനം സംബന്ധിച്ച് ബില്‍ പാസാക്കിയിട്ടുണ്ട്. തീരുമാനം സെനറ്റ് വോട്ടിനായുള്ള കാത്തിരിപ്പിലാണ്. അധികം വൈകാതെ തന്നെ വിഷയത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
Also Read: സ്റ്റാറായി കോമള്‍ ദീപ്;ആടുകളെ മേയ്‌ക്കുന്നിതിനിടയില്‍ പഠനം, നേടിയെടുത്തത് ജെ.ആർ.എഫിൽ അഖിലേന്ത്യാ റാങ്ക്

