ETV Bharat / business

നിർബന്ധിത തൊഴിൽ ചൂഷണം; ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ യുഎസ് നികുതി

ഏകദേശം ഒരു നൂറ്റാണ്ടായി അമേരിക്ക നിർബന്ധിത തൊഴിലിലൂടെ നിർമിച്ച സാധനങ്ങളുടെ ഇറക്കുമതി കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ഈ മാതൃക പിന്തുടരാൻ മറ്റ് വ്യാപാര പങ്കാളികളും തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും യുഎസ് ട്രേഡ് റെപ്രസെൻ്റേറ്റീവ് അംബാസഡർ

US PROPOSE ADDITIONAL TARIFF  US INDIA TRADE  FORCED LABOUR IMPORT  US TARIFF
Prime Minister Narendra Modi and U.S. President Donald Trump shake hands, at The White House in Washington on Feb 14, 2025 (AANI)
author img

By ETV Bharat Kerala Team

Published : June 3, 2026 at 2:02 PM IST

3 Min Read
Choose ETV Bharat

വാഷിങ്ടൺ: നിർബന്ധിത തൊഴിൽ ചെയ്ത് ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഇന്ത്യ ഉൾപ്പെടെ 54 രാജ്യങ്ങൾക്കുമേൽ നികുതി ചുമത്താൻ അമേരിക്കയുടെ നീക്കം. ഇന്ത്യയ്ക്ക് പുറമേ ചൈന, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 12.5 ശതമാനം അധിക നികുതി ഈടാക്കാനാണ് യുഎസ് ട്രേഡ് റെപ്രസെൻ്റേറ്റീവ് (യുഎസ്ടിആർ) വിഭാഗത്തിൻ്റെ തീരുമാനം.

നിർബന്ധിത തൊഴിലിലൂടെ നിർമിക്കുന്ന ഉത്പന്നങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരുന്നത് തടയാൻ കഴിഞ്ഞില്ലെന്നും ഇത് ഫലപ്രദമായി നടപ്പാക്കുന്നതിൽ വിവിധ രാജ്യങ്ങൾ വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിൻ്റെ ഭാഗമായി 60 രാജ്യങ്ങൾക്കെതിരെ അമേരിക്കൻ ഭരണകൂടം വലിയ രീതിയിലുള്ള അന്വേഷണം ആരംഭിച്ചിരുന്നു.

ഈ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ നികുതി ഘടന നിർദേശിച്ചിരിക്കുന്നത്. സമാനമായ രീതിയിൽ ഭാഗികമായോ അല്ലെങ്കിൽ തൃപ്തികരമല്ലാത്ത രീതിയിലോ നിരോധനം ഏർപ്പെടുത്തിയ മറ്റ് ആറ് രാജ്യങ്ങൾക്കുമേൽ 10 ശതമാനം അധിക നികുതിയാണ് അമേരിക്ക ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്.

പ്രധാനപ്പെട്ട വ്യാപാര പങ്കാളികൾ നിർബന്ധിത തൊഴിലിലൂടെ ഉണ്ടായ സാധനങ്ങളുടെ ഇറക്കുമതി തടയുന്നതിൽ കഴിഞ്ഞില്ല എന്നത് അംഗീകരിക്കാനാകില്ലെന്ന് യുഎസ് ട്രേഡ് റെപ്രസെൻ്റേറ്റീവ് അംബാസഡർ ജാമിസൺ ഗ്രീർ വ്യക്തമാക്കി. ഇത്തരം വിട്ടുവീഴ്ചകൾ ആഗോളതലത്തിൽ അമേരിക്കൻ തൊഴിലാളികളെ അസമത്വമുള്ള മത്സരത്തിന് നിർബന്ധിതരാക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും ഒട്ടും അനുകൂലമല്ലാത്ത ഈ വ്യവസ്ഥകളെ ഇനിമുതൽ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

ഏകദേശം ഒരു നൂറ്റാണ്ടായി അമേരിക്ക നിർബന്ധിത തൊഴിലിലൂടെ നിർമിച്ച സാധനങ്ങളുടെ ഇറക്കുമതി കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ഈ മാതൃക പിന്തുടരാൻ മറ്റ് വ്യാപാര പങ്കാളികളും തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ്എംസിഎ ഉൾപ്പെടെയുള്ള വ്യാപാര കരാറുകളിലൂടെ ചില രാജ്യങ്ങൾ നിരോധനം നടപ്പാക്കാൻ പ്രാഥമിക നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ആഗോളതലത്തിൽ നിർബന്ധിത തൊഴിലിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ വ്യാപാര പങ്കാളികളും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയുടെ എതിർപ്പ്

അതേസമയം അമേരിക്കയുടെ നടപടിക്കെതിരെ ഇന്ത്യ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. നിർബന്ധിത തൊഴിലുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പേരിലുള്ള ആരോപണങ്ങൾ ഇന്ത്യ പൂർണമായും നിഷേധിച്ചു. ഉഭയകക്ഷി വ്യാപാര ചർച്ചകളുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് പരിഹരിക്കേണ്ട വിഷയങ്ങളാണിതെന്നും അതിനാൽ ഇത്തരം അന്വേഷണങ്ങൾ അമേരിക്ക അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ വാണിജ്യരംഗത്തെ പ്രമുഖരായ ഇന്ത്യ, ചൈന, ജപ്പാൻ, ബ്രസീൽ, ഓസ്ട്രേലിയ, ബ്രിട്ടൻ, സൗദി അറേബ്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾ ഇറക്കുമതി നിരോധനം ഏർപ്പെടുത്തുന്നതിലും നടപ്പാക്കുന്നതിലും പൂർണമായും പരാജയപ്പെട്ടുവെന്നാണ് യുഎസ്ടിആർ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത്. ഇതിനാലാണ് ഈ രാജ്യങ്ങൾക്ക് 12.5 ശതമാനം എന്ന ഉയർന്ന നികുതി നിരക്ക് നിശ്ചയിച്ചത്.

പുതിയ നികുതി വ്യവസ്ഥകൾ

കാനഡ, ഇക്വഡോർ, യൂറോപ്യൻ യൂണിയൻ, ഇന്തോനേഷ്യ, മെക്സിക്കോ, പാകിസ്ഥാൻ എന്നീ ആറ് സമ്പദ്‌വ്യവസ്ഥകൾ നിലവിലുള്ള നിരോധനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നും യുഎസ്ടിആറിൻ്റെ പ്രസ്താവനയിലുണ്ട്. ഇറക്കുമതി നിരോധനം ഏർപ്പെടുത്തുകയോ വിനിമയ കരാറുകളിലൂടെ ഇത്തരം നിരോധനം നടപ്പാക്കുമെന്ന് ഉറപ്പുനൽകുകയോ ചെയ്തവർക്കാണ് അമേരിക്ക ഇളവ് നൽകുന്നത്.

സ്വമേധയാ ഭാഗികമായെങ്കിലും സംവിധാനങ്ങൾ ഏർപ്പെടുത്തിയ സമ്പദ്‌വ്യവസ്ഥകൾക്ക് 10 ശതമാനം അധിക നികുതിയാണ് നിർദേശിച്ചിരിക്കുന്നത്. വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള ചില പ്രത്യേക മേഖലകൾക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് കുറഞ്ഞ നികുതി നിരക്കിൽ അമേരിക്കയിലേക്ക് കടക്കാൻ അനുവദിക്കുന്ന ഒരു ടെക്സ്റ്റൈൽ സംവിധാനവും വാണിജ്യ വിഭാഗം മുന്നോട്ടുവെച്ചിട്ടുണ്ട്.

അഭിപ്രായം അറിയിക്കാൻ അവസരം

പുതിയ നികുതി വ്യവസ്ഥകളുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾക്കും പ്രതികരണങ്ങൾക്കുമായി താത്പര്യമുള്ള വ്യക്തികൾക്കും പ്രതിനിധികൾക്കും യുഎസ്ടിആർ അവസരം ഒരുക്കിയിട്ടുണ്ട്. ഹിയറിംഗുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂൺ 22നകം അപേക്ഷകൾ നൽകുകയും മൊഴികളുടെ ചുരുക്കരൂപം സമർപ്പിക്കുകയും വേണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജൂലൈ ആറിനകം എഴുതി തയ്യാറാക്കിയ അഭിപ്രായങ്ങളും നിർദേശങ്ങളും അയക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു. അന്വേഷണങ്ങളിലെ നിർദിഷ്ട നടപടികളെക്കുറിച്ച് ജൂലൈ ഏഴിന് യുഎസ്ടിആർ പാനൽ പ്രത്യേക വാദം കേൾക്കൽ നടത്തുമെന്നും ഔദ്യോഗിക പ്രസ്താവനയിലുണ്ട്.

Also read:രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വൻ തീപിടിത്തം; 10 പേര്‍ വെന്തുമരിച്ചു, 37 പേരെ രക്ഷപ്പെടുത്തി