ETV Bharat / education-and-career
പരീക്ഷ കുഴപ്പിച്ചു! CBSE പത്താം ക്ലാസ് സോഷ്യൽ സയൻസ് പരീക്ഷയ്‌ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇങ്ങനെ..
സോഷ്യൽ സയൻസ് പരീക്ഷയ്‌ക്ക് പിന്നാലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രതികരണങ്ങൾ ഇങ്ങനെ..

Published : March 7, 2026 at 5:57 PM IST
ഇന്ന് 2026 മാർച്ച് 7 ന് സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) പത്താം ക്ലാസ് സോഷ്യൽ സയൻസ് പരീക്ഷ അവസാനിച്ചു. രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയായിരുന്നു പരീക്ഷ. സ്‌റ്റാൻഡേർഡ് ഫോർമാറ്റിൽ 80 മാർക്കിൻ്റെ തിയറി പേപ്പറായിരുന്നു ഇത്. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ (എംസിക്യു), ലഘു ഉത്തരങ്ങൾ, ദീർഘ ഉത്തര ചോദ്യങ്ങൾ, കേസ് അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, മാപ്പ് വർക്ക് എന്നിവ പേപ്പറിൽ ഉൾപ്പെടുന്നു.
പരീക്ഷ കഴിഞ്ഞതിന് പിന്നാലെ, പേപ്പർ അൽപ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാണ് വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും വരുന്ന പ്രതികരണങ്ങൾ. പേപ്പർ അൽപ്പം വിഷമം പിടിച്ചതായിരുന്നു എന്ന് ന്യൂഡൽഹിയിലെ കരവാൽ നഗറിലെ തുഖ്‌മിർപൂരിലെ സിഎം ശ്രീ സ്‌കൂളിലെ വിദ്യാർഥിനിയായ ദിവ്യ പറഞ്ഞു.
അതേസമയം പേപ്പർ അത്യാവശ്യം എളുപ്പമായിരുന്നു എന്നാണ് തുഖ്‌മിർപൂരിലെ ഗവൺമെൻ്റ് ബോയ്‌സ് സീനിയർ സെക്കൻഡറി സ്‌കൂളിലെ മറ്റൊരു വിദ്യാർഥിയായ നമാൻ പറയുന്നത്. കൂടാതെ സോണിയ വിഹാറിലെ ഗവൺമെൻ്റ് ഗേൾസ് സീനിയർ സെക്കൻഡറി സ്‌കൂളിലെ ഒരു വിദ്യാർഥി ചരിത്ര വിഭാഗം പരീക്ഷ ഏറെ ദൈർഘ്യമേറിയതായിരുന്നു എന്ന് പറഞ്ഞു. “ചരിത്രത്തിൻ്റെ ഒന്നാം വിഭാഗം ദൈർഘ്യമേറിയതും കഠിനവുമായിരുന്നു. പക്ഷേ മാപ്പ് വർക്കുകൾ എളുപ്പമായിരുന്നു. ഒബ്‌ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളും എളുപ്പമായിരുന്നു,” എന്ന് അവർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം മുംബൈയിലെ അന്ധേരിയിൽ നിന്നുള്ള ഒരു വിദ്യാർഥിനി പേപ്പർ മൊത്തത്തിൽ കുഴപ്പിക്കുന്നതാണെന്ന അഭിപ്രായം മുന്നോട്ട് വച്ചു. എംസിക്യൂവും ബുദ്ധിമുട്ടായിരുന്നു. എന്നാൽ പല ചോദ്യങ്ങളും പ്രത്യേകിച്ച് ഭൂമിശാസ്ത്രത്തിലെയും സാമ്പത്തിക ശാസ്ത്രത്തിലെയും ചോദ്യങ്ങൾ പ്രീ ബോർഡ് പേപ്പറിലെ ചോദ്യങ്ങൾക്ക് സമാനമായിരുന്നതിനാൽ, പേപ്പർ എളുപ്പമായിരുന്നു എന്ന് നോയിഡയിലെ ശിവ് നാടാർ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആര്യൻ ബൈരതി പറഞ്ഞു.
അധ്യാപകരുടെ പ്രതികരണങ്ങൾ
ചോദ്യപേപ്പർ അവലോകനം ചെയ്‌ത അധ്യാപകർ അവരുടെ അഭിപ്രായങ്ങളും മുന്നോട്ട് വച്ചു. ചോദ്യങ്ങൾ പ്രതീക്ഷിച്ചതുപോലെ വന്നിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. "സാമൂഹിക ശാസ്ത്ര പേപ്പർ സമതുലിതവും എന്നാൽ മിതമായ ബുദ്ധിമുട്ടുള്ളതുമായിരുന്നു. ചോദ്യങ്ങൾ നിർദിഷ്‌ട സിലബസ് അനുസരിച്ചായിരുന്നു", എന്ന് ഗുരുഗ്രാമിലെ ഡൽഹി പബ്ലിക് സ്‌കൂളിലെ (ഡിപിഎസ്) സോഷ്യൽ സയൻസ് വിഭാഗം മേധാവി കനു ചോപ്രയും സുപർണ ശർമ്മയും പറഞ്ഞു. വസ്‌തുനിഷ്‌ഠമായ ചോദ്യങ്ങളിലൂടെ വിഷയത്തെക്കുറിച്ചുള്ള വിദ്യാർഥികളുടെ അവബോധം പ്രകടിപ്പിക്കാൻ പേപ്പർ ന്യായമായ അവസരം നൽകിയെന്നും അധ്യാപകർ കൂട്ടിച്ചേർത്തു.
പരീക്ഷ നിർദിഷ്‌ട ഘടന പിന്തുടർന്നുവെന്ന് നോയിഡയിലെ ഗ്ലോബൽ ഇന്ത്യൻ ഇൻ്റർനാഷണൽ സ്‌കൂളിലെ സോഷ്യൽ സയൻസ് വിഭാഗം മേധാവി വൈശാലി സിങ് പറഞ്ഞു. "ഇന്ന് നടത്തിയ പത്താം ക്ലാസ് സോഷ്യൽ സയൻസ് ബോർഡ് പരീക്ഷ എളുപ്പമായിരുന്നു. പക്ഷേ അൽപ്പം ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ചോദ്യപേപ്പർ നിർദിഷ്‌ട ഫോർമാറ്റ് പിന്തുടർന്നു. സിലബസിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങളും ഉൾപ്പെട്ടിരുന്നു", എന്ന് അവർ പറഞ്ഞു. ആത്മവിശ്വാസത്തോടെ എഴുതാൻ പറ്റുന്ന പേപ്പർ ആയിരുന്നു ഇത്. നാല് വിഭാഗങ്ങളും വ്യക്തമായിരുന്നു. നൽകിയിരിക്കുന്ന സമയത്തിനുള്ളിൽ വിദ്യാർഥികൾക്ക് പേപ്പർ പൂർത്തിയാക്കാൻ സാധിച്ചു എന്നും അവർ കൂട്ടിച്ചേർത്തു.
തുടർന്ന് സിബിഎസ്ഇ പത്താം ക്ലാസ് സോഷ്യൽ സയൻസ് പരീക്ഷയ്‌ക്ക് ശേഷം വിദ്യാർഥികളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെന്ന് ഷാലിമാർ ബാഗിലെ മോഡേൺ പബ്ലിക് സ്‌കൂളിലെ വൈസ് പ്രിൻസിപ്പൽ മേന മിറ്റിൽ പറഞ്ഞു. “സിബിഎസ്ഇ പത്താം ക്ലാസ് സോഷ്യൽ സയൻസ് പരീക്ഷയ്ക്ക് വിദ്യാർഥികളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എൻസിഇആർടി ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതും വിശകലന ചിന്ത ആവശ്യമായതുമായ ചോദ്യങ്ങളായിരുന്നു പ്രധാനമായും പേപ്പർ പിന്തുടർന്നത്,” അവർ പറഞ്ഞു.
വസ്‌തുനിഷ്‌ഠമായ, അസേർഷൻ റീസണിംഗ്, കേസ് അടിസ്ഥാനമാക്കിയുള്ള വിവരണാത്മക ചോദ്യങ്ങൾ എന്നിവയുൾക്കൊള്ളുന്ന പാറ്റേൺ പേപ്പർ പിന്തുടർന്നു. മിക്ക വിദ്യാർഥികൾക്കും നിശ്ചിത സമയത്തിനുള്ളിൽ പേപ്പർ പൂർത്തിയാക്കാൻ സാധിച്ചു എന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം വിദ്യാർഥികൾക്ക് കൃത്യസമയത്ത് പരീക്ഷ പൂർത്തിയാക്കാൻ സാധിച്ചെന്ന് നോയിഡയിലെ ശിവ് നാടാർ സ്‌കൂളിലെ സീനിയർ ഇയേഴ്‌സ് അധ്യാപികയായ കൃതിക കോമളും പ്രതികരിച്ചു.
അതേസമയം പേപ്പർ സിലബസും പരീക്ഷാ പാറ്റേണും പിന്തുടർന്നു. ചോദ്യപേപ്പർ മിതമായ ബുദ്ധിമുട്ടുള്ള തലത്തിലായിരുന്നു എന്ന് ലഖ്‌നൗവിലെ സേത്ത് ആനന്ദ്റാം ജയ്‌പുരിയ സ്‌കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ ഗൗരവ് സിങ് പറഞ്ഞു. എന്നാൽ ചോദ്യങ്ങളും എംസിക്യൂവും അൽപ്പം കുഴപ്പിക്കുന്നതായിരുന്നു എന്നാണ് പുണെയിലെ സംസ്‌കൃതി ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ട്രസ്‌റ്റിയായ പ്രണീത് മുംഗലിയുടെ അഭിപ്രായം. ഒപ്പം ചോദ്യപ്പേപ്പറിലെ ചില പ്രശ്‌നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. മാപ്പ് ചോദ്യങ്ങളിൽ ചില പിശകുകൾ ഉണ്ടായിരുന്നു. തന്നെയുമല്ല ചില എംസിക്യൂ ഓപ്‌ഷനുകളും തെറ്റായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
Also Read: ഗവേഷണ മോഹത്തിൽനിന്ന് സിവില്‍ സര്‍വീസിലേക്ക്; വിഷ്ണുപ്രിയയുടെ സ്വപ്നനേട്ടം

