ETV Bharat / education-and-career

പോകാം പരീക്ഷാ ഹാളിലേക്ക്, ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാം, പത്താംക്ലാസ് ഒന്നാം ഭാഷയിലെ പരീക്ഷയ്ക്ക് തയാറെടുക്കേണ്ടത് ഇങ്ങനെ

എസ്‌എസ്എല്‍സിക്കാര്‍ പരീക്ഷയ്ക്കായുള്ള അവസാന മണിക്കൂര്‍ ഒരുക്കത്തിലാണ്. അറഞ്ഞ് പഠിച്ചാല്‍ മുഴുവന്‍ മാര്‍ക്കും കൂടെപ്പോരും, അറിയാം പരീക്ഷയുടെ അവസാന മണിക്കൂര്‍ തയാറെടുപ്പുകളില്‍ ഒന്നാം ഭാഷാ പരീക്ഷയെ എങ്ങനെ നേരിടണമെന്ന്

HOW TO PREPARE SSLC EXAM  മലയാളം പത്താംക്ലാസ് പരീക്ഷ  ഒന്നാം ഭാഷ പരീക്ഷ  കേരള പൊതുവിദ്യാഭ്യാസ വകുപ്പ്
how to prepare sslc exam in the last hours (Etv Bharat)
author img

By ETV Bharat Kerala Team

Published : February 27, 2026 at 11:41 AM IST

|

Updated : February 28, 2026 at 10:50 AM IST

5 Min Read
Choose ETV Bharat

ഇനി നമ്മള്‍ പരീക്ഷാക്കാലത്തിലേക്ക് കടക്കുകയാണ്. ഐസിഎസ്‌ഇ, ഐഎസ്ഇ, സിബിഎസ്‌ഇ പത്ത്-പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷകള്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. മാര്‍ച്ച് അഞ്ചിന് നമ്മുടെ എസ്‌എസ്എല്‍സി പരീക്ഷകളും പതിനൊന്നാം ക്ലാസ് പരീക്ഷയും തുടങ്ങും ആറിനാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

Also Read: എസ്‌എസ്‌എല്‍സി 2026; പരീക്ഷാ പാറ്റേണ്‍ ഇങ്ങനെ, മികച്ച മാര്‍ക്ക് നേടാം ഇതൊന്ന് വായിക്കൂ...

പത്താംക്ലാസ് പരീക്ഷയുടെ ആദ്യ ദിവസം മാതൃഭാഷയാണ്. മലയാളം, സംസ്‌കൃതം, അറബിക്, ഉര്‍ദു, തമിഴ്‌, കന്നഡ തുടങ്ങിയ ഭാഷകളാണ് കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രധാനമായും മാതൃഭാഷകളായി പഠിപ്പിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കുട്ടികള്‍ നേരത്തെ തന്നെ പരീക്ഷാഹാളിലേക്ക് എത്തുകയും കൂള്‍ ഓഫ് ടൈം വേണ്ട വിധം ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് കൊല്ലം തേവലക്കര ഹൈസ്‌കൂള്‍ സംസ്‌കൃതം അധ്യാപിക രാജലക്ഷ്‌മിക്ക് പറയാനുള്ളത്. ഇക്കുറി പാഠപുസ്‌തകങ്ങള്‍ മാറിയതിന്‍റെ ഒരു ആശങ്കയും ഈ അധ്യാപിക പങ്കിടുന്നുണ്ട്. പുതിയ പുസ്‌തകവും പരീക്ഷാ ശൈലിയും ഒക്കെ നല്ലത് തന്നെയാണെന്ന് അഭിപ്രായപ്പെടുന്ന രാജലക്ഷ്‌മി പക്ഷേ ഇത് കതിരില്‍ വളം വച്ചത് പോലെയാണെന്നും ചൂണ്ടിക്കാട്ടുന്നു. താഴെ ക്ലാസ് മുതല്‍ തന്നെ ഇത്തരത്തിലുള്ള പാഠ്യപദ്ധതി സ്വീകരിച്ച് വരേണ്ടതുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.

എങ്കിലും കുട്ടികള്‍ ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കണമെന്ന് രാജലക്ഷ്‌മി നിര്‍ദ്ദേശിക്കുന്നു. കൂള്‍ ഓഫ് ടൈമില്‍ യാതൊരു കാരണവശാലും ഉത്തരമെഴുതാന്‍ ശ്രമിക്കരുത്. കൂള്‍ ഓഫ് ടൈം അവസാനിച്ച ശേഷം ബെല്‍ അടിക്കുമ്പോള്‍ ചോദ്യപേപ്പര്‍ മനസിരുത്തി വായിച്ച് ഉത്തരം എഴുതാന്‍ ആരംഭിക്കുക എന്നതാണ് രാജലക്ഷ്‌മി ടീച്ചര്‍ നല്‍കുന്ന നിര്‍ദ്ദേശം.

ഉത്തരത്തിന് ചോദ്യനമ്പറിടാതെ എഴുതുന്ന പ്രവണത കുട്ടികളില്‍ ധാരാളമായി കണ്ടു വരുന്നുണ്ട്. ഇത് തികച്ചും ഉപേക്ഷിക്കേണ്ടതുണ്ട്. കൃത്യമായി നമ്പര്‍ ഇട്ട് തന്നെ ഉത്തരം എഴുതണമെന്നും രാജലക്ഷ്‌മി പറയുന്നു.

പുസ്‌തകം നന്നായി വായിച്ച് മനസിലാക്കി കൊണ്ടുപോയാല്‍ മാത്രമേ പുതിയ രീതിയിലുള്ള പരീക്ഷയ്ക്ക് ഉത്തരമെഴുതാന്‍ സാധിക്കൂ എന്നാണ് രാജലക്ഷ്‌മി ടീച്ചറിന്‍റെ അഭിപ്രായം അത് കൊണ്ട് തന്നെ പുസ്‌തകം നന്നായി വായിക്കുക.

മലയാളം അടിസ്ഥാന പാഠാവലയില്‍ മൂന്ന് യൂണിറ്റുകളിലായി ഒന്‍പത് പാഠങ്ങളാണുള്ളത്. മാതൃഭാഷയില്‍ കുട്ടികള്‍ക്കുള്ള മിടുക്കാണ് മലയാളം പരീക്ഷയില്‍ ഉത്തരക്കടലാസില്‍ മാര്‍ക്കിടുന്നവര്‍ പരിശോധിക്കുക. വ്യാഖ്യാനിക്കുക, വിശകലനം ചെയ്യുക, താരതമ്യം ചെയ്യുക സമര്‍ത്ഥിക്കുക തുടങ്ങി ഓരോ ചോദ്യവും ആവശ്യപ്പെടുന്ന ഉത്തരം തന്നെ എഴുതണം. ഒറ്റവാക്കിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ പാഠഭാഗം നന്നായി വായിച്ച് പഠിക്കുക തന്നെ വേണം. ഓരോ ചോദ്യവും വായിച്ച്, ഉള്‍ക്കൊണ്ട്, യുക്തിയോടെ ചിന്തിച്ച് ഉത്തരമെഴുതിയാല്‍ മലയാളത്തിന് മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കാം.

പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങള്‍

വ്യാകരണത്തില്‍ നിന്ന് നല്ലൊരു വിഭാഗം ചോദ്യങ്ങളുണ്ടാകാം. ആനുകാലിക വിഷയങ്ങളെ അധികരിച്ച് ഒരു ഉപന്യാസം തയാറാക്കാനുള്ള ചോദ്യവും വരാം. മൂന്നിലൊന്നായി സംഗ്രഹിക്കാനും ആസ്വാദനം തയാറാക്കാനുമുള്ള ചോദ്യങ്ങളും ഉണ്ടാകും.

പത്താംക്ലാസ് മലയാളം പരീക്ഷയ്ക്ക് ചോദിക്കാനിടയുള്ള ചില ചോദ്യങ്ങളെക്കുറിച്ച് കൊല്ലം തേവലക്കര ഗേള്‍സ് ഹൈസ്‌കൂളിലെ മലയാളം അധ്യാപിക ബീന നല്‍കുന്ന ചില സൂചനകള്‍ ഇങ്ങനെയാണ്....

  • കഥാനായകന്‍റെയും ബംഗ്ലാവ് ഉടമയുടെയും സംഭാഷണരീതികൾ തമ്മിലുള്ള വ്യത്യാസം കഥയിൽ സൂചിപ്പിക്കുന്നത് എങ്ങനെ? ഇത് അവരുടെ ജീവിതശൈലിയെക്കുറിച്ച് എന്ത്‌ സൂചനയാണ് നൽകുന്നത്?
  • മണ്ണും മനുഷ്യനും’ എന്ന കഥയിലെ പ്രധാന കഥാപാത്രങ്ങളായ കഥാനായകന്‍റെയും ബംഗ്ലാവ് ഉടമയുടെയും ജീവിതവീക്ഷണങ്ങൾ താരതമ്യം ചെയ്‌ത് കഥയുടെ സന്ദേശം വ്യക്തമാക്കുക.
  • ഇതാ, ഈ ലോകത്തിന്‍റെ അവതാരമൂർത്തി ചോദിക്കുന്നു. പറയൂ മലകളേ, മരങ്ങളേ, കുറമരേ, കുറിച്യരേ, നിങ്ങൾ ആകെ എത്ര ജീബി?
  • വരികളുടെ ആശയം വ്യക്തമാക്കി സമകാലിക പ്രസക്തി എത്രമാത്രമുണ്ടെന്ന് കണ്ടെത്തി എഴുതുക
  • ആധുനിക സാങ്കേതികവിദ്യയും പരമ്പരാഗത ജീവിതരീതികളും തമ്മിലുള്ള സംഘർഷം കവിതയിൽ എങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉദാഹരണസഹിതം വ്യക്തമാക്കുക.
  • വെള്ളത്തിന് തെളിയാതിരിക്കാനാവില്ല’ എന്ന പാഠഭാഗത്തിൽ പ്രകൃതിയും മനുഷ്യനും തമ്മി ലുള്ള ബന്ധം എങ്ങനെയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.നൂർമുഹമ്മദ്, പെൺകുട്ടി എന്നീ കഥാപാത്രങ്ങളെ മുൻനിർത്തി വിശകലനം ചെയ്യുക.
  • ആലപ്പുഴ വെള്ളത്തിന്‍റെ എന്തെല്ലാം സവിശേഷതകളാണ് കവിതയിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നത് കണ്ടെത്തി അവതരിപ്പിക്കുക.
  • “മണ്ണ് അവനിലേക്കും അവൻ മണ്ണിലേക്കും ലയിക്കുന്നു. ഒരു തീർഥയാത്രയുടെ പുണ്യം. തന്‍റെ യാത്ര ഇവിടെ തുടങ്ങുന്നു”. – നരേന്ദ്രന്‍റെ ഈ തിരിച്ചറിവിന്‍റെ പൊരുളെന്ത്?
  • പ്രയാണം’ എന്ന കവിതയിൽ വയലാർ രാമവർമ്മ മനുഷ്യരാശിയുടെ ശാസ്ത്രീയവും സാംസ്‌കാരികവുമായ മുന്നേറ്റങ്ങളെ എങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത് കവിതയിലെ പ്രധാന ബിംബങ്ങളും ആശയങ്ങളും വിശകലനം ചെയ്‌ത് ഉപന്യാസമെഴുതുക.
  • ‘നരബലി’ എന്ന ശീർഷകം ഈ കഥയ്ക്ക് എത്രത്തോളം അനുയോജ്യമാണ്? വിശകലനം ചെയ്യുക.
  • മനുഷ്യന്‍റെ ചരിത്രത്തിൽ ഇന്നേവരെ നടന്ന കൊലപാതകങ്ങളും യുദ്ധങ്ങളും ചേർത്തു വച്ചാൽ മൃഗങ്ങൾ നടത്തിയതിനേക്കാൾ എത്രയോ അധികമായിരിക്കും?’ കമ്പ്യൂട്ടറിന്‍റെ ഈ ചോദ്യത്തിന് ഇന്നത്തെ ലോകത്തിൽ പ്രസക്തിയുണ്ടോ? ചർച്ച ചെയ്യുക.
  • ദൈവമേ ആ കലാകാരിയാണ് ഈ കച്ചോടക്കാരന്‍റെ മൂക്കുകയറിൽ-‘ സുഹൃത്തിന്‍റെ ഈ പരിഹാസവാക്കുകളിൽ തെളിയുന്ന സാമൂഹിക കാഴ്‌ചപ്പാടെന്ത്? വിശദമാക്കുക
  • ചിത്രകാരി’ എന്ന കഥയിലെ സാമൂഹിക വിമർശനം കണ്ടെത്തുക
  • സിനിമാ നാടകഗാനങ്ങളിലെ വരികളുടെ രൂപഭംഗി പാട്ടിന്‍റെ
  • ആസ്വാദ്യതയെ സ്വാധീനിക്കാറുണ്ട്. ഈ അഭിപ്രായം വിലയിരുത്തി കുറിപ്പെഴുതുക.
  • നിനക്ക് ചിറകുകൾ ഞങ്ങൾ തരാം- സ്വർണ്ണ ചിറകുകൾ, സ്വപ്‌നങ്ങൾ- വരൂ.’ തന്നെയും തന്‍റെ ഗുരുവിനെയും ഉപദ്രവിച്ച ഉടമയോട് കിളികൾ ഇങ്ങനെ പറയുന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം സമർത്ഥിക്കുക.
  • കണികാണ്മതിനു മുമ്പേ കൺതുറന്നിട്ടാവാം ഞാനിനിയാപ്പുലർകാലം വരെയുമസംതൃപ്‌തൻ” കവി പ്രതീക്ഷിക്കുന്ന ആ പുലർകാലം ഏതാണ്? അത് പുലരാൻ എന്തൊക്കെ മാറ്റങ്ങളാണ് സമൂഹത്തിലുണ്ടാകേണ്ടത്? സ്വാഭിപ്രായം സമർഥിക്കുക.
  • ഒഴുക്ക് വെള്ളത്തിലെ ഒതളങ്ങപോലെ” ഈ ശൈലിയുടെ ശരിയായ ആശയം എന്താണ്? ജോസിന്‍റെ ജീവിതവുമായി ആ ശൈലിക്കുളള ബന്ധം വ്യക്തമാക്കുക
  • കഥാപാത്ര നിരൂപണം

ജോസ്

ഫാദർ ഫ്രാൻസിസ്

  • അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തെ ‘ഒരാറ്റംബോംബ് എന്ന് കെ. കേളപ്പൻ വിശേഷിപ്പിക്കാൻ കാരണമെന്ത്?
  • ‘ചരിത്രം രചിച്ച നാടകം’ എന്ന ലേഖനത്തിലെ ആശയങ്ങളും നിങ്ങളുടെ നിരീക്ഷണങ്ങളും ഉൾപ്പെടുത്തി, ‘സാമൂഹിക പരിഷ്‌കരണത്തിൽ കലയുടെയും സാഹിത്യത്തിന്‍റെയും പങ്ക് എന്ന വിഷയത്തിൽ ലഘു ഉപന്യാസം തയ്യാറാക്കുക
  • ‘മറ്റൊരൗദാര്യശീലത്തിലെന്നെന്നെ കേളികേട്ടുള്ളവർ കേരളീയർ!’ കവിതയുടെ അവസാനത്തിൽ കേരളീയരുടെ ഈ സവിശേഷത എടുത്തു പറയുന്നതിലൂടെ കവി എന്താണ് ലക്ഷ്യമിടുന്നത്?

സംസ്‌കൃതം പരീക്ഷയെ സംബന്ധിച്ച് മൂന്ന് അധ്യായങ്ങളുള്‍പ്പെടുന്ന ആദ്യ യൂണിറ്റില്‍ നിന്ന് കേവലം ഇരുപത് ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ മാത്രമാണ് മാതൃകാ പരീക്ഷയ്ക്ക് വന്നിരുന്നത്. അത് പോലെ തന്നെയാണ് അവസാന യൂണിറ്റിന്‍റെയും സ്ഥിതി. ബാക്കിയുള്ള അറുപത് ശതമാനം മാര്‍ക്കിന്‍റെ ചോദ്യങ്ങളും മധ്യഭാഗത്ത് നിന്നാണ്. ഇതേ രീതി തന്നെയാകും പൊതുപരീക്ഷയ്ക്കും. അത് കൊണ്ട് തന്നെ കുട്ടികള്‍ തയാറെടുക്കുമ്പോള്‍ ഈ രീതി പിന്തുടരുന്നത് സഹായകമാകും എന്നാണ് രാജലക്ഷ്‌മിയുടെ അഭിപ്രായം.

അറബിയില്‍ വ്യാകരണത്തിന് ഇപ്പോഴത്തെ പാഠ്യപദ്ധതിയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് തേവലക്കര ഗേള്‍സ് ഹൈസ്‌കൂള്‍ അറബിക് അധ്യാപിക ഷിഹാന ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ വ്യാകരണ ഭാഗങ്ങള്‍ കുട്ടികള്‍ നന്നായി പഠിച്ച് ഉറപ്പിക്കണമെന്നും ഷിഹാന പറയുന്നു. ഇതിന് പുറമെ കല്‍പ്പന ചൗളയെക്കുറിച്ചുള്ള പാഠഭാഗത്ത് നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകാം. അഴിമതി വിരുദ്ധതയെക്കുറിച്ചുള്ള കഥയെ ആസ്‌പദമാക്കി അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങള്‍ തയാറാക്കാന്‍ ആവശ്യപ്പെട്ടേക്കാം. മൊഴിമാറ്റ ചോദ്യങ്ങളും പ്രതീക്ഷിക്കാം. ചില കളിക്കാരെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ പഠിക്കാനുണ്ടായതിനാല്‍ അതിനെ അടിസ്ഥാനമാക്കി അവരുടെ ജീവചരിത്രം തയാറാക്കാനും അവരെ അഭിമുഖം ചെയ്യാനുള്ള ചോദ്യങ്ങള്‍ തയാറാക്കാനുമുള്ള പ്രവര്‍ത്തനവും ഉണ്ടാകാം.

തമിഴ്‌, ഉര്‍ദു, കന്നഡ തുടങ്ങിയ ഭാഷകളിലും സമാനമായ ചോദ്യങ്ങളാകും വരിക. എല്ലാ കുഞ്ഞുങ്ങള്‍ക്കും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. വരും ദിവസങ്ങളില്‍ മറ്റ് വിഷയങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളുണ്ടാകും.

Last Updated : February 28, 2026 at 10:50 AM IST