ETV Bharat / education-and-career

ഇപിഎഫ്‌ഒ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത! ജൂലൈ പകുതിയോടെ പാസ്ബുക്കിൽ പലിശ ക്രെഡിറ്റ് കാണാം

പലിശ ക്രെഡിറ്റുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു.

EPF INTEREST  MANSUKH MANDAVIYA  EPFO INTEREST CREDIT  EPFO
Representational image (ETV Bharat)
author img

By ETV Bharat Kerala Team

Published : July 8, 2026 at 5:27 PM IST

3 Min Read
Choose ETV Bharat

സൗരഭ് ശുക്ല

ന്യൂഡൽഹി: വാർഷിക പലിശ ക്രെഡിറ്റ് ചെയ്യുന്നതിനുള്ള പ്രക്രിയ ആരംഭിച്ചുവെന്ന് എംബ്ലോയീസ് പ്രോവിഡൻ്റ് ഫണ്ട് ഓർഗനേസേഷൻ (EPFO). ഈ മാസം പകുതിയോടെ അക്കൗണ്ടിൽ ക്രെഡിറ്റ് കാണാൻ കഴിയും. ഇപിഎഫ് പലിശ ക്രെഡിറ്റ് ചെയ്യുന്നത് സാധാരണയെക്കാൾ വൈകുന്നതോടെ ദശലക്ഷക്കണക്കിന് ജീവനക്കാര്‍ ആശങ്കയിലായിരുന്നു. പലിശ ക്രെഡിറ്റുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ശമ്പളക്കാർക്ക് ശമ്പള വർധനയ്ക്കൊപ്പം ഏറെ കാത്തിരിക്കുന്ന മറ്റൊരു കാര്യം പ്രൊവിഡൻ്റ് ഫണ്ട് അക്കൗണ്ടിലെ വാർഷിക പലിശ ക്രെഡിറ്റാണ്. 2025-26 സാമ്പത്തിക വർഷത്തെ അംഗങ്ങളുടെ ഇപിഎഫ് നിക്ഷേപത്തിന് വാർഷിക പലിശ 8.25 ശതമാനമായി ഉയർത്തി. ഏകദേശം 34 കോടി അംഗ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനുള്ള പ്രക്രിയ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. പുതിയ ഓട്ടോമേറ്റഡ് പ്രോസസിങ് സിസ്റ്റം വഴി 1.44 ലക്ഷം കോടിയിലധികം രൂപ ക്രെഡിറ്റ് ചെയാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

മുൻ വർഷങ്ങളിൽ പലിശ അക്കൗണ്ടുകളിൽ പ്രതിഫലിക്കുന്നത് കാണാൻ പലപ്പോഴും ഒക്ടോബർ അല്ലെങ്കിൽ നവംബർ വരെ കാത്തിരിക്കേണ്ടി വരും. എന്നാൽ ഇത്തവണ ജൂലൈ 15-നകം അംഗങ്ങൾ അവരുടെ പാസ്ബുക്കുകളിൽ ക്രെഡിറ്റ് കാണാൻ സാധിക്കും. അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യുന്നതിന് മുമ്പ് ഫീൽഡ് അധികാരികൾ അവ കൃത്യമായി പരിശോധിച്ച് പ്രോസസ്സ് ചെയ്യണം. അതിനാലാണ് സമയം എടുക്കുന്നതെന്നും അടുത്ത തവണ മുതൽ സിസ്‌റ്റം വഴി വേഗത്തിലാക്കുമെന്നും തൊഴിൽ, ഉദ്യോഗ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വേഗത്തിലുള്ള പലിശ ക്രെഡിറ്റ് ഇപിഎഫ്ഒയുടെ നവീകരിച്ചതും കേന്ദ്രീകൃതവുമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൻ്റെ ആദ്യ പ്രധാന ഫലമാണെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. കൂടാടെ ഇത് രാജ്യത്തുടനീളമുള്ള ഏത് ഇപിഎഫ്ഒ ഓഫിസിൽ നിന്നും സേവനങ്ങൾ പ്രോസസ്സ് ചെയ്യാൻ പ്രാപ്തമാക്കുന്നു. ഏകീകൃത അംഗ പോർട്ടൽ വഴി സബ്‌സ്‌ക്രൈബർമാർക്ക് അവരുടെ പിഎഫ് ബാലൻസ് ക്ലെയിം സ്റ്റാറ്റസും മറ്റ് സേവനങ്ങളും ഒരിടത്ത് ആക്‌സസ് ചെയ്യാൻ കഴിയും എന്നതാണ് പ്രധാനപ്പെട്ട് ഒരു കാര്യം.

അതേസമയം ഓട്ടോമേറ്റഡ് യോഗ്യതാ പരിശോധനകൾ നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായാണ് നടക്കുക. അതിനാൽ ക്ലെയിം നിരസിക്കലുകൾ കുറയ്ക്കാൻ സാധിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ഇപിഎഫും മറ്റ് നിക്ഷേപങ്ങളും മികച്ച വരുമാനം നൽകിയതിനാൽ കഴിഞ്ഞ നിരവധി വർഷങ്ങളായി ഇപിഎഫ്ഒ 8 ശതമാനത്തിന് മുകളിൽ പലിശ നിരക്ക് പ്രഖ്യാപിക്കാൻ കഴിഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു.

പ്രക്രിയ എങ്ങനെ പ്രവർത്തിക്കുന്നു?

ശമ്പളക്കാർക്ക് ഇപിഎഫ് പലിശ വാർഷിക ക്രെഡിറ്റാണ് ലഭിക്കുന്നത്. ഇപിഎഫ്ഒ ഈ പലിശ ഓരോ മാസവും കണക്കാക്കുന്നുണ്ടെങ്കിലും തുക പ്രതിമാസം അക്കൗണ്ടിൽ നിക്ഷേപിക്കില്ല. മാർച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള മുഴുവൻ തുകയും ഒരു തവണയായാണ് ക്രെഡിറ്റ് ചെയ്യുന്നത്. എന്നാൽ പലപ്പോഴും അവ പാസ്‌ബുക്കിൽ വരാൻ സമയമെടുക്കുന്നു. നിരക്ക് വാർഷികമായി പ്രഖ്യാപിക്കുമ്പോഴും, അക്കൗണ്ടിലെ ക്ലോസിംഗ് ബാലൻസിൻ്റെ അടിസ്ഥാനത്തിലാണ് ഓരോ മാസവും പലിശ കണക്കാക്കുന്നത്.

പുതിയ സംഭാവനകൾ, പിൻവലിക്കലുകൾ, ഫണ്ട് കൈമാറ്റങ്ങൾ എന്നിവയെല്ലാം കണക്കിലെടുക്കും. എല്ലാ കണക്കുകൂട്ടലുകളും പൂർത്തിയായതിന് ശേഷം മാത്രമാണ് മുഴുവൻ സാമ്പത്തിക വർഷത്തേക്കുമുള്ള പലിശ തുക ഒറ്റയടിക്ക് ഇപിഎഫ്ഒ ക്രെഡിറ്റ് ചെയ്യുന്നത്. പാസ്ബുക്കിൽ പലിശ എൻട്രി മാസങ്ങൾക്ക് ശേഷം വന്നാലും വരിക്കാർക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. സെൻട്രലൈസ്ഡ് ഐടി എനേബിൾഡ് സർവീസസ് (CITES) ആരംഭിക്കുന്നതിന് മുമ്പ് ഇപിഎഫ്ഒയ്‌ക്ക് ഓരോ ഫീൽഡ് ഓഫിസിലും പ്രത്യേക ഡാറ്റാബേസുകളുള്ള ഒരു വികേന്ദ്രീകൃത ആർക്കിടെക്ചർ ഉണ്ടായിരുന്നു.

അതായത് നേരത്തെ അംഗങ്ങളുടെ വിവരങ്ങൾ ഒരു ഏകീകൃത പോർട്ടലിൽ ലഭ്യമായിരുന്നില്ല. ഇപ്പോൾ അത് കേന്ദ്രീകൃത ഡാറ്റാബേസിലേക്ക് മാറ്റിയതായി മന്ത്രി പറഞ്ഞു. നേരത്തെ, സേവനങ്ങൾ ഒരു പ്രത്യേക റീജിയണൽ ഓഫിസുമായി ബന്ധിപ്പിച്ചിരുന്നു. ഇപ്പോൾ, ഒരു അംഗത്തിൻ്റെ സേവന അഭ്യർഥന രാജ്യത്തുടനീളമുള്ള ഏത് അംഗീകൃത സ്ഥലത്തുനിന്നും പ്രോസസ്സ് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം അംഗങ്ങൾക്ക് അവരുടെ അംഗത്വ വിശദാംശങ്ങൾ, പ്രൊവിഡൻ്റ് ഫണ്ട് ബാലൻസുകൾ, ക്ലെയിം സ്റ്റാറ്റസ്, പെൻഷൻ ലഭിക്കാവുന്ന സേവന രേഖകൾ, ലഭിച്ച ആനുകൂല്യങ്ങൾ എന്നിവ കാണുന്നതിന് ഒരു ഏകീകൃത ഡിജിറ്റൽ ഇൻ്റർഫേസിലേക്ക് ആക്‌സസ് ചെയ്യാൻ കഴിയും.

ഇനി എല്ലാം എളുപ്പം

പുതിയ വെബ്‌സൈറ്റ് വഴി അംഗങ്ങൾക്ക് തുക അറിയാനും അവ പിൻവലിക്കാനും സാധിക്കും. സമയബന്ധിതവുമായ ക്രെഡിറ്റ് ഉറപ്പാക്കുകയും ചെയ്യുന്നു. തൊഴിൽ മന്ത്രിയുടെ അഭിപ്രായത്തിൽ, വീണ്ടും ജോലിയിൽ ചേരുമ്പോഴോ പുതിയ ജോലിയിൽ പ്രവേശിക്കുമ്പോഴോ, പ്രോവിഡൻ്റ് ഫണ്ട് ശേഖരണമുള്ള ആധാറുമായി ബന്ധിപ്പിച്ച യുഎഎൻ അധിഷ്ഠിത അംഗ അക്കൗണ്ടുകളുടെ കൈമാറ്റത്തിനായി അംഗങ്ങൾ പ്രത്യേക അപേക്ഷകൾ സമർപ്പിക്കേണ്ടതില്ല. മുമ്പ് അംഗങ്ങൾക്ക് സംശയങ്ങൾക്കും വ്യക്തതകൾക്കുമായി അവരുടെ പിഎഫ് അക്കൗണ്ട് ബന്ധിപ്പിച്ചിരിക്കുന്ന റീജിയണൽ പിഎഫ് ഓഫിസിനെ മാത്രമേ സമീപിക്കാൻ കഴിയുമായിരുന്നുള്ളൂ. കേന്ദ്രീകൃത ഐടി സംവിധാനം നടപ്പിലാക്കിയതോടെ, രാജ്യത്തുടനീളമുള്ള ഏത് പിഎഫ് ഓഫിസിൽ നിന്നും അംഗങ്ങൾക്ക് സഹായവും വ്യക്തതകളും തേടാൻ കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Also Read: രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗം കുറഞ്ഞു; വികസ്വര രാജ്യങ്ങളേക്കാള്‍ കുറവ്, പുതിയ കണക്കുകൾ ഇങ്ങനെ