"എനിക്ക് വധശിക്ഷ നൽകൂ" തിഹാർ ജയിലിൽ നിന്ന് കത്തുമായി യാസിൻ മാലിക്ക്, ഭാര്യയോട് മറ്റൊരാളെ വിവാഹം കഴിക്കാൻ ആഹ്വാനം
കേസിൽ തന്നെ വ്യാജമായി കുടുക്കിയതാണെന്നും വിചാരണയിൽ നിന്ന് പിന്മാറുന്നത് കുറ്റം സമ്മതിക്കലായി കാണരുതെന്നും വാദിക്കുന്നു

Published : September 3, 2026 at 8:20 AM IST
ശ്രീനഗർ: തനിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ഡൽഹിയിലെ തിഹാർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നിരോധിത ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് തലവൻ യാസിൻ മാലിക്. 1990-ൽ കശ്മീരി പണ്ഡിറ്റ് നഴ്സായ സർള ഭട്ട് കൊല്ലപ്പെട്ട കേസിൻ്റെ വിചാരണ നടപടികളിൽ ഇനി താൻ പങ്കെടുക്കില്ലെന്നും ശ്രീനഗറിലെ പ്രത്യേക കോടതിയെ അദ്ദേഹം അറിയിച്ചു.
പാകിസ്ഥാൻ സ്വദേശിനിയായ ഭാര്യ മുഷാൽ മാലിക്കുമായുള്ള വിവാഹബന്ധം വേർപെടുത്താൻ ആഗ്രഹിക്കുന്നതായും മാലിക് സൂചിപ്പിച്ചു. തൻ്റെ നിലവിലെ സാഹചര്യങ്ങളുടെ ഭാരം ജീവിതകാലം മുഴുവൻ പേറാനോ അല്ലെങ്കിൽ വിധവയായി ജീവിക്കാനോ ഭാര്യ ആഗ്രഹിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ഈ വിവരങ്ങൾ അടങ്ങിയ 25 പേജുള്ള സത്യവാങ്മൂലം ശ്രീനഗറിലെ അഡീഷണൽ സെഷൻസ് ജഡ്ജ്, ടാഡ/പോട്ട (TADA/POTA) പ്രത്യേക കോടതിക്ക് മുമ്പാകെ മാലിക് സമർപ്പിച്ചതായി ഇടിവി ഭാരതിന് പങ്കുവെച്ച രേഖകൾ വ്യക്തമാക്കുന്നു. അഭിഭാഷകനായ അബു ആദിൽ പണ്ഡിറ്റ് വഴിയാണ് സെപ്റ്റംബർ 2-ന് ഈ അപേക്ഷ സമർപ്പിച്ചത്. കേസ് മറുപടിക്കായി സെപ്റ്റംബർ 19-ലേക്ക് മാറ്റിയിട്ടുണ്ട്.
2019 മുതൽ തിഹാർ ജയിലിൽ കഴിയുന്ന മാലിക്, കേസിൽ തന്നെ വ്യാജമായി കുടുക്കിയതാണെന്നും വിചാരണയിൽ നിന്ന് പിന്മാറുന്നത് കുറ്റം സമ്മതിക്കലായി കാണരുതെന്നും വാദിക്കുന്നു. "ഈ കോടതിയോടോ അന്വേഷണ ഏജൻസികളോടോ എനിക്ക് പരാതിയില്ല. രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നും തീരുമാനങ്ങളിൽ നിന്നുമാണ് നിലവിലെ കേസ് ഉടലെടുത്തതെന്നാണ് എൻ്റെ മനസ്സിലാക്കൽ, ഇതിൽ എന്നെ വ്യാജമായി കുടുക്കിയതാണെന്ന് ഞാൻ വിശ്വസിക്കുന്നു," മാലിക് കുറിച്ചു.
ആഴത്തിലുള്ള ചിന്തകൾക്കും ഇസ്ലാമിക ആചാരപ്രകാരമുള്ള 'ഇസ്തിഖാറ' പ്രാർത്ഥനകൾക്കും ശേഷമാണ് ഈ തീരുമാനത്തിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. "എൻ്റെ വ്യക്തിപരമായ സാഹചര്യങ്ങൾ പരിഗണിച്ചും ദീർഘമായി ചിന്തിച്ചതിനും ശേഷം വിചാരണ നടപടികളുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. എൻ്റെ ഈ തീരുമാനം കുറ്റം സമ്മതിക്കലായോ ആരോപണങ്ങൾ അംഗീകരിക്കലായോ കണക്കാക്കരുത്. എനിക്ക് വധശിക്ഷ നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു," അദ്ദേഹം വ്യക്തമാക്കി.
ഷെർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ നഴ്സായിരുന്ന സർള ഭട്ടിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി ജൂണിൽ 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. 1990 ഏപ്രിൽ 18-നാണ് സർള ഭട്ട് കൊല്ലപ്പെട്ടത്. പിന്നീട് ശ്രീനഗറിൻ്റെ പ്രാന്തപ്രദേശത്തുള്ള മലാബാഗ് മേഖലയിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
യാസിൻ മാലിക്കിന് പുറമെ ഖുർഷിദ് അഹമ്മദ് ചൽക്കൂ, അബ്ദുൾ ഹമീദ് ഷെയ്ഖ്, മുഹമ്മദ് യൂസഫ് സോഫി, ഗുലാം മുഹമ്മദ് തപ്ലൂ എന്നിവരാണ് കുറ്റപത്രത്തിലെ മറ്റ് പ്രതികൾ. മാലിക് തിഹാർ ജയിലിലാണ്, ചൽക്കൂ ഒളിവിലും മറ്റുള്ള മൂന്നുപേർ മരണപ്പെടുകയും ചെയ്തു. സർള ഭട്ടിൻ്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം മാലിക് പൂർണമായും നിഷേധിച്ചു. കൊലപാതകം നടന്ന് മാസങ്ങൾക്ക് ശേഷമാണ് ഇൻ്റലിജൻസ് ബ്യൂറോ ഓഫീസറായ മിസ്റ്റർ റോയിയിൽ നിന്ന് ഇതേക്കുറിച്ച് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ ഏജൻസിയായ SIA ഹാജരാക്കിയ തെളിവുകളുടെ സമയത്തെയും വിശ്വസനീയതയെയും മാലിക് ചോദ്യം ചെയ്തു. 1990 ഓഗസ്റ്റ് 6-ന് താൻ അറസ്റ്റിലായതിന് ശേഷം ടാഡ നിയമപ്രകാരം തനിക്കെതിരെ ഇരുപതോളം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും അതിൽ സർള ഭട്ടിൻ്റെ കേസ് ഉൾപ്പെട്ടിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീർ ഗവർണറായിരുന്ന ജഗ്മോഹൻ എഴുതിയ പുസ്തകത്തിൽ സർള ഭട്ടിൻ്റെയോ മറ്റ് കശ്മീരി പണ്ഡിറ്റുകളുടെയോ വധത്തിലോ അവരുടെ പലായനത്തിലോ തനിക്ക് പങ്കുള്ളതായി പരാമർശിച്ചിട്ടില്ലെന്നും മാലിക് അവകാശപ്പെട്ടു.
"SIA പറയുന്ന തരത്തിലുള്ള കുറിപ്പുകൾ അക്കാലത്ത് ഉണ്ടായിരുന്നെങ്കിൽ അത് അന്നത്തെ ഗവർണറുടെയോ അന്വേഷണ ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയിൽപ്പെടാതെ പോകില്ലായിരുന്നു. അന്നൊന്നും ഉന്നയിക്കാത്ത ഇത്തരം ആരോപണങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നത് തെളിവുകളുടെ വിശ്വസനീയതയെ ചോദ്യം ചെയ്യുന്നതാണ്," മാലിക് പറഞ്ഞു.
കേസിലെ മറ്റൊരു പ്രതിയായ ഖുർഷിദ് ചൽക്കൂ 1990-ൽ ശ്രീനഗർ സെൻട്രൽ ജയിലിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ രക്ഷപ്പെട്ടതാണെന്ന് മാലിക് ആരോപിച്ചു. 1994-ൽ ജയിൽ മോചിതനായ ശേഷം അന്വേഷിച്ചപ്പോൾ ചൽക്കൂ പാക് അധീന കശ്മീരിലേക്ക് കടന്നതായാണ് വിവരം ലഭിച്ചത്. യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തുകയാണ് ഏജൻസികൾ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർള ഭട്ട് സുരക്ഷാ ഏജൻസികളുടെ ഇൻഫോർമറായി പ്രവർത്തിച്ചു എന്ന ആരോപണം മാലിക് തള്ളി. 1990 ഏപ്രിൽ 8-ന് ബിഎസ്എഫ് നടത്തിയ റെയ്ഡിനിടെ ജനലിലൂടെ ചാടി രക്ഷപ്പെടുന്നതിനിടെ തനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും ബോധരഹിതനായ തന്നെ മരിച്ചതായി ദൂരദർശൻ വാർത്തകളിൽ പോലും സംപ്രേഷണം ചെയ്തിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.
കശ്മീരി പണ്ഡിറ്റ് സമൂഹവുമായുള്ള തൻ്റെ നല്ല ബന്ധത്തെക്കുറിച്ചും മാലിക് വിശദീകരിച്ചു. പണ്ഡിറ്റുകൾ കൊല്ലപ്പെട്ടപ്പോൾ താൻ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നതായും, 2014-ൽ ഭീഷണി കത്തുകൾ ഉയർന്നപ്പോൾ പണ്ഡിറ്റ് കോളനി സന്ദർശിക്കാൻ അന്നത്തെ ഐജിപി അഫാദ്-ഉൽ-മുജ്തബ തന്നോട് അഭ്യർത്ഥിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
1990 മുതൽ 2010 വരെ 167 കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടതായി 2010-ൽ ഡിജിപി കുൽദീപ് ഖോഡ പറഞ്ഞ കാര്യവും മാലിക് ഓർമ്മിപ്പിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഭരണകാലത്ത് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ചികിത്സയ്ക്കായി യുഎസിലേക്കും യുകെയിലേക്കും പോകാൻ വാജ്പേയി സർക്കാർ തനിക്ക് പാസ്‌പോർട്ട് അനുവദിച്ചിരുന്നുവെന്നും ഇന്ത്യയും പാകിസ്ഥാനും ചികിത്സാ സഹായമായി ധനസഹായം വാഗ്ദാനം ചെയ്തെങ്കിലും താൻ അത് നിരസിക്കുകയായിരുന്നുവെന്നും മാലിക് പറഞ്ഞു.
2019, 2024 പൊതുതിരഞ്ഞെടുപ്പ് സമയത്ത് തൻ്റെ പേരും ചിത്രവും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചുവെന്നും, ' ദി കശ്മീർ ഫയൽസ്' സിനിമയുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങൾക്ക് തൊട്ടടുത്ത ദിവസമാണ് തനിക്കെതിരെ കുറ്റപത്രം ചുമത്തിയതെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തം ഭാര്യയായ മുഷാൽ മാലിക്കിനോടും മകൾ റാസിയ സുൽത്താനയോടും യാത്രപറയുന്ന വ്യക്തിപരമായ കുറിപ്പും സത്യവാങ്മൂലത്തിലുണ്ട്. "നീ എന്നെക്കാൾ ഇരുപത് വയസ്സ് ഇളയതാണ്, പുതിയൊരു ജീവിതം അന്തസ്സോടെ തുടങ്ങാൻ നിനക്ക് കഴിയട്ടെ," എന്ന് മാലിക് ഭാര്യയോട് അഭ്യർത്ഥിക്കുന്നു. നെൽസൺ മണ്ടേലയുടെ വാക്കുകൾ ഉദ്ധരിച്ചാണ് അദ്ദേഹം ഈ ഭാഗം അവസാനിപ്പിക്കുന്നത്.
ഇതാദ്യമായല്ല മാലിക് ഇത്തരം വിവരങ്ങൾ കോടതിക്ക് മുന്നിൽ സമർപ്പിക്കുന്നത്. 2025 സെപ്റ്റംബറിലും ഡൽഹി ഹൈക്കോടതിയിൽ 82 പേജുള്ള സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സർള ഭട്ട് കേസിൽ SIA കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തിലാണ് മാലിക് ഇപ്പോൾ ഈ പുതിയ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
Also Read: അജിത് പവാറിൻ്റെ മരണം എന്തുകൊണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തില്ല;ആരോപണവുമായി സുപ്രിയ സുലെ

