സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ലോട്ടറി; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്
പവന് ഒറ്റയടിക്ക് കുറഞ്ഞത് 1560 രൂപ, കേരളത്തിൽ സ്വർണവില കുത്തനെ താഴേക്ക്

Published : June 11, 2026 at 10:18 AM IST
തിരുവനന്തപുരം: സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വൻ ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. പവന് 1560 രൂപ ഒറ്റയടിക്ക് കുറഞ്ഞ് വില 1,06,800 രൂപയിലെത്തിയപ്പോൾ, ഗ്രാമിന് 195 രൂപ ഇടിഞ്ഞ് 13,350 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് തവണയായി കുത്തനെ ഇടിഞ്ഞ സ്വർണവിലയിലാണ് ഇന്ന് വീണ്ടും ഈ വൻ വീഴ്ച രേഖപ്പെടുത്തിയത്.
ഇന്നലെ രാവിലെ ഗ്രാമിന് 395 രൂപയും പവന് 3160 രൂപയും കുറഞ്ഞിരുന്നു. വൈകുന്നേരം ഈ വിലയിൽ നിന്ന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും വീണ്ടും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,545 രൂപയും പവന് 1,08,360 രൂപയുമായി മാറി. തുടർച്ചയായി സ്വർണ വില കുറയുന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും. നിരക്കിൽ കുറവുണ്ടായത് സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്കും നിക്ഷേപകർക്കും വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.
മറ്റ് സ്വർണ നിരക്കുകൾ
വിവിധ കാരറ്റ് സ്വർണത്തിനും സംസ്ഥാനത്ത് വില കുറഞ്ഞു. 18 കാരറ്റ് സ്വർണം ഗ്രാമിന് 155 രൂപ കുറഞ്ഞ് 10,975 രൂപയും പവന് 1240 രൂപ കുറഞ്ഞ് 87,800 രൂപയിലുമെത്തി. 14 കാരറ്റ് സ്വർണം ഗ്രാമിന് 125 രൂപ കുറഞ്ഞ് 8,545 രൂപയും പവന് 68,360 രൂപയിലുമെത്തി. ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ കുറഞ്ഞ് 5,510 രൂപയും പവന് 44,080 രൂപയുമാണ് ഇന്നത്തെ വിലകൾ. രാജ്യാന്തര വിപണിയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്.
സ്വർണത്തിൻ്റെ അടിസ്ഥാന വിലയോടൊപ്പം പണിക്കൂലിയും ചേർത്താണ് വിൽപന നടക്കുന്നത്. ഇതിന് പുറമെ മൂന്ന് ശതമാനം ജിഎസ്ടിയും ഹോൾമാർക്ക് ഫീസും ഉപഭോക്താക്കൾ നൽകണം. ആഭരണങ്ങളുടെ ഡിസൈൻ അടിസ്ഥാനമാക്കി പണിക്കൂലിയിൽ വ്യത്യാസമുണ്ടാകും.
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം ഉടലെടുത്തതോടെയാണ് തുടർച്ചയായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഈ വിലകളിൽ നിന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തിയാൽ അധികം വൈകാതെ സ്വർണവില ഉപഭോക്താക്കൾ കാത്തിരിക്കുന്നത് പോലെ ഒരു ലക്ഷത്തിന് താഴെ എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. യുഎസ്, ഇസ്രയേൽ-ഇറാൻ തുടങ്ങിയ അന്താരാഷ്ട്രതല യുദ്ധസമാന സാഹചര്യങ്ങളും സംഘർഷങ്ങളും മറ്റ് രാഷ്ട്രീയ പ്രതിസന്ധികളും ആഗോള സാമ്പത്തിക ഘടകങ്ങളുമാണ് സ്വർണവിലയിൽ ഇടിവുണ്ടാക്കുന്ന പ്രധാന കാരണങ്ങളെന്ന് വിദഗ്‌ധർ വിലയിരുത്തുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതീക്ഷിതമായ ഇത്തരം ഏറ്റക്കുറച്ചിലുകൾ അധികകാലം വിപണിയിൽ നീണ്ടുനിൽക്കാറില്ല. സുരക്ഷിതമായ ഭൗതിക ആസ്‌തി എന്ന നിലയിൽ സ്വർണത്തിന് എന്നും ഡിമാൻഡ് കൂടുതലുണ്ട്. ഇതിനാൽ വില കുറഞ്ഞ സമയത്ത് അതിവേഗം സ്വർണം വാങ്ങാൻ കൂടുതൽ ആളുകൾ വിപണിയിലേക്ക് എത്താറുണ്ട്. സംസ്ഥാനത്ത് വിവാഹ ആവശ്യങ്ങൾക്കാണ് ധാരാളം പേർ മുൻകൂട്ടി സ്വർണം വാങ്ങി സൂക്ഷിക്കുന്നത്. പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാനും സ്വർണത്തിന് ആവശ്യക്കാരേറെയുണ്ട്.
സുരക്ഷിത നിക്ഷേപവും ആഭ്യന്തര വിപണിയും
വില എത്ര ഉയർന്നാലും സ്വർണത്തോടുള്ള താത്പര്യം കേരളത്തിൽ എക്കാലത്തും സജീവമായി നിലനിൽക്കാറുണ്ട്. സ്വർണത്തെ ഏറ്റവും മികച്ചതും അപകടസാധ്യത ഇല്ലാത്തതുമായ സുരക്ഷിത നിക്ഷേപമായാണ് കേരളത്തിലെ ജനങ്ങൾ പരമ്പരാഗതമായി കാണുന്നത്. വിപണിയിലെ അതിവേഗത്തിലുള്ള മാറ്റങ്ങൾ നിക്ഷേപകർ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്യാറുണ്ട്.

