ETV Bharat / business

വെറുതെയിരിക്കുന്ന സ്വർണത്തിൽനിന്ന് ഇരട്ടി ലാഭം; സ്വർണവിപണിയെ മാറ്റിമറിക്കാൻ പുതിയ പദ്ധതി

2015ലാണ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം ആദ്യമായി അവതരിപ്പിച്ചത്. ഉപയോഗിക്കാത്ത സ്വർണം വീടുകളിൽ സൂക്ഷിക്കുന്നതിന് പകരം ബാങ്കുകളിൽ നിക്ഷേപിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.

GOLD MONETISATION SCHEME INDIAN ECONOMY GOLD POLICY JEWELLERS GOLD DEPOSIT PM MODI GOLD SCHEME
Representative image (Getty images)
author img

By ETV Bharat Kerala Team

Published : July 6, 2026 at 2:15 PM IST

6 Min Read
Choose ETV Bharat

തിരുവനന്തപുരം: വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണാഭരണങ്ങളിൽനിന്ന് പലിശ നേടാൻ അവസരമൊരുക്കി കേന്ദ്ര സർക്കാർ. ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിൽ മാറ്റങ്ങൾ വരുത്തി രണ്ടാഴ്ചയ്ക്കകം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ പദ്ധതിവഴി ബാങ്കുകൾക്ക് പുറമെ ജ്വല്ലറികളിലും സ്വർണം നിക്ഷേപിക്കാൻ സാധിക്കും. രാജ്യത്തെ സ്വർണവിപണിയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം.

പുതിയ തീരുമാനം ജ്വല്ലറി മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ ഇടിവി ഭാരതിനോട് പറഞ്ഞു. ബാങ്കിൽ പോകാൻ മടിക്കുന്ന ഉപഭോക്താക്കൾക്ക് തങ്ങൾ വിശ്വസിക്കുന്ന ജ്വല്ലറിയിൽ തന്നെ സ്വർണം ഏൽപ്പിക്കാമെന്നത് നിക്ഷേപം ശേഖരിക്കുന്നത് എളുപ്പമാക്കും. കേരളം പോലുള്ള വിപണിയിൽ ഇത് വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

GOLD MONETISATION SCHEME INDIAN ECONOMY GOLD POLICY JEWELLERS GOLD DEPOSIT PM MODI GOLD SCHEME
വീട്ടിലെ സ്വർണം നേട്ടമാക്കി മാറ്റം (ETV Bharat)

നിലവിൽ ജ്വല്ലറികൾക്ക് 80 ശതമാനം പ്രവർത്തന മൂലധനവും ബാങ്ക് വായ്പയോ സ്വർണവായ്പയോ ആണ്. ഇതിന് ഒമ്പത് മുതൽ 12 ശതമാനം വരെയാണ് പലിശ. എന്നാൽ പുതിയ പദ്ധതിവഴി രണ്ടര ശതമാനം പലിശയ്ക്ക് ഉപഭോക്താവിൽനിന്ന് നേരിട്ട് സ്വർണം ലഭിച്ചാൽ ഫണ്ടിങ് ചെലവ് പകുതിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പഴയ ആഭരണം നൽകിയാൽ പലിശയും പുതിയ ഡിസൈനും നൽകാമെന്ന പുതിയ ബിസിനസ് മോഡൽ പഴയ സ്വർണം വിപണിയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കും.

GOLD MONETISATION SCHEME INDIAN ECONOMY GOLD POLICY JEWELLERS GOLD DEPOSIT PM MODI GOLD SCHEME
Representative image (Getty images)

താൻ വാങ്ങിയ കടയിൽ തന്നെ നിക്ഷേപിക്കാമെന്നത് ഉപഭോക്താവിന് സുരക്ഷിതത്വം നൽകും. എന്നാൽ ജ്വല്ലറികൾക്ക് ബിഐഎസ് അംഗീകാരം, ഓഡിറ്റ്, ഇൻഷുറൻസ് എന്നീ നിബന്ധനകൾ ഉണ്ടാകുമെന്നത് വെല്ലുവിളിയാണ്. എങ്കിലും എംഎസ്എംഇ ജ്വല്ലറികൾക്കുൾപ്പെടെ ഇത് ഗുണകരമാകുമെന്നും അബ്ദുൽ നാസർ പറയുന്നു.

സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കാൻ ലക്ഷ്യം
രാജ്യത്തെ വീടുകളിൽ വെറുതെയിരിക്കുന്ന ആയിരക്കണക്കിന് ടൺ സ്വർണം സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കാനും ഇറക്കുമതി കുറയ്ക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം ഇന്ത്യക്കാരുടെ കൈവശമുള്ള സ്വർണത്തിൻ്റെ മൂല്യം അഞ്ച് ട്രില്യൺ ഡോളർ കടന്നു. ഇത് രാജ്യത്തിൻ്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൻ്റെ 125 ശതമാനത്തോളം വരും.

GOLD MONETISATION SCHEME INDIAN ECONOMY GOLD POLICY JEWELLERS GOLD DEPOSIT PM MODI GOLD SCHEME
സ്വർണ ശേഖരം ഇങ്ങനെ (ETV Bharat)

അഞ്ച് വർഷത്തിനിടെ വീടുകളിലെ സ്വർണത്തിൻ്റെ മൂല്യത്തിൽ നാലിരട്ടി വർധനയുണ്ടായി. 2019 മാർച്ചിലെ 109 ലക്ഷം കോടി രൂപയിൽനിന്ന് ഈ വർഷം ജനുവരിയോടെ ഇത് 445 ലക്ഷം കോടി രൂപയായി ഉയർന്നു. ബാങ്ക് നിക്ഷേപങ്ങൾ ഭൗതിക സ്വത്തുക്കളാക്കി മാറ്റുന്ന പ്രവണതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. നിലവിൽ 34,600 ടൺ സ്വർണമാണ് ഇന്ത്യക്കാരുടെ വീടുകളിലുള്ളത്.

ഇന്ത്യ ഓരോ വർഷവും 600 മുതൽ 800 ടൺ വരെ സ്വർണം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിനായി 50 ബില്യൺ ഡോളറിലധികം ചെലവാകുന്നു. പുതിയ പദ്ധതി വിജയിച്ചാൽ 100 മുതൽ 200 ടൺ വരെയുള്ള ആവശ്യം ആഭ്യന്തര നിക്ഷേപത്തിൽനിന്ന് ലഭിക്കും. ഇത് കറൻ്റ് അക്കൗണ്ട് കമ്മി കുറയ്ക്കാൻ സഹായിക്കും. ശേഖരണം 600 മുതൽ 800 ടണ്ണിലേക്ക് എത്തിയാൽ ഇറക്കുമതി പൂർണമായും ഒഴിവാക്കാൻ കഴിയുമെന്നും അബ്ദുൽ നാസർ പറഞ്ഞു.

GOLD MONETISATION SCHEME INDIAN ECONOMY GOLD POLICY JEWELLERS GOLD DEPOSIT PM MODI GOLD SCHEME
Representative image (Getty images)

ശേഖരിക്കുന്ന സ്വർണം ബാങ്കുകൾക്ക് റിസർവ് ബാങ്കിൽ പണയംവച്ച് വായ്പ നൽകാൻ സാധിക്കുന്നതോടെ ക്രെഡിറ്റ് ലഭ്യത കൂടും. വീട്ടിലെ സ്വർണം ബാങ്കിങ് സിസ്റ്റത്തിലേക്ക് വരുന്നതോടെ കള്ളപ്പണവും അനൗദ്യോഗിക പണമിടപാടുകളും കുറയും. പുതിയ തലമുറയ്ക്ക് ഡിജിറ്റൽ സ്വർണത്തിലുള്ള താത്പര്യം പരിഗണിക്കുമ്പോൾ, ഈ പദ്ധതിക്ക് സർക്കാർ അംഗീകാരം കൂടി ലഭിക്കുന്നത് നിക്ഷേപ സംസ്കാരം വളർത്തുമെന്ന് അബ്ദുൽ നാസർ ചൂണ്ടിക്കാണിക്കുന്നു.

പഴയ പദ്ധതി പരാജയപ്പെട്ടത് എന്തുകൊണ്ട്?
2015ലാണ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം ആദ്യമായി അവതരിപ്പിച്ചത്. ഉപയോഗിക്കാത്ത സ്വർണം ബാങ്കുകളിൽ നിക്ഷേപിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. നിക്ഷേപിക്കുന്ന സ്വർണം പരിശോധിച്ച് ഉരുക്കി ബാറുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതിലൂടെ നിക്ഷേപകന് സ്വർണത്തിൻ്റെ മൂല്യം നിലനിർത്തുന്നതിനൊപ്പം പലിശയും ലഭിക്കും.

GOLD MONETISATION SCHEME INDIAN ECONOMY GOLD POLICY JEWELLERS GOLD DEPOSIT PM MODI GOLD SCHEME
സ്വർണ നിക്ഷേപം, സുരക്ഷിതം- ലാഭം (ETV Bharat)

കാലാവധി പൂർത്തിയാകുമ്പോൾ സ്വർണമായോ തത്തുല്യമായ പണമോ തിരികെ ലഭിക്കും. എന്നാൽ മികച്ച ആശയമായിരുന്നിട്ടും പഴയ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചില്ല. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വെറും 38 ടൺ സ്വർണം മാത്രമാണ് പദ്ധതിയുടെ ഭാഗമായത്. പുതിയ മാറ്റങ്ങൾവഴി അടുത്ത അഞ്ച് വർഷത്തിൽ 300 മുതൽ 400 ടൺ വരെ ലക്ഷ്യം വയ്ക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Raed:- മാവൂർ ഗ്രാസിം കമ്പനിക്ക് താഴ്‌ വീണിട്ട് കാൽ നൂറ്റാണ്ട്; പുതിയ പദ്ധതിക്കായി ഇനിയും എത്ര നാൾ?

ബാങ്കുകൾക്ക് മാത്രമായിരുന്നു നിക്ഷേപം സ്വീകരിക്കാൻ അനുമതിയുണ്ടായിരുന്നത് എന്നതാണ് പദ്ധതി പരാജയപ്പെടാനുള്ള പ്രധാന കാരണം. ഇന്ത്യക്കാർ ബാങ്കിനേക്കാൾ വിശ്വസിക്കുന്നത് വർഷങ്ങളായി ആഭരണം വാങ്ങുന്ന ജ്വല്ലറിയെയാണ്. ബാങ്കിൽ പോയി സ്വർണം തൂക്കി, പരിശോധിച്ച് ഏൽപ്പിക്കാൻ ആളുകൾക്ക് മടിയായിരുന്നു. ബാങ്ക് ശാഖകളിൽ സ്വർണം പരിശോധിക്കാനുള്ള സൗകര്യം ഇല്ലാതിരുന്നതും തിരിച്ചടിയായി. കൂടാതെ സ്വർണവില എട്ട് മുതൽ പത്ത് ശതമാനം വരെ ഉയരുമ്പോൾ പദ്ധതിയിലെ പലിശ രണ്ടര ശതമാനം മാത്രമായിരുന്നു.

നിക്ഷേപിക്കുന്ന സ്വർണം ഉരുക്കേണ്ടിവരുമെന്നതിനാൽ വൈകാരിക മൂല്യമുള്ള ആഭരണങ്ങൾ കൈമാറാൻ പലരും തയാറായില്ല. പഴയ സ്വർണത്തിൻ്റെ നികുതി പരിശോധനകളെക്കുറിച്ചുള്ള ആശങ്കകളും രേഖകൾ സമർപ്പിക്കുന്നതിലെ സങ്കീർണതകളും പദ്ധതിയെ ബാധിച്ചു. അതുകൊണ്ട് ബാങ്കും ജ്വല്ലറിയും ചേർന്നുള്ള പുതിയ മോഡൽ വരുന്നത് ഏറ്റവും വലിയ തിരുത്തലാണെന്നും ജ്വല്ലറിയിലുള്ള വിശ്വാസവും ബാങ്കിൻ്റെ സുരക്ഷയും കൂടിച്ചേരുമെന്നും അബ്ദുൽ നാസർ വ്യക്തമാക്കി.

GOLD MONETISATION SCHEME INDIAN ECONOMY GOLD POLICY JEWELLERS GOLD DEPOSIT PM MODI GOLD SCHEME
Representative image (Getty images)

നികുതി ഭയം ഒഴിവാക്കണം
പഴയ പദ്ധതിയിൽ ആദായനികുതി വകുപ്പ് സ്വർണത്തിൻ്റെ ഉറവിടം ചോദിക്കുമോ എന്ന ഭയം ജനങ്ങൾക്കുണ്ടായിരുന്നുവെന്ന് അബ്ദുൽ നാസർ പറയുന്നു. പല വീടുകളിലും പാരമ്പര്യമായി ലഭിച്ച സ്വർണത്തിന് ബില്ലുകൾ ഉണ്ടാകില്ല. എന്നാൽ സർക്കാർ രണ്ടാഴ്ചയ്ക്കകം വരുത്തുന്ന മാറ്റങ്ങളിൽ ഇത് പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിൽ നിക്ഷേപിക്കുന്ന സ്വർണത്തിന് ഉറവിടം ചോദിക്കില്ലെന്ന പ്രഖ്യാപനവും ആധാറും പാനും മാത്രം ഉൾപ്പെടുത്തിയുള്ള ലളിതമായ കെവൈസിയും ഗുണം ചെയ്യും. എച്ച്‌യുഐഡി ഉള്ള ആഭരണങ്ങൾ ട്രാക്ക് ചെയ്യാൻ എളുപ്പമാണ്. ഈ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പദ്ധതി വീണ്ടും പരാജയപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Also Raed:- കൈയിൽ കാശില്ലെങ്കിലും 'ടിപ്പ്' കൊടുക്കാം; ഹോട്ടൽ സപ്ലെയർമാർക്കായി ടിപ് മീ' ആപ്പുമായി മലയാളി യുവാവ്

കേരളത്തിൽ 70 ശതമാനം സ്വർണവും പാരമ്പര്യമായി കൈമാറി വന്നതും ഉപയോഗത്തിലുള്ളതുമാണ്. സർക്കാർ ഇത് മനസ്സിലാക്കിയതുകൊണ്ടാണ് ഇത്തവണ ജ്വല്ലറികളെക്കൂടി ഉൾപ്പെടുത്തുന്നത്. പുതിയ പദ്ധതി വിജയിച്ചാൽ ജ്വല്ലറികൾക്ക് ഫണ്ട് ലഭിക്കുകയും ഉപഭോക്താവിന് പലിശ കിട്ടുകയും രാജ്യത്തിന് ഡോളർ ലാഭിക്കുകയും ചെയ്യാം. ഇത്തവണത്തെ വിജയത്തിൻ്റെ താക്കോൽ എല്ലാ തരത്തിലുമുള്ള നികുതി ഭയം ഒഴിവാക്കുക എന്നതാണെന്നും അബ്ദുൽ നാസർ കൂട്ടിച്ചേർത്തു.

പുതിയ മാറ്റങ്ങളും വിപണിയിലെ സ്വാധീനവും
പുതിയ പദ്ധതിപ്രകാരം രാജ്യത്തുടനീളമുള്ള ജ്വല്ലറികളെ കളക്ഷൻ പങ്കാളികളായി മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഉപഭോക്താക്കൾക്ക് വിശ്വാസ്യതയുള്ള ജ്വല്ലറികൾവഴി നിക്ഷേപം നടത്താൻ കഴിയുന്നത് പദ്ധതി കൂടുതൽ ജനകീയമാക്കും. വീടുകളിലെ സ്വർണത്തിൻ്റെ അഞ്ച് ശതമാനമെങ്കിലും ഔദ്യോഗിക സംവിധാനത്തിലേക്ക് കൊണ്ടുവരാനായാൽ സമ്പദ്‌വ്യവസ്ഥയ്ക്ക് 90 ബില്യൺ ഡോളറിൻ്റെ പണലഭ്യത ഉണ്ടാകുമെന്നാണ് വ്യവസായ സംഘടനകൾ വ്യക്തമാക്കുന്നത്. ഇറക്കുമതി സമ്മർദം കുറയ്ക്കുന്നതിൻ്റെ ഭാഗമായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് മാറ്റിവയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.

GOLD MONETISATION SCHEME INDIAN ECONOMY GOLD POLICY JEWELLERS GOLD DEPOSIT PM MODI GOLD SCHEME
ഇറക്കുമതി കുറയ്ക്കാൻ പുതിയ പദ്ധതി (ETV Bharat)

ഇന്ത്യയിൽ സ്വർണ ഉത്പാദനം വളരെ കുറവായതിനാൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. ക്രൂഡ് ഓയിൽ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് സ്വർണമാണ്. 2025ൽ മാത്രം സ്വർണവിലയിൽ 56 ശതമാനത്തിലധികം വർധനയുണ്ടായി. വില ഉയർന്നതോടെ ആഭരണങ്ങൾ വാങ്ങുന്നത് കുറഞ്ഞെങ്കിലും നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്നവർ കൂടി. ഡിജിറ്റൽ സ്വർണമായ ഗോൾഡ് ഇടിഎഫുകൾ 2025ൽ സർവകാല റെക്കോഡിലെത്തി. റിസർവ് ബാങ്കും വൻതോതിൽ സ്വർണം ശേഖരിക്കുന്നുണ്ട്. നിലവിൽ 126 ബില്യൺ ഡോളർ മൂല്യമുള്ള 880 ടൺ സ്വർണമാണ് റിസർവ് ബാങ്കിൻ്റെ പക്കലുള്ളത്.

സ്വർണം കേവലം സമ്പാദ്യം എന്നതിലുപരി വായ്പകൾക്കുള്ള മികച്ച ഉപാധിയായി മാറുകയാണ്. സുരക്ഷിതമല്ലാത്ത വായ്പകളിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സ്വർണപ്പണയ വായ്പകളിലേക്ക് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതേസമയം കുടുംബത്തിൻ്റെ സമ്പത്തിൻ്റെ വലിയൊരു ഭാഗം സ്വർണമായി സൂക്ഷിക്കുന്നത് സാമ്പത്തികമായി ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

GOLD MONETISATION SCHEME INDIAN ECONOMY GOLD POLICY JEWELLERS GOLD DEPOSIT PM MODI GOLD SCHEME
Representative image (Getty images)

കഴിഞ്ഞ 20 വർഷത്തിനിടെ സ്വർണത്തിൽനിന്ന് 10 മുതൽ 11 ശതമാനം വരെ വാർഷികാദായം ലഭിച്ചപ്പോൾ മ്യൂച്വൽ ഫണ്ടുകൾ 14 മുതൽ 16 ശതമാനം വരെ ആദായം നൽകി. അതിനാൽ മൊത്തം നിക്ഷേപത്തിൻ്റെ അഞ്ച് മുതൽ പത്ത് ശതമാനം വരെ മാത്രം സ്വർണത്തിൽ നിക്ഷേപിക്കുന്നതാണ് ഉചിതമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നാൽ ഉപയോഗിക്കാത്ത സ്വർണം ലോക്കറിൽ സൂക്ഷിക്കുന്നതിന് പകരം പലിശ നേടാനുള്ള മികച്ച അവസരമായി ഇത് മാറും. എന്നാൽ ആഭരണങ്ങൾ ഉരുക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾക്കും രേഖകൾ സമർപ്പിക്കുന്നതിലെ സങ്കീർണതകൾക്കും പുതിയ മാർഗരേഖയിൽ പരിഹാരം കണ്ടില്ലെങ്കിൽ ജനങ്ങൾ വീണ്ടും മടി കാണിച്ചേക്കാം.

Also Raed:- കാൻസർ രോഗികൾക്ക് ആശ്വാസം; കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ പപ്പായ ഇല