ETV Bharat / business

സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

പവന് 80 രൂപ കുറഞ്ഞ് 1,07,520 രൂപയിലും ഗ്രാമിന് 10 രൂപ കുറഞ്ഞ് 13,440 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

GOLD RATE IN KERALA  TODAY GOLD PRICE  KERALA GOLD PRICE TODAY  GOLD INVESTMENT TIPS
Representational Image (IANS)
author img

By ETV Bharat Kerala Team

Published : July 6, 2026 at 10:02 AM IST

3 Min Read
Choose ETV Bharat

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 1,07,520 രൂപയിലും ഗ്രാമിന് 10 രൂപ കുറഞ്ഞ് 13,440 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ശനിയാഴ്‌ച മുതല്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് പ്രകടമാണ്.

ശനിയാഴ്‌ച പവന് 200 രൂപ കുറഞ്ഞ് 1,07,600 രൂപയിലും ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,450 രൂപയിലുമാണ് വ്യാപാരം നടന്നത്. സ്വർണത്തിൻ്റെ തുടർച്ചയായ വിലവർധനയ്ക്കിടെയുണ്ടായ ഈ മാറ്റം സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്കും നിക്ഷേപകർക്കും വലിയ ആശ്വാസമാണ് നൽകുന്നത്. വിവാഹ ആവശ്യങ്ങൾക്കും പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാനുമായി ധാരാളം പേർ മുൻകൂട്ടി സ്വർണം വാങ്ങി സൂക്ഷിക്കുന്നതിനാൽ വില കുറഞ്ഞ സമയത്ത് കൂടുതൽ ആളുകൾ വിപണിയിലേക്ക് എത്താറുണ്ട്.

GOLD RATE IN KERALA  TODAY GOLD PRICE  KERALA GOLD PRICE TODAY  GOLD INVESTMENT TIPS
an market overview about gold and silever rate today in kerala (ETV Bharat)

മറ്റ് നിരക്കുകൾ
വിവിധ കാരറ്റ് സ്വർണത്തിനും സംസ്ഥാനത്ത് വില കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 11,045 രൂപയും പവന് 88,360 രൂപയുമാണ് വില. 14 കാരറ്റ് സ്വർണം ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 8,605 രൂപയും പവന് 68,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,550 രൂപയും പവന് 44,400 രൂപയുമാണ് വിപണിയിലെ വില. ശനിയാഴ്‌ചയ്ക്ക് ശേഷം ഈ നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്. സ്വർണത്തിൻ്റെ അടിസ്ഥാന വിലയോടൊപ്പം പണിക്കൂലിയും ചേർത്താണ് വിൽപന നടക്കുന്നത്. ഇതിനുപുറമെ മൂന്ന് ശതമാനം ജിഎസ്ടിയും ഹോൾമാർക്ക് ഫീസും ഉപഭോക്താക്കൾ നൽകണം. ആഭരണങ്ങളുടെ ഡിസൈൻ അടിസ്ഥാനമാക്കി പണിക്കൂലിയിൽ വ്യത്യാസമുണ്ടാകും.

വെള്ളിവില
സ്വർണത്തോടൊപ്പം വ്യാപാര മേഖലയിൽ ദിനംപ്രതി വെള്ളിക്കും ആവശ്യക്കാർ ഏറെയാണ്. പ്രത്യേകിച്ച് വിവാഹ സീസണുകളിൽ വെള്ളിക്ക് ഡിമാൻഡ് കൂടുതലാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 245 രൂപയാണ് വിപണി വില. പത്ത് ഗ്രാം വെള്ളിക്ക് 2,450 രൂപയാണ് ഇന്നത്തെ നിരക്ക്. വ്യാവസായിക ആവശ്യങ്ങൾക്കും വെള്ളിയുടെ ഉപയോഗം വർധിക്കുന്നത് വിലയെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ വെള്ളിവിലയിലും മാറ്റം കാണാൻ സാധിക്കുമെന്നാണ് വിപണി വിദഗ്‌ധർ വിലയിരുത്തുന്നത്.

വിലക്കയറ്റത്തിൻ്റെ കാരണങ്ങൾ
ആഗോള സ്വർണ വിപണിയിലെ ഭൗമ രാഷ്ട്രീയ, സാമ്പത്തിക കാലാവസ്ഥ സങ്കീർണമായി തുടരുന്നതാണ് രാജ്യത്തെ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് പ്രധാന കാരണം. ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും സ്വർണ നിരക്കിനെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്‌ധർ വ്യക്തമാക്കുന്നു. പശ്ചിമേഷ്യയിൽ ഇറാൻ - ഇസ്രയേൽ സംഘർഷം കടുക്കുന്നതും സ്വർണവില വീണ്ടും ഉയരാൻ കാരണമാകുന്നുണ്ട്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്താൻ സാധ്യതയുള്ള മാറ്റങ്ങളും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ കാണുന്നവരുടെ എണ്ണം വർധിച്ചതാണ് ആഗോള തലത്തിൽ ഡിമാൻഡ് ഉയർത്തുന്നത്. വില കുറഞ്ഞ സമയത്ത് സ്വർണത്തിലേക്ക് പുതിയ നിക്ഷേപകർ എത്തിയത് വില ക്രമാതീതമായി ഉയരുന്നതിലേക്ക് നയിച്ചു.

മുൻകൂർ ബുക്കിങ് ഗുണകരം
സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നത് സാധാരണക്കാരെയും വിവാഹം നിശ്ചയിച്ച് കാത്തിരിക്കുന്നവരെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. വിലയിൽ നിരന്തരമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിനാൽ അഡ്വാൻസ് ബുക്കിങ് നടത്തുന്നതാണ് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച മാർഗം. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാം. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ കുറഞ്ഞ വിലയ്ക്ക് തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കും.

ഇനി ബുക്ക് ചെയ്‌ത ദിവസത്തേക്കാൾ വില കുറയുകയാണെങ്കിൽ, അന്നത്തെ കുറഞ്ഞ നിരക്കിൽ തന്നെ സ്വർണം വാങ്ങാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്. അതേസമയം, പഴയ ആഭരണം വിൽക്കാൻ കാത്തിരിക്കുന്നവർക്ക് ഇത് മികച്ച സമയമാണ്. ഒരു പവൻ സ്വർണം വിൽക്കുമ്പോൾ ഒരു ലക്ഷത്തിന് മുകളിൽ ലഭിച്ചേക്കും. വരും ദിവസങ്ങളിലും വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിപണിയിലെ സൂചനകൾ. അതിനാൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ വിപണിയിലെ മാറ്റങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കേണ്ടതുണ്ട്.

Also Read:അയോധ്യ ക്ഷേത്രക്കൊള്ള: രാമജന്മഭൂമി ട്രസ്റ്റിൻ്റെ നിർണായക യോഗം ഇന്ന്; ചമ്പത് റായിയുടെ രാജി അംഗീകരിക്കും