സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്; രണ്ട് ദിവസത്തിനിടെ പവന് വർധിച്ചത് 4680 രൂപ
ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 295 രൂപ വർധിച്ച് 13,385 രൂപയിലും പവന് 2360 രൂപ കൂടി 1,07,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

Published : November 5, 2026 at 10:00 AM IST
എറണാകുളം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. രണ്ട് ദിവസത്തിനിടെ പവന് 4680 രൂപയുടെ റെക്കോഡ് വർധനയാണ് ഉണ്ടായത്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 295 രൂപ വർധിച്ച് 13,385 രൂപയിലും പവന് 2360 രൂപ കൂടി 1,07,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ രണ്ട് തവണയായി പവന് 2320 രൂപയാണ് ആകെ വർധിച്ചത്. രാവിലെ വിപണി തുറന്നപ്പോൾ ഗ്രാമിന് 25 രൂപ വർധിച്ച് 12,825 രൂപയിലും പവന് 1,02,600 രൂപയിലുമാണ് വ്യാപാരം നടന്നത്. എന്നാൽ, ഉച്ചയോടെ ഗ്രാമിന് ഒറ്റയടിക്ക് 265 രൂപയും പവന് 2120 രൂപയും വർധിച്ചു. ഇതോടെയാണ് കഴിഞ്ഞ ദിവസത്തെ ആകെ വർധന ഗ്രാമിന് 290 രൂപയും പവന് 2320 രൂപയുമായി മാറിയത്. തുടർച്ചയായ ദിവസങ്ങളിലുണ്ടായ ഈ അപ്രതീക്ഷിത കുതിപ്പ് സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് വലിയ തിരിച്ചടിയായി.
മറ്റ് കാരറ്റുകളിലെ വില
മറ്റ് കാരറ്റുകളിലെ സ്വർണ വിലയിലും ഇന്ന് വലിയ വർധനയുണ്ടായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 235 രൂപ വർധിച്ച് 10,955 രൂപയിലും പവന് 87,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 190 രൂപ വർധിച്ച് 8,570 രൂപയും പവന് 68,560 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപ വർധിച്ച് 5,525 രൂപയും പവന് 44,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളി വിലയിലും മാറ്റമുണ്ട്. ഒരു ഗ്രാമിന് 210 രൂപയും 10 ഗ്രാമിന് 2100 രൂപയുമാണ് ഇന്നത്തെ വില.
ആഗോള വിപണിയിലെ സ്വാധീനം
അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻതിരിച്ചടി നേരിടുകയും ചെയ്‌തതിന് പിന്നാലെ ആഗോള വിപണിയിലുണ്ടായ വൻ ചലനങ്ങളാണ് സ്വർണവില കുതിച്ചുയരാൻ പ്രധാന കാരണമായത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് വില വർധനവിന് ആക്കം കൂട്ടിയത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങളും സാമ്പത്തിക തീരുമാനങ്ങളും വരുംദിവസങ്ങളിൽ വിപണിയെ കൂടുതൽ സ്വാധീനിച്ചേക്കാം. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളും പണപ്പെരുപ്പ ഭീഷണിയും നിക്ഷേപകരെ സ്വർണത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടങ്ങൾ പ്രതീക്ഷിക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പണിക്കൂലിയും നികുതിയും
സംസ്ഥാനത്ത് സ്വർണാഭരണങ്ങൾക്ക് വില ഈടാക്കുന്നത് സ്വർണവില, പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്‌ടി, ഹോൾമാർക്കിങ് ചാർജ് എന്നിവ ചേർത്താണ്. ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന ആഭരണത്തിൻ്റെ ഡിസൈനുകളും നിർമാണവും അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. മെഷീൻ ഉപയോഗിച്ച് നിർമിക്കപ്പെടുന്ന ആൻ്റിക്, കട്ടിങ് ഡിസൈനുകളുള്ള ആഭരണങ്ങൾക്ക് പണിക്കൂലി കൂടുതലായിരിക്കും. സാധാരണയായി വാങ്ങുന്ന വള, മാല തുടങ്ങിയവയ്ക്ക് ഒരു ഗ്രാമിന് 200 രൂപ മുതൽ 600 രൂപവരെ പണിക്കൂലി ഈടാക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചില ജ്വല്ലറികൾ ആകെത്തുകയുടെ അഞ്ച് ശതമാനം മുതൽ 15 ശതമാനം വരെയാണ് പണിക്കൂലി ഈടാക്കാറുള്ളത്. ഉയർന്ന പണിക്കൂലിയും മറ്റ് നികുതികളും സ്വർണം വാങ്ങുന്നവരുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്. സ്വർണവിലയ്ക്ക് പുറമെ വലിയൊരു തുക ജനങ്ങൾക്ക് അധികമായി കണ്ടെത്തേണ്ടി വരുന്നു. ഇത് സാധാരണക്കാരെ കാര്യമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. വിവാഹ സീസണുകൾ സജീവമാകുന്നതോടെ സ്വർണത്തിൻ്റെ ആവശ്യകത വർധിക്കുന്നത് സാധാരണക്കാരുടെ ബജറ്റ് താളംതെറ്റിക്കാൻ കാരണമാകുന്നുണ്ട്.
Also read:സ്വർണ നികുതി നിയമങ്ങൾ മാറിയത് അറിഞ്ഞോ? സ്വർണത്തിനും ബോണ്ടുകൾക്കുമുള്ള പുതിയ നികുതികൾ ഇങ്ങനെ

