പ്രതിസന്ധികൾക്കിടയിലും കുതിച്ച് ഇന്ത്യ; ആദ്യ പാദത്തിൽ 7.8 ശതമാനം വളർച്ചയെന്ന് നിർമ്മല സീതാരാമൻ
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും ബാങ്ക് ഓഫ് അമേരിക്കയും സംയുക്തമായി ബുധനാഴ്ച സംഘടിപ്പിച്ച നിക്ഷേപകരുടെ ഉന്നതതല വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി

Published : September 3, 2026 at 11:35 AM IST
വാഷിങ്ടൺ: ആഗോളതലത്തിലുള്ള പ്രതിസന്ധികൾക്കിടയിലും 2026-27 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ ഇന്ത്യ 7.8 ശതമാനം വളർച്ച കൈവരിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുകയാണെന്നും അവർ വ്യക്തമാക്കി.
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും ബാങ്ക് ഓഫ് അമേരിക്കയും സംയുക്തമായി ബുധനാഴ്ച സംഘടിപ്പിച്ച നിക്ഷേപകരുടെ ഉന്നതതല വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. നോർത്ത് കരോലിനയിലെ ആഷെവില്ലെയിൽ നടന്ന ജി20 ധനമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് നിർമല സീതാരാമൻ ന്യൂയോർക്കിൽ എത്തിയത്. ആഗോളതലത്തിൽ വലിയ സാമ്പത്തിക വെല്ലുവിളികൾ നിലനിൽക്കുമ്പോഴും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ധനമന്ത്രാലയം എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
Union Minister for Finance and Corporate Affairs Smt. @nsitharaman today participated in a high-level Business Roundtable with investors, organised by the Consulate General of India in New York @IndiainNewYork, in association with @BankofAmerica, New York.
— Ministry of Finance (@FinMinIndia) September 3, 2026
Addressing the… pic.twitter.com/iEwIeSuIyO
സാമ്പത്തിക പരിഷ്കാരങ്ങൾ
ശക്തമായ സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ രാജ്യത്ത് മികച്ച നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. പാപ്പരത്ത നിയമം (ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌റ്റൻസി കോഡ്) ഉൾപ്പെടെയുള്ള നടപടികളിലൂടെ മികച്ച നിയന്ത്രണ സംവിധാനങ്ങൾ ഉറപ്പാക്കി. ഇത്തരം പരിഷ്കാരങ്ങൾ നിയമങ്ങൾ പാലിക്കുന്നത് എളുപ്പമാക്കുന്നതിനും കടലാസുപണികൾ കുറയ്ക്കുന്നതിനും സഹായിച്ചു. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി അധികാരത്തിലുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇതായിരുന്നുവെന്നും എക്സിലെ കുറിപ്പിൽ പറയുന്നു.
അടിസ്ഥാന സൗകര്യ വികസനം
മൂലധന ആസ്തികൾ സൃഷ്ടിക്കുന്നതിലും അടിസ്ഥാന സൗകര്യ വികസനത്തിലൂടെ വ്യവസായങ്ങൾക്ക് സുസ്ഥിരമായ പിന്തുണ നൽകുന്നതിലുമാണ് സർക്കാർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യോമയാന മേഖലയുടെ വികസനം, മികച്ച നിക്ഷേപ അന്തരീക്ഷം ഒരുക്കൽ, നിർമിത ബുദ്ധി (എ.ഐ), ഡാറ്റാ സെൻ്ററുകൾ എന്നിവയുടെ വികസനം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ആഗോള ശേഷി കേന്ദ്രങ്ങളെ പിന്തുണയ്ക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എം.എസ്.എം.ഇ) വായ്പ ലഭ്യമാക്കുക, ബാങ്കുകളുടെ കിട്ടാക്കടം (എൻ.പി.എ) കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളിലും സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഈ നടപടികൾ ബാങ്കുകൾക്കും വ്യവസായങ്ങൾക്കും വളരാനും കൂടുതൽ കരുത്താർജിക്കാനും അനുയോജ്യമായ ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിച്ചുവെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
വികസിത് ഭാരത് 2047
കൊവിഡ് മഹാമാരിയുടെ തുടക്കം മുതൽ ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾക്കിടയിലും, കഴിഞ്ഞ കുറേ വർഷങ്ങളായി സാമ്പത്തിക അച്ചടക്കം പാലിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം ഗണ്യമായി മെച്ചപ്പെട്ടു. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തങ്ങളുടെ പ്രദേശങ്ങളിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിനും വലിയ താത്പര്യമാണ് കാണിക്കുന്നത്. 2047-ൽ 'വികസിത് ഭാരത്' എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള വലിയ ദേശീയ ശ്രമത്തിൻ്റെ ഭാഗമാണ് ഇത്തരം നടപടികളെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യ-യു.എസ് ബന്ധം
ആദ്യ പാദത്തിലെ ജി.ഡി.പി കണക്കുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കരുത്താണ് കാണിക്കുന്നതെന്ന് അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്ര സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിലൂടെ ഇന്ത്യയുടെ അതിവേഗത്തിലുള്ള സാമ്പത്തിക വളർച്ചയുടെ ഗുണം അമേരിക്കയ്ക്കും ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സാങ്കേതികവിദ്യ, പ്രതിരോധം, ഹരിത ഊർജം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ സുരക്ഷിതമാക്കാൻ അമേരിക്കൻ കമ്പനികളുടെ നിക്ഷേപം സഹായിക്കുമെന്നും വിനയ് ക്വാത്ര കൂട്ടിച്ചേർത്തു.

