ETV Bharat / business

പെൻഷൻ ബാങ്കിലായി, പക്ഷേ കടമ്പകൾ ഏറെ; ബാങ്ക് വിതരണത്തിൻ്റെ നേട്ടങ്ങളും കോട്ടങ്ങളും!

ബാങ്ക് വഴി പെൻഷൻ എത്തുമ്പോൾ സഹകരണ ബാങ്കുകളും ജീവനക്കാരും നേരിടാൻ പോകുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും.. ഒടിപിയും എടിഎമ്മും അറിയാത്ത പ്രായമായവർ നേരിടുന്ന യാത്രാക്ലേശങ്ങൾക്ക് പരിഹാരമെന്ത്?

SOCIAL WELFARE PENSION  Direct Benefit Transfer Impacts  pension bank transfer impact  social welfare pension updates
Representative Image (Special Arrangement)
author img

By ETV Bharat Kerala Team

Published : August 8, 2026 at 7:34 PM IST

7 Min Read
Choose ETV Bharat

ജയൻ കോമത്ത്

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ ഇനിമുതൽ പ്രാഥമിക സഹകരണ ബാങ്കുകൾ വഴി വീടുകളിൽ നേരിട്ടെത്തിക്കുന്നതിന് പകരം അക്കൗണ്ട് അധിഷ്ഠിതമായി (Direct Benefit Transfer - DBT) നൽകാൻ സർക്കാർ എടുത്ത തീരുമാനം വലിയ ചർച്ചകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കുമാണ് വഴിവച്ചിരിക്കുന്നത്. തീരുമാനം രാഷ്ട്രീയമാണെന്ന് വിമര്‍ശകര്‍. അല്ല പെന്‍ഷന്‍ വിതരണ സംവിധാനം കുറ്റമറ്റതാക്കാനാണെന്ന് സര്‍ക്കാരും ഭരണ മുന്നണിയും.

കേരളത്തിലെ അമ്പത്തൊന്നര ലക്ഷത്തോളം (5137691) വരുന്ന ക്ഷേമ പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന തീരുമാനമാണ് ജൂലൈ 27 ലെ ഉത്തരവിലൂടെ കേരള സര്‍ക്കാര്‍ കൈക്കൊണ്ടത്. വയോജന പെന്‍ഷന്‍ വിധവാ പെന്‍ഷന്‍ വികലാംഗ പെന്‍ഷന്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വിഭാഗങ്ങളിലായി സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പറ്റുന്നവരില്‍ ഏതാണ്ട് 23 ലക്ഷത്തോളം പേര്‍(2312922) സഹകരണ സൊസൈറ്റികള്‍ വഴിയാണ് പെന്‍ഷന്‍ വാങ്ങുന്നത്. 2016 മുതലാണ് ഇത്തരത്തില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വീട്ടിലെത്തിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പത്തു വര്‍ഷം തികയുന്നതിനിടയില്‍ പെന്‍ഷന്‍ വീട്ടു പടിക്കലെത്തുന്ന പദ്ധതി നിലയ്ക്കു‌കയാണ്.

SOCIAL WELFARE PENSION  Direct Benefit Transfer Impacts  pension bank transfer impact  social welfare pension updates
പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം (ETV Bharat)

23 ലക്ഷം പെന്‍ഷന്‍ ഗുണഭോക്താക്കളെയാണ് ഈ പരിഷ്കരണം നേരിട്ട് ബാധിക്കാന്‍ പോകുന്നതെങ്കിലും അതിനപ്പുറം മറ്റു പല മേഖലകളിലും ഈ തീരുമാനത്തിന്‍റെ അലയൊലികളുണ്ടാവും. കേരളത്തിലെ സഹകരണ മേഖലയില്‍ ഇതുണ്ടാക്കാന്‍ പോകുന്ന ആഘാതം ചെറുതാകില്ല. 1600 ഓളം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവൃത്തിക്കുന്നത്. അതില്‍ 1200 സംഘങ്ങളെങ്കിലും ഇടതു ഭരണ സമിതികളുടെ നിയന്ത്രണത്തിലാണ്. ബാക്കിയുള്ള നാനൂറോളം സംഘങ്ങളില്‍ ബിജെപി നിയന്ത്രണത്തിലുള്ള ഏതാനും സംഘങ്ങളൊഴിച്ചാല്‍ ബഹു ഭൂരിപക്ഷവും കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ളതാണ്.

സഹകരണ സംഘങ്ങളുടെ ഈ രാഷ്ട്രീയ സ്വഭാവം ഓരോ പ്രദേശങ്ങളിലും അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ വളര്‍ച്ചക്ക് ഉപയോഗിക്കാറുണ്ടെന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. 1500 ലേറെ സഹകരണ ബാങ്കുകള്‍ വഴി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ 2016 ല്‍ എടുത്ത തീരുമാനം ഏറെ ശ്ലാഘിക്കപ്പെട്ടതായിരുന്നു. അത് വളരെ സമര്‍ത്ഥമായി കൈകാര്യം ചെയ്യാന്‍ പല സഹകരണ സംഘം ഭരണ സമിതികള്‍ക്കും സാധിച്ചിരുന്നു. നാടൊട്ടുക്കും പൊതുജനങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഇതു വഴി സ്ഥാപിച്ചെടുക്കാന്‍ സഹകരണ സംഘങ്ങള്‍ക്കും അതു വഴി ഇടതു മുന്നണിക്കും സാധിച്ചിരുന്നു. 10 വര്‍ഷത്തിനപ്പുറം വന്ന ഭരണ മാറ്റത്തിനു ശേഷം ക്ഷേമ പെന്‍ഷന്‍ വിതരണ സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്ന് യുഡിഎഫും കോണ്‍ഗ്രസും ചിന്തിച്ചതും ഇതേ രാഷ്ട്രീയ കാരണങ്ങളാല്‍ത്തന്നെ.

SOCIAL WELFARE PENSION  Direct Benefit Transfer Impacts  pension bank transfer impact  social welfare pension updates
പെൻഷൻ ഗുണഭോക്താക്കള്‍ (ETV Bharat)

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവില്‍ പെന്‍ഷന്‍ വിതരണം ബാങ്ക് അക്കൗണ്ട് വഴിയാക്കാന്‍ പറഞ്ഞിരിക്കുന്ന കാരണങ്ങളില്‍ മിക്കതും സഹകരണ ബാങ്കുകളുടെ പെന്‍ഷന്‍ വിതരണ ശൈലിയുമായി ബന്ധപ്പെട്ടതായിരുന്നു. പ്രാഥമിക സഹകരണ സംഘങ്ങള്‍ പെന്‍ഷന്‍ വിതരണത്തില്‍ വരുത്തുന്ന കാലതാമസമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ഓരോ മാസവും പെന്‍ഷന്‍ വിതരണത്തിനു ശേഷം വിതരണം ചെയ്യാതെ അവശേഷിക്കുന്ന തുക സഹകരണ സംഘങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചടക്കുന്നില്ല എന്നതായിരുന്നു ഒരു ആക്ഷേപം. 10 ദിവസത്തിനുള്ളില്‍ തിരിച്ചടവ് നടത്തി വിവരം രേഖപ്പെടുത്താറില്ല എന്നതാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. വീടുകളിലെത്തി പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് സഹകരണ ബാങ്കുകള്‍ക്ക് നല്‍കുന്ന ഇന്‍സെന്‍റീവ് സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയാവുന്നുണ്ട് എന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പെൻഷൻ നേരിട്ട് വിതരണം ചെയ്യുമ്പോൾ കാലതാമസം വരുത്തുന്നുവെന്നും ബാക്കിവരുന്ന തുക കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നില്ലെന്നും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിൽ കാലതാമസം വരുന്നുവെന്നുമുള്ള ഉത്തരവില്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് എളയാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്‌ പി മനോഹരന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. കേരളത്തിലെ ഭൂരിഭാഗം പ്രഥമിക സഹകരണ സംഘം ഭാരവാഹികളും ഇതേ അഭിപ്രായമാണ് പങ്കുവയ്ക്കു‌ന്നത്. "കേരളത്തിലെ ക്ഷേമ പെന്‍ഷന്‍ വിതരണം രഹസ്യമായി നടക്കുന്ന പ്രവൃത്തിയല്ല. പെന്‍ഷന്‍ വിതരണം ചെയ്യുന്നുവെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശേഷം പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പട്ടിക കേരളത്തിലെ അതത് മേഖലകളിലെ സഹകരണ സംഘങ്ങളില്‍ എത്തുന്നു. പട്ടിക എത്തി രണ്ടോ മൂന്നോ ദിവസത്തിനകം തന്നെ സഹകരണ സംഘങ്ങള്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാറുണ്ട്.

SOCIAL WELFARE PENSION  Direct Benefit Transfer Impacts  pension bank transfer impact  social welfare pension updates
Representative Image (Special Arrangement)

എളയാവൂര്‍ ബാങ്കിന്‍റെ ഉദാഹരണമെടുത്താല്‍ 3000 പേര്‍ക്കാണ് പെന്‍ഷന്‍ വിതരണം ചെയ്യാനുള്ളത്. ഏതാണ്ട് 50 ലക്ഷം രൂപയോളം ഇതിനായി എത്തും. പട്ടിക എത്തി രണ്ടു ദിവസത്തിനകം തന്നെ ബില്‍ കളക്ടര്‍മാര്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. സ്ഥലത്തില്ലാത്തവരെ ഫോണില്‍ ബന്ധപ്പെട്ട് വരുത്തി പെന്‍ഷന്‍ തുക കൈമാറും. ബില്‍ കളക്ടര്‍മാരാണ് ഈ ജോലി ചെയ്യുന്നത്. ഒരു വീട്ടില്‍ പെന്‍ഷന്‍ എത്തിക്കുന്നതിന് അവര്‍ക്ക് നല്‍കുന്ന ഇന്‍സന്‍റീവ് 25 രൂപയാണ്. പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കി മൂന്ന് ദിവസത്തിനുള്ളില്‍ത്തന്നെ സേവന പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്താറുമുണ്ട്.

അവശതകളില്‍ കഴിയുന്ന വാര്‍ധക്യ കാലത്ത് വീട്ടിലെത്തുന്ന പെന്‍ഷന്‍ ആയിരക്കണക്കിന് ആളുകളുടെ മനസ്സിലും മുഖത്തും നിറച്ച സന്തോഷമാണ് ഈ ഒരൊറ്റ തീരുമാനത്തിലൂടെ ഇല്ലതാവാന്‍ പോകുന്നത്. പെന്‍ഷന്‍ വിതരണത്തിനുള്ള തീയതി പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ ബില്‍ കളക്ടര്‍മാരെ ഫോണ്‍ വിളിച്ച് എപ്പോഴെത്തുമെന്ന് ചോദിക്കുന്ന പെന്‍ഷന്‍ ഗുണഭോക്താക്കളാണ് മിക്കവരും," പി മനോഹരന്‍ പറഞ്ഞു.

SOCIAL WELFARE PENSION  Direct Benefit Transfer Impacts  pension bank transfer impact  social welfare pension updates
സര്‍ക്കാര്‍ ഉത്തരവ് (ETV Bharat)

സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കും പെൻഷൻ വിതരണത്തിലൂടെ പൊതുജനങ്ങളുമായുണ്ടായിരുന്ന നേരിട്ടുള്ള ബന്ധം നഷ്ടപ്പെടാൻ ഇത് ഇടയാക്കും. സഹകരണ ബാങ്കുകൾക്കും ജീവനക്കാർക്കും കമ്മീഷനായി നൽകിവരുന്ന കോടിക്കണക്കിന് രൂപ സർക്കാരിന് ലാഭിക്കാൻ സാധിച്ചേക്കും. എന്നാല്‍ അതു വഴി സഹകരണ ബാങ്കുകളിലെ ഇരുപതിനായിരത്തോളം വരുന്ന ബില്‍ കളക്ടര്‍മാരുടെ കൂടി വരുമാന സ്രോതസ്സാണ് നിലയ്ക്കുന്നത്. സംസ്ഥാനത്തെ 1600 ഓളം സഹകരണ ബാങ്കുകളിലായി ഇരുപതിനായിരത്തോളം ബില്‍ കളക്ടര്‍മാര്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ കൊണ്ടുവരുന്ന നിക്ഷേപത്തിന് മൂന്ന് ശതമാനം ഇന്‍സെന്‍റീവാണ് സഹകരണ ബാങ്കുകള്‍ നല്‍കുന്നത്. അതിനു പുറമേ ഇവര്‍ക്ക് തല്‍സമയം കിട്ടിക്കൊണ്ടിരുന്ന വരുമാനമായിരുന്നു പെന്‍ഷന്‍ വീട്ടിലെത്തിക്കുമ്പോള്‍ ലഭിച്ചു പോന്ന 25 രൂപ. ആ വരുമാനം നിലക്കുന്നതോടെ ഇരുപതിനായിരത്തോളം വീടുകളില്‍ക്കൂടി ഇതിന്‍റെ സാമ്പത്തിക പ്രതിഫലനം ഉണ്ടാകും.

അര്‍ഹരായവര്‍ക്ക് പലരിലേക്കും പെന്‍ഷന്‍ യഥാ സമയം എത്തുന്നില്ലെന്ന പരാതി യുഡിഎഫിനു മുന്നിലുണ്ടെന്ന് കെപിസിസി ട്രഷറര്‍ വി എ നാരായണന്‍ ഇടി വി ഭാരതിനോട് പറഞ്ഞു. പെന്‍ഷന്‍ വിതരണ സംവിധാനം പരിഷ്കരിക്കാന്‍ തീരുമാനിച്ചതിന്‍റെ പ്രധാന കാരണം അതു തന്നെയാണ്. "പെന്‍ഷന്‍ വിതരണത്തില്‍ വന്‍ തോതില്‍ രാഷ്ട്രീയം കലര്‍ത്തുകയായിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് കാലത്തൊക്കെ പെന്‍ഷന്‍ വിതരണത്തില്‍ വല്ലാതെ രാഷ്ട്രീയം കളിച്ചു. എല്ലാ സഹകരണ സംഘങ്ങളേയും കുറ്റപ്പെടുത്തുന്നില്ല. സഹകരണ ബാങ്കുകളുടെ പ്രതിനിധികളായ സജീവ രാഷ്ട്രീയക്കാര്‍ വീട്ടുപടിക്കല്‍ പെന്‍ഷന്‍ എത്തിക്കുമ്പോള്‍ അവരത് രാഷ്ട്രീയ നേട്ടത്തിനും പാര്‍ട്ടി വളര്‍ത്താനുള്ള ഉപാധിയായും ഉപയോഗിച്ചു. നിര്‍ബന്ധിത സംഭാവന പിരിവടക്കമുള്ള വയോജനങ്ങള്‍ക്ക് പുറമേക്ക് പറയാന്‍ ഭയക്കുന്ന പല തര രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും പലേടങ്ങളിലായി ഉണ്ടായിട്ടുണ്ട്.

പാവപ്പെട്ട വയോജനങ്ങളെ ബാങ്കുകളിൽ കയറിയിറങ്ങാൻ നിർബന്ധിക്കുന്നത് അനീതിയാണെന്ന് ആക്ഷേപിക്കുന്നവര്‍ ഈ പദ്ധതി കൈകാര്യം ചെയ്ത രീതിയാണ് ഇന്ന് മാറി ചിന്തിക്കാന്‍ പ്രധാനമായും പ്രേരിപ്പിക്കുന്നത്. കിടപ്പിലായവർ എന്ന നിർവചനം മാത്രം മാനദണ്ഡമാക്കാതെ, നടക്കാൻ പ്രയാസമുള്ള വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ശാരീരിക അവശതകളുള്ള വയോജനങ്ങള്‍ക്കുമൊക്കെ ആവശ്യാനുസരണം വീട്ടിൽ പെൻഷൻ എത്തിക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങൾ യുഡി എഫ് സര്‍ക്കാര്‍ ഉറപ്പു വരുത്തും. പെൻഷൻ തടസ്സപ്പെടുത്തുകയല്ല, മറിച്ച് വിതരണത്തിൽ സുതാര്യത ഉറപ്പാക്കാനും സാമ്പത്തിക ചോർച്ച തടയാനുമാണ് ഇത്തരമൊരു തീരുമാനം" വി എ നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

സർക്കാർ നടപടി വയോജനങ്ങളാകെ സംശയ ദൃഷ്ടിയോടെയാണ് കാണുന്നതെന്ന് സംസ്ഥാന വയോജന കമ്മീഷന്‍ അംഗവും സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ അമരവിള രാമകൃഷ്ണൻ ഇ ടിവി ഭാരതിനോട് പറഞ്ഞു. ഒറ്റയ്ക്ക് വീടിനു പുറത്ത് പോകാൻ കഴിയാത്തവരും കൂട്ടിന് ആരെയെങ്കിലും കൂടെ കൊണ്ടുപോകാൻ ഇല്ലാത്തവരുമായ വന്ദ്യ വയോധികരായ നിരവധി വയോജനങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ട്. വീടുകളിൽ പെൻഷൻ എത്തിച്ചാൽ പോലും വയോജനങ്ങളിൽ നിന്നും ആ തുക തട്ടിയെടുക്കുന്ന ചില ബന്ധുക്കളെങ്കിലുമുള്ള നമ്മുടെ നാട്ടിൽ ആ തുക ബാങ്കിലോ ATM ലോ നിന്നെടുക്കാൻ അത്തരക്കാരെ തന്നെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടിലേക്കാണ് സർക്കാർ വയോജനങ്ങളെ തള്ളിവിടുന്നത്.

കഴിഞ്ഞ 10 വർഷക്കാലവും ഒരു ബുദ്ധിമുട്ടുമില്ലാതെ നടത്തി വന്നിരുന്ന ഈ പദ്ധതിക്ക് കഴിഞ്ഞ 3 മാസം കൊണ്ട് ഇത്രയും പ്രശ്നങ്ങൾ വന്നുപെട്ടതെങ്ങനെയെന്നു സർക്കാർ പരിശോധിച്ച് നടപടിയെടുക്കുകയാണ് വേണ്ടത്. പദ്ധതി നടത്തിപ്പിൽ പാളിച്ചയോ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനു പകരം പദ്ധതി തന്നെ ഉപേക്ഷിക്കുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം ഇ ടി വി ഭാരതിനോട് പറഞ്ഞു. പാചക വാതക സബ്സിഡി ബാങ്ക് വഴി നല്‍കുമെന്നറിയിച്ച ശേഷം മൂന്ന് മാസത്തിനകം സബ്സിഡി നല്‍കല്‍ തന്നെ നിലച്ച അതേ അനുഭവം കേരളത്തിലെ ക്ഷേമ പെന്‍ഷന്‍റെ കാര്യത്തിലും ഉണ്ടാകുമെന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു.

600 രൂപയായിരുന്ന സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങാന്‍ ബാങ്കുകളിലും ട്രഷറികളിലുമെത്താന്‍ വയോജനങ്ങള്‍ക്കുള്ള സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തായിരുന്നു അന്നത്തെ സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. അതേ വര്‍ഷം തന്നെയാണ് 1000 രൂപയായി പെന്‍ഷനുകള്‍ ഉയര്‍ത്തിയത്. പിന്നീട് 10 വര്‍ഷം കൊണ്ട് പെന്‍ഷന്‍ വര്‍ധിച്ച് ഇന്ന് 2000 രൂപയിലെത്തി.

SOCIAL WELFARE PENSION  Direct Benefit Transfer Impacts  pension bank transfer impact  social welfare pension updates
Representative Image (Special Arrangement)

പണപ്പെരുപ്പത്തോത് ഉയര്‍ന്നു നില്‍ക്കുന്ന നാളുകളില്‍ ഈ 2000 രൂപ ഒന്നിനും തികയില്ലെങ്കിലും വലിയൊരളവുവരെ മറ്റുള്ളവരെ ആശ്രയിക്കാതെ കഴിയാന്‍ സഹായമായിരുന്നുവെന്ന് ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്ന കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശിനി ശാരദ ഇടിവി ഭാരതിനോട് പറഞ്ഞു. പുതിയ ഉത്തരവ് നടപ്പാകുന്നതോടെ എഴുപതും എണ്‍പതും വയസ്സു കഴിഞ്ഞവര്‍ക്ക് വീണ്ടും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരികയാണ്. കേരളത്തിലെ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമാകുന്ന പൂർണ്ണമായും കിടപ്പിലായ രോഗികൾ ഒഴികെയുള്ളവർക്ക് പെൻഷൻ തുക ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടുകൾ വഴിയാക്കാനാണ് പുതിയ ഉത്തരവ് നിർദ്ദേശിക്കുന്നത്.

കിടപ്പിലായവർക്ക് മാത്രമാണ് വീടുകളിൽ പെൻഷൻ നൽകുക എന്ന് പറയുമ്പോഴും, ശാരീരികമായി അവശതയുള്ള എന്നാൽ കിടപ്പിലല്ലാത്ത വലിയൊരു വിഭാഗം മുതിർന്ന പൗരന്മാർക്ക് ബാങ്കുകളിൽ പോയി ക്യൂ നിൽക്കാനും ATM ഉപയോഗിക്കാനും പ്രയാസമുണ്ടാകും . ഡിബിടി എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതു കാരണം കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട സാമ്പത്തിക സഹായങ്ങള്‍ പലതും നഷ്ടമാകുന്നു എന്നതാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ആധാർ അധിഷ്ഠിത അക്കൗണ്ട് വഴി തുക നൽകുന്നതിലൂടെ ഒരേ വ്യക്തി ഒന്നിലധികം പെൻഷനുകൾ കൈപ്പറ്റുന്നത് തടയാൻ സാധിക്കും. ഡിബിടി എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതു കാരണം കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട സാമ്പത്തിക സഹായങ്ങള്‍ പലതും നഷ്ടമാകുന്നു എന്നതാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കുന്നതിന് നിർബന്ധമായും DBT പ്രകാരം ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു.

സാങ്കേതികവിദ്യ കൈകാര്യം ചെയ്യാൻ അറിയാത്ത ഗ്രാമീണ മേഖലയിലെ നിർധനർക്ക് ബാങ്കുകൾ വഴിയുള്ള വിതരണം ആശയക്കുഴപ്പം ഉണ്ടാക്കാം. പെൻഷൻ വിതരണത്തിലെ സുതാര്യതയും ബാങ്കിംഗ് നവീകരണവും സർക്കാരിന്‍റെ സാമ്പത്തിക ഭാരം കുറയ്ക്കലും സ്വാഗതാർഹമാണെങ്കിലും, ഗുണഭോക്താക്കളുടെ അസൗകര്യം കൂടി പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ലക്ഷക്കണക്കിന് പെന്‍ഷൻ ഉപഭോക്താക്കള്‍.

Also Read: ക്ഷേമപെൻഷൻ ഇനി ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിൽ; കിടപ്പുരോഗികള്‍ക്ക് മാത്രം വീടുകളില്‍, ഉത്തരവുമായി സര്‍ക്കാര്‍