
നോട്ടിഫിക്കേഷന് അനുസരിച്ച് ഞൊടിയിടയില്‍ എടിഎസ് ഫ്രണ്ട്‌ലി റെസ്യൂമെ; 'ജോബ് ഹാക്ക് പ്രോ'യിലൂടെ തൊഴിലന്വേഷകർക്ക് തുണയായി ഒരു വനിത
തൊഴിലന്വേഷകർക്ക് ഒരു മികച്ച സംരംഭം. 'ജോബ് ഹാക്ക് പ്രോ' പ്ലാറ്റ്‌ഫോമുമായി ഒരു വനിത. ഐത്ഹ സായ് മയൂഖയാണ് സംരംഭത്തിന് പിന്നിൽ.

Published : October 18, 2025 at 2:51 PM IST
ഹൈദരാബാദ്: ആയിരക്കണക്കിന് യുവാക്കൾ ജോലി കണ്ടെത്താൻ പാടുപെടുമ്പോഴും ജോലി നഷ്‌ടമായ നിരവധി ആളുകൾ പുതിയ അവസരങ്ങൾ തിരയുമ്പോഴും ഇവർക്കിടയിലേക്ക് 'ജോബ് ഹാക്ക് പ്രോ' പ്ലാറ്റ്‌ഫോമുമായി ഒരു വനിത. തൊഴിലന്വേഷകർക്കിടയിൽ ഒരു പുത്തൻ മാറ്റവുമായി കടന്നുവരികയാണ് ഇവർ. വാറങ്കലിൽ നിന്നുള്ള സാങ്കേതിക വിദഗ്‌ധയായ ഐത്ഹ സായ് മയൂഖയാണ് ഈ പ്ലാറ്റ്‌ഫോം സ്ഥാപിച്ചിരിക്കുന്നത്.
തൊഴിലന്വേഷകർക്ക് അവരുടെ സ്വപ്‌നതുല്യമായ ജോലികൾ എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ സഹായിക്കുകയാണ് 'ജോബ് ഹാക്ക് പ്രോ' എന്ന പ്ലാറ്റ്‌ഫോമിൻ്റെ സവിശേഷത. ജോലി സംബന്ധിക്കുന്ന വിഷയത്തിൽ യുവാക്കൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഈ പുത്തൻ പ്ലാറ്റ്‌ഫോമിനെ അവതരിപ്പിച്ചിരിക്കുന്നത്.
തൊഴിൽ മേഖലയിൽ ഒരു വിടവ് നിരീക്ഷിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ഈ പ്ലാറ്റ്‌ഫോമിനെപ്പറ്റി ചിന്തിച്ചത്. ധാരാളം കഴിവുണ്ടായിട്ടും അതിനനുസരിച്ച് തൊഴിൽ ഇല്ലാത്തവർ നിരവധിയാണെന്ന് അവർ പറയുന്നു. പലരും മികച്ച കമ്പനികളിൽ അവസരങ്ങൾ നേടുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു. എന്നാൽ ആഴത്തിലുള്ള ഗവേഷണത്തിനൊടുവിൽ പ്രശ്‌നം ആളുകൾക്ക് കഴിവോ യോഗ്യതയോ ഇല്ലാത്തതല്ല മറിച്ച് എടിഎസ്-സൗഹൃദ റെസ്യൂമെകളുടെ അഭാവമാണെന്ന് അവർ മനസിലാക്കി.

'ഓരോ ജോലിക്കും ആയിരക്കണക്കിന് അപേക്ഷകൾ സമർപ്പിക്കപ്പെടുന്നു. കമ്പനികൾ ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യാൻ ഓട്ടോമേറ്റഡ് ട്രാക്കിംഗ് സിസ്‌റ്റംസ് (എടിഎസ്) ഉപയോഗിക്കുന്നു. ഒരു റെസ്യൂമെ ശരിയായി ഫോർമാറ്റ് ചെയ്‌തിട്ടില്ലെങ്കിൽ, അത് യാന്ത്രികമായി നിരസിക്കപ്പെടും'- എന്ന് മയൂഖ പറയുന്നു. എന്നാൽ ഇവിടെയാണ് തങ്ങളുടെ ടൂള്‍ സഹായകമാകുന്നതെന്നും അവർ പറയുന്നു.
'ഒരു ജോബ് ലിങ്ക് പോസ്‌റ്റ് ചെയ്യുന്നതിലൂടെ ഞങ്ങളുടെ പ്ലാറ്റ്‌ഫോം നിമിഷങ്ങൾക്കുള്ളിൽ കസ്റ്റമൈസ്‌ഡ്, എടിഎസ് ഫ്രണ്ട്‌ലി റെസ്യൂമെ സൃഷ്‌ടിക്കുന്നു. അത് ആകർഷകമായ റിക്രൂട്ടർ സന്ദേശങ്ങൾ തയ്യാറാക്കുകയും സമർപ്പിച്ച അപേക്ഷകളുടെ സ്‌റ്റാറ്റസ് ട്രാക്ക് ചെയ്യുകയും ചെയ്യുന്നു. ഇതിന് നാമമാത്രമായ ഫീസ് മാത്രമാണ് ഈടാക്കുന്നത്. ഈ പ്ലാറ്റ്‌ഫോം വഴി നിരവധി ഉപയോക്താക്കൾക്ക് ഇതിനകം തന്നെ മികച്ച കമ്പനികളിൽ സ്ഥാനങ്ങൾ നേടിയിട്ടുണ്ട്' അവർ കൂട്ടിച്ചേർത്തു.
ആഗോള വേദിയിൽ അംഗീകരിക്കപ്പെട്ടു
മയൂഖയുടെ സംരംഭം അന്താരാഷ്ട്ര അംഗീകാരം നേടി. നവംബറിൽ പോർച്ചുഗലിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി ഉച്ചകോടിയായ വെബ് സമ്മിറ്റ് 2025 ൽ പങ്കെടുക്കാൻ അവരുടെ സ്‌റ്റാർട്ടപ്പായ 'ജോബ് ഹാക്ക് പ്രോ' തിരഞ്ഞെടുക്കപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'എൻഐടി വാറങ്കൽ എനിക്ക് ആശയം നൽകി. ഹാർവാർഡ് എനിക്ക് ദിശ കാണിച്ചുതന്നു', അവർ അഭിമാനത്തോടെ പറഞ്ഞു. ഞങ്ങളുടെ നിരന്തരമായ പരിശ്രമങ്ങൾ ലോക ഉച്ചകോടിയിലേക്ക് ഞങ്ങളെ എത്തിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ കുറഞ്ഞത് ഒരു ദശലക്ഷം പേർക്കെങ്കിലും ജോലി നേടാൻ സഹായിക്കുക എന്നതാണ് എൻ്റെ സ്വപ്‌നം' എന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ മത്സരാധിഷ്‌ഠിതമായ ലോകത്ത് മുന്നിൽ നിൽക്കാൻ കോളജ് പഠനകാലം മുതൽ തന്നെ സ്‌മാർട്ട് ടൂളുകളിലും തൊഴിൽ തന്ത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ മയൂഖ വിദ്യാർഥികളോടായി പറഞ്ഞു.
ബാങ്ക് ജീവനക്കാരനായ നാഗേന്ദ്രനാഥിൻ്റെയും പ്രതിഭയുടെയും മകളാണ് മയൂഖ. ഇവർ എൻഐടി വാറങ്കലിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി. എഞ്ചിനീയറിംഗിന് ശേഷം അമേരിക്കയിലായിരുന്നു ഉന്നത പഠനം. ശേഷം ഓഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎസ് പൂർത്തിയാക്കി. പിന്നീട് സോഫ്റ്റ്‌വെയർ മേഖലയിൽ ജോലി ചെയ്യുന്നതിനിടയിൽ ഒരു ഓൺലൈൻ പരിപാടിയിലൂടെ ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് എംബിഎയും നേടി. ഭർത്താവ് മണിദീപും ഒരു സോഫ്റ്റ്‌വെയർ പ്രൊഫഷണലാണ്.
Also Read: ഇന്ത്യന്‍ റെയില്‍വേയില്‍ തൊഴിലവസരം; 11,420 തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

