ETV Bharat / education-and-career
കേരളത്തിന് അഭിമാന നേട്ടം; ജെഇഇ മെയിൻ പേപ്പർ 2 പരീക്ഷയില്‍ മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ക്ക് 100 പെർസൻ്റൈല്‍
രാജ്യത്താകെ നാല് വിദ്യാർത്ഥികൾ 100 പെർസൻ്റൈൽ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. അതിൽ മൂന്ന് പേരും മലയാളി വിദ്യാർത്ഥികളാണെന്നത് കേരളത്തിൻ്റെ വിദ്യാഭ്യാസ മികവിന് അടിവരയിടുന്നു.

Published : May 6, 2026 at 2:40 PM IST
ന്യൂഡല്‍ഹി: ദേശീയ പരീക്ഷാ ഏജൻസി പുറത്തുവിട്ട ജെഇഇ മെയിൻ 2026 പേപ്പർ 2 (ബി.ആർക്ക്, ബി.പ്ലാനിംഗ്) ഫലങ്ങളിൽ കേരളത്തിന് സമാനതകളില്ലാത്ത വിജയം. രാജ്യത്തെ പ്രമുഖ ഐഐടികൾ, എൻഐടികൾ, സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്‌ചര്‍ എന്നിവിടങ്ങളിലെ ബി.ആർക്ക്, ബി.പ്ലാനിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ രാജ്യത്താകെ നാല് വിദ്യാർത്ഥികൾ 100 പെർസൻ്റൈൽ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. അതിൽ മൂന്ന് പേരും മലയാളി വിദ്യാർത്ഥികളാണെന്നത് കേരളത്തിൻ്റെ വിദ്യാഭ്യാസ മികവിന് അടിവരയിടുന്നു.
ബി.ആർക്ക് വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള മീര കൃഷ്ണ ആർ.എസ്., സൂര്യ തേജസ് എസ്. എന്നിവർ 100 പെർസൻ്റൈൽ സ്കോർ കരസ്ഥമാക്കി ചരിത്രം കുറിച്ചു. ബി.പ്ലാനിംഗ് വിഭാഗത്തിൽ കേരളത്തിൻ്റെ ഗൗരി ശങ്കർ വി. ആണ് നൂറിൽ നൂറ് നേട്ടം സ്വന്തമാക്കിയത്. ഉത്തർപ്രദേശിൽ നിന്നുള്ള സാർത്ഥക് അഗർവാളാണ് 100 പെർസന്റൈൽ നേടിയ നാലാമത്തെ താരം.
പെൺകരുത്തായി മീര കൃഷ്ണ
ഈ വർഷത്തെ ഫലങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് മീര കൃഷ്ണ ആർ.എസ്. എന്ന മലയാളി പെൺകുട്ടിയുടെ പ്രകടനമാണ്. ബി.ആർക്ക് വിഭാഗത്തിൽ 100 പെർസൻ്റൈൽ നേടി ദേശീയ തലത്തിൽ പെൺകുട്ടികളിൽ ഒന്നാമതെത്തിയ മീര, ബി.പ്ലാനിംഗ് വിഭാഗത്തിലും 99.98 പെർസൻ്റൈലോടെ ദേശീയ തലത്തിൽ മികച്ച സ്കോർ നേടി.
ടോപ്പർമാരുടെ പട്ടികയിൽ കേരളത്തിൻ്റെ ആധിപത്യം
ആദ്യ പത്ത് സ്ഥാനക്കാരുടെ പട്ടിക പരിശോധിച്ചാലും കേരളത്തിൻ്റെ ആധിപത്യം വ്യക്തമാണ്.
ബി.ആർക്ക്: മീര കൃഷ്ണ, സൂര്യ തേജസ് എന്നിവർക്ക് പുറമെ നന്ദന അഴൈയും ആദ്യ പത്തിൽ ഇടംപിടിച്ചു.
ബി.പ്ലാനിംഗ്: ഗൗരി ശങ്കറിനൊപ്പം ലൂയിസ് ബ്രൈറ്റ് കഞ്ഞീരത്തിങ്കലും മീര കൃഷ്ണയും ടോപ്പർമാരുടെ പട്ടികയിലുണ്ട്.
തമിഴ്‌നാട്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും മികച്ച പ്രകടനം കാഴ്ചവെച്ചു. ജനുവരി 29-നും ഏപ്രിൽ 7-നുമായി നടന്ന പരീക്ഷകളിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ബി.ആർക്കില്‍ 94,513 പേർ രജിസ്റ്റർ ചെയ്തതിൽ 67,139 പേർ പരീക്ഷ എഴുതി. ബി.പ്ലാനിങ്ങില്‍ 45,729 പേർ രജിസ്റ്റർ ചെയ്തതിൽ 30,050 പേർ പരീക്ഷയിൽ പങ്കെടുത്തു. ദേശീയ തലത്തിലുള്ള ഏറ്റവും കടുപ്പമേറിയ പ്രവേശന പരീക്ഷകളിലൊന്നിലാണ് കേരളത്തിലെ വിദ്യാർത്ഥികളുടെ മികവ്.
എന്താണ് ജെഇഇ മെയിൻ പേപ്പർ 2?
രാജ്യത്തെ പ്രമുഖ ഐഐടികൾ, എൻഐടികൾ, സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ എന്നിവിടങ്ങളിലെ ബി.ആർക്ക്, ബി.പ്ലാനിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ജെഇഇ മെയിൻ പേപ്പർ 2. എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള പേപ്പർ 1-ൽ നിന്ന് വ്യത്യസ്തമായി, ആർക്കിടെക്ചർ, പ്ലാനിംഗ് എന്നിവയിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ് ഈ പരീക്ഷ. മാത്തമാറ്റിക്സ്, ആപ്റ്റിറ്റ്യൂഡ്, ഡ്രോയിംഗ്/പ്ലാനിംഗ് എന്നീ വിഷയങ്ങളിലെ പ്രാവീണ്യമാണ് ഇതിലൂടെ അളക്കുന്നത്.
ഫലം എങ്ങനെ പരിശോധിക്കാം?
- http://jeemain.nta.nic.in/ എന്ന സൈറ്റിൽ പ്രവേശിക്കുക.
- ഹോം പേജിലുള്ള 'JEE Main 2026 Session 2 Scorecard' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ (Application Number), ജനനത്തീയതി (Date of Birth) എന്നിവ ടൈപ്പ് ചെയ്യുക. - സ്ക്രീനിൽ കാണുന്ന സെക്യൂരിറ്റി പിൻ (Captcha) കൃത്യമായി നൽകുക.
- 'Submit' ബട്ടൺ അമർത്തിയാൽ നിങ്ങളുടെ സ്കോർകാർഡ് സ്ക്രീനിൽ തെളിയും.
- ഭാവി ആവശ്യങ്ങൾക്കായി റിസൾട്ട് ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് എടുത്ത് സൂക്ഷിക്കുക.

