കർഷകർക്ക് ആശ്വാസം; റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്
അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റവും ആഭ്യന്തര വിപണിയിലെ ദൗർലഭ്യവുമാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണം.

Published : July 7, 2026 at 7:07 PM IST
കോട്ടയം: ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ് റബ്ബർ വില കിലോയ്ക്ക് 271 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റവും ആഭ്യന്തര വിപണിയിലെ ദൗർലഭ്യവുമാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
- റബ്ബർ ബോർഡിൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ പ്രധാന മാർക്കറ്റുകളിലെ നിരക്കുകൾ
ഇന്നലത്തെ വിപണി നിലവാരം (ക്വിൻ്റലിന്)
ആർഎസ്എസ് 4 (ഷീറ്റ് റബ്ബർ): 27,100 രൂപ
ആർഎസ്എസ് 5 : 26,700 രൂപ
ലാറ്റക്‌സ് (60% DRC): 7,385 രൂപ
ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിലുണ്ടായ വർധനവും പ്രീമിയം ടയറുകളുടെ കയറ്റുമതി കൂടിയതും അന്താരാഷ്ട്രതലത്തിൽ പ്രകൃതിദത്ത റബ്ബറിൻ്റെ ആവശ്യം വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്. ബാങ്കോക്ക് അടക്കമുള്ള വിദേശ വിപണികളിലും സമാനമായ വിലക്കയറ്റം ദൃശ്യമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആഗോളതലത്തിൽ ഉപഭോഗം വർധിക്കുമ്പോഴും പ്രതികൂല കാലാവസ്ഥയും മറ്റ് കാരണങ്ങളും മൂലം വിപണിയിൽ ആവശ്യത്തിന് റബ്ബർ എത്തുന്നില്ലെന്ന് അസോസിയേഷൻ ഓഫ് നാച്ചുറൽ റബ്ബർ പ്രൊഡ്യൂസിങ് കൺട്രീസ് വ്യക്തമാക്കുന്നു.
ഇന്നത്തെ വിപണി വില 271 രൂപയാണ്. ഇതെ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ ഇനിയും വില വർധിക്കും. കേരളത്തിലും ഇന്ത്യയിലുമായി റബ്ബറിന് നല്ല ഷോർട്ടേജ് ഉണ്ട്. കയറ്റുമതി കൊണ്ട് മാത്രം മുന്നോട്ട് പോവാൻ കഴിയില്ല. അതുകൊണ്ട് തന്നെ 300 രൂപ വരെ വില വർധിക്കാൻ സാധ്യതയുണ്ടെന്ന് റബ്ബർ ബോർഡ് ഡീലർ ജെയിംസ് പറഞ്ഞു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതിസന്ധിയിലായിരുന്ന കേരളത്തിലെ റബ്ബർ കർഷകർക്ക്, വില 250 രൂപ കടന്ന് മുന്നേറുന്നത് പുതിയ പ്രതീക്ഷയാണ് നൽകുന്നത്. വരും ദിവസങ്ങളിലും വിപണിയിൽ ഈ അനുകൂല സാഹചര്യം തുടരുമെന്നാണ് വ്യാപാരികളും വിപണി വിദഗ്‌ധരും പ്രവചിക്കുന്നത്. അതേസമയം റബ്ബർ കർഷകർ റബ്ബർ വില കൂടുന്നതിൻ്റെ വലിയ ആശ്വാസത്തിലാണ്. കൂടാതെ റബ്ബറിൻ്റെ താങ്ങുവില കഴിഞ്ഞ ബജറ്റിൽ 250 രൂപയാക്കി ഉയര്‍ത്തിയതും വലിയ ആശ്വാസത്തിലാണ് കർഷകർ കാണുന്നത്.
Also Read: സമുദ്രമേഖലയിലെ തൊഴിലവസരങ്ങൾ അറിയാം; കേരള സമുദ്ര മിഷൻ സെമിനാർ ജൂലൈ 15ന്

