പെട്രോൾ പമ്പുകളിൽ നിന്ന് വൻതോതിൽ ഇന്ധനം വാങ്ങുന്നതിന് വിലക്ക്; കർശന നിയന്ത്രണവുമായി കേന്ദ്രം
ചില മേഖലകളിൽ ഡീസലിൻ്റെ ആവശ്യകതയിൽ അസാധാരണമായ വർധന ഉണ്ടാക്കിയതിനെ തുടർന്നാണ് 90 ദിവസത്തേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്

By PTI
Published : June 12, 2026 at 2:19 PM IST
ന്യൂഡൽഹി: വ്യാവസായിക, വാണിജ്യ, സ്ഥാപന ആവശ്യങ്ങൾക്കായി പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നതിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഇത്തരം ഉപഭോക്താക്കൾ അവരുടെ ആവശ്യങ്ങൾക്കുള്ള ഇന്ധനം ബൾക്ക് സെയിൽ പോയിൻ്റുകളിൽ (മൊത്തവിതരണ കേന്ദ്രങ്ങൾ) നിന്ന് നേരിട്ട് വാങ്ങണമെന്ന് ഔദ്യോഗിക ഉത്തരവിൽ നിർദേശിച്ചു.
വിലയിലെ വലിയ വ്യത്യാസം കാരണം മൊത്ത ഉപഭോക്താക്കൾ സാധാരണ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാൻ തുടങ്ങിയതോടെയാണ് പുതിയ നടപടി. ഇത് ചില മേഖലകളിൽ ഡീസലിൻ്റെ ആവശ്യകതയിൽ അസാധാരണമായ വർധന ഉണ്ടാക്കിയതിനെ തുടർന്നാണ് 90 ദിവസത്തേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലെ സാധാരണ പെട്രോൾ പമ്പുകളിൽ ഡീസലിന് ലിറ്ററിന് 95.20 രൂപയാണ് വിലയെങ്കിൽ, മൊത്തവിതരണ കേന്ദ്രങ്ങളിൽ ഇതിന് 134.50 രൂപ നൽകണം. ഈ വലിയ വില വ്യത്യാസമാണ് പ്രതിസന്ധിക്ക് കാരണമായത്.
ഫെബ്രുവരി അവസാനത്തോടെ പശ്ചിമേഷ്യയിലുണ്ടായ പ്രതിസന്ധിയെ തുടർന്ന് ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടത്തിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികൾ ചില്ലറ വിൽപ്പന വിലയിൽ മാറ്റം വരുത്തിയിരുന്നു. ഇതാണ് വിലയിലെ വലിയ അന്തരത്തിന് കാരണമായത്. ടെലികോം ടവറുകൾ, വൈദ്യുതി ഉത്പാദനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഡീസൽ ഉപയോഗിക്കുന്ന വ്യവസായങ്ങൾ തുടങ്ങിയ മൊത്ത ഉപഭോക്താക്കളിൽ നിന്ന് വിപണി വിലയാണ് ഈടാക്കുന്നത്. എന്നാൽ സാധാരണ പമ്പുകളിലെ ചില്ലറ വിൽപ്പന നിരക്ക് ഇതിനേക്കാൾ വളരെ കുറവാണ്.
വിലയിലെ ഈ വ്യത്യാസം വിൽപ്പന രീതിയിലും വലിയ മാറ്റങ്ങൾക്ക് വഴിവച്ചു. ഉയർന്ന നിരക്കിൽ പെട്രോളും ഡീസലും വിൽക്കുന്ന സ്വകാര്യ മേഖലയിലെ പമ്പുകളിൽ നിന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെട്രോൾ പമ്പുകളിലേക്ക് ഉപഭോക്താക്കൾ കൂട്ടത്തോടെ മാറി. ഇതിൻ്റെ ഫലമായി കഴിഞ്ഞ മെയ് മാസത്തിൽ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ പെട്രോൾ വിൽപ്പനയിൽ 4.8 ശതമാനത്തിൻ്റെയും ഡീസൽ വിൽപ്പനയിൽ 6.4 ശതമാനത്തിൻ്റെയും വൻ വർധനയാണ് രേഖപ്പെടുത്തിയത്.
കർശന നിയന്ത്രണങ്ങളുമായി കേന്ദ്രം
ഈ സാഹചര്യത്തിലാണ് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ജൂൺ 11ന് മോട്ടോർ സ്പിരിറ്റ് ആൻഡ് ഹൈസ്പീഡ് ഡീസൽ (ചില്ലറ വിൽപ്പന ശാലകൾ വഴിയുള്ള വിതരണത്തിൻ്റെ താത്കാലിക നിയന്ത്രണം) ഉത്തരവ് 2026 പുറപ്പെടുവിച്ചത്. ചില്ലറ വിൽപ്പന ശാലകളിൽ നിന്നുള്ള മൊത്തത്തിലുള്ള പർച്ചേസുകൾ ഒരേസമയം 90 ദിവസം വരെ തടയാൻ ഇന്ധന റീട്ടെയിലർമാർക്കും എണ്ണ വിപണന കമ്പനികൾക്കും മന്ത്രാലയം കർശന നിർദേശം നൽകി.
ലോകത്തിൻ്റെ ചില പ്രദേശങ്ങളെ ബാധിക്കുന്ന നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ അന്താരാഷ്ട്ര പെട്രോളിയം വിതരണ ശൃംഖലകളെയും ഷിപ്പിങ് ലോജിസ്റ്റിക്സിനെയും പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയെയും പ്രതികൂലമായി ബാധിച്ചതിനാലാണ് ഈ നീക്കം ആവശ്യമായി വന്നതെന്ന് സർക്കാർ വ്യക്തമാക്കി. ചില്ലറ വിൽപ്പന വിലയും മൊത്ത വിൽപ്പന വിലയും തമ്മിലുള്ള വ്യത്യാസം കാരണം വ്യാവസായിക, വാണിജ്യ, സ്ഥാപന ഉപഭോക്താക്കൾ സാധാരണ പമ്പുകളിലേക്ക് മാറുന്നതാണ് രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വിൽപ്പനയിൽ അസാധാരണമായ വർധന ഉണ്ടാക്കാൻ കാരണമെന്ന് വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു.
പുതിയ ഉത്തരവ് പ്രകാരം സ്ഥാപനങ്ങൾക്കും വ്യാവസായിക വാണിജ്യ ഉപഭോക്താക്കൾക്കും സാധാരണ ഇന്ധന സ്റ്റേഷനുകളിൽ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നതിന് വിലക്കുണ്ട്. പകരം അവർ സ്വന്തം കൺസ്യൂമർ പമ്പുകൾ വഴി ഇന്ധനം കണ്ടെത്തേണ്ടതുണ്ട്. കൂടാതെ ചില്ലറ വിൽപ്പന ശാലകളിലെ ഡീസൽ വിൽപ്പന വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്കോ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അംഗീകരിച്ച കണ്ടെയ്നറുകളിലേക്കോ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു ഉപഭോക്താവിനോ വാഹനത്തിനോ പ്രതിദിനം പരമാവധി 200 ലിറ്റർ ഇന്ധനം മാത്രമേ വാങ്ങാൻ കഴിയൂ. ഇങ്ങനെ വാങ്ങുന്ന ഡീസൽ യാതൊരു കാരണവശാലും മറിച്ചുവിൽക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സാധാരണ ഉപഭോക്താക്കൾക്ക് ലഭിക്കേണ്ട ഇന്ധനം ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ വഴി വൻതോതിൽ വാങ്ങുന്നത് പ്രാദേശികമായ ക്ഷാമത്തിന് കാരണമാകുമെന്നും, ഇത് സാധാരണക്കാർക്കുള്ള അവശ്യസേവനങ്ങൾ തടസ്സപ്പെടുത്താൻ ഇടയാക്കുമെന്നും സർക്കാർ വിലയിരുത്തുന്നു. നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പൊതുമേഖലാ എണ്ണ വിപണന കമ്പനികളെയും മറ്റ് അംഗീകൃത ഇന്ധന റീട്ടെയിലർമാരെയും ഉത്തരവ് അധികാരപ്പെടുത്തുന്നുണ്ട്. ഇന്ധനം പൂഴ്ത്തിവയ്ക്കുന്നതിനും കരിഞ്ചന്തയിൽ വിൽക്കുന്നതിനും അനധികൃതമായി സംഭരിക്കുന്നതിനും വഴിതിരിച്ചുവിടുന്നതിനുമെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.
പുതിയ ചട്ടക്കൂടിന് കീഴിൽ ഏർപ്പെടുത്തുന്ന ഏതൊരു നിയന്ത്രണവും പ്രാരംഭ ഘട്ടത്തിൽ 90 ദിവസം വരെ പ്രാബല്യത്തിൽ തുടരും. ആവശ്യമെങ്കിൽ പുതിയ സർക്കാർ ഉത്തരവിലൂടെ ഇത് നീട്ടാനും സാധ്യതയുണ്ട്. പെട്രോളിൻ്റെയും ഡീസലിൻ്റെയും തുല്യമായ ലഭ്യത ഉറപ്പാക്കുക, പൂഴ്ത്തിവയ്പ്പും വഴിതിരിച്ചുവിടലും തടയുക, രാജ്യത്തുടനീളം തടസ്സമില്ലാത്ത വിതരണം നിലനിർത്തുക എന്നിവയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കി.
ഏതെങ്കിലും ഉപഭോക്താവിനെയോ, ഒരു വിഭാഗം ഉപഭോക്താക്കളെയോ, പ്രത്യേക പ്രദേശത്തെയോ, ഇടപാടുകളെയോ ഈ ഉത്തരവിലെ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കാൻ പ്രത്യേക ഉത്തരവിലൂടെ സർക്കാരിന് അധികാരമുണ്ടായിരിക്കും. എന്നാൽ ഈ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ അവശ്യസാധന നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അനധികൃത സംഭരണം, മറ്റ് ക്രമക്കേടുകൾ എന്നിവയ്ക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ ഉത്തരവ് നടപ്പിലാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.

