ETV Bharat / business

സ്വർണത്തിന് വീണ്ടും തീവില; ഒറ്റയടിക്ക് പവന് കൂടിയത് 1560 രൂപ

ഈ മാസം വില കുറയുമെന്ന് കരുതിയ സാധാരണക്കാർക്ക് ഇത് വലിയ തിരിച്ചടിയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞിരുന്നു.

KERALA GOLD MARKET TREND  GOLD PRICE IN KERALA  TODAY GOLD SILVER PRICE  TODAY GOLD RATE
Representational image (Getty Image)
author img

By ETV Bharat Kerala Team

Published : May 6, 2026 at 11:27 AM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: നേരിയ ആശ്വാസത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് പവന് 1,560 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 1,10,960 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,870 രൂപയായി ഉയർന്നു.

ഈ മാസം വില കുറയുമെന്ന് കരുതിയ സാധാരണക്കാർക്ക് ഇത് വലിയ തിരിച്ചടിയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വില കത്തിക്കയറിയത്. ഇന്നലെ 1,09,400 രൂപയിലായിരുന്നു വ്യാപാരം നടന്നത്.

പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹാൾമാർക്കിങ് നിരക്കുകൾ എന്നിവ ചേർത്താണ് അന്തിമവില നിർണയിക്കുന്നത്. ഇത് കണക്കാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ശരാശരി 1.30 ലക്ഷം രൂപയോളം ഉപഭോക്താക്കൾ നൽകണം. ചെറുകിട ജ്വല്ലറികളിൽ ഇതിനേക്കാൾ ഉയർന്ന തുകയാകും ഈടാക്കുക.

സ്വർണവില അനുദിനം വർധിക്കുന്നത് ഉപഭോക്താക്കളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വർണവില വീണ്ടും ഉയർന്നേക്കാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് വർധിക്കുകയാണ്.

മറ്റ് നിരക്കുകൾ
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിനും ഇന്ന് വില കൂടി. ഗ്രാമിന് 160 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ 18 കാരറ്റ് സ്വർണം ഗ്രാമിന് 11,400 രൂപയായി. ഒരു പവൻ വാങ്ങാൻ 91,200 രൂപ നൽകണം. 14 കാരറ്റ് സ്വർണം ഗ്രാമിന് 125 രൂപ കൂടി. ഇതോടെ 14 കാരറ്റ് സ്വർണം ഗ്രാമിന് 8,875 രൂപയായി നിരക്ക് ഉയർന്നു. പവന് 71,000 രൂപയോളമായി. അതുപോലെ ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ വർധിച്ചു. ഇതോടെ വില 5,725 രൂപയും പവന് 45,800 രൂപയുമായി. സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് മാറ്റമുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 265 രൂപയാണ് ഇന്നത്തെ വില. 10 ഗ്രാമിന് 2,650 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.

വില കൂടാനുള്ള കാരണങ്ങൾ
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില മാറുന്നത്. ഡോളർ വിനിമയ നിരക്കും രൂപയുടെ മൂല്യവും വിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. ഇത് വില വർധനയിലെ പ്രധാന ഘടകങ്ങളിലൊന്നാണ്. ഇറക്കുമതി തീരുവയിലെ മാറ്റങ്ങളും വിലയെ വലിയ രീതിയിൽ ബാധിക്കുന്നു. രാജ്യാന്തര വിപണിയിൽ സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്.

ഡോളർ ദുർബലമാകുമ്പോൾ സ്വർണത്തിന് സ്വീകാര്യത കൂടും. സ്വർണത്തെ മികച്ച നിക്ഷേപമായി കാണുന്നതാണ് ഇതിന് കാരണം. ഇത് സ്വാഭാവികമായി വില കൂടാനും ഇടയാക്കുന്നു. വിദേശ രാജ്യങ്ങളിലെ സാമ്പത്തിക അസ്ഥിരതയും ഇതിനൊരു പ്രധാന കാരണമാണ്. വലിയ രീതിയിലുള്ള നിക്ഷേപങ്ങൾ വരുന്നത് വില വേഗത്തിൽ വർധിക്കാൻ വഴിയൊരുക്കുന്നു. നിക്ഷേപകർ സുരക്ഷിതമായി സ്വർണത്തെ കാണുന്നത് പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്.

പശ്ചിമേഷ്യയിൽ യുദ്ധസംഘർഷം തുടരുന്നത് വിലയെ വേഗത്തിൽ സ്വാധീനിക്കുന്നു. ഈ വിഷയങ്ങൾ രാജ്യത്തെ സ്വർണവിലയിൽ വലിയ തോതിൽ പ്രതിഫലിക്കുന്നുണ്ട്. വിപണിയിൽ വിശ്വസിച്ച് നിക്ഷേപം നടത്താൻ ആളുകൾ മടിക്കുകയാണ്. ഓഹരി വിപണിയിലെ നഷ്ടങ്ങൾ ഒഴിവാക്കാനാണ് കൂടുതൽ പേരും ശ്രമിക്കുന്നത്.

ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ സ്വർണശേഖരം വർധിപ്പിക്കുന്നതും വില വർധിക്കാൻ ഇടയാക്കുന്നുണ്ട്. ഇവർ ഇപ്പോൾ സ്വർണത്തിലേക്ക് നിക്ഷേപിക്കാൻ താത്പര്യം കാണിക്കുന്നു. വരാനിരിക്കുന്ന വിവാഹ സീസണും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. കൂടുതൽ ആവശ്യക്കാർ വരുന്നതിനനുസരിച്ച് വില ഉയർന്നേക്കാം. കഴിഞ്ഞ ജനുവരി 29നാണ് സ്വർണവില റെക്കോഡ് വർധന രേഖപ്പെടുത്തിയത്. അന്ന് പവന് 1,31,160 രൂപ നൽകേണ്ടിയിരുന്നു. അതേസമയം കഴിഞ്ഞ ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

Also Read: ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ സൂക്ഷിക്കുക; ഇരട്ട കണക്ഷന് പിടിവീഴും, കര്‍ശന നടപടി