ETV Bharat / business

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ആഗോള ഊർജ്ജ വിതരണത്തിൽ തടസം, എണ്ണ വില കുതിക്കുന്നു

സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ ആഗോള ഊര്‍ജ വിതരണം അനിശ്ചിതത്വത്തിലാകുമെന്ന് വിദഗ്‌ധര്‍ അറിയിച്ചു.

ഊർജ്ജ പ്രതിസന്ധി  സ്വര്‍ണ വില  ഇറാന്‍ ഇസ്രയേല്‍ സംഘർഷം  എണ്ണ വിലയിലെ വർധനവിന് കാരണം
FILE - Fishermen work in front of oil tankers south of the Strait of Hormuz Jan. 19, 2012, offshore the town of Ras Al Khaimah in United Arab Emirates. (AP)
author img

By ETV Bharat Kerala Team

Published : March 2, 2026 at 10:01 AM IST

2 Min Read
Choose ETV Bharat

യുദ്ധം തുടരുമെന്ന ശക്തമായ സൂചനകള്‍ക്ക് പിന്നാലെ എണ്ണ വിലയിൽ വൻ കുതിച്ചുച്ചാട്ടം. കഴിഞ്ഞ ദിവസം എണ്ണവില 10 ശതമാനം ഉയർന്നു. യുഎസ്–ഇസ്രയേല്‍ ആക്രമണത്തിനെതിരെയുണ്ടായ ഇറാൻ്റെ പ്രതികാര ആക്രമണങ്ങൾ ആഗോള ഊർജ്ജ വിതരണ ശൃംഖലയെ തടസപ്പെടുത്തി. ഇത് എണ്ണവില കുത്തനെ ഉയരുന്നതിനും ഗള്‍ഫ് മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നതിനും കാരണമായി.

സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ ആഗോള ഊര്‍ജ വിതരണം അനിശ്ചിതത്വത്തിലാകുമെന്ന് വിദഗ്‌ധര്‍ അറിയിച്ചു. ഇറാനിൽ നിന്നും പശ്ചിമേഷ്യയിലെ മറ്റ് സ്ഥലങ്ങളിൽ നിന്നുമുള്ള എണ്ണ വിതരണം മന്ദഗതിയിലാകുകയോ നിലയ്ക്കുകയോ ചെയ്യുമെന്ന് വ്യാപാരികളും പറഞ്ഞു. ആഗോള എണ്ണ വിതരണത്തിൻ്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്.

പ്രതിദിനം 15 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഹോര്‍മുസ് വഴി മാത്രം കടന്നുപോയിക്കൊണ്ടിരുന്നത്. ഈ സാഹചര്യം നിലനിൽക്കെ രണ്ട് കപ്പലുകള്‍ ആക്രമിക്കപ്പെട്ടുവെന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നതിന് കാരണമാകുന്നു. ഈ ഗതാഗത തടസമാണ് എണ്ണവില കുതിക്കുന്നതിനും തുടർന്നുള്ള വിലക്കയറ്റത്തിനും കാരണമായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സൗദി, കുവൈത്ത്, ഇറാഖ്, ഖത്തര്‍, ബഹ്റൈന്‍,യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ മറ്റിടങ്ങളിലേക്കെത്താന്‍ ഹോര്‍മുസില്‍ കാത്ത് കിടക്കുകയാണെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിതരണം കുറയുന്നതോടെ വിലയില്‍ ഇനിയും വലിയ വര്‍ധനവ് ഉണ്ടാകും. ഇത് ആഗോള ഊർജ പ്രതിസന്ധിക്ക് കാരണമാകും.

ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒപെക് പ്ലസ് രാജ്യങ്ങള്‍ നിരവധി മാർഗങ്ങൾ ചർച്ചചെയ്യുന്നുണ്ട്. എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് രാജ്യങ്ങളുടെ തീരുമാനം. അതിൻ്റെ ഭാഗമായി അടുത്ത മാസം പ്രതിദിനം 206,000 ബാരൽ എണ്ണ അധികമായി ഉൽപാദിപ്പിക്കും. പ്രതിസന്ധിഘട്ടങ്ങളിൽ ഉൽപാദനം വർധിപ്പിച്ച് ആഘാതം കുറയ്ക്കുന്ന പതിവ് ഒപെക് പ്ലസിനുണ്ടെങ്കിലും, ഇത്തവണ വിതരണം കൂട്ടാൻ മാത്രം അധിക ഉൽപാദന ശേഷി ഇല്ലെന്നാണ് വിവരം.

22 അംഗങ്ങളുള്ള ഒപെക് പ്ലസ് സഖ്യത്തിൻ്റെ മുൻ നിരയിൽ നേതൃസ്ഥാനം വഹിക്കുന്ന സൗദി അറേബ്യ, യുഎഇ എന്നിവർക്ക് മാത്രമാണ് ഇത് ഉടനടി സാധ്യമാകുക. എന്നാൽ, ഇവയ്‌ക്കും ചില പരിമിതികൾ നേരിടേണ്ടതായി വരും. ഒപെക് പ്ലസ് അംഗമായ ഇറാനെ യുഎസ് ആക്രമിക്കുമെന്ന് മുന്നറിയിപ്പ് വന്നപ്പോള്‍ മുതല്‍ സൗദി അറേബ്യ പ്രതിദിനം ഏകദേശം 500,000 ബാരലിൻ്റെ ഉൽപാദന വർധന വരുത്തിയിരുന്നു. എന്നാല്‍ ഗൾഫ് സംഘർഷം എണ്ണവിലയിലുണ്ടാക്കിയ മാറ്റം ഒപെക് പ്ലസിൻ്റെ നീക്കം വലിയ രീതിയിൽ മറികടക്കാനാകില്ലെന്നാണ് നിലവിലെ വിലയിരുത്തലെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടു.

സ്വർണ വിലയിൽ നേരിയ കുറവ്

സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് പ്രധാന കാരണങ്ങളിലൊന്നാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സ്വർണവില വർധനവ് തുടരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിനു വിപരീതമാണ് ഇന്നത്തെ സ്വർണവില. 22 കാരറ്റ് സ്വർണത്തിന് ഇന്ന് (മാർച്ച് 02) 300 രൂപ കുറഞ്ഞ് ഗ്രാമിന് 15,565 രൂപയും പവന് 1,24,520 രൂപയുമായി.

18 കാരറ്റ് സ്വർണത്തിന് 245 രൂപ കുറഞ്ഞ് ഗ്രാമിന് 12,785 രൂപയും പവന് 1,02,280 രൂപയുമായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 9,955 രൂപയും പവന് 79,640 രൂപയുമായി. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതോടെ സ്വര്‍ണ വില കത്തിക്കയറിയതിന് ശേഷമാണ് ഇന്നത്തെ വിലയിലുണ്ടായ ഈ മാറ്റം.

Also Read: പശ്ചിമേഷ്യന്‍ സംഘര്‍ഷം; കേരളത്തില്‍ സ്വര്‍ണ വില കുതിക്കുന്നു, 2 ലക്ഷത്തിലെത്തുമെന്ന് സൂചന