സ്വർണ വില താഴോട്ടിറങ്ങുന്നു... സംസ്ഥാനത്തെ സ്വർണം, വെള്ളി നിരക്കറിയാം വിശദമായി
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്‌ടി ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരുലക്ഷത്തിന് പുറത്ത് നൽകണം.

Published : January 3, 2026 at 11:12 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില നേരിയ മാറ്റം. വിലയിൽ ഇടിവ് സംഭവിച്ചെങ്കിലും ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ് സ്വർണവില. എന്നാൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വില 99,600 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്‌ടി ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരുലക്ഷത്തിന് പുറത്ത് നൽകണം.
ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. ഇതോടെ തുടർന്നുള്ള ദിവസങ്ങളിലും വലിയ ഇടിവ് പ്രതീക്ഷിച്ചെങ്കിലും ജനവരി ഒന്ന് മുതൽ സ്വർണ വില വർധിക്കുകയായിരുന്നു. തുടർച്ചയായ രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 81,880 രൂപയും, സിൽവറിന് 2400 രൂപയുമാണ് വില. ഡിസംബർ 23 നാണ് സർവകാല റെക്കോഡ് വിലയായ ഒരു ലക്ഷത്തിലേക്ക് സ്വർണ വില എത്തിയത്. എന്നാൽ ഒരാഴ്‌ചയ്ക്കുള്ളിൽ തന്നെ നേരിയ ഇടിവ് സംഭവിച്ചിരുന്നു. ആഗോള തലത്തിൽ ഔണ്‍സിന് 4,330 ഡോളർ മുതൽ 4,348 ഡോളർ വരെയാണ് ഇന്ന് രേഖപ്പെടുത്തിയത്.
സ്വർണ വില കൂടുന്നതിൻ്റെ കാരണങ്ങൾ
സ്വർണത്തിൻ്റെ രാജ്യാന്തര വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയെ ആധാരമാക്കിയാണ് സംസ്ഥാനത്തെ സ്വർണ വില നിശ്ചയിക്കപ്പെടുന്നത്. ആഗോള സാമ്പത്തിക രാഷ്‌ട്രീയ അനിശ്ചിതത്വം സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നുണ്ട് എന്ന് സാമ്പത്തിക വിദഗ്‌ധർ പറയുന്നു.
റഷ്യ-യുക്രെയ്‌ൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും യുഎസ് ഭരണകൂടത്തിൻ്റെ പുതിയ ദേശീയ സുരക്ഷാ നയങ്ങളും ഇതിന് കാരണമാകുന്നു. തന്നെയുമല്ല ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നത് അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിൻ്റെ വില വർധിക്കാൻ കാരണമാകുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുഎസിൻ്റെ പലിശ നിരക്കിലെ മാറ്റങ്ങൾ ഡോളറിൻ്റെ മൂല്യത്തെ ബാധിക്കുന്നു. ഇത് സ്വർണത്തിൻ്റെ ഡിമാൻഡ് വർധിപ്പിക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും ബാധകമാണ്. തന്നെയുമല്ല ദീപാവലി, വിവാഹ ഉത്സവ സീസണുകൾ എന്നിവ ഇന്ത്യയിൽ സ്വർണത്തിന് വൻ ഡിമാൻഡാണ് സൃഷ്‌ടിക്കുന്നത്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ് അസോസിയേഷനാണ് കേരളത്തിൽ സ്വർണ വില അതാത് ദിവസത്തേത് നിശ്ചയിക്കുന്നത്. അന്താരാഷ്‌ട്ര വിലയ്‌ക്ക് അനുസൃതമായിട്ടാണ് വിലകൾ നിശ്ചയിക്കുന്നത്. അന്താരാഷ്‌ട്ര വിപണി നിരക്കുകൾ, യുഎസിൻ്റെ ഇറക്കുമതി തീരുവ, നികുതി ചുമത്തൽ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയെല്ലാം സ്വർണ വിലയിലെ മാറ്റങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

