ETV Bharat / education-and-career

ജെഇഇ അഡ്വാൻസ്‌ഡ് 2026 ഫലം പ്രഖ്യാപിച്ചു: തുടർച്ചയായ മൂന്നാം വർഷവും അഖിലേന്ത്യ തലത്തില്‍ കോട്ട ഒന്നാമത്

ബിഹാർ ഗയ സ്വദേശിയായ ശുഭം കുമാറിനാണ് ഒന്നാം റാങ്ക്,360ൽ 330 മാർക്ക് നേടി. കബീർ 329 മാർക്കും അർണവ് 314 മാർക്കും നേടി കൊത്തയ്‌ക്ക് തിളക്കമായി.

JEE ADVANCED 2026  SHUBHAM KUMAR JEE RANK 1  IIT ROORKEE RESULTS  KOTA COACHING SUCCESS
Kota toppers Shubham Kumar, Kabir Chhillar and Arnav Gautam (ETV Bharat)
author img

By ETV Bharat Kerala Team

Published : June 1, 2026 at 3:01 PM IST

3 Min Read
Choose ETV Bharat

ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്‌ഡ് 2026 ഫലം പ്രഖ്യാപിച്ചു. ബിഹാർ ഗയ സ്വദേശിയായ ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. 360ൽ 330 മാർക്കാണ് ശുഭം നേടിയത്.

ഇത്തവണ ഐഐടി റൂർക്കിയാണ് പരീക്ഷ നടത്തിയത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്രഖ്യാപിക്കാനിരുന്ന ഫലം നിശ്ചയിച്ച സമയത്തിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ഔദ്യോഗിക പോർട്ടലായ jeeadv.ac.in-ൽ ലഭ്യമാക്കി. വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഒമ്പതക്ക റോൾ നമ്പർ, ജനനത്തീയതി, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകി സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാം.

മുൻവർഷങ്ങളിലേതു പോലെ രാജസ്ഥാനിലെ കോട്ട ഇത്തവണയും മികച്ച നേട്ടം കൊയ്‌തു. ശുഭം കുമാറിന് പുറമെ രണ്ടാം റാങ്കുകാരൻ കബീർ ചില്ലർ, ഏഴാം റാങ്കുകാരൻ അർണവ് ഗൗതം എന്നിവരും കോട്ടയിലാണ് പരിശീലനം നടത്തിയത്. കബീർ 329 മാർക്കും അർണവ് 314 മാർക്കും നേടി. 2000 മുതൽ 2026 വരെ 12 തവണ കോട്ടയിലെ വിദ്യാർഥികൾ ഒന്നാം റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. തുടർച്ചയായ മൂന്നാം വർഷമാണ് ഇവിടുത്തെ വിദ്യാർഥികൾ ഒന്നാമതെത്തുന്നത്. 2024ൽ വേദ് ലഹോത്തിയും 2025ൽ രജിത് ഗുപ്‌തയുമായിരുന്നു ജേതാക്കൾ. നിരവധി വിദ്യാർഥികൾ ഇത്തവണ യോഗ്യത നേടിയതായി അലൻ കരിയർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ രാജേഷ് മഹേശ്വരി പ്രതികരിച്ചു. മികച്ച അക്കാദമിക് സാഹചര്യവും അധ്യാപകരുമാണ് നേട്ടത്തിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പത്താം ക്ലാസിന് ശേഷമാണ് ശുഭം കുമാർ പഠനത്തിനായി കോട്ടയിൽ എത്തിയത്. ശാസ്ത്ര വിഷയങ്ങളിലെ കൃത്യമായ അറിവിനൊപ്പം മികച്ച മാനസികാരോഗ്യവും ചിട്ടയായ പഠനവുമാണ് തൻ്റെ വിജയത്തിന് കാരണമെന്ന് ശുഭം വ്യക്തമാക്കി. കോച്ചിങ്ങിന് പുറമെ എട്ടു മണിക്കൂർ വരെ ദിവസവും സ്വയം പഠിക്കാൻ സമയം കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമങ്ങൾ പൂർണമായും ഒഴിവാക്കാതെ അവ നിയന്ത്രിതമായി ഉപയോഗിക്കുകയാണ് ചെയ്‌തതെന്നും ശുഭം കൂട്ടിച്ചേർത്തു. ഗയയിൽ ഹാർഡ് വെയർ ബിസിനസ് നടത്തുന്ന ശിവ് കുമാറിൻ്റെയും കഞ്ചൻ ദേവിയുടെയും മകനാണ്. സഹോദരി ശ്രേയ ഐഐടി പട്‌നയിൽ ബിടെക് വിദ്യാർഥിനിയാണ്.

രണ്ടാം റാങ്ക് നേടിയ കബീർ കോട്ടയിൽ ഒറ്റയ്ക്ക് താമസിച്ചാണ് പഠനം പൂർത്തിയാക്കിയത്. ഐഐടി കാൻപുർ പൂർവവിദ്യാർഥിയായ മോഹിത് ചില്ലറിൻ്റെയും അധ്യാപികയായ പ്രിയങ്കയുടെയും മകനാണ് കബീർ. പഠനഭാഗങ്ങൾ ലഘുവാക്കി മാറ്റി കൃത്യമായി പഠിച്ചതാണ് തൻ്റെ നേട്ടത്തിന് കരുത്തായതെന്ന് കബീർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയിൽ കബീർ പ്രത്യേക പരിശീലനം നേടിയിരുന്നു. വിദ്യാർഥിനികളിൽ ഒന്നാമതെത്തിയത് മഹാരാഷ്ട്ര സ്വദേശിയായ അഞ്ജലി ശർമയാണ്. അഖിലേന്ത്യാ തലത്തിൽ അഞ്ജലി 12-ാം റാങ്ക് കരസ്ഥമാക്കി. 360ൽ 305 മാർക്കാണ് അഞ്ജലി നേടിയത്. കഠിനാധ്വാനവും മികച്ച അധ്യാപകരുടെ പിന്തുണയുമാണ് ഈ വിജയത്തിന് കാരണമെന്ന് അഞ്ജലിയും പറഞ്ഞു.

രാജ്യത്തെ 23 ഐഐടികളിലെ പ്രവേശനത്തിനായാണ് പരീക്ഷ നടത്തുന്നത്. വലിയൊരു വിഭാഗം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ലക്ഷക്കണക്കിന് പേർ പരീക്ഷയെഴുതിയതിൽ രണ്ടു ലക്ഷത്തിലധികം വിദ്യാർഥികൾ പ്രവേശനത്തിന് യോഗ്യതനേടി. ജോയിൻ്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി വഴിയാണ് തുടർ കൗൺസിലിങ് നടക്കുക. യോഗ്യത നേടിയ വിദ്യാർഥികൾക്ക് സ്വന്തം റാങ്ക് അനുസരിച്ച് താത്പര്യമുള്ള ഐഐടികളും കോഴ്‌സുകളും തെരഞ്ഞെടുക്കാം. അലോക്കേഷൻ നടപടികളെല്ലാം പൂർണമായും ഓൺലൈനായാണ് പൂർത്തിയാക്കേണ്ടത്.

ഇത്തവണ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കായി 1,87,389 പേർ രജിസ്റ്റർ ചെയ്തതിൽ 1,79,694 പേർ പരീക്ഷ എഴുതി. ഇതിൽ 56,880 വിദ്യാർഥികൾ കൗൺസിലിംഗിന് യോഗ്യത നേടി. 31.65 ശതമാനമാണ് ആകെ വിജയശതമാനം. വിദ്യാഭ്യാസ വിദഗ്ധൻ ദേവ് ശർമ്മയുടെ അഭിപ്രായത്തിൽ കഴിഞ്ഞ 8 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിജയനിരക്കാണിത്.

ചോദ്യപേപ്പറിൻ്റെ കാഠിന്യം കണക്കിലെടുത്ത് കട്ട്-ഓഫ് കുറയുമെന്ന് കരുതിയ വിദഗ്ധരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് മാർക്കുകൾ ഉയർന്നത്. 2025-നെ അപേക്ഷിച്ച് ജനറൽ കാറ്റഗറിക്ക് 18 മാർക്കും, ഒബിസി/ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 16 മാർക്കും, എസ്സി/എസ്ടി വിഭാഗങ്ങൾക്ക് 9 മാർക്കും കട്ട്-ഓഫിൽ വർധനവുണ്ടായി.

​2024-ൽ ജനറൽ വിഭാഗത്തിൻ്റെ കട്ട്-ഓഫ് 109 മാർക്ക് (30.34%) ആയിരുന്നു. എന്നാൽ 2025-ൽ ഇത് 74 മാർക്കായി (20.56%) കുറഞ്ഞു. അവിടെ നിന്നാണ് 2026-ൽ വീണ്ടും 92 മാർക്കിലേക്ക് കട്ട്-ഓഫ് കുതിച്ചുയർന്നത്. യോഗ്യത നേടിയ വിദ്യാർഥികൾക്ക് ഇനി ഐഐടി പ്രവേശനത്തിനായുള്ള ജോയിൻ്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA) കൗൺസിലിംഗിൽ പങ്കെടുക്കാം.

ഐഐടികൾക്ക് പുറമെ എൻഐടികൾ, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്കും ഈ റാങ്ക് തന്നെ പരിഗണിക്കും. രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുക എന്നത് ഒട്ടുമിക്ക വിദ്യാർഥികളുടെയും വലിയ സ്വപ്‌നമാണ്. കോട്ടയിലെ പരിശീലന കേന്ദ്രങ്ങൾ ഇത്തവണയും മികച്ച വിജയശതമാനം നിലനിർത്തിയതോടെ വരും വർഷങ്ങളിലും കൂടുതൽ കുട്ടികൾ അവിടേക്ക് എത്തുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. പഠനത്തിനും പരീക്ഷകൾക്കും ശേഷം ഫലം അറിയാനുള്ള കാത്തിരിപ്പിലായിരുന്നു വിദ്യാർഥികൾ. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതോടെ വൈകാതെ പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഔദ്യോഗിക ഫലവും പ്രവേശനം സംബന്ധിച്ച വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.

Also Read: നീറ്റ് ചോദ്യപേപ്പർ ചോർച്ച: നിർണായക യോഗം ഇന്ന്, സിബിഐ അന്വേഷണം പാർലമെൻ്ററി സമിതി വിലയിരുത്തും