ETV Bharat / business

യുപിഐ പേയ്‌മെന്‍റ് നിരക്ക് വർധന: ഉപഭോക്താക്കൾ അധിക തുക നൽകേണ്ടി വരുമോ? വ്യക്തത വരുത്തി ആർബിഐ

പ്രാദേശിക വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ സാധാരണക്കാർ അധിക തുക നൽകേണ്ടി വരുമോ എന്ന ചോദ്യത്തിന്, ചെലവുകൾ എങ്ങനെ വരുമെന്നതിനെക്കുറിച്ച് പ്രതികരിക്കുന്നത് ഇപ്പോൾ പ്രായോഗികമല്ലെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ബുധനാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.

UPI transaction  UPI PAYMENTS  GOOGLE PAY PHONE PE  central government amendment bill
Representational image (Getty image)
author img

By ETV Bharat Kerala Team

Published : August 5, 2026 at 3:19 PM IST

2 Min Read
Choose ETV Bharat

ന്യൂഡല്‍ഹി: 2000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരി യുപിഐ ഇടപാടുകൾക്ക് 0.25 ശതമാനം മുതൽ 0.4 ശതമാനം വരെ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്‍) ഈടാക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയേക്കും. എന്നാൽ വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്ക് ഈ ചാർജ് ബാധകമാകില്ല.

ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങൾക്ക് ബാങ്കുകളും പേയ്‌മെന്‍റ് സേവന ദാതാക്കളും എംഡിആർ ഈടാക്കുന്നതിൽ നിലവിലുള്ള വിലക്ക് നീക്കം ചെയ്യുന്നതിനായി ധനമന്ത്രി നിർമ്മല സീതാരാമൻ ചൊവ്വാഴ്ച പാർലമെന്‍റിൽ ദി ടാക്സേഷൻ ആൻഡ് അദർ ലോസ് (അമെൻഡ്മെന്റ്) ബില്ല് അവതരിപ്പിച്ചു. എന്നാൽ നിർദ്ദിഷ്ട മാറ്റങ്ങൾ എന്ന് പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പ്രാദേശിക വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ സാധാരണക്കാർ അധിക തുക നൽകേണ്ടി വരുമോ എന്ന ചോദ്യത്തിന്, ചെലവുകൾ എങ്ങനെ വരുമെന്നതിനെക്കുറിച്ച് പ്രതികരിക്കുന്നത് ഇപ്പോൾ പ്രായോഗികമല്ലെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ബുധനാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ ഭേദഗതി നടപടികളിലേക്ക് കടക്കുന്നതേയുള്ളൂ എന്നും, പൊതു ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ തുടർന്നും ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ചെലവുകൾ ആരോടെങ്കിലും ഈടാക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആത്യന്തികമായി ഏതെങ്കിലും തരത്തിൽ ഉപഭോക്താവിലേക്ക് തന്നെയാണ് ഈ ചെലവുകൾ എത്തുന്നതെന്നും, അല്ലെങ്കിൽ പൊതു സമ്പദ്‌വ്യവസ്ഥ ഇത് വഹിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഡിആർ വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ ഇതിനായുള്ള തുക കണ്ടെത്തുന്നത് തുടരേണ്ടതുണ്ടെന്നും സാഹചര്യം എങ്ങനെ മാറുന്നുവെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2000 രൂപ എന്ന പരിധി നിശ്ചയിക്കുന്നതിലൂടെ മൊത്തം യുപിഐ ഇടപാടുകളിൽ 5 ശതമാനത്തെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ എന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ, പ്രൊസസ് ചെയ്യുന്ന മൊത്തം ഇടപാട് മൂല്യത്തിന്‍റെ 65 ശതമാനത്തോളം ഈ പരിധിക്ക് മുകളിലുള്ള വലിയ ഇടപാടുകളാണ്. അതുകൊണ്ട് തന്നെ പാൽ, പച്ചക്കറി, പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനും ഓട്ടോ-ടാക്സി യാത്രാക്കൂലി നൽകുന്നതിനുമുള്ള സാധാരണക്കാരുടെ ദൈനംദിന ചെറിയ ഇടപാടുകളെ ഇത് ബാധിക്കാൻ സാധ്യതയില്ല. ജൂലൈ മാസത്തിൽ മാത്രം 29.9 ലക്ഷം കോടി രൂപ മൂല്യമുള്ള 23.7 ശതകോടി യുപിഐ ഇടപാടുകളാണ് നടന്നത്.

നടപ്പിലാക്കിയാൽ പോലും 95 ശതമാനം ഇടപാടുകൾക്കും എംഡിആർ ബാധകമാകില്ലെന്നും, ചെറിയ തുകയായതിനാൽ എല്ലാ വ്യാപാരികളും ഈ ഫീസ് ഉപഭോക്താക്കളിലേക്ക് കൈമാറാൻ സാധ്യതയില്ലെന്നും ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഈടാക്കാവുന്ന എംഡിആറിന് സർക്കാർ ഒരു പരമാവധി പരിധി നിശ്ചയിക്കുമെന്നാണ് വ്യവസായ മേഖലയിലുള്ളവരുടെ പ്രതീക്ഷ. ക്രെഡിറ്റ് കാർഡുകളിൽ ഫണ്ടിങ് കോസ്റ്റ് ഇല്ലാത്തതിനാൽ ഒരു പരിധി നിശ്ചയിക്കുന്നത് ഉചിതമായിരിക്കും. നിലവിൽ ക്രെഡിറ്റ് കാർഡുകൾക്ക് 3 ശതമാനം വരെ നിരക്ക് ഈടാക്കുമ്പോൾ, 20 ലക്ഷം രൂപ വരെയുള്ള ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് പരമാവധി 0.4 ശതമാനവും അതിന് മുകളിൽ 0.9 ശതമാനവുമാണ് എംഡിആർ ഈടാക്കുന്നത്..

മർച്ചന്റ് ഡിസ്‍കൌണ്ട് റേറ്റ് എന്നാൽ എന്ത്?

പണമിടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ബാങ്ക് അല്ലെങ്കിൽ പേയ്മെൻ്റ് സേവനദാതാവ് ഈടാക്കുന്നതാണ് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ). ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ പരിപാലിക്കുന്നതിനാണ് ഈ തുക. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഇടപാടുകളിൽ ഇത്തരം നിരക്ക് നിലവിലുണ്ടെങ്കിലും യുപിഐ ഇടപാടുകൾ സൗജന്യമായിരുന്നു. അത് കൊണ്ടാണ് ഓട്ടുമിക്ക പേരും ഇത്തരം സേവനങ്ങൾ ഉപയോഗിക്കുന്നത്.

Also Read: റിപ്പോ നിരക്ക് 5.25 ശതമാനമായി തുടരും; ഭവന, വാഹന വായ്‌പകളുടെ ഇഎംഐ വർധിക്കില്ല