ETV Bharat / business

എണ്ണയുത്പാദനം വർധിപ്പിക്കാൻ ഒപെക് പ്ലസ്; ഇന്ധനവില യുദ്ധത്തിന് മുൻപുള്ള അവസ്ഥയിൽ

സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈറ്റ്, കസാഖ്സ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്.

OPEC EXPAND MONTHLY OIL PRODUCTION  OIL PRICES  OPEC OIL PRODUCTION  Iran Israel us war
North Jiddah bulk plant, Saudi Arabia (AP)
author img

By ETV Bharat Kerala Team

Published : July 6, 2026 at 10:54 AM IST

2 Min Read
Choose ETV Bharat

ന്യൂയോർക്ക്: അമേരിക്കയും ഇസ്രയേലും ഇറാനുമായി നടത്തിയ യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് ഇന്ധനവില കുറഞ്ഞതിന് പിന്നാലെ എണ്ണയുത്പാദനം വർധിപ്പിക്കാൻ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. ഓഗസ്റ്റ് മാസം മുതൽ പ്രതിദിനം 1,88,000 ബാരൽ എണ്ണ അധികമായി ഉത്പാദിപ്പിക്കാനാണ് ഏഴ് രാജ്യങ്ങൾ ഉൾപ്പെടുന്ന കൂട്ടായ്മ തീരുമാനിച്ചത്.

തുടർച്ചയായി അഞ്ചാം മാസമാണ് എണ്ണയുത്പാദനം വർധിപ്പിക്കാൻ ഒപെക് പ്ലസ് രാജ്യങ്ങൾ തീരുമാനിക്കുന്നത്. സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈറ്റ്, കസാഖ്സ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളാണ് ഞായറാഴ്ച പ്രഖ്യാപിച്ച പുതിയ തീരുമാനത്തിൻ്റെ ഭാഗമാകുന്നത്.

വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നത് തുടരുമെന്നും വിപണിയിൽ സ്ഥിരത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടായ്മ വ്യക്തമാക്കി. പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും റഷ്യ ഉൾപ്പെടെയുള്ള മറ്റ് പ്രധാന എണ്ണയുത്പാദക രാജ്യങ്ങളും ചേർന്നതാണ് ഒപെക് പ്ലസ് എന്നറിയപ്പെടുന്നത്. ആഗോള എണ്ണ വിപണിയിലെ വില നിയന്ത്രിക്കുന്നതിലും വിതരണം സുഗമമാക്കുന്നതിലും ഈ കൂട്ടായ്മയ്ക്ക് നിർണായക പങ്കുണ്ട്.

ഇടക്കാല കരാറും ഹോർമുസ് കടലിടുക്കും
അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും ഒരു ഇടക്കാല കരാറിൽ എത്തിയതിന് പിന്നാലെയാണ് ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടായത്. വിപുലമായ ധാരണാപത്രത്തിൻ്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെ തടസ്സങ്ങളില്ലാതെ കപ്പലുകൾക്ക് സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകി. ഇതിന് പകരമായി ഇറാൻ്റെ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം അവസാനിപ്പിക്കാൻ അമേരിക്കയും തയ്യാറായി.

യുദ്ധത്തിന് മുൻപ് ലോകത്തെ എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്ന് നടന്നിരുന്ന ഹോർമുസ് കടലിടുക്കിലൂടെ കൂടുതൽ വാണിജ്യ കപ്പലുകൾ ഇപ്പോൾ സഞ്ചരിക്കുന്നുണ്ട്. എന്നാൽ കപ്പലുകളുടെ ഗതാഗതം ഇപ്പോഴും യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് എത്തിയിട്ടില്ല. ജലപാതയുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ ഇപ്പോഴും തുടരുകയാണ്. കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എല്ലാ എണ്ണ ടാങ്കറുകളും തങ്ങൾ അംഗീകരിച്ചിട്ടുള്ള പാതകളിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്നും അല്ലാത്തപക്ഷം ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാൻ്റെ സംയുക്ത സൈനിക കമാൻഡ് വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

വിലയിടിവും സാമ്പത്തിക പ്രതിസന്ധിയും
അന്തിമ സമാധാന കരാറിലെത്താൻ ഇറാനും അമേരിക്കയും ശ്രമങ്ങൾ തുടരുന്നതിനിടെ എണ്ണവില വീണ്ടും കുറയുകയാണ്. രാജ്യാന്തര വിപണിയിൽ ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 72 ഡോളറിന് താഴെയാണ് വ്യാപാരം നടക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രയേലും ഇറാനിൽ ആക്രമണം നടത്തുന്നതിന് മുൻപുള്ള വിലയ്ക്ക് സമാനമാണിത്. മാർച്ചിൽ എണ്ണവില ബാരലിന് 120 ഡോളർ വരെ എത്തിയിരുന്നു. യുദ്ധം ലോകത്തിൻ്റെ പല ഭാഗങ്ങളിലും വലിയ ഊർജ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതിനാൽ മുൻ മാസങ്ങളിൽ ഒപെക് പ്ലസ് പ്രഖ്യാപിച്ച ഉത്പാദന വർധനവിന് ആഗോള എണ്ണ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല.

യുദ്ധത്തിൻ്റെ തുടക്കത്തിൽ ഉത്പാദിപ്പിക്കുന്ന എണ്ണ കയറ്റുമതി ചെയ്യാൻ കഴിയാത്തതിനാൽ മിഡിൽ ഈസ്റ്റിലെ പ്രധാന എണ്ണയുത്പാദക രാജ്യങ്ങൾക്ക് ഉത്പാദനം വെട്ടിക്കുറയ്ക്കേണ്ടി വന്നിരുന്നു. ഗൾഫ് രാജ്യങ്ങളിലെ എണ്ണയുത്പാദനം 2027ലെ ആദ്യ പാദത്തിന് മുൻപ് പൂർവസ്ഥിതിയിലാകാൻ സാധ്യതയില്ലെന്നാണ് എസ് ആൻഡ് പി ഗ്ലോബൽ എനർജിയുടെ പുതിയ വിലയിരുത്തൽ. യുദ്ധം അവസാനിച്ചാലും ഇന്ധനവിലയും ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലയും ദീർഘകാലത്തേക്ക് ഉയർന്ന നിലയിൽ തന്നെ തുടരാൻ സാധ്യതയുണ്ടെന്ന് ഊർജ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Also Read: 'ഇസ്രായേലിൻ്റെ ഏറ്റവും ശക്തമായ പിന്തുണക്കാരിൽ ഒരാള്‍ ഇന്ത്യ'; ജെഡി വാൻസിൻ്റെ പരാമർശത്തിന് നെതന്യാഹുവിൻ്റെ മറുപടി