ETV Bharat / education-and-career
പത്താംക്ലാസ് ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഇങ്ങനെ തയാറെടുക്കൂ, മികച്ച മാര്‍ക്കുകള്‍ സ്വന്തമാക്കൂ
പല കുട്ടികളുടെയും പേടി സ്വപ്‌നമാണ് ഇംഗ്ലീഷ് പരീക്ഷ. എന്നാല്‍ വിദഗ്ദ്ധര്‍ പറയുന്ന ഈ വാക്കുകള്‍ ഒന്ന് ശ്രദ്ധിക്കൂ, ഈ തരത്തില്‍ പരീക്ഷയെ സമീപിച്ചാല്‍ നിങ്ങള്‍ക്ക് ഇംഗ്ലീഷ് ബാലികേറാമലയല്ലാതാകും.

Published : February 28, 2026 at 9:39 AM IST
|Updated : February 28, 2026 at 10:06 AM IST
പത്താംക്ലാസ് ഇംഗ്ലീഷ് പരീക്ഷ എങ്ങനെ ആയിരിക്കുമെന്നതിനെക്കുറിച്ച് പരിശോധിക്കാം. പലര്‍ക്കും ഇംഗ്ലീഷ് ഒരു ബാലികേറാമലയാണ്. ഗ്രാമറാണ് മിക്കവരെയും കുഴപ്പിക്കുന്നത്. ഗ്രാമറിന്‍റെ അടിത്തറ സ്വന്തമാക്കിയാല്‍ ഇംഗ്ലീഷ് ഭാഷ നമുക്ക് പാല്‍പ്പായസം പോലെയാകും എന്നതാണ് സത്യം. ഇംഗ്ലീഷ് സാഹിത്യത്തില്‍ നിന്നുള്ള പാഠഭാഗങ്ങളെയും ഭയക്കാതെ തന്നെ പരീക്ഷയെ സമീപിക്കാം. എങ്ങനെയന്നല്ലേ, ഇതാ ഇതാ വാക്കുകള്‍ ഒന്ന് ശ്രദ്ധിക്കൂ.
എസ്‌സിഇആര്‍ടി തയ്യാറാക്കിയ മാതൃക ചോദ്യങ്ങളുടെയും മാതൃകാ പരീക്ഷയുടെയും രീതിയിൽ തന്നെയാകും ഇംഗ്ലീഷ് പരീക്ഷാ ചോദ്യപേപ്പർ എന്ന് കരുതുന്നുവെന്ന് കൊല്ലം തേവലക്കര ഗേള്‍സ് ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകന്‍ അനീസ് പറയുന്നു.
Also Read: പ്ലസ്‌വണ്‍ ഇംഗ്ലീഷ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടാം, ഇവയൊന്ന് ശ്രദ്ധിക്കൂ
മുൻവർഷങ്ങളിലെ പോലെ തന്നെ പാഠഭാഗങ്ങളും കവിതകളും ആസ്പദമാക്കിയുള്ള ചോദ്യങ്ങൾ, കവിതയുടെ ആസ്വാദനം, റിവ്യൂ, വിവരണം, കഥാപാത്ര നിരൂപണം, പത്രവാർത്ത, ഡയറി, കത്ത്, ഇ മെയിൽ തുടങ്ങിയവയെല്ലാം ഇപ്പോഴത്തെ ചോദ്യപേപ്പറിലും ഇടം പിടിക്കുമെന്നുറപ്പാണ്. അത്തരം ഉത്തരങ്ങൾ എഴുതുമ്പോൾ കൃത്യമായ ഘടന കൂടി പാലിച്ചു ഉത്തരങ്ങൾ എഴുതാൻ ശ്രദ്ധിക്കുകയെന്നും അദ്ദേഹം കുട്ടികളോട് നിര്‍ദ്ദേശിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതോടൊപ്പം ഇത്തവണത്തെ പുതുമയായി കുട്ടികളുടെ സർഗ്ഗശേഷി പരിശോധിക്കുന്ന തരത്തിൽ പരസ്യവാചകങ്ങൾ എഴുതാനുള്ള ചോദ്യം, നോട്ടീസിന് പകരമായുള്ള ഇവന്റ് ഇൻവിറ്റേഷൻ, ബയോഗ്രഫിക്കൽ സ്കെച്ച് തുടങ്ങിയവയും ഉണ്ടാകും. തന്നിരിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച് ഉത്തരങ്ങൾ എഴുതാൻ ഉള്ള ചോദ്യങ്ങളും പതിവ് പോലെ കാണും. ഗ്രാമർ ഭാഗങ്ങളിൽ ഫ്രെയ്‌സൽ വെർബ്, ക്വസ്റ്റ്യൻ ടാഗ്, റിപ്പോർട്ടഡ് സ്‌പീച്ച്, എഡിറ്റിങ് തുടങ്ങിയവയിൽ നിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം.
പാഠപുസ്‌തകത്തിന്‍റെ ആക്‌ടിവിറ്റികളിലൂടെയെല്ലാം കുട്ടികൾ കടന്നു പോയിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന തരത്തിൽ ഉള്ള വൊക്കാബുലറി ചോദ്യങ്ങളും ക്രിസ്‌തുമസ്, മോഡൽ പരീക്ഷകളിൽ കണ്ടിരുന്നു എന്നും അനീസ് ചൂണ്ടിക്കാട്ടുന്നു. ആ രീതി ആവർത്തിക്കാം. അല്ലെങ്കിൽ മുൻ വർഷങ്ങളിൽ ചോദിച്ചത് പോലെ നൗൺ ഫ്രെയ്‌സ്, വെർബ് ഫ്രെയ്‌സ് കണ്ടെത്താനുള്ള ചോദ്യങ്ങൾ കണ്ടേക്കും. എല്ലാ പാഠഭാഗങ്ങളിലൂടെയും കുട്ടികൾ കടന്നു പോകേണ്ടതാണ്. നിലവാരമുള്ളതും എന്നാൽ അത്ര കടുപ്പം ഇല്ലാത്തതുമായ ചോദ്യങ്ങൾ ആണ് മോഡൽ പരീക്ഷയിൽ ഉണ്ടായിരുന്നത്. പൊതുപരീക്ഷയും അത്തരത്തിൽ തന്നെ ആകുമെന്ന് പ്രതീക്ഷിക്കുന്നു.
കൂൾ ഓഫ് ടൈമിൽ തന്നെ ചോദ്യങ്ങൾ എല്ലാം നന്നായി പരിശോധിച്ച് മികച്ച രീതിയിൽ എഴുതാൻ കഴിയുന്ന ചോദ്യങ്ങൾക്ക് മുൻഗണന നൽകി എഴുതാൻ ശ്രദ്ധിക്കണം . ചോയ്‌സ് ഉള്ള ചോദ്യങ്ങളിൽ കൂടുതൽ നന്നായി ഉത്തരമെഴുതാന്‍ കഴിയുന്ന ചോദ്യമേതെന്നു മുൻകൂട്ടി തീരുമാനിക്കാനും കൂൾ ഓഫ് ടൈം ഉപയോഗിക്കുക. എല്ലാ ചോദ്യങ്ങളും ( ചോയ്‌സ് ഉള്ളവയിൽ ഒരെണ്ണം ) എഴുതാനും അവക്കെല്ലാം കൃത്യമായി ചോദ്യനമ്പർ നൽകാനും ശ്രദ്ധിക്കുക.
ഉപചോദ്യങ്ങൾ ഉള്ളവയ്ക്ക് ( പ്രധാനമായും ഗ്രാമർ ചോദ്യങ്ങൾ ) ആ നമ്പറും ( a, b, c, d എന്ന ഓർഡറിൽ തന്നെ നൽകുന്ന കാര്യവും ശ്രദ്ധിക്കുക.
അവസാന അഞ്ചു മിനിറ്റിൽ അതുവരെ എഴുതിയത് എല്ലാം ഒരിക്കൽ കൂടി പരിശോധിക്കാൻ ശ്രദ്ധിക്കുക. സമയബന്ധിതമായി പരീക്ഷ എഴുതി പൂർത്തിയാക്കുക.
പൊതു പരീക്ഷ എന്ന ആശങ്ക ഇല്ലാതെ ആത്മവിശ്വാസത്തോടെ നല്ല തയ്യാറെടുപ്പോടെ പരീക്ഷയെ നേരിട്ടാൽ എല്ലാവർക്കും മികച്ച സ്കോറുകൾ നേടിയെടുക്കാൻ കഴിയുമെന്നും അനീസ് കുട്ടികളോട് പറയുന്നു.

