ETV Bharat / business

ഉപരോധങ്ങൾക്കിടയിലും റഷ്യൻ എണ്ണ വാരിക്കൂട്ടി ഇന്ത്യ; മേയിൽ ഇറക്കുമതി ചെയ്‌തത് കോടികളുടെ ഇന്ധനം

ഈ മാസം റഷ്യയിൽ നിന്ന് ഏകദേശം 83 ശതമാനം ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്‌തിട്ടുണ്ട്, ഇതിൻ്റെ മൂല്യം 4.8 ബില്യൺ യൂറോ വരും.

INDIA RUSSIAN OIL IMPORTS  LARGEST BUYER OF RUSSIAN FUELS  INDIA RUSSIAN OIL IMPORTS MAY  INDIA
Prime Minister Narendra Modi and Russian President Vladimir Putin co-chair the India-Russia Business Forum, in New Delhi, Friday, December 5, 2025. (IANS)
author img

By ETV Bharat Kerala Team

Published : June 14, 2026 at 11:21 AM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഫോസിൽ ഇന്ധനങ്ങൾ വാങ്ങുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ. ഏകദേശം 5.8 ബില്യൺ യൂറോ (63,934 കോടി) വില വരുന്ന റഷ്യൻ ഹൈഡ്രോകാർബണുകൾ ഇന്ത്യ ഇറക്കുമതി ചെയ്‌തതായി പ്രമുഖ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ യൂറോപ്യൻ തിങ്ക് ടാങ്ക് സെൻ്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (സിആർഇഎ) ഒരു റിപ്പോർട്ടിൽ പറഞ്ഞു.

ഈ മാസം റഷ്യയിൽ നിന്ന് ഏകദേശം 83 ശതമാനം ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്‌തിട്ടുണ്ട്, ഇതിൻ്റെ മൂല്യം 4.8 ബില്യൺ യൂറോ വരും. അതേസമയം ഇറക്കുമതി ചെയ്‌ത എണ്ണ ഉത്‌പന്നങ്ങളുടെയും കൽക്കരിയുടെയും മൂല്യം യഥാക്രമം 550 ദശലക്ഷം യൂറോയും 429 ദശലക്ഷം യൂറോയുമാണ്. മെയ് മാസത്തിൽ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ പ്രതിമാസം 8 ശതമാനം വർധനവുണ്ടാവാൻ കാരണം റഷ്യയിൽ നിന്നുള്ള ക്രൂഡ്‌ഓയിൽ ഇറക്കുമതി പ്രതിമാസം 21 ശതമാനം വർധിച്ചതാണെന്ന് സിആർഇഎ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയിലെ പ്രധാന എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണം ചെയ്‌തിട്ടുണ്ട്. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് റഷ്യൻ ക്രൂഡ്‌ഓയിലിൻ്റെ 36 ശതമാനം ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിൽ വിതരണം ചെയ്‌തു. ജാംനഗർ റിഫൈനറിയിൽ 14 ശതമാനം എണ്ണ വിതരണം ചെയ്‌തു. സിആർഇഎയുടെ കണക്കനുസരിച്ച്, ഈ വർഷം ആദ്യം ഇറക്കുമതി പുനരാരംഭിച്ച ശേഷം സർക്കാർ ഉടമസ്ഥതയിലുള്ള റിഫൈനറികൾ എണ്ണ വാങ്ങുന്നത് വർധിപ്പിച്ചിട്ടുണ്ട്. 2025 നവംബർ അവസാനം റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തിവച്ച ന്യൂ മാംഗ്ലൂർ, വിശാഖപട്ടണം റിഫൈനറികൾ മാർച്ചിൽ വീണ്ടും വാങ്ങാൻ തുടങ്ങി.

ന്യൂ മാംഗ്ലൂരിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിൽ ഡെലിവറി മെയ് മാസം 13 ശതമാനം വർധിച്ചപ്പോൾ വിശാഖപട്ടണത്തെ ഇറക്കുമതി 42 ശതമാനം വർധിച്ചു. ഒഡീഷയുടെ കിഴക്കൻ തീരത്തുള്ള പാരദീപ് റിഫൈനറിയാണ് രണ്ട് വർഷത്തിനിടെ ഏറ്റവും ഉയർന്ന അളവിൽ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയത്. ഇത് ഉയർന്ന ഊർജ്ജ ചെലവുകൾ നികത്താൻ സഹായിക്കുകയും പെട്രോളിയം ഉത്പ്പ‌ന്നങ്ങളുടെ ശുദ്ധീകരണവും കയറ്റുമതിയും വർധിപ്പിക്കാൻ കാരണമാവുകയും ചെയ്‌തു.

മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ വിതരണം നടക്കുന്നുണ്ടെങ്കിലും ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് റഷ്യയെയാണ് എന്നാണ് ഇത്തരം കാര്യങ്ങൾ അടിവരയിടുന്നത്. സിആർഇഎ അനുസരിച്ച് മെയ് മാസത്തിൽ റഷ്യയിൽ നിന്നും 50 ശതമാനം ക്രൂഡ് ഓയിൽ ചൈന വാങ്ങി, തുടർന്ന് ഇന്ത്യ 36 ശതമാനവും തുർക്കി 6 ശതമാനവും ക്രൂഡ് ഓയിൽ വാങ്ങി.

ഇന്ത്യ, തുർക്കി, ബ്രൂണൈ, ജോർജിയ എന്നിവിടങ്ങളിലെ റഷ്യൻ ക്രൂഡ് ഓയിൽ ഉപയോഗിക്കുന്ന റിഫൈനറികൾ 2026 മെയ് മാസത്തിൽ ഉപരോധ രാജ്യങ്ങളിലേക്ക് 641 മില്യൺ യൂറോയുടെ എണ്ണ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്‌തതായി സിആർഇഎ വ്യക്തമാക്കി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ജാംനഗർ റിഫൈനറി, തുർക്കിയിലെ സ്റ്റാർ റിഫൈനറി, ടുപ്രാസ് ഇസ്മിറ്റ് റിഫൈനറി എന്നിവിടങ്ങളിൽ നിന്നാണ് യുഎസിലേക്ക് എണ്ണ കയറ്റുമതി നടത്തുന്നത്.

ALSO READ: പെട്രോൾ പമ്പുകളിൽ നിന്ന് വൻതോതിൽ ഇന്ധനം വാങ്ങുന്നതിന് വിലക്ക്; കർശന നിയന്ത്രണവുമായി കേന്ദ്രം