ഒരേ ദിവസം തന്നെ പല തവണ വിലകൂടുന്ന സ്വര്‍ണം; ആരാണ്, എങ്ങനെയാണ് ഈ വില നിശ്ചയിക്കുന്നത്
ഒരു ദിവസത്തില്‍ തന്നെ പലതവണ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത് എങ്ങനെയാണ്? സംസ്ഥാനത്ത് സ്വര്‍ണ വില നിശ്ചയിക്കുന്നത് എങ്ങനെയാണ് വിശദമായി അറിയാം.

Published : October 16, 2025 at 2:39 PM IST
സി.വി. സിനിയ
ഒരു പവന് സ്വര്‍ണത്തിന് ഒരു ലക്ഷം രൂപയുടെ ഏതാണ്ട് അടുത്ത് എത്തിയിരിക്കുന്നുവെന്ന സൂചന നല്‍കി വില കുതിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ഓരോ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമൊക്കെയായി രണ്ടും മൂന്നും തവണയാണ് വര്‍ധിക്കുന്നത്. ചൊവ്വാഴ്ച വില കൂടുകയും കുറയുകയും ചെയ്തെങ്കില്‍ ബുധനാഴ്‌ച വില വച്ചടി കയറുകയായിരുന്നു. ബുധനാഴ്‌ച രാവിലെ 50 രൂപ ഗ്രാമിനും, 400 രൂപയും വർധിച്ച് ഗ്രാമിന് 11815 രൂപയും പവന് 94520 രൂപയും വിലയായി. അന്താരാഷ്ട്ര സ്വർണ്ണവില 4184 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 88.22 ലും ആണ്. രൂപ അല്പം കരുത്ത് നേടിയിട്ടുണ്ട്.
ഉച്ചയ്ക്കുശേഷം വീണ്ടും വില വർദ്ധിച്ചു 50 രൂപ ഗ്രാമിനും 400 രൂപ പവനും വർദ്ധിച്ച്, 11865 ഗ്രാമിനും 94920 പവനും വിലയായി. അന്താരാഷ്ട്ര സ്വർണ്ണവില 4212 ഡോളറിൽ എത്തിയതിനുശേഷം ആണ് വില വർധിപ്പിച്ചത്. പലിശ നിരക്ക് കുറയ്ക്കും എന്ന യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവല്‍ സൂചന നൽകിയതും സ്വർണ്ണവില വർദ്ധനവിന് കാരണമാണ്.
യുഎസ്-ചൈന വ്യാപാരയുദ്ധം പുതിയ തലത്തിലാണ്. നിക്ഷേപം, ദീപാവലി, വിവാഹം എന്നീ കാരണങ്ങള്‍ക്കൊണ്ട് തന്നെ ഇന്ത്യയിൽ ഉയർന്ന ഡിമാൻഡാണുള്ളത്. ചൈനയുടെ ഉയർന്ന വാങ്ങല്‍ ശേഷി തുടങ്ങിയ കാരണങ്ങളെല്ലാം സ്വർണ്ണവില വർദ്ധിക്കുകയാണ്. 4500 ഡോളർ ആണ് അടുത്ത ലക്ഷ്യം എന്നാണ് വിപണി നൽകുന്ന സൂചന.സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും ഉയർന്ന വിലയും ഡിമാന്‍റും ബാറുകളുടെയും കോയിനുകളുടെയും ലഭ്യതയിൽ കുറവുമെല്ലാം സ്വര്‍ണവില കുതിച്ചുയരാന്‍ കാരണമാകുന്നുണ്ട്.

സ്വര്‍ണത്തിന് വലിയ വിലകൊടുക്കുന്ന കേരളത്തിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അടിക്കടി സ്വര്‍ണ നിരക്ക് കുതിച്ചുയരുന്നത് വലിയ പ്രഹരമാണ്. മുമ്പൊക്കെ കേരളത്തില്‍ ഓരോ ദിവസവും രാവിലെ സ്വര്‍ണ വില നിശ്ചയിച്ചാല്‍ അന്നത്തെ ദിവസം മുഴുവന്‍ അതേ വിലയില്‍ തന്നെ ലഭ്യമാകുമായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. ഒരു ദിവസത്തില്‍ തന്നെ രണ്ടും മൂന്നും തവണ വര്‍ധിക്കുന്നതാണ് കാണുന്നത്. ആരാണ് കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുന്നത്? എന്തുകൊണ്ടാണ് ഇങ്ങനെ വിലയില്‍ മാറ്റമുണ്ടാകുന്നത്. അതിനെ കുറിച്ച് ഇ ടിവി ഭാരതിനോട് വ്യക്തമാക്കുകയാണ് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്‌ദുല്‍ നാസർ.
കേരളത്തില്‍ വില നിശ്ചയിക്കപ്പെടുന്നത്
"കേരളത്തില്‍ സ്വര്‍ണത്തിന്‍റെ വില നിശ്ചയിക്കുന്നത് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷനാണ്. കേരളത്തില്‍ രണ്ട് മൂന്ന് അസോസിയേഷനുകളുണ്ട്. അവരെല്ലാവരുമായി രാവിലെ ചര്‍ച്ച നടത്തിയതിന് ശേഷമാണ് വില നിശ്ചയിക്കുന്നത്. ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് (London bullion market) വില അനുസരിച്ച് അന്താരാഷ്‌ട്ര വില ഡോളര്‍ നിരക്കില്‍ എത്രയാണെന്ന് രാവിലെ അറിയാനാവും. രാവിലെ 9.15 ആകുമ്പോഴേക്കും ഐ എന്‍ ആര്‍ അഥവാ നാണയ വിനിമയ നിരക്ക് വരും. രൂപയുടെ വിനിമയ നിരക്ക് എത്രയാണെന്നത് അറിയും. ഇതിന് ശേഷം ബാങ്ക് നിരക്ക് കൂടി നോക്കി 92 എന്ന അനുപാതത്തിലേക്ക് വില നിശ്ചയിക്കും. അതില്‍ 1% മാര്‍ജിനുകൂടി നല്‍കിയിട്ടാണ് വില നിശ്ചയിക്കപ്പെടുന്നത്. ചുരുക്കി പറഞ്ഞാല്‍ ഓരോ ദിവസത്തെയും ഡോളറിന്‍റെ മൂല്യം, രൂപയുമായുള്ള വിനിമയനിരക്ക്, സ്വര്‍ണത്തിന്‍റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്‍റെ ബാങ്ക് നിരക്ക് ഇവയെല്ലാം അവലോകനം ചെയ്‌താണ് ഓരോ ദിവസത്തേയും സ്വര്‍ണവില നിശ്ചയിക്കുന്നത്. ഓരോ ദിവസവും ഏതാണ്ട് രാവിലെ 9.20 ആകുമ്പോഴേക്കും വില നിശ്ചയിക്കും.സാധാരണ ഗതിയില്‍ കേരള സംസ്ഥാനത്ത് സ്വര്‍ണത്തിന് ഒരു ദിവസം മുഴുവന്‍ ഒരു വിലയാണ് ഉണ്ടാകാറുള്ളത്. ചില സമയങ്ങളില്‍ മാത്രമാണ് വ്യത്യാസം വരാറുള്ളത്", അഡ്വ. എസ്. അബ്‌ദുല്‍ നാസർ പറഞ്ഞു.

സ്വര്‍ണത്തിന്‍റെ ഫണ്ടമെന്‍റല്‍ ചേഞ്ചാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതൊരു കാഡ് കറന്‍സിയായി ലോകം അംഗീകരിച്ചിരിക്കുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ വില പരിധി നിശ്ചയിക്കുക എന്നത് ഒരിക്കലും കഴിയാത്ത അവസ്ഥയാണ്. സ്വര്‍ണ വിലയെ സംബന്ധിച്ചിടത്തോളം അയ്യായിരമോ ആറായിരമോ ഡോളറോ വന്നാല്‍ പോലും അതൊന്നും ഒരത്ഭുതമല്ല എന്നാണ് ഇപ്പോഴത്തെ വിപണി നിരീക്ഷണം.
ആയിരം ഡോളറില്‍ നിന്ന് രണ്ടായിരവും മൂവായിരവും ഡോളറിലേക്ക് എത്തുന്നതില്‍ നാലും അഞ്ചും വര്‍ഷം എടുത്തെങ്കില്‍ കഴിഞ്ഞ ഒക്‌ടോര്‍ 15 ന് 7120 രൂപയായിരുന്നു ഗ്രാമിന് സ്വര്‍ണവില. അതായത് 2580 ഡോളറായിരുന്നു അന്താരാഷ്‌ട്ര വില. അതില്‍ നിന്ന് 4200 ഡോളറിലേക്കാണ് എത്തിയിരിക്കുന്നത്. ഏതാണ്ട്1700 ഓളം ഡോളറിന്‍റെ വ്യത്യാസമാണ് ഒരു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണത്തിന് വന്നിരിക്കുന്നത്. അന്‍പത് വര്‍ഷത്തിനുള്ളിലെ വ്യത്യാസവുമായി തട്ടിച്ച് നോക്കുമ്പോള്‍ അതിനേക്കാള്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്.
സ്വര്‍ണത്തിന്‍റെ വില ഉയരുന്നത്
ലോകമെമ്പാടും ഒരുപാട് പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. മാക്രോ എക്കോണമിക്‌സ് പ്രശ്‌നങ്ങള്‍, യുദ്ധങ്ങള്‍, ട്രംപിന്‍റെ താരിഫ് പ്രശ്‌നം ഇതെല്ലാം സ്വര്‍ണത്തിന്‍റെ വില ഉയരാനുള്ള കാരണങ്ങളാണ്. ഇതിലുപരി ഇന്ത്യയും ചൈനയും ധാരാളം സ്വര്‍ണം വാങ്ങുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. പക്ഷേ യൂറോപ്യന്‍ രാജ്യങ്ങളൊക്കെ ഓണ്‍ലൈന്‍ ബിസിനസ് നടത്തുന്നവരാണ്. അവരൊക്ക ഓണ്‍ലൈന്‍ ട്രേഡിംഗ് ആണ്. അവര്‍ ഒരിക്കലും ഒരുഗ്രാം സ്വര്‍ണം പോലും വാങ്ങിക്കാറില്ല.
ഇന്ന് കേരളത്തില്‍ ഒരു കിലോ സ്വര്‍ണം വാങ്ങണമെങ്കില്‍ ഒരു കോടി മുപ്പത് ലക്ഷം രൂപ കൊടുക്കണം. ഇങ്ങനെ ഒരു കോടി മുപ്പത് ലക്ഷം രൂപ കൊടുത്ത് സ്വര്‍ണം വാങ്ങുമ്പോള്‍ യൂറോപ്യന്‍കാരും അമേരിക്കകാരും 10 ശതമാനം മുടക്കി ഓണ്‍ലൈനായി ട്രേഡ് നടത്തുന്നു. അവര്‍ക്ക് വലിയ ലാഭം കിട്ടുന്നു, ഒരു ഗ്രാം പോലും ഡെലിവറി ചെയ്യേണ്ട. അതിഭയങ്കര ലാഭമാണ് അവര്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്. ഏത് വിലയ്ക്കും സ്വര്‍ണം വാങ്ങുകയാണ് ഓണ്‍ലൈന്‍ ട്രേഡിംഗ്. ഈ ഓണ്‍ലൈന്‍ ട്രെഡിംഗ് കൂടുതലായി നടക്കുന്നതുകൊണ്ടാണ് വില വര്‍ധിച്ചുകൊണ്ടേയിരിക്കുന്നത്.

ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തുന്നവരില്‍ 3000 ഡോളര്‍ പര്‍ച്ചേഴ്‌സ് ചെയ്യുന്നവരൊക്കെ കാണും. 1200 ഡോളറിന്‍റെ ലാഭമായിരിക്കും ഒരു കിലോയില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം 100 ഡോളറിന്‍റെ മൂല്യം കുറഞ്ഞു. ഇസ്രയേല്‍- ഹമാസ് കരാര്‍ വന്നതോടുകൂടിയാണിത്. 4099 ഡോളര്‍ വരെ എത്തുമ്പോഴേക്കും വീണ്ടും ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങുകയാണ്. അതോടെ വീണ്ടും പഴയപടിയില്‍ തന്നെ എത്തിയിരിക്കുകയാണ്.
"ബുധനാഴ്ച രാവിലെ വില നിശ്ചയിക്കുമ്പോള്‍ രാവിലെ 4184 ഡോളറായിരുന്നു അന്താരാഷ്‌ട്ര വില. അത് ഉച്ചയ്ക്ക് രണ്ടുമണിയായപ്പോഴേക്കും 4211 ഡോളര്‍ ആയി മാറി. ഇങ്ങനെ പത്തും നാല്‍പതും ഡോളര്‍ വ്യത്യാസം വരുമ്പോള്‍ സ്വഭാവികമായും നമ്മളും വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. നമുക്ക് വിപണയില്‍ സ്വര്‍ണം ലഭ്യമാകുകയില്ല. അല്ലെങ്കില്‍ ബാങ്കുകളില്‍ ഈ നിരക്കില്‍ നല്‍കില്ല. അതുകൊണ്ട് അതിന്‍റെ ആനുപാതികമായി വിലവര്‍ധിപ്പിക്കുന്നു. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സ്വര്‍ണവില മുന്നോട്ട് തന്നെ കുതിക്കുകയാണ്. അതിനൊരു മാറ്റവും വന്നിട്ടില്ല. അത് തുടരുക തന്നെ ചെയ്യുകയാണ്",അഡ്വ. എസ്. അബ്‌ദുല്‍ നാസർ .
വൈകുന്നേരം ഏഴ് മണിയാകുമ്പോഴേക്കും യു എസ് വിപണി ഓപ്പണ്‍ ചെയ്യും. ഇപ്പോള്‍ 4205 ഡോളറിലാണ് നില്‍ക്കുന്നത്. അതില്‍ നിന്ന് മാറി വീണ്ടും ഓപ്പണ്‍ ചെയ്യുമ്പോഴേക്കും വീണ്ടും കൂടുന്ന ഒരു ട്രെന്‍ഡാണുള്ളത്. അങ്ങനെയെങ്കില്‍ അടുത്ത ദിവസം വീണ്ടും വില വര്‍ധിക്കുകയാണ്. ആഭ്യന്തര വിപണയില്‍ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ വില
കേരളത്തില്‍ ഒരു ദിവസം വില വര്‍ധിച്ചിട്ടുണ്ടെങ്കില്‍ അന്നത്തെ വില അതു തന്നെയായിരിക്കും. എന്നാല്‍ തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും മാറ്റമുണ്ട്. തമഴ്‌നാട്ടില്‍ രാവിലെ ഒരു വിലയും ഉച്ചയ്ക്ക് ശേഷം മറ്റൊരു വിലയുമാണ് നിശ്ചയിക്കപ്പെടുന്നത്. നേരത്തേയും അങ്ങനെ തന്നെയായിരുന്നു. മറിച്ച് ബോംബെയിലും ഡല്‍ഹിയിലുമൊക്കെ ചെയ്യുന്നത് 24 കാരറ്റ് സ്വര്‍ണത്തിന്‍റെ അതാത് സമയങ്ങളിലെ നിരക്ക് നിശ്ചയിക്കുന്നത് സ്വർണ നിരക്ക് = അന്താരാഷ്ട്ര സ്വർണ വില + ഡോളർ/രൂപ മൂല്യ വ്യത്യാസം + നികുതികളും ചാർജുകളും + വിപണി ആവശ്യകത എന്നിവയുടെ അടിസ്ഥാനത്തിലാണ് 24 കാരറ്റ് സ്വര്‍ണത്തിന്‍റെ വില നിശ്ചയിക്കുന്നത്.
നേരത്തെ കേരളത്തില്‍ രാവിലെ സ്വര്‍ണവില നിശ്ചയിച്ചാല്‍ സാധാരണഗതിയില്‍ മാറ്റം വരുത്താറില്ലായിരുന്നു. ഇന്ന് 10 ഡോളര്‍ കൂടിയാല്‍ അതില്‍ തന്നെ കോണ്‍സ്റ്റന്‍റായി നില്‍ക്കുമായിരുന്നു. ഇപ്പോള്‍ അങ്ങനെ നില്‍ക്കുന്നില്ല. രാവിലെ മാര്‍ക്കറ്റ് ഓപ്പണ്‍ ചെയ്‌ത് 11 മണിയാകുമ്പോഴേക്കും വീണ്ടും വ്യത്യാസം വരികയാണ്. അന്‍പതും നൂറും ഡോളര്‍ വ്യത്യാസം ഉണ്ടാവുകയാണ്. ആ സമയം ബാങ്കില്‍ നിന്ന് ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ലഭിക്കുന്നത്. അതുകൊണ്ട് കുറഞ്ഞ വിലയ്ക്ക് കൊടുക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ഞങ്ങളും വിലകൂട്ടാന്‍ നിര്‍ബന്ധിതരാകുകയാണ്. അങ്ങനെയാണ് പലതവണ കേരളത്തിലും സ്വര്‍ണത്തിന്‍റെ വില നിശ്ചയിക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസം മൂന്ന് പ്രാവശ്യം വില നിശ്ചയിക്കേണ്ടി വന്നു. രാവിലെ 300 രൂപ കൂടി, ഉച്ചയായപ്പോഴേക്കും 150 രൂപ കുറയ്ക്കേണ്ടി വന്നു. നാലുമണിയായപ്പോഴേക്കും 120 രൂപ കൂട്ടി. ഇന്നലെ മാത്രം 270 രൂപയുടെ വര്‍ധനവുണ്ടായി. ഇതാണ് ഇപ്പോഴത്തെ അവസ്ഥ.
വില കുറയാന്‍ സാധ്യതയുണ്ടോ
ദീപാവലി സീസണില്‍ ഇന്ത്യയില്‍ ഏററവും കൂടുതല്‍ സ്വര്‍ണ വാങ്ങുന്ന സമയമാണത്. സ്വര്‍ണം വാങ്ങാനായി ഉത്തരേന്ത്യയിലൊക്കെ വലിയ ക്യൂവാണുള്ളത്. അതുപോലെ വെള്ളിക്ക് അതിഭയങ്കര ഡിമാന്‍റാണ്. 49 ഡോളറാണ്. ഇന്ന് 53 ഡോളറിലാണ് നില്‍ക്കുന്നത്. അത് വീണ്ടും ഉയരാനുള്ള സാധ്യതയുണ്ട്. 70 ഡോളറിലേക്ക് പോകാന്‍ സാധ്യതയുണ്ട്. ഇതിലൂടെ ആളുകളുടെ ചിന്തയ്ക്കും മാറ്റമുണ്ടാകുന്നുണ്ട്. കാരണം സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ ലാഭം വെള്ളിയില്‍ കിട്ടുമെന്നാണ് പ്രതീക്ഷ. അതിലേക്ക് മാറുന്നുണ്ട് ആളുകള്‍.മാത്രമല്ല വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് അനുസരിച്ച് വിപണയില്‍ സാധനം ലഭ്യമാകാത്ത സാഹചര്യം കൂടിയുണ്ട്.
സ്വര്‍ണം വില്‍ക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്
"സ്വര്‍ണം വില്‍ക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത് വില ഉയരുന്നുണ്ടെന്ന് കരുതി ഇപ്പോള്‍ വില്‍ക്കരുത്. കാരണം ഓരോ ദിവസവും സ്വര്‍ണവില വര്‍ധിക്കുകയാണ്. കേരളത്തെ സംബന്ധിച്ച് സ്വര്‍ണക്കച്ചവടക്കാരുടെ കൈവശമുള്ളതിനേക്കാള്‍ കൂടുതല്‍ ജനങ്ങളുടെ കയ്യിലിരിക്കുന്ന സ്വര്‍ണത്തിന്‍റെ മൂല്യം വര്‍ധിക്കുകയാണ്. 2000 ടണിലധികം സ്വര്‍ണമാണ് കേരളത്തിലെ ജനങ്ങളുടെ കൈവശമുള്ളത്. അതിന്‍റെ മൂല്യവും ഓരോ ദിവസവും വര്‍ധിക്കുകയാണ്. അതുകൊണ്ട് കിട്ടുന്ന വിലയ്ക്ക് സ്വര്‍ണം കൊടുക്കരുത്. 5000 ഡോളള്‍ ആയാലും ജനങ്ങളുടെ കയ്യില്‍ സ്വര്‍ണം ഉണ്ടാവണം. അതുകൊണ്ട് വിറ്റഴിക്കരുത്, സ്വര്‍ണം കൊടുത്ത് സ്വര്‍ണം (gold exchange) വാങ്ങിക്കട്ടെ. അതില്‍ നഷ്ടം ഉണ്ടാവുന്നില്ല. കയ്യിലുള്ള സ്വര്‍ണം അനാവശ്യമായി വില്‍ക്കരുത്", അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
കനം കുറഞ്ഞ സ്വര്‍ണത്തിന് ഡിമാന്‍റ്
കനം കുറഞ്ഞ സ്വര്‍ണമാണ് കൂടുതലായും ഇപ്പോള്‍ വാങ്ങുന്നത്. 100 പവര്‍ ആഭരണം അണിഞ്ഞ നവവധുവിന് ഇപ്പോള്‍ 25 പവന്‍ ആയാലും പ്രശ്‌നമില്ല. കാരണം ആര്‍ഭാഢമായി തന്നെ ഒരുങ്ങാന്‍ സാധിക്കും. കനം കുറഞ്ഞ സ്വര്‍ണമാണ് കേരളത്തില്‍ കൂടുതലും വിറ്റഴിക്കപ്പെടുന്നത്.

കേരളത്തില്‍ വിവാഹ പാര്‍ട്ടികള്‍ക്ക് സ്വര്‍ണം ഒഴിച്ചു കൂടാന്‍പറ്റാത്ത ഒന്നാണ്. ചെറിയ ചെറിയ പര്‍ച്ചേഴുകള്‍ക്ക് കുറവ് വരാം. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ സമ്പത്തിന് ആനുപാതികമായിട്ട് സ്വര്‍ണം വാങ്ങിക്കും. അത് കേരളത്തില്‍ ഇപ്പോഴും നടക്കുന്നുണ്ട്. കേരളത്തില്‍ ഒരു രക്ഷിതാവും തങ്ങളുടെ കുഞ്ഞിനെ സ്വര്‍ണം നല്‍കാതെ വിവാഹം നടത്താറില്ല. അങ്ങനെ കേരളത്തില്‍ വിവാഹം നടക്കുന്നത് തന്നെ അപൂര്‍വമാണ്.
കേരളത്തിലെ വിവാഹവും സ്വര്‍ണവും
കേരളത്തില്‍ വിവാഹ പാര്‍ട്ടികള്‍ക്ക് തന്‍റെ മകള്‍ക്ക് 25 ലക്ഷത്തിന്‍റെ സ്വര്‍ണം കൊടുക്കാം എന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് വാങ്ങും. കഴിഞ്ഞ വര്‍ഷം ആ കാശിന് 25 പവനായിരിക്കും കിട്ടിയിരുന്നത് . ഇപ്പോള്‍ 25 ലക്ഷത്തിന് എത്ര പവന്‍ കിട്ടുമോ അത്രയും വാങ്ങിക്കും. അതുകൊണ്ട് പര്‍ച്ചേഴ്‌സ് പവര്‍ അത്രയും കുറഞ്ഞു എന്ന് പറയാന്‍ സാധിക്കില്ല. അവരെല്ലാം ഇന്‍വെസ്റ്റ് ചെയ്യുന്നതിന് അനുസരിച്ച് ഇപ്പോഴും വാങ്ങുന്നുണ്ട്. കിട്ടുന്ന വോളിയത്തില്‍ കുറവു വരുന്നു എന്നുള്ളതില്‍ മാത്രമാണ് ഇപ്പോഴും നില്‍ക്കുന്നത്.
Also Read:സ്വര്‍ണത്തേക്കാള്‍ വേഗം ഉയരുന്ന വെള്ളി വില; അടുത്ത ദീപാവലിക്ക് രണ്ട് ലക്ഷം തൊടുമെന്ന് വിലയിരുത്തല്‍

