യുദ്ധഭീതി ഒഴിയുന്നു; വാൾസ്ട്രീറ്റിലും ഏഷ്യൻ വിപണികളിലും വൻ മുന്നേറ്റം, എണ്ണവില താഴേക്ക്
ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും പ്രധാന ഓഹരി വിപണി സൂചികകളായ ടോക്കിയോയും സിയോളും തുടക്കത്തിൽ അഞ്ച് ശതമാനത്തിലധികം ഉയർന്ന് മുൻപന്തിയിൽ എത്തി.

Published : June 15, 2026 at 8:32 AM IST
ബാങ്കോക്ക്: ഇറാന് മേലുള്ള യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള തീരുമാനത്തിന് പിന്നാലെ ഏഷ്യൻ ഓഹരി വിപണികളിൽ വൻ കുതിപ്പ്. തിങ്കളാഴ്ച രാവിലെയോടെ ടോക്കിയോ, സിയോൾ വിപണികളിൽ അഞ്ച് ശതമാനത്തിലധികം നേട്ടമാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് മൂന്ന് ഡോളറിലധികം ഇടിഞ്ഞു.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രാഥമിക കരാർ സ്ഥിരീകരിക്കുകയും ഇറാൻ തുറമുഖങ്ങളിലെ യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കാൻ അനുമതി നൽകുകയും ചെയ്തു. കരാർ ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ വച്ച് നടക്കുന്ന ഔദ്യോഗിക ഒപ്പുവയ്ക്കലിന് ശേഷം മാത്രമേ ഇത് നടപ്പിലാക്കൂ എന്ന് പാകിസ്ഥാൻ വ്യക്തമാക്കി. ഇറാൻ്റെ ആണവപദ്ധതികൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടുത്ത 60 ദിവസത്തിനുള്ളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എണ്ണവിലയിൽ ഇടിവ്
തിങ്കളാഴ്ച രാവിലെയുള്ള വ്യാപാരത്തിൽ രാജ്യാന്തര നിലവാരമുള്ള ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 3.45 ഡോളർ കുറഞ്ഞ് 83.88 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാർക്ക് ക്രൂഡ് വില 3.95 ഡോളർ ഇടിഞ്ഞ് 80.93 ഡോളറിലുമെത്തി. യുദ്ധത്തെ തുടർന്നുണ്ടായ തടസങ്ങൾ കാരണം കുതിച്ചുയർന്ന എണ്ണവില സാധാരണ നിലയിലാകാൻ മാസങ്ങളെടുത്തേക്കാം. ഇത് പെട്രോൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ വില വർധനയ്ക്ക് കാരണമായിരുന്നു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ, വാതക വിതരണം സുഗമമായി നടക്കുമെന്ന് ഉറപ്പാക്കാൻ കപ്പൽ, ഇൻഷുറൻസ് കമ്പനികൾക്ക് കൂടുതൽ സമയം വേണ്ടിവരുമെന്ന് ഊർജ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കുന്നത് കാണാൻ വിപണികൾ ജാഗ്രതയോടെ കാത്തിരിക്കുകയാണെന്ന് മിസുഹോ ബാങ്ക് അനലിസ്റ്റുകൾ വ്യക്തമാക്കി.
ഏഷ്യൻ വിപണികളിലെ കുതിപ്പ്
ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച സംഘർഷങ്ങൾക്ക് അയവ് വന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഏഷ്യൻ വിപണികളിൽ വലിയ മുന്നേറ്റമാണ് പ്രകടമായത്. ടോക്കിയോയുടെ നിക്കെയ് 225 സൂചിക 5.1 ശതമാനം ഉയർന്ന് 69,367.06 എന്ന റെക്കോഡ് നേട്ടത്തിലെത്തി. നിർമിത ബുദ്ധിയുമായി (എഐ) ബന്ധപ്പെട്ട സാങ്കേതികവിദ്യാ ഓഹരികളിലാണ് കൂടുതൽ നിക്ഷേപവുമെത്തിയത്. എഐ മേഖലയിലുണ്ടായ കുതിപ്പ് ജപ്പാൻ വിപണിക്ക് വലിയ നേട്ടമാണ് നൽകിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 80 ശതമാനത്തിലധികം നേട്ടമാണ് ഈ മേഖലയിലുണ്ടായത്.
വിദേശ നിക്ഷേപകർ കൂടുതലായി എത്തുന്നതും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ അയയുന്നതും വിപണിക്ക് അനുകൂലമായെന്ന് മോനെക്സിലെ ചീഫ് സ്ട്രാറ്റജിസ്റ്റ് തകാഷി ഹിരോകി പറഞ്ഞു. ന്യൂയോർക്ക് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകളിലെ ഇടിവും ഇതിന് സഹായകമായി. സിയോളിലെ കോസ്പി സൂചിക 5.6 ശതമാനം ഉയർന്ന് 8,577.62 ലെത്തി. ഓസ്ട്രേലിയയിൽ എസ് ആൻഡ് പി/എഎസ്എക്സ് 200 സൂചിക 1.4 ശതമാനം ഉയർന്ന് 8,930.50 ലും തായ്‌വാൻ്റെ തായ്‌എക്സ് 2.6 ശതമാനവും നേട്ടമുണ്ടാക്കി.
വാൾസ്ട്രീറ്റിലും നേട്ടം
എണ്ണവില കുറഞ്ഞതിന് പിന്നാലെ വെള്ളിയാഴ്ച യുഎസ് ഓഹരികളും നേട്ടമുണ്ടാക്കിയിരുന്നു. ഇലോൺ മസ്കിൻ്റെ സ്പേസ്എക്സ് വാൾസ്ട്രീറ്റിലെ അരങ്ങേറ്റത്തിൽ തന്നെ വലിയ കുതിപ്പാണ് നടത്തിയത്. എസ് ആൻഡ് പി 500 സൂചിക 0.5 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ 11 ആഴ്ചകൾക്കിടെ പത്താം തവണയാണ് സൂചിക നേട്ടമുണ്ടാക്കുന്നത്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 353 പോയിൻ്റ് (0.7 ശതമാനം) ഉയർന്നു. നാസ്ഡാക് കോമ്പോസിറ്റ് 0.3 ശതമാനവും നേട്ടമുണ്ടാക്കി.
എസ് ആൻഡ് പി 500 ഫ്യൂച്ചറുകൾ ഒരു ശതമാനവും ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് ഫ്യൂച്ചറുകൾ 0.8 ശതമാനവും ഉയർന്നത് വാൾസ്ട്രീറ്റിന് മികച്ച തുടക്കം നൽകുമെന്നാണ് വിലയിരുത്തൽ. കറൻസി വിപണിയിൽ ഡോളർ മൂല്യം 160.12 ജാപ്പനീസ് യെന്നിൽ നിന്ന് 160.15 യെന്നായി ഉയർന്നു. യൂറോയുടെ മൂല്യം 1.1578 ഡോളറിൽ നിന്ന് 1.1596 ഡോളറായും വർധിച്ചു.
ALSO READ: ഉപരോധങ്ങൾക്കിടയിലും റഷ്യൻ എണ്ണ വാരിക്കൂട്ടി ഇന്ത്യ; മേയിൽ ഇറക്കുമതി ചെയ്‌തത് കോടികളുടെ ഇന്ധനം

