ETV Bharat / business

'നാവിക് ടെക്‌നോളജി'; പുതിയ എഐ കമ്പനി പ്രഖ്യാപിച്ച് ഐബിഎസ്, ആഗോള യാത്രാ വ്യവസായത്തിൽ പുത്തൻ മാറ്റം

ആഗോള യാത്രാ വ്യവസായത്തിൽ സേവനമൊരുക്കാൻ എഐ കമ്പനി പ്രഖ്യാപിച്ച് ഐബിഎസ്. ആസ്ഥാനം കൊച്ചിയിൽ.

IBS  VK Mathews  naviq Technology  ai AI company Navic Technology
VK Mathews and others (ETV Bharat)
author img

By ETV Bharat Kerala Team

Published : July 9, 2026 at 3:35 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: ആഗോള യാത്രാ വ്യവസായ മേഖലയിലെ വളർച്ച ലക്ഷ്യമിട്ട് 'നാവിക് ടെക്‌നോളജി' എന്ന പുതിയ എഐ കമ്പനി പ്രഖ്യാപിച്ച് ഐബിഎസ് സോഫ്റ്റ്‌വെയർ ഗ്രൂപ്പ്. മുതൽമുടക്ക് 5,000 കോടിരൂപയാണ്. ആസ്ഥാനം കൊച്ചിയിൽ ആയിരിക്കും. ലോകമെമ്പാടുമുള്ള ട്രാവൽ-ടെക് വ്യവസായത്തിൽ നേതൃസ്ഥാനം നേടാനാണ് നാവികിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ വികെ മാത്യൂസ് പറഞ്ഞു. നാവിക് ടെക്‌നോളജി ആഗോള വ്യോമയാനം, ക്രൂയിസ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ്, ഓൺലൈൻ യാത്രാ വ്യവസായം എന്നിവയിൽ എഐ അധിഷ്ഠിത മാറ്റം കൊണ്ടുവരും.

കൊച്ചി ഇൻഫോപാർക്കിൽ നാവിക് ടെക്‌നോളജിയുടെ പുതിയ കാമ്പസ് മുഖ്യമന്ത്രി വിഡി സതീശൻ ജൂലൈ 23 ന് ഉദ്ഘാടനം ചെയ്യും. ഐബിഎസിലെ അനുബന്ധ കമ്പനികളിൽ നിന്ന് സ്വതന്ത്രമായാണ് നാവിക് ടെക്‌നോളജി പ്രവർത്തിക്കുക. പ്രത്യേക ഡയറക്ടർ ബോർഡാകും നാവിക് നിയന്ത്രിക്കുക. പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും അന്തിമ ഉപഭോക്ത്യ അനുഭവങ്ങൾ വ്യക്തിഗതമാക്കുന്നതിലൂടെയും പുതിയ വരുമാന അവസരങ്ങൾ തുറക്കുന്നതിലൂടെയും ഉപഭോക്താക്കളെ അവരുടെ ബിസിനസ് പരിവർത്തനം ചെയ്യാൻ സഹായിക്കുന്നതിന് ഐബിഎസിൻ്റെ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള യാത്രാ വ്യവസായ വൈദഗ്ധ്യത്തെ എഐ ഫസ്റ്റ് ഇന്നൊവേഷൻ ഉപയോഗിച്ച് നാവിക് ടെക്‌നോളജി ശക്തിപ്പെടുത്തും.

വികെ മാത്യൂസ് സംസാരിക്കുന്നു. (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

യാത്രാ വ്യവസായ മേഖലയിലെ സേവന ദാതാക്കൾക്ക് എഐ സാധ്യത ഉപയോഗിച്ച് മെച്ചപ്പെട്ട സേവനം നൽകും. ആഗോളതലത്തിലെ പ്രമുഖ എയർലൈനുകൾ, വിമാനത്താവളങ്ങൾ, ക്രൂയിസ് ലൈനുകൾ, എന്നിവയുമായി സഹകരിച്ച് വലിയ ബിസിനസ് പരിവർത്തനങ്ങൾക്കാണ് നാവിക് ലക്ഷ്യമിടുന്നത്. നേതൃത്വം നൽകുക, വെക്കേഷൻ പ്രൊവൈഡേഴ്സ്, ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകൾ പ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കുക. പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കുന്നതിനായി എഐ സ്വീകരിക്കുക. മൂല്യനിർണയ സമയം കുറയ്ക്കുക എന്നിവയ്ക്കായി നാവിക് എ ടെക്‌നോളജി പ്രവർത്തിക്കും.

നാവിക് ടെക്‌നോളജിക്ക് ലോകമെമ്പാടുമായി 16ലധികം ഓഫിസുകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ലോകമെമ്പാടുമുള്ള പുതുതലമുറ ട്രാവൽ ടെക്‌നോളജി പ്രൊഫഷണലുകളെ ആകർഷിക്കുന്നതിനാണ് നാവിക് ടെക്‌നോളജി രൂപകൽപ്പന ചെയ്തിരിക്കുന്നത്. എഐ ഗവേഷകർ, ഡാറ്റാ ശാസ്ത്രജ്ഞർ, വിഷയ വിദഗ്ധർ തുടങ്ങിയവർക്ക് ഈ മേഖലയിൽ പ്രവർത്തിക്കാൻ ഇത് അവസരമൊരുക്കും. ആഗോള യാത്രാ വ്യവസായം ഒരു വഴിത്തിരിവിലാണെന്നും ഈ മേഖലയിലെ സ്ഥാപനങ്ങൾ ഭാവിയിലെ വിജയം ലക്ഷ്യമാക്കിയുള്ള മികച്ച പ്രവർത്തനവഴികൾ തേടുകയാണെന്നും പുതിയ കമ്പനി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിൽ ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ വികെ മാത്യൂസ് പറഞ്ഞു.

ഐബിഎസിൻ്റെ വൈദഗ്ധ്യത്തിൻ്റെ പിന്തുണയോടെ നാവിക് ടെക്‌നോളജി യാത്രാ വ്യവസായത്തിന് കൂടുതൽ ചടുലതയും കാര്യക്ഷമതയും വളർച്ചയും കൈവരിക്കാൻ സഹായിക്കുകയും പുതിയ വരുമാന സ്രോതസുകൾ തുറക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഐടി കമ്പനികളുടെ വ്യവസായ സ്ഥാപനമായ നാസ്‌കോം പ്രസിഡൻ്റ് രാജേഷ് നമ്പ്യാരും ചടങ്ങിൽ സംസാരിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നാവികിലെ ജീവനക്കാരുടെ എണ്ണം 5,000ത്തിലധികമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾ naviqplc.com എന്ന വെബ്‌സൈറ്റിൽ.

Also Read: ബമ്പറടിച്ചാല്‍ ഇനി 30 കോടി; ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി ഓണം ബംബർ