ETV Bharat / education-and-career

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റാൻ ശിപാർശ; കേരളത്തിലെ പരീക്ഷകൾ മുൻനിശ്ചയപ്രകാരം

യുദ്ധപശ്ചാത്തലത്തിൽ ഗൾഫിലെ മാർച്ച് 5, 6, 7 തീയതികളിലെ പരീക്ഷകൾ മാറ്റിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇവർക്കായി പുതിയ ചോദ്യപേപ്പർ തയ്യാറാക്കും. പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകും.

ഗൾഫ് എസ്എസ്എൽസി പരീക്ഷ ഗൾഫ് പ്ലസ് ടു പരീക്ഷ ഗൾഫ് മേഖലയിലെ പരീക്ഷ മാറ്റം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്
Representative image (Special Arrangement)
author img

By ETV Bharat Kerala Team

Published : March 2, 2026 at 10:29 AM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: ഗൾഫ് മേഖലയിൽ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചു. സംസ്ഥാനത്തെ പരീക്ഷകൾക്ക് മാറ്റമില്ലെന്നും പരീക്ഷാ കോർഡിനേറ്റർ നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

മാർച്ച് അഞ്ചിന് നടക്കാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷയും അഞ്ച്, ആറ്, ഏഴ് തീയതികളിലെ പ്ലസ് ടു പരീക്ഷകളുമാണ് ഗൾഫ് മേഖലയിൽ മാറ്റിവയ്ക്കുന്നത്. സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ആദ്യഘട്ടമെന്ന നിലയിലാണ് ഈ തീയതികളിലെ പരീക്ഷകൾ മാറ്റാൻ കോർഡിനേറ്റർ സർക്കാരിന് ശിപാർശ നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അന്തിമ തീരുമാനമെടുക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രഖ്യാപനം. ഗൾഫിൽ 2026ലെ ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് അഞ്ചിനും രണ്ടാം വർഷ പരീക്ഷകൾ മാർച്ച് ആറിനുമാണ് ആരംഭിക്കാൻ നിശ്ചയിച്ചിരുന്നത്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ പരീക്ഷാ നടത്തിപ്പ് വലിയ പ്രതിസന്ധിയാണെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. വരും ദിവസങ്ങളിലും സംഘർഷത്തിന് അയവുണ്ടായില്ലെങ്കിൽ തുടർന്നുള്ള പരീക്ഷകളും മാറ്റിവച്ചേക്കും. സംഘർഷം പൂർണമായും അവസാനിച്ച ശേഷം പരീക്ഷകൾ നടത്തിയാൽ മതിയെന്ന അഭിപ്രായങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന വിദ്യാർഥികളുടെ പരീക്ഷകൾ അടിയന്തരമായി മാറ്റിവയ്ക്കാൻ കോർഡിനേറ്റർ ശിപാർശ നൽകിയത്.


പുതിയ ചോദ്യപേപ്പർ തയാറാക്കും

ഗൾഫ് മേഖലയിൽ ഏഴ് കേന്ദ്രങ്ങളിലായി 633 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഹയർ സെക്കൻഡറിക്കും ഗൾഫിൽ ഏഴ് പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പരീക്ഷ മാറ്റിവയ്ക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കായി പിന്നീട് പ്രത്യേക ചോദ്യപേപ്പർ തയാറാക്കി പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ഒരേ ചോദ്യപേപ്പർ ഉപയോഗിച്ചാണ് സാധാരണ പരീക്ഷ നടത്താറുള്ളത്. എന്നാൽ, കേരളത്തിൽ പരീക്ഷ കൃത്യസമയത്ത് നടക്കുന്നതിനാൽ ഗൾഫിലേക്ക് പുതിയ ചോദ്യപേപ്പർ വേണ്ടിവരും. ഓരോ വിഷയത്തിനും മുൻകൂട്ടി തയാറാക്കിയിട്ടുള്ള വിവിധ സെറ്റ് ചോദ്യപേപ്പറുകളിൽ നിന്ന് ഒരെണ്ണം ഗൾഫിലെ പരീക്ഷയ്ക്കായി ഉപയോഗിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് പ്രത്യേക പരിഗണന

ഗൾഫിലും കേരളത്തിലുമായി ചില വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരാനാകാതെ പരീക്ഷ എഴുതാൻ കഴിയില്ലെന്ന ആശങ്കയുള്ളതായി മനസ്സിലാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കൊപ്പമുണ്ട്. അത്തരത്തിൽ പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾ എത്രയും വേഗം പ്രധാന അധ്യാപകൻ അല്ലെങ്കിൽ പ്രിൻസിപ്പൽ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകണം. ഈ അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read:- നെടുമ്പാശ്ശേരിയിൽ മാത്രം 75 സർവീസുകൾ മുടങ്ങി; പശ്ചിമേഷ്യൻ സംഘർഷത്തിൽ വഴിമുട്ടി പ്രവാസികൾ