യുവതിയെ റോട്ട്‌വീലര്‍ കടിച്ചുകൊന്ന സംഭവം; മൂന്നു പട്ടികളില്‍ രണ്ടെണ്ണത്തിനെ ഉപേക്ഷിച്ചു, ഉടമ അറസ്റ്റില്‍
റോട്ട്‌വീലര്‍ നായകളുടെ കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഉടമെ പിടികൂടി പൊലീസ്.

Published : December 8, 2025 at 9:53 AM IST
മൈസുരു: റോട്ട്‌വീലര്‍ നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ സംഭവത്തില്‍ ഉടമ അറസ്റ്റില്‍. തെരുവിലുപേക്ഷിച്ച രണ്ട് റോട്ട്‌വീലര്‍ നായകളുടെ ആക്രമണത്തിലാണ് യുവതിക്ക് ദാരുണാന്ത്യം. കര്‍ണാടക മല്ലഷെട്ടിഹള്ളി സ്വദേശി അനിത(38) ആണ് മരിച്ചത്.
പൊലീസ് സൂപ്രണ്ട് ഉമ പ്രശാന്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റോട്ട് വീലറിന്‍റെ ഉടമയെ അറസ്റ്റ് ചെയ്തത്. ദേവരാജ് അരസിലെ ലേ ഒൗട്ടില്‍ താമസിക്കുന്ന 27 കാരനായ ശൈലേഷ് കുമാര്‍ പി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ശൈലേഷിന് കോടതിയില്‍ ഹാജരാക്കി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ഡിസംബര്‍ നാലിന് പുലര്‍ച്ചെ 2 മണിയോടെ ഹൊന്നൂര്‍ സ്വദേശിയായ കരിബസപ്പയും ഭാര്യ അനിതയും കൃഷിക്ക് വെള്ളം നനയ്ക്കാന്‍ വേണ്ടി പോയിരുന്നു. ഇതിനിടയില്‍ തെരുവുനായയെ കണ്ട് ഇരുവരും ഭയന്നോടി. ഇവരെ പിന്തുടര്‍ന്ന് നായകള്‍ ആക്രമിക്കുകയായിരുന്നു. ഇതിനിടയില്‍ കരിബസപ്പ 112 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിക്കുകയും ഉടന്‍ പൊലീസും മൃഗസംരക്ഷണ വകുപ്പും എത്തുകയും ചെയ്‌തു. തുടര്‍ന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഗുരുതുരമായി പരിക്കേറ്റ യുവതിയെ ആദ്യം ദാവണഗരെയിലെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കൂടുതല്‍ ചികിത്സ ലഭ്യമാക്കാനായി രാവിലെ ഒന്‍പത് മണിയോടെ ബെംഗളുരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ യുവതി മരണപ്പെടുകയായിരുന്നു. അന്‍പത് ഇടങ്ങളില്‍ യുവതിയുടെ ശരീരത്തില്‍ നായയുടെ കടിയേറ്റിറ്റുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു. ആദ്യം യുവതിയെ ആക്രമിച്ചത് തെരുവ് നായകളാണെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. എന്നാല്‍ വളര്‍ത്തു നായകളെ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നത് കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത് പിന്തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. ഒട്ടേറെ പേരുടെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഉടമയിലേക്ക് പൊലീസ് എത്തിയത്.
പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ മൂന്ന് റോട്ട്വീലര്‍ ശൈലേഷിന് ഉണ്ടെന്ന് മനസിലായി. ബ്രാഡോ, പപ്പി, ഹീറോ എന്ന പേരുള്ള പട്ടികളാണുള്ളത്. ഇതില്‍ രണ്ട് പട്ടികള്‍ അക്രമണകാരികളായിരുന്നുവെന്ന് ശൈലേഷ് പൊലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്നാണ് രണ്ടു പട്ടികളെ തെരുവുകളില്‍ ഉപേക്ഷിക്കാന്‍ ശൈലേഷ് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ അപകട സാധ്യതയറിഞ്ഞിട്ടും ഉടമ അവയെ ശ്രദ്ധിക്കാതെ വിട്ടതാണ് അനിതയെ മാരകമായി ആക്രമിച്ച് കൊല്ലുന്നതിലേക്ക് നയിച്ചത്.
Also Read:ഇന്‍ഡിഗോ സാധാരണ നിലയിലേക്ക്; യാത്രക്കാര്‍ക്ക് റീഫണ്ടായി ഇതുവരെ നല്‍കിയത് 610 കോടി രൂപ

