ETV Bharat / education-and-career
മികച്ച വിദ്യാഭ്യാസ നിലവാരം; കേരളം രണ്ടാം സ്ഥാനത്ത്, ഒന്നാമത് ചണ്ഡിഗഡ്
മികച്ച ഡിജിറ്റൽ-സ്‌മാർട്ട് വിദ്യാഭ്യാസ സൗകര്യങ്ങൾ, കമ്പ്യൂട്ടർ ലാബുകൾ, ഇന്റർനെറ്റ് സംവിധാനങ്ങൾ, ആധുനിക ക്ലാസ്റൂമുകൾ എന്നിവയുടെ വിപുലീകരണമാണ് റാങ്കിങിൽ വിലയിരുത്തിയത്.

By PTI
Published : July 7, 2026 at 8:09 PM IST
|Updated : July 7, 2026 at 8:17 PM IST
ന്യൂഡൽഹി: മികച്ച വിദ്യാഭ്യാസത്തിൽ രണ്ടാം സ്ഥാനത്ത് കേരളം. രാജ്യത്ത് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ചണ്ഡിഗഡ് ആണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കേരളത്തോടൊപ്പം രണ്ടാം സ്ഥാനത്ത് ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുമുണ്ട്. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആൻഡ് നഗർ ഹവേലി ആൻഡ് ദാമൻ ആൻഡ് ദിയുവും രണ്ടാം സ്ഥാനം പങ്കിട്ടു.
സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, പഠന നിലവാരം, തുല്യത, ഭരണപരമായ കാര്യക്ഷമത തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയാണ് മന്ത്രാലയം ഈ റാങ്കിങ് നിശ്ചയിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന കേരളവും ഡൽഹിയും പഞ്ചാബും രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ, ചണ്ഡീഗഢ് എല്ലാ വിഭാഗങ്ങളിലും മികച്ച സ്കോർ നേടിയാണ് പട്ടികയിൽ ഒന്നാമതെത്തിയത്. രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ഉയർത്തുന്നതിനും സംസ്ഥാനങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഈ സൂചിക വർഷാവർഷം പുറത്തിറക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട 2025-26 വർഷത്തെ യുഡൈസ് പ്ലസ് (UDISE+) റിപ്പോർട്ടിൽ രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് വൻ പുരോഗതിയാണുണ്ടായിരിക്കുന്നത്. അധ്യാപകരുടെ എണ്ണത്തിലുള്ള വർധനവ്, മെച്ചപ്പെട്ട ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, സ്‌കൂളുകളിൽ നിന്നുളള കുട്ടികളുടെ കൊഴിഞ്ഞുപോക്കിലെ കുറവ് എന്നിവയടക്കം നിരവധി നിർണായക നേട്ടങ്ങളാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
2022-23ൽ 94,83,294 ആയിരുന്ന അധ്യാപകരുടെ എണ്ണം 2025-26ൽ 1,02,73,020 ആയി ഉയർന്നു. മൂന്ന് വർഷത്തിനിടെ അധ്യാപകരുടെ എണ്ണത്തിൽ 8.3 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ അധ്യാപക-വിദ്യാർഥി അനുപാതം ദേശീയ വിദ്യാഭ്യാസ നയം ശുപാർശ ചെയ്‌ത 30:1 എന്ന പരിധിയേക്കാൾ മികച്ച നിലയിലായിട്ടുണ്ട്. അടിസ്ഥാന തലത്തിൽ 10 കുട്ടികൾക്ക് ഒരു അധ്യാപകനും, സെക്കൻഡറി തലത്തിൽ 21 കുട്ടികൾക്ക് ഒരു അധ്യാപകനും എന്ന ക്രമത്തിലേക്ക് കാര്യങ്ങൾ മെച്ചപ്പെട്ടു.
സ്‌കൂളുകളിൽ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിരക്കിലും വലിയ കുറവുണ്ടായിട്ടുണ്ട്. പ്രെപ്പറേറ്ററി തലത്തിൽ കൊഴിഞ്ഞുപോക്ക് നിരക്ക് 2.3 ശതമാനത്തിൽ നിന്ന് 1.8 ശതമാനമായും സെക്കൻഡറി തലത്തിൽ 8.2 ശതമാനത്തിൽ നിന്ന് 7 ശതമാനമായും കുറഞ്ഞു. സ്കൂളുകളിൽ കൂടുതൽ കുട്ടികളെ നിലനിർത്താൻ സഹായിക്കുന്ന പദ്ധതികളുടെ വിജയമാണ് ഇതെന്ന് മന്ത്രാലയം വ്യക്തമാക്കി. സെക്കൻഡറി തലത്തിലെ മൊത്തം എൻറോൾമെന്‍റ് നിരക്ക് 68.5 ശതമാനത്തിൽ നിന്ന് 71.7 ശതമാനമായി ഉയർന്നത് വിദ്യാഭ്യാസ മേഖലയിലെ വർധിച്ച പങ്കാളിത്തം വ്യക്തമാക്കുന്നു. കൂടാതെ, ഒരു ക്ലാസ് തലത്തിൽ നിന്നും അടുത്ത തലത്തിലേക്കുള്ള വിദ്യാർഥികളുടെ മാറ്റവും മെച്ചപ്പെട്ടിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഡിജിറ്റൽ മേഖലയിലും സ്‌കൂളുകൾ വലിയ മുന്നേറ്റമാണ് നടത്തിയത്. കമ്പ്യൂട്ടർ സൗകര്യമുള്ള സ്‌കൂളുകൾ 69.9 ശതമാനമായും ഇന്‍റർനെറ്റ് കണക്റ്റിവിറ്റിയുള്ള സ്‌കൂളുകൾ 67.4 ശതമാനമായും ഉയർന്നു. രാജ്യത്തെ 95 ശതമാനം സ്കൂളുകളിലും വൈദ്യുതി ലഭ്യമാക്കിയപ്പോൾ 99.5 ശതമാനം സ്കൂളുകളിലും കുടിവെള്ള സൗകര്യമുണ്ട്. പെൺകുട്ടികൾക്കായി 98.5 ശതമാനം സ്‌കൂളുകളിലും ആൺകുട്ടികൾക്കായി 97.2 ശതമാനം സ്‌കൂളുകളിലും ശുചിമുറികൾ ഉറപ്പാക്കിയിട്ടുണ്ട്.
90.5 ശതമാനം സ്‌കൂളുകളിലും ലൈബ്രറി സൗകര്യവും ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 58.2 ശതമാനം സ്‌കൂളുകളിൽ റാംപുകളും സജ്ജീകരിച്ചിട്ടുണ്ട്. അധ്യയന രംഗത്ത് സ്ത്രീ പങ്കാളിത്തം 54.9 ശതമാനമായി ഉയർന്നതിനൊപ്പം പെൺകുട്ടികളുടെ എൻറോൾമെന്‍റ് 48.4 ശതമാനമായി വർധിച്ചതും ലിംഗസമത്വത്തിലേക്കുള്ള രാജ്യത്തിന്‍റെ സുപ്രധാന ചുവടുവെപ്പായി റിപ്പോർട്ട് വിലയിരുത്തുന്നു. ഒരു അധ്യാപകൻ മാത്രമുള്ള സ്‌കൂളുകളുടെയും കുട്ടികൾ ഒട്ടുമില്ലാത്ത സ്‌കൂളുകളുടെയും എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയത് പൊതുവിദ്യാഭ്യാസ രംഗത്തെ ഉണർവ് അടിവരയിടുന്നു.

